Wednesday, November 27, 2024
HomeLiteratureകാളിയാർമഠംഭൈരവൻ. (കഥ)

കാളിയാർമഠംഭൈരവൻ. (കഥ)

കാളിയാർമഠംഭൈരവൻ. (കഥ)

സജി.കുളത്തുപ്പുഴ. (Street Light fb group)
1980 ഏപ്രിൽ 13, മേടം ഒന്ന്
തേനൂർകുന്നിലെ പ്രസിദ്ധമായ തിരുമംഗലം കോവിലകം..
നിർത്താതെയുള്ള ഫോണിന്റെ മണിയടികേട്ട് ദേവനന്ദ ഫോണിനടുത്തേക്ക് ഓടി.
ഉണ്ണിയേട്ടനായിരിക്കും..അവൾ മനസ്സിൽ പറഞ്ഞു..
ഫോണെടുത്ത് ചെവിയോട് ചേർത്ത അവളുടെ മുഖം മങ്ങി.. മിഴികൾ നിറഞ്ഞു.
“ഇത് നേരത്തെ പറയാമായിരുന്നില്ലേ ഉണ്ണിയേട്ടാ… ആരെ കാണിക്കാൻ വേണ്ടിയാണ് ഞാൻ ഉടുത്തൊരുങ്ങിയത്…”
ദേവാനന്ദയുടെ സ്വരത്തിൽ നിരാശ നിറഞ്ഞിരുന്നു.
“എന്റെ നന്ദൂട്ടി പോണം..പോയി തേനൂർ കുന്നിലപ്പനോട് എനിക്ക് വേണ്ടിയും പ്രാർത്ഥിക്കണം. ഒഴിവാക്കാൻ പറ്റാത്ത തിരക്കായിപ്പോയി മോളൂ..”
“ഇല്ല്യാ..നന്ദൂട്ടി എങ്ങോട്ടുമില്ല… എനിക്ക് കാണേണ്ടതും എന്നെ കാണേണ്ടതുമായ ഉണ്ണിയേട്ടൻ അവിടെയില്ലാതെ അങ്ങോട്ടേക്ക് ഞാനില്ല. ഒരുപാട് ആഗ്രഹങ്ങളുണ്ടായിരുന്നു ഉണ്ണിയേട്ടാ.. നമ്മുടെ കല്യാണത്തിന് മുന്നേയുള്ള അവസാന വിഷുവല്ലേ ഇത്. എത്ര തിരക്കുണ്ടെലും അതെല്ലാം മാറ്റിവെച്ചു എത്തേണ്ടതായിരുന്നു ന്റെ ഉണ്ണിയേട്ടൻ.
നമ്മൾ രണ്ടാളും ചേർന്നു നിന്നു ദീപാരാധനാ നേരത്ത് വാകച്ചാർത്തണിഞ്ഞു നിൽക്കുന്ന തേനൂർ കുന്നിലപ്പനെ തൊഴണം.. മട്ടന്നൂരിന്റെ മേളപ്പെരുക്കത്തോടൊപ്പം തേനൂർകുന്നിലപ്പന്റെ തിടമ്പേറ്റിയ നമ്മുടെ ‘തിരുമംഗലം കർണ്ണനെ’ മതിവരുവോളം കണ്ടുനിൽക്കണം.. രാത്രി ഉത്സവപ്പറമ്പിലെ ആൾക്കൂട്ടത്തിനിടയിലിരുന്നു എം.ജി.രാധാകൃഷ്ണൻ മാഷിന്റെ കച്ചേരി കേൾക്കണം… അങ്ങിനെ എന്തെല്ലാം…”
ഉണ്ണിയെന്ന അവളുടെ മുറച്ചെറുക്കൻ ഉണ്ണികൃഷ്ണൻ ഓരോ ആശ്വാസ വാക്കുകൾ പറഞ്ഞു കൊണ്ടിരുന്നു. പക്ഷെ അവയ്ക്കൊന്നും അവളുടെ സങ്കടം മാറ്റാൻ കഴിഞ്ഞില്ല..
അവളുടെ കണ്ഠമിടറി. മുളംതണ്ട് കീറുന്നതുപോലൊരു തേങ്ങൽ അവളിൽനിന്നുണ്ടായി..ഫോൺ തിരികെ വെച്ച് ഒലിച്ചിറങ്ങിയ മിഴിനീർ തുടച്ചു കൊണ്ടവൾ തിരികെ മുറിയിലേക്ക് നടന്നു..
“നന്ദൂ വരണുണ്ടോ നീയ്…”
നങ്ങേലി മുത്തശ്ശിയാണ്.. മനസ്സൊട്ടുമില്ലാതെയാണ് അവർക്കൊപ്പം അമ്പലത്തിലേക്കവൾ യാത്ര തിരിച്ചത്.
അവരെത്തുമ്പോഴേക്കും മേളം തുടങ്ങികഴിഞ്ഞിരുന്നു. ചെണ്ടപ്പുറത്ത് കോൽകൊണ്ട് വിസ്മയം തീർക്കുകയാണ് മട്ടന്നൂർ… അതിനൊപ്പിച്ചു ആർപ്പുവിളിച്ചു ആഹ്ലാദാരവം മുഴക്കി തിങ്ങി നിറഞ്ഞ ജനം… മേളം കൊട്ടിക്കേറുമ്പോഴേക്കും തിടമ്പേറ്റിയ തിരുമംഗലം കർണ്ണന്റെ വരവ്..
അതൊരു മായക്കാഴ്ച തന്നെയാണ്… സർവ്വലക്ഷണവും തികഞ്ഞ ഗജവീരൻ. തിടമ്പേറിയാൽ തലയുയർത്തിയൊരു നില്പാണ്. തലയെടുപ്പിൽ അവനെ വെല്ലാൻ ഒരാനയ്ക്കുമാകില്ല. ആലവട്ടവും വെഞ്ചാമരവും നെറ്റിപ്പട്ടവും അവന്റെ അഴകിനു മാറ്റുകൂട്ടുന്നു. തിരുമംഗലം കോവിലകത്തിന്റെ ചിഹ്നമാണവൻ. തേനൂർ കുന്നിലപ്പൻ അവനിൽ കുടികൊള്ളുന്നുവെന്ന് നാട്ടുകാർ വിശ്വസിക്കുന്നു.
