ബിനോയി കിഴക്കനടി (പി. ആർ. ഒ.).
ഷിക്കാഗോ: ഏപ്രിൽ 30 ഞായറാഴ്ച, ഷിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ, വിശുദ്ധ യൌസേപ്പ്പിതാവിന്റെ തിരുന്നാൾ ഭക്തിപുരസരം ആചരിച്ചു
തിരുക്കർമ്മങ്ങൾക്ക്, ഹോളി സ്പിരിറ്റ് ഫാദേഴ്സ് മിഷനറി സന്യാസ സഭയുടെ (ഒ എസ്എസ്) ഇന്ത്യന്‍ പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയർ റെവ. ഫാ. ബിജു ചിറത്തറ മുഖ്യകാർമ്മികനും, ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത് സഹകാർമ്മികനുമായിരുന്നു. പുന്നത്തുറ ഇടവകക്കാരനായ റെവ. ഫാ. ബിജു ചിറത്തറ, 2000 – ൽ ബന്ധുവായ ആർച്ച് ബിഷപ്പ് മാർ എബ്രാഹം വിരുത്തിക്കുളങ്ങര പിതാവിൽ നിന്നും വൈദിക പട്ടം സ്വീകരിച്ച്, വികാരി, സ്കൂൾ പ്രിൻസിപ്പാൾ ഓർഫനേജ് ഡയറക്ടർ തുടങ്ങിയ മേഖലകളിൽ സേവനം അനുഷ്ഠിച്ചതിനുശേഷം, മിഷൻ പ്രവർത്തനങ്ങൾക്കുവേണ്ടി ജർമ്മനിയിൽ പോയി, ജർമ്മൻ ഭാഷയിൽ പ്രാവീണ്യം നേടി വികാരിയായി സേവനം ചെയ്തുകൊണ്ടിരിക്കെ, ഹോളി സ്പിരിറ്റ് ഫാദേഴ്സ് മിഷനറി സന്യാസ സഭയുടെ ഇന്ത്യന്‍ പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായി തിരഞ്ഞെടുക്കയും ചെയ്തു. തിരുന്നാൾ സന്ദേശത്തിന്റെ മധ്യേ ചിറത്തറയച്ചൻ തെലുങ്കാന, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ വിദൂര ഗ്രാമങ്ങളിലുള്ള 45 ഇടവകളിൽ സേവനം ചെയ്യുകയും, 225 – ൽ കൂടുതൽ കുട്ടികൾക്ക് ആശ്രയം നൽകുന്ന അനാഥാലയം നടത്തുകയും, 125 ന് മുകളിൽ സെമിനാരി വിദ്യാർത്ഥികളുമുള്ള ഒ എസ്എസ് സഭയുടെ പ്രവർത്തങ്ങളെപ്പറ്റി വിശദീകരിച്ചു. സൺ ഫ്ലവർ അതിന്റെ അവസാന ദിനങ്ങളിൽ പോലും സുര്യനുനേരെ തിരിയുന്നതുപോലെ വി. യൌസേപ്പ്പിതാവിന്റെ മാത്യുകയിൽ നമ്മളും, ദൈവത്തിലേക്ക് എപ്പോഴും തിരിയണമെന്നും, വിശുദ്ധിയിൽ ജീവിക്കണമെന്നും അനുസ്മരിപ്പിച്ചു. പ്രവാസി ക്നാനായക്കാരുടെ പ്രഥമ ദൈവാലയത്തിൽ വരുവാനും, ബലിയർപ്പിക്കുവാനും അനുവദിച്ച കാരുണ്യവാനായ ദൈവത്തിനും, അതിന് അവസരം തന്ന ബഹു. മുത്തോലത്തച്ചനും നന്ദി പറയുകയും, തൊഴിലാളി മധ്യസ്ഥനായ വിശുദ്ധ യൌസേപ്പ്പിതാവിന്റെ തിരുന്നാൾ മംഗളങ്ങൾ ഏവർക്കും ആശംസിക്കുകയും ചെയ്തു. വചന സന്ദേശം, ലദീഞ്ഞ്, നേർച്ചകാഴ്ച വിതരണം, എന്നീ ആത്മീയ ശുശ്രൂഷകൾ തിരുന്നാൾ ആഘോഷങ്ങളെ ഭക്തിസാന്ദ്രമാക്കി. ജോയി & ഗ്രേസി വാച്ചാച്ചിറ, സുമിത് & ജോമിത കളത്തിൽ, ബിനു & മിനി ആൽബേർട്ട് എന്നിവരും, അവരുടെ കുടുംബാംഗങ്ങളുമായുരുന്നു തിരുന്നാളിന്റെ പ്രസുദേന്തിമാർ.