ആര്യ മങ്ങാട്. (Street Light fb group)
നട്ടുച്ചയായിക്കാണും സമയം… കോലായയിൽ മുറ്റത്തേക്കും നോക്കി ഇരിക്കുവാരുന്നു ഉണ്ണി . പെട്ടെന്നു ഒരു വലിയ കാറ്റു വീശി.. അവൻ മുറ്റത്തേക്കു ചാടി ആരോടും പറയാതെ ഒരൊറ്റ ഓട്ടം…
അകത്തൂന്നു വന്ന ദേവൂട്ടി അതു കണ്ടതും ഉറക്കെ കരഞ്ഞു…
” ഏട്ടാ … ന്നേം കൂട്ടു… ന്നെ കൂട്ടാതെ പോവല്ലേ ഏട്ടാ…”
അവളുടെ കുഞ്ഞു വായിലെ വലിയ കരച്ചിൽ കേട്ടാണ് രേണുക ഉമ്മറത്തേക്കു വന്നത്.. അപ്‌പോഴാണ് ഉണ്ണീടെ ഓട്ടം കണ്ടത് ..
”ഉണ്ണിയേ…. നട്ടുച്ചയ്ക്കെങ്ങോട്ടാ ഓടുന്നേ…”
അമ്മയുടെ വിളിക്കു മറുപടിയായി ഒാട്ടത്തിനിടയിൽ അവൻ പറഞ്ഞു..
” ഇപ്പം വരാമമ്മേ…” എന്നിട്ടു ഓട്ടം തുടർന്നു…
ഉണ്ണി തൊടിയും കടന്നോടി … പുഞ്ച വയലിലെ വറ്റി വരണ്ട തോടിന്റെ മതിലിൽ സൂക്ഷിച്ചു വലിഞ്ഞു കയറി… അവിടെ നിന്നവൻ കമ്പി വേലി കെട്ടി ഉയർത്തിയ പള്ളിപ്പറമ്പിലേക്കു നോക്കി… ആളും അനക്കവുമില്ലാതെ പറമ്പു ശ്മശാനം പോലെ കിടക്കുവാണ്…അവൻ പതിയെ കമ്പി വേലി പൊക്കി അകത്തേക്കു നൂണു കടന്നു… ചുറ്റും നോക്കി ആരൂല്ലാന്നുറപ്പു വരുത്തി ഒരോ തെങ്ങിൻ ചോട്ടിലും പോയി നോക്കി…പക്ഷേ നിരാശയായിരുന്നു ഫലം.. തേങ്ങയൊന്നും കണ്ടില്ല.. അപ്പോഴേക്കും കാറ്റ് ശക്തിയായി വീശിത്തുടങ്ങിയിരുന്നു..നട്ടുച്ച പെട്ടെന്ന് സന്ധ്യക്കു വഴി മാറിയതു പോലെ.. തിരികെ കമ്പിവേലിയുടെ അടുത്തെത്തിയപ്പോഴാണ് അവനു ദേവൂെന ഓർമ്മ വന്നത്…
പിണങ്ങിക്കാണും.. അവൾക്കറീലാലോ വീണു കിട്ടുന്ന ഓരോ തേങ്ങയും താൻ സൂക്ഷിച്ചു വച്ചിട്ടു ചന്തേൽ കൊടുത്തിട്ടാണു അമ്മ മരിച്ചു പോയ ഭാസ്ക്കരേട്ടന്റെ കടേലെ പറ്റു തീർക്കുന്നേന്ന്… പൊക്കിയ കമ്പി വേലി താഴ്ത്തിയവൻ മെല്ല അപ്പുറത്തെ പറമ്പിലേക്കു നടന്നു.. നല്ല മൂവാണ്ടൻ മാങ്ങ വീണു കിടക്കുന്നത് കണ്ടിരുന്നു അവിടെയവൻ..
” രണ്ടു മാമ്പഴം കിട്ട്യാൽ ദേവൂന്റെ പിണക്കം മാറ്റാം..” .
എന്നോർത്തു നടന്നു മാവിൻ ചുവടെത്തിയതറിഞ്ഞില്ലവൻ…പലതവണ മാവു കണ്ടിരുന്നെങ്കിലും മഴക്കാറു നിറഞ്ഞോണ്ട് വലിയൊരു ഭീമാകരനെപ്പോലെ തലയുയർത്തി അതങ്ങിനെ നിൽക്കുകയാണ്.. തറയിലൊരുപാടു മാങ്ങ കിടപ്പുണ്ട്.. അണ്ണാൻ തിന്നതും കിളി കൊത്തിയതും അവിടൊക്കെ പരതി നല്ല രണ്ടെണ്ണം കൈവശപ്പെടുത്തി അവൻ തിരികെ നടന്നു..