ഇരുൾ പരക്കാൻ തുടങ്ങിയിരുന്നു. ആലക്തിക ദീപങ്ങൾ മിഴി തുറന്നു. നന്ദു ശ്രീകോവിലിന് മുന്നിൽ തൊഴുകൈയ്യോടെ നിന്നു.
“എന്റെ കണ്ണാ…എന്റെ ഉണ്ണിയേട്ടനെ കാത്തോണേ…”
പ്രാർത്ഥിച്ചു നിൽക്കുമ്പോൾ ഇടത് തോളിൽ കൈ അമരുംപോലെ. അവൾ തല തിരിച്ചു നോക്കി.. നിറയെ പൂത്ത കർണ്ണികാരം പോലെ ഉണ്ണിയേട്ടൻ..നിറ പുഞ്ചിരിയോടെ…!!
“എന്നെ പറ്റിക്കുകയായിരുന്നല്ലേ…”
സന്തോഷം കൊണ്ടവളുടെ മിഴികൾ നിറഞ്ഞു…
“നിന്റെ ആശകൾ നിറവേറ്റേണ്ടേ…”
കണ്ണെടുക്കാതെ നോക്കിനിന്ന അവളോടവൻ ചോദിച്ചു.
“അമ്മേ ഞാൻ ഉണ്ണിയേട്ടനൊപ്പം എത്തിക്കോളാം…”
അതും പറഞ്ഞു അവന്റെ കയ്യും പിടിച്ചവൾ ഓടി മേളത്തറയിലേക്ക്… അവിടെ പാണ്ടിയിൽ നിന്ന് പഞ്ചാരിയിലേക്ക് മാറിയിരുന്നു മേളം. അവരും ആൾക്കൂട്ടത്തിലലിഞ്ഞു ചേർന്നു.
സമയം രാത്രി 11:10
അന്നത്തെ അവസാന വണ്ടിയിൽ തേനൂർകുന്നിൽ ഒരാൾ വന്നിറങ്ങി..
ആറടിയിലധികം ഉയരമുണ്ടയാൾക്ക്.. ആരോഗ്യ ദൃഢഗാത്രൻ.. ഇരുളിലും ജ്വലിക്കുന്ന കണ്ണുകൾ.. തോളിലൊരു ഭാണ്ഡവുമായി ഇടവഴിയിലൂടെ അയാൾ നടന്നു കാളിയാർമഠം ലക്ഷ്യമാക്കി…
‘കാളിയാർമഠം.. ‘
മാന്ത്രികനായിരുന്ന ദിഗംബരന്റെ തറവാട്.. ചിതലരിച്ചു നിലം പൊത്താറായ ഇരുനിലമാളിക. മഹാമന്ത്രികനായിരുന്നു ദിഗംബരൻ. ദുർമൂർത്തികളെ ചൊൽപ്പടിക്ക് നിർത്തിയിരുന്നവൻ. കാറ്റിനെപ്പോലും നിശ്ചലമാക്കാൻ കഴിയുമായിരുന്നു ദിഗംബരന്. പ്രപഞ്ച ശക്തികളെ വരുതിയിൽ നിർത്തിയവൻ. എതിർത്തവരെ ഇല്ലായ്മ ചെയ്തും.. മനസിൽ മോഹമുണർത്തിയ സ്ത്രീകളെ പരകായപ്രവേശത്തിലൂടെ അനുഭവിച്ചും തേനൂർകുന്നിന്റെ പേടിസ്വപ്നമായ് നിറഞ്ഞവൻ. നിരവധി അരുംകൊലകൾ … പോലീസിനും അവനെ ഒന്നും ചെയ്യാൻ കഴിയുമായിരുന്നുമില്ല.
അവനെക്കൊണ്ട് പൊറുതിമുട്ടിയ ജനങ്ങൾ അവിടുത്തെ പ്രമാണിയായ തിരുമംഗലം വിക്രമൻ തമ്പിയോട് സഹായമഭ്യർത്ഥിച്ചു. വിക്രമൻ തമ്പിയുടെ തോക്കിൻ കുഴലിൽ നിന്ന് പാഞ്ഞ ഈയത്തുണ്ട് ദിഗംബരന്റെ
ജീവനെടുത്തു പറന്നു. ഭീതി നിറഞ്ഞ ഒരു യുഗത്തിനന്ത്യം. അതിനു ശേഷം പന്ത്രണ്ട് വയസുള്ള ദിഗംബരന്റെ മകനെ ദേശവാസികളാരും കണ്ടിട്ടേയില്ല..
പിന്നെ ആരാണ് ഇരുപത് വർഷങ്ങൾക്കിപ്പുറം പാതിരാവിൽ.. അതും തനിച്ചു. പകലിൽ പോലും ആരും നോക്കാൻ ധൈര്യപ്പെടാറില്ലാത്തിടത്തേയ്ക്ക്…
ചിതലരിച്ചു തറയിൽ കിടന്ന മരപ്പലകകൊണ്ടുണ്ടാക്കിയ ഗേറ്റ് കടന്ന് അയാൾ കാളിയാർ മഠത്തിന്റെ മുറ്റത്തെത്തി ഒരു നിമിഷം നിന്നു.
വീടിന്റെ വടക്കേ കോണിലിരുന്ന കൂമൻ ഉറക്കെ മൂളാൻ തുടങ്ങി.
ഊം..ഊം..ഊം.
അയാൾ ഉമ്മറക്കോലായിലേക്ക് കാലെടുത്തു വെച്ചതും തെക്ക് ഭാഗത്തുനിന്ന് ഭീകരമായൊരു അലർച്ചയുണ്ടായി…രക്ത ദാഹിയായ മറുതയായിരുന്നു അത്. അലർച്ച കേട്ട ഭാഗത്തേയ്ക്കയാൾ തലതിരിച്ചു. അതോടെ അലർച്ച നിന്നു. അത്രയ്ക്കുണ്ടായിരുന്നു ആ മിഴികളുടെ തീഷ്ണത. അയാൾ കതക് ആഞ്ഞുതള്ളി. വലിയൊരു ശബ്ദത്തോടെയത് മലർക്കെ തുറന്നു. മച്ചിൽ തൂങ്ങിക്കിടന്ന കടവാവലുകൾ ശബ്ദമുണ്ടാക്കി ഇളകി പറന്നു…
പിറ്റേന്ന് പ്രഭാതം.
