ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡല്‍ഹി: രാജ്യത്തെ സാധാരണക്കാരും പറക്കട്ടെ എന്ന മുദ്രാവാക്യമുയര്‍ത്തി ആവിഷ്കരിച്ച ഉദാന്‍ വിമാന സര്‍വീസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ് ഓഫ് ചെയ്തു. കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതി പ്രകാരം ഷിംല ഡല്‍ഹി സര്‍വീസാണ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തത്. ഷിംല-ഡല്‍ഹി, കടപ്പ-ഹൈദരാബാദ്, നാന്ദേഡ്- ഹൈദരബാദ് എന്നീ റൂട്ടുകളിലാണ് സര്‍വീസ് ആരംഭിച്ചത്.
പരമാവധി ഒരു മണിക്കൂര്‍ വരെയുള്ള യാത്രകളുടെ നിരക്ക് 2500 രൂപയില്‍പരിമിതപ്പെടുത്തുന്ന പദ്ധതിയാണ് ഉദാന്‍. പ്രാദേശിക യാത്രകള്‍ വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
റീജണല്‍ കണക്ടിവിറ്റി സാധ്യമാക്കുന്ന ഈ പദ്ധതി അന്താരാഷ്ട്ര തലത്തില്‍ത്തന്നെ ആദ്യത്തേതാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു.
ഒരു മണിക്കൂര്‍ സമയദൈര്‍ഘ്യമോ 500 കിലോമീറ്റര്‍ വ്യോമ ദൂരമോ ഉള്ള വിമാനയാത്രയ്ക്കും അര മണിക്കൂര്‍ സമയദൈര്‍ഘ്യമുള്ള ഹെലികോപ്റ്റര്‍ യാത്രയ്ക്കുമുള്ള നിരക്കാണ് 2,500 രൂപയായി നിശ്ചയിച്ചിട്ടുള്ളത്.
വിമാനങ്ങളുടെ 50 ശതമാനം സീറ്റുകള്‍ ഇതിനായി നീക്കിവച്ചിട്ടുണ്ട്. ഉദാന്‍ പദ്ധതിയനുസരിച്ച് 128 റൂട്ടുകളിലായി അഞ്ചു വിമാനക്കമ്ബനികള്‍ സര്‍വീസ് നടത്തും.