പൊടുന്നനെ ഇടി വെട്ടും ശക്തമായ മഴയും തുടങ്ങി.. ആകാശം മഴക്കാറു മൂടിയെങ്കിലും ഇത്ര പെട്ടെന്നു പെയ്യുംന്ന് അവനും കരുതീല… എവിടെയും പുകമറ പോലെ മഴ കൂടിക്കൂടി വരികയാണ്.. ധൃതിയിൽ നടന്ന് കമ്പി വേലി പൊക്കി നൂണു കടക്കാൻ നോക്കിയപ്പോഴാണ് പുറകിൽ നിന്നൊരു പിടി അവന്റെ ഷർട്ടിൽ വീണത്.. അവൻ കുതറി നീങ്ങാൻ നോക്കിയിട്ടും ഒരു വിധത്തിലും അനങ്ങാൻ വയ്യാതെ ആ അദ്ൃശ്യക്കൈ പിടിത്തം മുറുക്കിയിരുന്നു.. മഴയാണെങ്കിലും നട്ടുച്ചയാണെന്നോർത്തപ്പോൾ അതു വരെ ഇല്ലാതിരുന്ന ഒരു ഭയം അവനെ കാർന്നു തിന്നാൻ തുടങ്ങിയിരുന്നു… രണ്ടു പറമ്പപ്പുറം ഖബറിടാണ്… ഇന്നലേം ഒരടക്കം കഴിഞ്ഞേയുള്ളു.. ഇനി വല്ല ആത്മാക്കളും………
ചിന്ത മുഴുവനാവും മുന്നേ ഉള്ള ശക്തിയെല്ലാമെടുത്ത് ശക്തിയായി അവനൊന്നു കൂടി കുതറി… പെട്ടെന്നാ പിടി അയഞ്ഞതും അവൻ മതിലിലൂടെ ഉരുണ്ടു തോട്ടിൽ വീണു… അവിടുന്നു പിടഞ്ഞെണീറ്റു ഒരോട്ടമായിരുന്നു വീട്ടിലേക്കു… എവിടെയൊക്കെയോ നീറുന്നുണ്ടായിരുന്നു മഴ വെള്ളം തട്ടുമ്പോൾ… അതൊക്കെ സഹിച്ചാലും തന്നെ ആരാണാ പള്ളിപ്പറമ്പിൽ പിടിച്ചു വച്ചതെന്ന ചിന്തയാരുന്നു അവന്…
ഒരു വിധം വീടിന്റെ ഉമ്മറത്തെത്തി ഇരുന്നപ്പോഴേക്കും അവൻ ചെറുതായി വിറച്ചു തുടങ്ങിയിരുന്നു…
” മോനെ.. ഉണ്ണീ… എന്തു കിടപ്പാണെന്റെ കുട്ട്യേ… ”
അമ്മയുടെ കരച്ചിൽ ശബ്ദം അവൻ ഒരു സ്വപ്നത്തിലെന്ന വണ്ണം കേൾക്കുന്നുണ്ടായിരുന്നു..
ആരൊക്കെയോ മുറിയിലുണ്ട്… ” രണ്ടീസായില്ലേ ചെക്കൻ പോയിട്ട്. ഈ തള്ളേനേം പെണ്ണിനേം ഓർമ്മയുണ്ടായിരുന്നെങ്കിൽ ആരോടും പറയാതെ നട്ടുച്ചയ്ക്കിറങ്ങി പോവ്‌വോ ??”
ആരൊക്കെയോ എന്തൊക്കെയോ പറയുന്നു… ഒന്നും മനസ്സിലാവുന്നില്ല… തനിക്കെന്താ പറ്റിയത് ? അവൻ സ്വയം ചോദിച്ചു…
അപ്പോഴാണ് ഒരു കുഞ്ഞു കൈ നെറ്റിയിൽ തടവി ഒരുമ്മ തന്നു… തന്റെ ദേവൂട്ടിയാണത്.. അവൻ പതിയെ അവളുടെ കൈ പിടിക്കാൻ നോക്കി… പഴുത്ത മൂവാണ്ടൻ മാങ്ങയുടെ മണമുണ്ട് ആ കുഞ്ഞു കൈകൾക്ക്…..
എന്നാൽ എത്ര തൊട്ടടുത്തെത്തിയിട്ടും അവളെ തൊടാൻ പറ്റുന്നില്ല… തലയിളകുമ്പോൾ നല്ല വേദനയും ഉണ്ട്.
”വല്ലാതെ ദാഹിക്കുന്നു അമ്മേ.. ഇത്തിരി വെള്ളം താര്വോ.. ” അവൻ പതിയെ അമ്മയെ നോക്കി ചോദിച്ചൂ..
ചുണ്ടുകൾ നനഞ്ഞപ്പോഴാണ് അവൻ ശരിക്കും കണ്ണു തുറന്നത്.. ഗ്ളാസ് ചുണ്ടോടു ചേർത്തു ഭാസ്‌ക്കരേട്ടൻ…
അവനൊന്നു ഞെട്ടി… പറ്റുകാരൻ ഭാസ്ക്കരേട്ടൻ .. കഴിഞ്ഞ മഴയത്ത് ഇടിവെട്ടേറ്റു മരിച്ച……അവന്റെ വായിൽ ഉമി നീരു വറ്റി..