തേനൂർ കുന്നിലപ്പനെ തൊഴുത് വിക്രമൻ തമ്പി അംബാസിഡറിൽ ചെമ്മൺ പാതയിലൂടെ വീട്ടിലേക്ക് മടങ്ങവേ വഴിതടഞ്ഞൊരാൾ നിൽക്കുന്നു. പുറം തിരിഞ്ഞാണ് നിൽപ്പ്.. നഗ്നപാദൻ.. കണങ്കാലിന് മുകളിലേക്ക് കയറി നിൽക്കുന്ന കാവിമുണ്ട്..
വലംകാലിലും ഇടംകൈയിലും പിച്ചള
വളയങ്ങൾ… കരുത്തുറ്റ മാംസപേശികൾ..ആജാനബാഹു… ചുവന്ന മേൽമുണ്ട് പുതച്ചിരിക്കുന്നു…
ഹോൺ മുഴക്കിയിട്ടൊന്നും അയാൾ വഴിമാറുന്നില്ല…ദേഷ്യം പിടിച്ച തമ്പി ഡോർ തുറന്ന് പുറത്തേക്കിറങ്ങി…
“ആരാണ് നീ…വഴിമുടക്കാതെ മാറൂ…”
അയാൾ മെല്ലെ തിരിഞ്ഞു. നെറ്റിയിലേക്ക് വീണുകിടക്കുന്ന മുടിയിഴകൾ. കാതിലെ ഒറ്റക്കടുക്കൻ പ്രഭാതസൂര്യന്റെ കിരണങ്ങളേറ്റ് തിളങ്ങി..
” നീയൊരു വെടിയുണ്ടായാൽ ജീവനെടുത്ത ദിഗംബരനെ ഓർമ്മയുണ്ടോ..”
ഗുഹയിൽ നിന്നെന്ന പോലെ അയാളിൽ നിന്നും ചോദ്യമുണ്ടായി..
ആ ചോദ്യം തമ്പിയിൽ ഒരു നടുക്കമുണ്ടാക്കി…
“ആ ദിഗംബരന്റെ മകനാണ് ഞാൻ..കാളിയാർ മഠം ഭൈരവൻ..”
തമ്പിയുടെ ചുണ്ടുകൾ അറിയാതെ മന്ത്രിച്ചു..ദി..ഗം..ബ..ര..ൻ..
അച്ഛനെ കൊന്നതിന്റെ പ്രതികാരം ചെയ്യാനാകും മകന്റെ വരവ്. തമ്പി നടുങ്ങി നിൽക്കെ അയാൾ തുടർന്നു.
“തമ്പീ…ഇന്ന് മുതൽ തുടങ്ങുകയാണ് നിന്റെ നാശം. നിന്റെ കുടുംബം മുച്ചൂടും മുടിക്കാതെ തേനൂർ കുന്നിൽ നിന്ന് മടക്കമില്ല ഈ ഭൈരവന്. ഇങ്ങോട്ട് പുറപ്പെടാൻ നേരം അച്ഛന്റെ ആത്മാവിന് കൊടുത്ത വാക്കാണിത്…”
ഭൈരവന്റെ മൊഴികളിൽ തന്റെ
അച്ഛനെ കൊന്നവനോടുള്ള പക നിറഞ്ഞിരുന്നു.
“നിന്റെ അച്ഛന്റെ ജീവനെടുത്ത തോക്ക് അറബിക്കടലിൽ കളഞ്ഞിട്ടില്ല. അതിപ്പോഴും തിരുമംഗലം തറവാട്ടിലുണ്ട്… “
പതർച്ചയിലും തമ്പി തിരിച്ചടിച്ചു..
“നമുക്ക് നോക്കാം തമ്പീ…ആരാണ് കേമനെന്ന്. ഭൈരവനോ..അതോ
വിക്രമൻ തമ്പിയോ എന്ന്. നിനക്ക് ജീവിക്കാം..നിന്റെ ഒരേ ഒരു മകളുടെ ചിത കത്തി തീരുന്നത് വരെ. അതിനടുത്ത പ്രഭാതം നീ കാണില്ല തമ്പീ…നീ പോയി നിന്റെ മകളെ സംരക്ഷിക്കാൻ ശ്രമിക്ക്..
ഏത്കോട്ടയിൽ കൊണ്ടൊളിപ്പിച്ചാലും ഈ ഭൈരവൻ കവർന്നെടുത്തിരിക്കും അവളുടെ മാനവും ജീവനും. ഇതെന്റെ വാക്കാണ് കാളിയാർ മഠം ഭൈരവന്റെ വാക്ക്…”
ഇടിമുഴക്കം പോലെ ഭൈരവന്റെ വാക്കുകൾ..
കോപത്താൽ സ്വതവേ ചുവന്ന ഭൈരവന്റെ കണ്ണുകൾ
വൈരപ്പൊടി വീണതുപോലെ കൂടുതൽ ചുവന്നു.. പുലരിയിലെ തണുപ്പിലും തമ്പിയുടെ നെറ്റിയിൽ വിയർപ്പു കണങ്ങൾ പൊടിഞ്ഞു.
പെട്ടെന്ന് ഭൈരവൻ വലതുകരം തമ്പിയ്ക്ക് നേരെ നീട്ടി..ചുരുട്ടി പിടിച്ചിരുന്ന വിരലുകൾ മെല്ലെ തുറന്നു. ഭൈരവന്റെ കൈക്കുള്ളിലൊരു ചുഴലി രൂപം കൊണ്ടു..അത് പൊടിമണ്ണിനെ ഇളക്കി മറിച്ചു വട്ടം ചുറ്റി…അതൊരു വൻ ചുഴലിയായി രൂപാന്തരം പ്രാപിച്ചു..ചെറുചെടികൾ മൂടോടെ പിഴുത് കാറ്റിനൊപ്പം കറങ്ങി. തമ്പിയുടെ കണ്ണുകളിൽ പൊടി നിറഞ്ഞു .. ഒന്നും കാണാൻ കഴിയുന്നില്ല. കാറ്റിന്റെ ഹുങ്കാരവം അതിനും മീതെ ഭൈരവന്റെ അട്ടഹാസം…
ചുഴലികാറ്റ് റോഡിന് താഴെയായി നിരയിട്ട് നിന്നിരുന്ന കലംപോട്ടി ചെടികളെ തല്ലിത്തകർത്തു പാടത്തേക്കിറങ്ങി അപ്രത്യക്ഷമായി… ഒപ്പം ഭൈരവനും… എല്ലാം നിമിഷനേരങ്ങളിൽ കഴിഞ്ഞു.
തമ്പി നടുങ്ങി തരിച്ചു നിന്നു.
