ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം: സംസ്ഥാനത്ത് ഉയര്‍ന്ന നിരക്കിലുള്ള ലോട്ടറി ടിക്കറ്റുകളുടെ വില കുറച്ചു. ഭാഗ്യക്കുറികളുടെ വില ഏകീകരിച്ചതോടെ സംസ്ഥാനത്തെ എല്ലാ ഭാഗ്യക്കുറികളുടെയും വില ഇനിമുതല്‍ 30 രൂപയാകും. ലോട്ടറി ടിക്കറ്റുകളുടെ നിരക്ക് കുറച്ചതിന് പുറമേ, സമ്മാനത്തുക 10 ശതമാനവും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. വില കൂടിയ ലോട്ടറി ടിക്കറ്റുകള്‍ വിറ്റുപോകാതെ കെട്ടിക്കിടക്കുന്നത് ലോട്ടറി വില്‍പ്പനക്കാര്‍ക്കും സര്‍ക്കാരിനും വന്‍ സാമ്പത്തിക നഷ്ടമുണ്ടാക്കിയിരുന്നു. ഇതേതുടര്‍ന്നാണ് ആഴ്ചയില്‍ നറുക്കെടുക്കുന്ന എല്ലാ ഭാഗ്യക്കുറികളുടെയും വില ഏകീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. 50 രൂപ വിലയുള്ള ടിക്കറ്റുകളുടെ വില കുറയ്ക്കണമെന്ന് ലോട്ടറി വില്‍പ്പനക്കാരും ആവശ്യപ്പെട്ടിരുന്നു. ടിക്കറ്റ് നിരക്ക് കുറച്ചതിനൊപ്പം സമ്മാനത്തുക വര്‍ദ്ധിപ്പിച്ചതും കൂടുതല്‍ ആളുകളെ ഭാഗ്യക്കുറിയിലേക്ക് ആകര്‍ഷിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
50 രൂപ വിലയുള്ള ചൊവ്വാഴ്ച നറുക്കെടുക്കുന്ന സ്ത്രീശക്തി, വ്യാഴാഴ്ച നറുക്കെടുക്കുന്ന കാരുണ്യ പ്ലസ്, വെള്ളിയാഴ്ച നറുക്കെടുക്കുന്ന നിര്‍മ്മല്‍, ശനിയാഴ്ച നറുക്കെടുക്കുന്ന കാരുണ്യ എന്നിവയുടെ വിലയാണ് കുറച്ചത്. ഈ ടിക്കറ്റുകളുടെ വില ഇനിമുതല്‍ മുപ്പത് രൂപയാകും.
പുതിയ നിരക്കിലുള്ള ലോട്ടറി ടിക്കറ്റുകള്‍ ജൂണ്‍ ഒന്നു മുതലാണ് ലഭ്യമാകുക. അതേസമയം, എല്ലാ നറുക്കെടുപ്പുകളുടെയും സമ്മാനത്തുക 10 ശതമാനവും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
എന്നാല്‍ നിലവില്‍ മുപ്പത് രൂപ വിലയുള്ള അക്ഷയ, വിന്‍വിന്‍, പൗര്‍ണ്ണമി ടിക്കറ്റുകളുടെ വിലയില്‍ മാറ്റമില്ല. ലോട്ടറി ടിക്കറ്റുകളുടെ വില കുറച്ചതും, സമ്മാനത്തുക കൂട്ടിയതും കാരണം കൂടുതല്‍ പേരെ ഭാഗ്യക്കുറിയിലേക്ക് ആകര്‍ഷിക്കാനാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
വില കൂടിയ ടിക്കറ്റുകള്‍ വിറ്റുപോകാത്തത് കാരണം സര്‍ക്കാരിനും ലോട്ടറി വില്‍പ്പനക്കാര്‍ക്കും വന്‍ സാമ്പത്തിക നഷ്ടമാണുണ്ടാക്കിയത്. ടിക്കറ്റുകള്‍ കെട്ടിക്കിടക്കുന്നത് ലോട്ടറി ഓഫീസുകളിലെ സ്ഥിരം കാഴ്ചയായിരുന്നു. ടിക്കറ്റുകളുടെ വില കുറയ്ക്കണമെന്ന് വില്‍പ്പനക്കാരും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.