” ന്താ കുട്ടീ… ന്തിനാ അസമയത്തു പള്ളിപ്പറമ്പിൽ പോയത്.. അവിടെ ആളും മനുഷ്യനും ഇല്ലാന്നറീന്നതല്ലേ…”
”ഭാസ്ക്കരേട്ടാ… ഞങ്ങളെ പറ്റു ഇനിയും ബാക്കിയല്ലേ… അമ്മയ്ക്കും ദേവൂനും ഞാനല്ലേ ഉണ്ടായിരുന്നുള്ളൂ…ഞാൻ പോയെങ്കിലും…അതു തീർക്കാനാ ഞാൻ… ” അവൻ വിതുമ്പി..
”ല്ലാരേം വിട്ടല്ലേ മോനെ നമ്മളിവിടെ വന്നത്….. നീ ഇപ്പൊ ന്റെ മോൻ തന്നെയാ.. ആ ഉമ്മറത്തു നീ കിടക്കുന്നതു കണ്ടാ ഞാനിന്നലെ അങ്ങോട്ടു വന്നെ… പണ്ടു ഞാൻ കിടന്ന പോലെ.. വെള്ളത്തുണിയും പുതച്ച്… അടുത്ത് ആർത്തലച്ച് നിന്റമ്മെംഒന്നും മനസ്സിലാവാതെ കുഞ്ഞു പെങ്ങളും…
അപ്പോഴവനു പതിയെ എല്ലാം ഒർമ്മ വന്നു… പള്ളിപ്പറമ്പിൽ പോയതും ദേവൂനെ ഓർത്തു മാങ്ങ പെറുക്കിയതും മഴ പെയ്തതും തിരികെ പോരാൻ നേരം ആരോ ഷർട്ടിൽ പിടിച്ചതും എല്ലാം…
” ഭാസ്‌ക്കരേട്ടാ… പള്ളി പറമ്പിൽന്നു വരണ വഴി ആരോ ന്റെ ഷർട്ടിൽ പിടിച്ചു വലിച്ചു .. അപ്പോഴാ ഞാൻ കുതറി വീണത്… ”
അതു കേട്ടതും ഭാസ്ക്കരേട്ടൻ ചിരിയോടെ പറഞ്ഞു..
” മോനെ .. ഉണ്ണീ.. അവിടൊരു കുഞ്ഞു പോലും ഇല്ല… ഞാനിവിടെയാണെങ്കിലും എനിക്കു എല്ലാരേം കാണാം… മരിച്ചു പോയവരു ആരേം ഉപദ്രവിക്കില്ല…ഉണ്ണീടെ കുപ്പായം കമ്പി വേലീൽ കുടുങ്ങീതാ.. അതപ്പടി കീറിയേക്കുവാരുന്നു… ഞാൻ പള്ളിപ്പറമ്പിലെ മൊയ്തീനേം കണ്ടു മടങ്ങുമ്പോഴാണ ്കുട്ടീടെ ഒാട്ടം കണ്ടത്… തലപൊട്ടി ചോരയൊഴുകുന്നുണ്ടാരുന്നു..
” ഭാസ്ക്കരേട്ടാ… എനിക്കൊന്നു അമ്മയോടു മാപ്പു പറേണാരുന്നു… നട്ടുച്ചയ്ക്ക് പോയോണ്ടല്ലേ ഇങ്ങനൊക്കെ വന്നത്… അമ്മയെപ്പോഴും പറേന്നതാ… ഞാൻ കേട്ടില്ല. ”
അവന്റെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു.. പതിയെ അവനെ തഴുകി അയാളു മൃദുവായി പറഞ്ഞു…
”ഇപ്പോൾ നമുക്ക് ഇവിടുന്നു പോവാൻ കഴിയില്ല എവിടേക്കും… കുംഭത്തിലും കർക്കിടകത്തിലും നമ്മുടെ പ്രിയപ്പെട്ടോരു നമ്മെ ഒരുരുള ചോറുമായി വിളിക്കും…. അന്നു നമുക്കെല്ലാവരേം അടുത്തു ചെന്നു കാണാം… നമുക്കിഷ്‌ടമുള്ള ഭക്ഷണം അവരെ കയ്യിൽ നിന്നും കഴിക്കാം..
കാത്തിരിക്കാം ആ നാളു വരും.. അതു വരെ..
അതു വരെ ഇല്ലാതിരുന്നൊരു ഇളം കാറ്റു വീശലിൽ അവന്റെ കണ്ണടഞ്ഞപ്പോൾ അവൻ കണ്ടു…. ഉമ്മറത്ത തൂണിൽ തല ചാരിയിരിക്കുന്ന അവന്റെ അമ്മയെയും ഒരിക്കലും തോരാനിടയില്ലാത്ത ആ കണ്ണുകളും…ഒപ്പം മടിയിൽ മാങ്ങയും കടിച്ചു കണ്ണും മിഴിച്ചു കിടക്കുന്ന ദേവൂനേം…