മേടം 16
ആമ്പൽ കുളത്തോട് ചേർന്നുള്ള കാവൽമാടം. ഉണ്ണി നാട്ടിൽ
വരുമ്പോൾ നന്ദുവിനേയും കൂട്ടി അവിടെ ചെന്നിരിക്കുക പതിവാണ്.
“എത്ര നേരമായി കാത്തുനിൽക്കാൻ തുടങ്ങിയിട്ട്. നന്ദൂട്ടിയെ തനിച്ചാക്കിയിട്ട് എവിടെ പോയിക്കിടക്കുവാണ്‌. വന്നിട്ട് അരമണിക്കൂർ കഴിയുന്നു.”
അവൾ സ്വയം പരിഭവം പറഞ്ഞു കൊണ്ട് നോക്കിയപ്പോൾ പാടത്തിന്റെ മറുകരയിൽ ഉണ്ണിയേട്ടൻ. അവൻ അവളുടെ അടുത്തേയ്ക്ക് നടന്നടുക്കുകയാണ്.
“ഹും.. ഇങ്ങുവരട്ടെ.. ശരിയാക്കുന്നുണ്ട്.. “
അപ്പോഴാണവൾ ശ്രദ്ധിച്ചത് അവന്റെ നടപ്പിന് ഇതുവരെയില്ലാത്ത വേഗം. മുഖത്തു ഇതിനുമുമ്പ് ദർശിച്ചിട്ടില്ലാത്ത ഭാവ വ്യത്യാസം. എപ്പോഴും പുഞ്ചിരിയോടെയല്ലാതെ ഉണ്ണിയേട്ടനെ കണ്ടിട്ടില്ല. പക്ഷെ ഇപ്പോൾ… കണ്ണുകൾ പാതി അടച്ചു പിടിച്ച് ചുണ്ടിൽ വഷളൻ ചിരിയുമായി. അവന്റെ ശ്വാസഗതി വല്ലാതെ ഉയർന്നിരിക്കുന്നു.
“എന്ത് പറ്റി ഉണ്ണിയേട്ടാ…എത്ര നേരമായെന്നറിയോ നന്ദൂട്ടി വന്നിട്ട്.. “
അതിനവൻ മറുപടി പറഞ്ഞില്ല. ഒന്നുമില്ലെന്നവൻ തലയാട്ടി.
“അല്ലെങ്കിലും ഈ അടുത്തായി എന്നെ തീരെ ഇഷ്ടമല്ല ഉണ്ണിയേട്ടന്. ഇപ്പോൾ ഞാനെന്തെങ്കിലും ചോദിച്ചാൽ കൂടി മറുപടി തരില്ല.. “
അവളുടെ മിഴികൾ നിറഞ്ഞു തുളുമ്പി. വിഷാദത്തോടെ കുളത്തിനു നടുവിൽ വിരിഞ്ഞു നിന്ന നീലയാമ്പലിനെ നോക്കി നിൽക്കുമ്പോൾ പിറകിൽ നിന്ന് ഒരിക്കലും പതിവില്ലാത്ത വിധം ഗാഢമായൊരു ആലിംഗനം..
“ഉണ്ണിയേട്ടാ…കുറുമ്പ് കാട്ടാ നീ.. വേണ്ടാട്ടോ..”
അവൾ കുതറി മാറാൻ ശ്രമിച്ചു.
അവൻ ഉന്മാദം ബാധിച്ചവനെപോലെ അവളെ വരിഞ്ഞു മുറുക്കി ഇടത് ചെവിയുടെ പിന്നിൽ ചുണ്ടമർത്തി. അവന്റെ ചുടു നിശ്വാസമേറ്റവൾ പുളഞ്ഞു.
ആദ്യമായിട്ടാണ് ഉണ്ണിയേട്ടൻ ഇത്തരത്തിൽ പെരുമാറുന്നത്…
“ഇതെന്താ ഉണ്ണിയേട്ടാ ഈ കാണിക്കണെ…ശ്ശൊ.. വിടൂന്നെ.. “
പക്ഷെ അവൻ അവളെ കൂടുതൽ ചേർത്തു നിർത്തി. അവന്റെ കൈകൾ അവളുടെ ശരീരത്തിലൂടെ ഇഴഞ്ഞു നടന്നു. അതിന്റെ അനുഭൂതിയിൽ അവളുടെ പ്രതിരോധം ദുർബലമായിക്കൊണ്ടിരുന്നു. അതവനിൽ ആവേശം പകർന്നു. നന്ദുവിന്റെ മിഴികൾ കൂമ്പിയടഞ്ഞു. അവളും അവനെ ആഗ്രഹിച്ചു തുടങ്ങിയിരുന്നു. അവൾ
അറിയുന്നുണ്ടായിരുന്നില്ല പരകായ
പ്രവേശത്തിലൂടെ ഉണ്ണിയുടെ ശരീരത്തിൽ കടന്നുകൂടിയ ഭൈരവനാണ് തന്നെ വരിഞ്ഞു മുറുക്കുന്നതെന്ന്..
ഉണ്ണിയിലെ കൊടുംകാറ്റ് ശമിച്ചപ്പോൾ വാടിയ താമരത്തണ്ടുപോലെയായി തീർന്നിരുന്നു നന്ദൂട്ടി. സുഖകരമായ ആലസ്യത്തിൽ മയങ്ങുമ്പോൾ ഒരു കാൽപ്പെരുമാറ്റം കേട്ടവൾ മിഴികൾ തുറന്നു. മുന്നിൽ വിടല ചിരിയോടെ ഭൈരവൻ അവളെ തന്നെ നോക്കിനിൽക്കുന്നു. വസ്ത്രങ്ങൾ വാരി മാറോട് ചേർത്ത് കൊണ്ടവൾ പിടഞ്ഞെഴുന്നേറ്റു.
ഭീതിയോടെ ഉണ്ണിയെ കുലുക്കി ഉണർത്താൻ ശ്രമിച്ചു. അതുകണ്ട ഭൈരവൻ ഉറക്കെചിരിച്ചു.
“ഉണർത്താൻ ശ്രമിക്കേണ്ട അവനിപ്പോഴൊന്നും ഉണരില്ല. നീ എന്താ കരുതിയത് നിന്നെ പ്രാപിച്ചത് ഉണ്ണിയാണെന്നോ… അല്ല .. അത് ഞാനായിരുന്നു.. “
ആ വാക്കുകൾ നടുക്കത്തോടെയാണവൾ കേട്ടുനിന്നത്. ചെവിയിൽ ഈയമുരുക്കി ഒഴിക്കുന്നത് പോലെ..
