ജോണ്‍സണ്‍ ചെറിയാന്‍.
വാഷിങ്ടണ്‍: കഴിഞ്ഞ ആഴ്ച അമേരിക്കന്‍ സൈന്യം പുറത്തുവിട്ട ഒരു ചിത്രമാണ് ഇപ്പോള്‍ വാര്‍ത്തകള്‍ ഇടം നേടിയിരിക്കുന്നത്. ഈ ചിത്രത്തിന് ഒരു പ്രത്യേകത ഉണ്ടായിരുന്നു. ഇത് ഒരു ചിത്രം മാത്രമായിരുന്നില്ല. ചിത്രം പകര്‍ത്തിയ ഫോട്ടോഗ്രാഫറുടെ മരണക്കുറിപ്പ് കൂടിയായിരുന്നു.
അവസാനക്ലിക്കില്‍ ഒരു ചിത്രവും ഒപ്പം സ്വന്തം മരണവും പകര്‍ത്തിയ ആ ഫോട്ടോഗ്രാഫര്‍ ഹില്‍ഡക്ലെയ്ഡന്‍ ആയിരുന്നു. അമേരിക്കന്‍ സൈന്യത്തിന്റെ യുദ്ധ രംഗങ്ങള്‍ ചിത്രികരിക്കുന്ന ഫോട്ടോഗ്രാഫറായിരുന്നു ഹില്‍ഡ. 2013ലെ അഫ്ഗാന്‍ ദൗത്യത്തിനിടെയാണ് ഹില്‍ഡ കൊല്ലപ്പെട്ടത്.
അഫ്ഗാന്‍ സൈന്യത്തിന് ആയുധ പരിശീലനം നല്‍കുന്നതിന്റെ ചിത്രീകരണത്തിലായിരുന്നു ഹില്‍ഡ. അഫ്ഗാനിസ്ഥാനിലെ ലഘ്മന്‍ പ്രവിശ്യയില്‍ നടന്ന പരിശീലന പരിപാടിയില്‍ മോര്‍ട്ടാര്‍ ആക്രമണത്തിന് പരിശീലനം നല്‍കുന്നതിനിടെ ഉണ്ടായ സ്ഫോടനത്തില്‍ ഹില്‍ഡയും കൊല്ലപ്പെടുകയായിരുന്നു. മോര്‍ട്ടാര്‍ ഷെല്‍ ഡിറ്റൊണേറ്റ് ചെയ്യുന്നതിനിടെയായിരുന്നു സ്ഫോടനം ഉണ്ടായത്.
പരിശീലനത്തിന്റെ ദൃശ്യങ്ങള്‍ കൃത്യതയോടെ പകര്‍ത്തുന്നതിന് സമീപത്തു തന്നെയുണ്ടായിരുന്ന ഹില്‍ഡയും സ്ഫോടനത്തില്‍ കൊല്ലപ്പെടുകയായിരുന്നു. തന്റെ അവസാന നിമിഷങ്ങളുടെ ദൃശ്യങ്ങള്‍ അവര്‍ തന്നെ പകര്‍ത്തുകയായിരുന്നു. സ്ഫോടനത്തില്‍ നാല് സൈനികരും കൊല്ലപ്പെട്ടിരുന്നു. മരിക്കുമ്ബോള്‍ 22 വയസ് മാത്രമായിരുന്നു ഹില്‍ഡയുടെ പ്രായം.