Monday, May 26, 2025
HomeCinemaഅതൊന്നും എന്റെ മകളല്ല: ദുല്‍ഖര്‍.

അതൊന്നും എന്റെ മകളല്ല: ദുല്‍ഖര്‍.

ജോണ്‍സണ്‍ ചെറിയാന്‍.
മകള്‍ പിറന്നതിന്റെ സന്തോഷം മാത്രമല്ല ദുല്‍ഖറിന്റെ മനസ്സില്‍. ഇത്തിരി സങ്കടവുമുണ്ട്. കാര്യം മറ്റൊന്നുമല്ല. തന്റെ മകളുടേതെന്ന പേരില്‍ ഒരുപാട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. ഇത് ചില്ലറ പുകിലല്ല താരത്തിന് ഉണ്ടാക്കിയിരിക്കുന്നത്. സഹികെട്ട് ഒടുവില്‍ വിശദീകരണവും അഭ്യര്‍ഥനയുമായി രംഗത്തുവന്നിരിക്കുകയാണ് അദ്ദേഹം.
അതൊന്നും എന്റെ മകളുടെ ചിത്രമല്ല. ഇത്തരം വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കരുത് എന്നാണ് എന്റെ അപേക്ഷ. ദയവു ചെയ്ത് ഞങ്ങളുടെ സ്വകാര്യതയ്ക്ക് അല്‍പം വില കല്‍പിക്കൂ. പറ്റാവുന്ന കാര്യങ്ങളെല്ലാം നിങ്ങളുമായ പങ്കുവയ്ക്കാറുണ്ടല്ലോ ഞാന്‍-ഫെയ്സ്ബുക്കിലും ട്വിറ്ററിലും ദുല്‍ഖര്‍ കുറിച്ചു.
മെയ് അഞ്ചിനാണ് മമ്മൂട്ടിയുടെ തന്നെ ഉടമസ്ഥതയിലുള്ള ചെന്നൈയിലെ മദര്‍ഹുഡ് ആസ്പത്രിയില്‍ വച്ച്‌ ദുല്‍ഖറിന്റെ ഭാര്യ അമല്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കുട്ടിയുടെ ജനനകാര്‍ഡ് അടക്കം ദുല്‍ഖര്‍ തന്നെയാണ് ഈ വിവരം ഫെയ്സ്ബുക്കിലൂടെ ജനങ്ങളെ അറിയിച്ചത്. കാത്തിരിപ്പിനൊടുവില്‍ ഞങ്ങളുടെ വീട്ടിലേയ്ക്ക് ഒരു രാജകുമാരി വന്നിരിക്കുന്നു എന്നാണ് ദുല്‍ഖര്‍ പോസ്റ്റില്‍ പറഞ്ഞത്. ദുല്‍ഖര്‍ നായകനായ അമല്‍ നീരദ് ചിത്രം സി.ഐ.എ: കോമ്രേഡ് ഇന്‍ അമേരിക്ക എന്ന ചിത്രം റിലീസ് ചെയ്ത ദിവസം തന്നെയാണ് കുഞ്ഞുണ്ടായത് എന്നതും യാദൃശ്ചികതയായി.
എന്നാല്‍ ഇതിനുശേഷം ദുല്‍ഖറിന്റെ കുഞ്ഞിന്റേത് എന്ന് പറഞ്ഞ് പലരും പല ചിത്രങ്ങളും പ്രചരിപ്പിച്ചുതുടങ്ങി. ചില വെബ്സൈറ്റുകള്‍ ചിത്രം സഹിതം വാര്‍ത്ത കൊടുക്കുകയും ചെയ്തു. ഇതാണ് ഔദ്യോഗിക വിശദീകരണവുമായി രംഗത്തുവരാന്‍ താരത്തെ പ്രേരിപ്പിച്ചത്.
RELATED ARTICLES

Most Popular

Recent Comments