“അവനുണരുമ്പോൾ പറഞ്ഞേക്ക് അവന്റെ നന്ദുവിനെ ഭൈരവൻ ആവോളം ആസ്വദിച്ചിട്ട് പോയെന്നു. നിന്റെ അച്ഛനോടുള്ള പ്രതികാരത്തിന്റെ തുടക്കം നിന്നിൽ നിന്ന് തന്നെയാകട്ടെ. തമ്പിയുടെ മിഴികളിൽ നിണം പൊടിയുന്നത് എനിക്ക് കാണണം..”
അതുകേട്ടവൾ ഹൃദയം പൊട്ടിക്കരഞ്ഞു. കവിളിലൂടെ ഒഴുകിയിറങ്ങിയ മിഴിനീർ ഉണ്ണിയുടെ നഗ്നമായ മുതുകിലേക്ക് ഇറ്റിറ്റു വീണുകൊണ്ടിരുന്നു. ഇന്നോളം കാത്തുവെച്ചതെല്ലാം ദുഷ്ടൻ
കവർന്നെടുത്തിരിക്കുന്നു.
മേടം 20,
മേടസൂര്യൻ കത്തിജ്വലിക്കുകയാണ്.. പോക്കുവെയിലിനും നല്ല ചൂട്. ഉണ്ണികൃഷ്ണൻ ബസ്സിറങ്ങി വീട്ടിലേക്ക് നടന്നു. വിശാലമായ പാടം. പാടവരമ്പിലൂടെ നടന്നു വേണം വീട്ടിലെത്താൻ. ചൂടിന്റെ ആധിക്യത്തിൽ വേഗം നടക്കുമ്പോൾ പെട്ടെന്നു ആരോ പിടിച്ചു നിർത്തിയത് പോലെ അവൻ നിശ്ചലമായി. മുന്നോട്ട് നടക്കാൻ കഴിയുന്നില്ല. എന്താണെന്നറിയാൻ ഉണ്ണി മെല്ലെ തിരിഞ്ഞു. ആ കാഴ്ച കണ്ട് അവൻ ഭയന്നുപോയി. സൂര്യനെക്കാൾ ജ്വലിക്കുന്ന മിഴികളോടെ തൊട്ടു പിന്നിൽ ഭൈരവൻ…!!
വലംകാലിന്റെ തള്ളവിരൽ കൊണ്ട് തന്റെ നിഴലിൽ ചവിട്ടിപ്പിടിച്ചിരിക്കുകയാണ് ഭൈരവൻ. അവന്റെ ചുണ്ടിലാണേൽ കൊല്ലുന്ന ചിരിയും. ഉണ്ണി മുന്നോട്ടാഞ്ഞു. കഴിയുന്നില്ല കാലുകൾ മണ്ണിൽ തറഞ്ഞത് പോലെ. അവന്റെ ഓരോ നാഡിയിലും തളർച്ച ബാധിച്ചു തുടങ്ങിയിരുന്നു..
“നീ എനിക്കെതിരായി കേസുകൊടുക്കും അല്ലേ… പരാതിക്കാരൻ ഇല്ലാണ്ടായാൽ പിന്നെന്ത് കേസാണ്…നീ ‘നിഴൽകുത്തെന്ന് ‘ കേട്ടിട്ടുണ്ടോ.. ഇല്ലെങ്കിൽ അനുഭവിച്ചറിഞ്ഞോളൂ. നിന്റെ ദേഹത്തു തൊടാതെ ജീവനെടുക്കുന്ന അത്ഭുത വിദ്യ…”
അതും പറഞ്ഞവൻ പൊട്ടിച്ചിരിച്ചു. അവന്റെ ചിരി കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന വയലേലകളിൽ മാറ്റൊലി കൊണ്ടു.
ഉണ്ണിയുടെ തൊണ്ടക്കുഴി വറ്റിവരണ്ടു. തന്റെ നിമിഷങ്ങൾ എണ്ണപ്പെട്ടു എന്നവന് മനസ്സിലായി. മുത്തച്ഛൻ പറഞ്ഞു കേട്ടിട്ടുണ്ട് നിഴൽകുത്തിനെ പറ്റി. എതിരാളിയെ ഇല്ലായ്മ ചെയ്യാനായി നിഴലിൽ ഇരുമ്പാണികുത്തിയിറക്കി അരുംകൊല ചെയ്യുന്ന ആഭിചാര കർമ്മം..
ആദ്യം നന്ദൂട്ടിയെ നശിപ്പിച്ചു. ഇപ്പോൾ തന്നെയും ഇല്ലാതാക്കാൻ പോവുകയാണ്. തങ്ങളൊരുമിച്ചു നെയ്തെടുത്ത സ്വപ്നങ്ങളെല്ലാം വെറുതെയായി. എന്തെല്ലാം മോഹങ്ങളായിരുന്നു.
താനില്ലാതെയായാൽ നന്ദു പിന്നൊരു നിമിഷം ജീവിച്ചിരിക്കില്ല. ഇപ്പോൾ തന്നെ നന്ദു ഒരുതരം ഭ്രാന്തിന്റെ വക്കിലാണ്. തന്റെ ആശ്വാസ വാക്കുകൾ ഒന്നുകൊണ്ടു മാത്രമാണവൾ ഇപ്പോഴും ജീവിച്ചിരിയ്ക്കുന്നത്. അല്ലെങ്കിൽ അന്നു തന്നെ…
അവന്റെ മിഴികൾ നിറഞ്ഞൊഴുകി. താൻ മരിക്കുന്നതിനേക്കാൾ വേദന അവന്റെ പ്രാണനായ നന്ദു ഇല്ലാതാവുന്നതിലായിരുന്നു..
ഭൈരവൻ മടിക്കുത്തിൽ നിന്ന് നീളമുള്ള നാരായം പുറത്തെടുത്തു. അവന്റെ കണ്ണുകൾ കൂടുതൽ കുറുകി.. അവന്റെ മുഖത്ത് പൈശാചിക ഭാവം ഉണർന്നു. പെട്ടെന്ന് അവൻ നാരായം ഉണ്ണിയുടെ നിഴലിന്റെ കഴുത്തിലേക്കമർത്തി. ആ നിമിഷം ഉണ്ണിയുടെ കഴുത്തിൽ രക്തം പൊടിഞ്ഞു. വേദനകൊണ്ടവൻ അലറി കരഞ്ഞു. ഭൈരവൻ ക്രൂരമായ ആനന്ദത്തോടെ നാരായം മണ്ണിലേക്കാഴ്ത്തി. ഉണ്ണി കഴുത്തിലമർത്തിപിടിച്ചിരുന്ന വിരലുകൾക്കിടയിലൂടെ ചോര പതഞ്ഞൊഴുകി. അവൻ ശ്വാസം
കിട്ടാതെ പിടഞ്ഞു. ഭൈരവൻ നാരായം ഒന്നുകൂടി താഴ്ത്തി. ഉണ്ണിയുടെ കണ്ണുകൾ തുറിച്ചുന്തി.. ഹൃദയമിടിപ്പ് നിലച്ചു ..വെട്ടിയിട്ട വാഴപോലെ അവന്റെ ശരീരം നിലത്തേക്ക് വീണു.
ഭൈരവൻ നാരായം മണ്ണിൽ നിന്ന് ഊരിയെടുത്തു ആത്മ സംതൃപ്തിയോടെ കിഴക്കോട്ട് നടന്നുപോയി.
മേടം 24
ഉണ്ണിയുടെ ചിതയെരിഞ്ഞതിന്റെ മൂന്നാംപക്കം നന്ദുവും ഒരു മുഴം കയറിൽ അവന്റെ അടുത്തേക്ക് യാത്രയായി. അവിടുന്നങ്ങോട്ട് മരണങ്ങളുടെ ഘോഷയാത്രയായിരുന്നു. വിഷംതീണ്ടിയും, അപകടത്തിന്റെ രൂപത്തിലുമെല്ലാം.
വിക്രമൻ തമ്പി പോലീസിൽ പരാതി നല്കി.. പക്ഷെ തെളിവില്ല എന്ന കാരണം പറഞ്ഞ് അവർ ഒഴിഞ്ഞു. പേരുകേട്ട മന്ത്രവാദികളെല്ലാം ഭൈരവനെ ഭയന്നു പിൻമാറി. ഒടുവിൽ വിക്രമൻ തമ്പിയുടെ വിധിയും ഭൈരവന്റെ ദുർദേവതകളുടെ ഇരയാവാനായിരുന്നു..
തിരുമംഗലം കോവിലകത്ത് ആരെയും അവശേഷിപ്പിക്കാതെ ആഭിചാര കർമ്മങ്ങളിലൂടെ ഭൈരവൻ ഉന്മൂലനം ചെയ്തു. ഇന്നാ ഭവനത്തിൽ ആത്മാക്കൾ മാത്രമാണ് താമസം.
തന്റെ മന്ത്ര സിദ്ധിയിൽ അഹങ്കാരം വർദ്ധിച്ച ഭൈരവനും അച്ഛനെ പോലെ തേനൂർ കുന്നുകാരെ ദ്രോഹിക്കാൻ തുടങ്ങി. എതിർത്തവരെ ജീവച്ഛവമാക്കി, തന്റെ ആഗ്രഹ പൂർത്തീകരണം നടത്തിവന്നു…
ഒരു മാസത്തിനിപ്പുറം…
ഇടവം 26
കാളിയാർ മoത്തിലേക്കുള്ള ചെമ്മൺ പാത കഴിഞ്ഞ് ഭൈരവൻ ഇടവഴിയിലേക്കിറങ്ങി.
ഇരുപുറവും ഉയരമുള്ള മൺഭിത്തികൾ… വഴിയിൽ കരിയിലകൾ മെത്ത വിരിച്ചതുപോലെ… ഇടവം തീരാറായിട്ടും മഴയെത്തിയിട്ടില്ല. മഴക്കോളുമുണ്ട്. കട്ടപിടിച്ച ഇരുട്ടിനെ മുറിച്ചുകൊണ്ട് കൊള്ളിമീനുകൾ ആകാശത്തു ചിത്രം വരയ്ക്കുന്നു..
മoത്തിലേക്ക് നടക്കുമ്പോഴും ഭൈരവന്റെ മനസ് ആകെ അസ്വസ്ഥമായിരുന്നു..
‘കുറച്ചായി കാളിയുടെ മുഖം തെളിഞ്ഞിട്ട്. പൂജയ്ക്കിടയിൽ അപ:ശകുനങ്ങളാണ് നിത്യവും. ഹോമകുണ്ഡത്തിലേക്ക് നെയ്യ് പകരുമ്പോൾ അതിൽ നിന്ന് വസ്ത്രങ്ങളിലേക്ക് തീ പടർന്നത് അശുഭ സൂചനയാണ്. ഉപാസനാ മൂർത്തികൾ തനിക്കെതിരാവുകയാണോ?…’
ഭൈരവൻ ചൂട്ട് കറ്റയും വീശി മുന്നോട്ടു നടന്നു. അല്പദൂരം നടന്നപ്പോൾ പിന്നിലൊരു സീൽക്കാരം. മെല്ലെ തിരിഞ്ഞു നോക്കി.. ഒന്നും കാണുന്നില്ല. കാറ്റടിച്ചപ്പോൾ കരിയിലയിളകിയ താകും . വീണ്ടും മുന്നോട്ട് നടന്നു. പെട്ടെന്ന് പിന്നിൽ നിന്നും ശക്തമായ സീൽക്കാരം ഉയർന്നു. തിരിഞ്ഞു നോക്കിയ ഭൈരവൻ നടുങ്ങി തരിച്ചു പോയി. വെറും മൂന്നടി അകലത്തിൽ മരണമങ്ങനെ ഫണം വിടർത്തി നിൽക്കുന്നു. തീക്കനൽ പോലെ ജ്വലിക്കുന്ന കണ്ണുകളുള്ള കൂറ്റൻ കരിനാഗം. പെരുവിരലിൽ നിന്ന് നട്ടെല്ലിലേക്കൊരു പെരുപ്പ് അരിച്ചു കയറി. കാറ്റിനെപ്പോലും നിശ്ചലമാക്കാൻ കഴിവുള്ള ഭൈരവന്റെ രോമകൂപങ്ങളിൽ വിയർപ്പ് കണങ്ങൾ പൊടിയാൻ തുടങ്ങി. അത്രയ്ക്ക് ഭയാനകമായിരുന്നു ആ കാഴ്ച.
അവൻ ധൈര്യം വീണ്ടെടുക്കാനായി
മിഴികളടച്ചു അഥർവ്വ മന്ത്രങ്ങൾ ഉരുവിടാൻ തുടങ്ങി. ഇല്ല..കഴിയുന്നില്ല
നാവ് പിഴയ്ക്കുന്നു…അർത്ഥങ്ങൾ മാറുന്നു..
താൻ വിളിച്ചാരാധിച്ചിരുന്നവർ തനിക്കെതിരായി തീർന്നിരിക്കുന്നു എന്ന സത്യം നടുക്കത്തോടെ ഭൈരവൻ തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു..
ഇനി രക്ഷയില്ല. ഞൊടിയിടയിൽ വെട്ടിത്തിരിഞ്ഞ ഭൈരവൻ ഇരുളിലൂടെ മുന്നോട്ട് കുതിച്ചു. ചൂട്ടുകറ്റയിൽ കാറ്റുപിടിച്ചു തീയാളി. ഭൈരവന്റെ കാലുകൾക്ക് ചിറകുമുളച്ചു. മഴവെള്ളം കുത്തിയൊലിച്ചു തെളിഞ്ഞു നിന്നിരുന്ന കല്ലുകളിൽ തട്ടി കാലിൽ മുറിവേറ്റെങ്കിലും അവൻ യാഗാശ്വത്തെ പോലെ പാഞ്ഞു. തൊട്ട് പിന്നിലായി കരിയിലകൾ ഞെരിച്ചുകൊണ്ട് കരിനാഗവും. ഭയം അവന്റെ മനസ്സിനെ കീഴ്പ്പെടുത്താൻ തുടങ്ങിയിരുന്നു.
കനത്തൊരിടി മുഴങ്ങി. അകമ്പടിയായി ചാറ്റൽ മഴയും. ശക്തമായ കാറ്റിനൊപ്പം കരിയിലകൾ ഇളകിപ്പറന്നു.
“കാളീ നീയുമെന്നെ കൈവിടുകയാണോ.. “
ചുറ്റിലും അഥർവ്വ മന്ത്രങ്ങൾ മുഴങ്ങുന്നു. അതൊരു അലയായി വന്നു തന്നെ പൊതിയുന്നുവോ. മൺഭിത്തിയിലൂടെ നൂറുകണക്കിന് നാഗങ്ങൾ ഇഴഞ്ഞിറങ്ങുന്നതായി അവനു തോന്നി. പിന്നിൽ നാഗത്താനുണ്ടോ എന്ന് തിരിഞ്ഞു നോക്കുന്നതിനിടയിൽ എന്തിലോ ചെന്നിടിച്ചു ഭൈരവൻ പിന്നോട്ട് മലർന്നു വീണു. വീഴ്ചയിൽ പിടിവിട്ടു തറയിലേക്ക് വീണ ചൂട്ടുകറ്റയിൽ നിന്ന് കരിയിലകളിലേക്ക് തീപടർന്നു. മൂക്കിലേക്കടിച്ചുകയറുന്ന ആനച്ചൂര്. ഭീതിയോടവൻ കണ്ടു ..
“തിരുമംഗലം കർണ്ണൻ…”
കർണ്ണന്റെ മിഴികളിൽ നിറഞ്ഞു നിൽക്കുന്നത് തന്റെ പ്രിയപ്പെട്ടവരെ ഇല്ലാതാക്കിയവനോടുള്ള അടങ്ങാത്ത പക..
കർണ്ണന്റെ ചെകിടടപ്പിക്കുന്നൊരു ചിന്നംവിളി. അതിൽ ഭൈരവന്റെ സപ്ത നാഡികളും തളർന്നുപോയി. കർണ്ണൻ വായിൽ നിന്ന് വിയർപ്പെടുത്തു പുറത്തേക്ക് ചീറ്റികൊണ്ട് ഭൈരവനുനേരെ നടന്നടുത്തു.
അതിവേഗം പിന്നോക്കം മാറാനായി ശ്രമിച്ച ഭൈരവന്റെ തലയ്ക്ക് മുകളിലേക്ക് എന്തോ ഒന്ന് നീണ്ടുവരുന്നത് കണ്ട് മിഴികളുയർത്തി നോക്കി.
തലയ്ക്ക് മുകളിലായി സീൽക്കാരത്തോടെ നാഗത്താൻ…!!
ഭൈരവന്റെ ഹൃദയം നിലച്ചുപോയി. കരിയിലകൾ കാറ്റിൽ ആളിക്കത്തി. ആ വെളിച്ചത്തിൽ അവന്റെ ഇരുമിഴിയിലും കരിനാഗത്തിന്റെ പ്രതിബിംബം പ്രതിഫലിച്ചു…
പെട്ടെന്ന് അവിടമാകെയൊരു പൊട്ടിച്ചിരി മുഴങ്ങി. അത് നന്ദുവിന്റേതാണെന്ന് ഭൈരവൻ തിരിച്ചറിഞ്ഞു..
“നിന്റെ അവസാനത്തിന് മുന്നേ ഞാനൊന്ന് ചിരിച്ചോട്ടെ ഭൈരവാ. നിന്റെ പേടിയോടെയുള്ള കിടപ്പുകണ്ട് എങ്ങിനെ ചിരിക്കാതിരിക്കും… ഹാ..ഹാ..ഹാ… “
അവൾ ആർത്തട്ടഹസിച്ചു…
“ഭൈരവാ…സൂര്യനെപോലെയാണ് കഴിവും..അഹങ്കാരവും. ഉദിച്ചാൽ പിന്നെ അസ്തമിക്കാതെ തരമില്ല. നിന്റെ ജീവന് ഏതൊക്കെ താഴിട്ടുപൂട്ടിയാലും ശരീരത്തെ മരണം രുചിക്കുക തന്നെ ചെയ്യും. ഈശ്വരൻ വരദാനമായ് നിനക്ക് നൽകിയ അറിവിനെ…അഥർവ്വ മന്ത്രങ്ങളെ…നീ തെറ്റായ കാര്യങ്ങൾക്കാണ് വിനിയോഗിച്ചത്. പ്രപഞ്ച ശക്തികളെ വരുതിയിലാക്കാൻ നീയത് ഉപയോഗിച്ചു. അതെന്നും നിന്റെ
വരുതിയിൽ നിൽക്കുമെന്ന് കരുതിയോ നീ…
ഒരു സമയം കഴിഞ്ഞാൽ അവരതെല്ലാം പലിശയും ചേർത്ത് തിരിച്ചു തരുമെന്ന് നീ മറന്നു പോയോ ഭൈരവാ. നിന്നിൽ.. നിന്റെ മിഴികളിൽ നിറഞ്ഞു നിന്ന അഹങ്കാരമെവിടെ ? നീ ദുഷ്ചെയ്തികൾക്കായി പ്രയോഗിച്ച അഥർവ്വമന്ത്രങ്ങളെവിടെ. നിന്റെ ചിന്തയിലിപ്പോൾ ഒരേ ഒരുവികാരം മാത്രം… മരണഭയം..
നീ ഇങ്ങനെ ശിക്ഷിക്കാൻ മാത്രം എന്ത് തെറ്റാണ് എന്റെ അച്ഛൻ നിന്നോട് ചെയ്തത്. കൊടുംക്രൂരനും നാട്ടുകാർക്ക് മുഴുവൻ പേടിസ്വപ്നവുമായിരുന്ന നിന്റെ അച്ഛനെ ഇല്ലാക്കിയതോ. അയാൾ
അതർഹിച്ചിരുന്നു ഭൈരവാ. അതിനു
പകരമായി നീ ചെയ്തതോ എന്റെ കുടുംബത്തിലെ ഏഴുപേരെയാണ് ഇല്ലാണ്ടാക്കിയത്. ഇനി എന്റെ കുടുംബത്തിൽ ആരും ബാക്കിയില്ല. അതുകൊണ്ട് തന്നെ ക്രൂരമായ മരണത്തിൽ കുറഞ്ഞൊന്നും നീ അർഹിക്കുന്നില്ല.
എന്റെ ആയുസ്സൊടുങ്ങും വരെ വിളക്കുവെച്ചു നൂറും പാലുമൂട്ടിയ നാഗത്താനും…എന്റെ കർണ്ണനും ചേർന്ന് നിന്റെ ജീവനെടുക്കും. അതുകണ്ട് ആർത്തു ചിരിക്കണമെനിക്ക്… “
മഴ കരുത്താർജ്ജിച്ചു. തുള്ളിക്കൊരുകുടം കണക്കെ പേമാരി പെയ്ത് നിറയാൻ തുടങ്ങി. മലർന്ന് കിടന്ന ഭൈരവന്റെ മുഖത്തേക്ക് മഴത്തുള്ളികൾ വീണ് ചിതറി.
നാഗത്താൻ നാവ് പുറത്തേക്ക് നീട്ടി. അതുകണ്ട് ഭൈരവന്റെ തൊണ്ടക്കുഴിയിലെ ഉമിനീർ വറ്റി. അവന്റെ മിഴിയിണകളിൽ ഭയം നിഴലിട്ടിരുന്നു. മരണത്തിൽ നിന്ന് തനിക്ക് രക്ഷപെടാൻ കഴിയില്ലെന്നവൻ തിരിച്ചറിഞ്ഞു കഴിഞ്ഞു. എങ്കിലുമവൻ മിഴികളടച്ചു കാളിയെ മനസ്സിൽ ധ്യാനിച്ചു…
ഇല്ല …കാളി മനസ്സിലേക്ക് വരുന്നെയില്ല. ഇനി തന്റെ മുന്നിലുള്ളത് മരണം വരിക്കുക മാത്രമാണ് . അവൻ ഭയത്തോടെ കരിനാഗത്തെ നോക്കി..
നാഗത്താന്റെ തീഷ്ണമായ കണ്ണുകൾ കൂടുതൽ തിളങ്ങി. അത് മെല്ലെ ഫണമൊന്നുയർത്തി ഭൈരവന്റെ തിരുനെറ്റിയിൽ ആഞ്ഞുകൊത്തി. ഭൈരവന്റെ ദിഗന്തങ്ങൾ പിളർക്കുന്ന നിലവിളി ഇരുളിൽ അലയടിച്ചു. നെറ്റിയിൽ സൂചി കുത്തിയത് പോലെ രണ്ടു ചോരപ്പൊട്ടുകൾ. അത് മഴവെള്ളത്തിൽ അലിഞ്ഞവന്റെ കൺകോണിലേക്കിറങ്ങി.
നിമിഷ നേരം കൊണ്ട് അവന്റെ ശരീരത്തിലേക്ക് വിഷം പടർന്ന് കയറി. അസഹ്യമായ വേദനയിൽ അവൻ അലറി പിടഞ്ഞു.
കർണ്ണൻ മസ്തകം കുലുക്കി അവന്റെ മുന്നിലേക്ക് കുനിഞ്ഞു. കർണ്ണന്റെ കൂർത്ത് നീണ്ട കൊമ്പുകൾ ഭൈരവന്റെ വാരിയെല്ലുകൾക്കിടയിലൂടെ ആഴ്ന്നിറങ്ങി മണ്ണിൽ തറച്ചു. കൊമ്പിൽ കൊരുത്തെടുത്ത ഭൈരവനെ മുകളിലേക്കുയർത്തി തുമ്പിക്കയ്യാൽ ചുഴറ്റി നിലത്തടിച്ചു.
എന്നിട്ടും കലിയടങ്ങാത്ത കർണ്ണൻ കൊലവിളിയോടെ ഭൈരവന്റെ തലയ്ക്ക് നേരെ കാലുയർത്തി. കൊട്ടത്തേങ്ങ പൊട്ടുന്നതുപോലൊരു ശബ്ദം. തലയോട് പിളർന്ന് തലച്ചോർ പുറത്തേക്ക് ചാടി. ഭൈരവന്റെ ശരീരം ഒന്ന് പിടഞ്ഞു നിശ്ചലമായി.
ഇടവഴിയിലൂടെ ഒഴുകിയെത്തിയ വെള്ളത്തോടൊപ്പം ഭൈരവന്റെ ചോരയും കലർന്നൊഴുകി…
ഭൈരവന്റെ ശവശരീരത്തിലേക്ക് നോക്കി ഒരിയ്ക്കൽ കൂടി ചിന്നം വിളിച്ച് കർണ്ണൻ ഇരുളിലൂടെ നടന്നു പോയി തന്റെ തേനൂർ കുന്നിലപ്പനടുത്തേക്ക്. കരിനാഗം അവിടെ നിന്നും അപ്രത്യക്ഷമായി…
തേനൂർകുന്നിന് മുകളിലെ കാർമേഘങ്ങളകന്നു. പതിവിലും പ്രകാശ പൂരിതമായിരുന്നു പിറ്റേന്നത്തെ പ്രഭാതം……
RELATED ARTICLES

Most Popular

Recent Comments