ജോണ്സണ് ചെറിയാന്.
മോഹന്‍ലാലിനെ നായകനാക്കി ബി.ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം വില്ലന്റെ ടീസര്‍ പുറത്തിറങ്ങി. ഫോര്‍ കെയിലും ടുകെയിലുമാണ് ടീസര്‍ എത്തിയിരിക്കുന്നത്.
8 കെ റെസല്യൂഷനിലാണ് ചിത്രം ഒരുങ്ങുന്നത്. ഒരു സിനിമ പൂര്‍ണമായും 8 കെ റെസല്യൂഷനില്‍ ചിത്രീകരിക്കുന്നത് ഇന്ത്യയില്‍ ഇതാദ്യമാണ്. വിണ്ണൈ താണ്ടി വരുവായാ, നന്പന് തുടങ്ങിയ ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച മനോജ് പരമഹംസയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. റെഡിന്റെ വെപ്പണ്‍ സീരീസിലുള്ള ഹെലിയം 8കെ ക്യാമറയാണ് വില്ലനില്‍ ഉപയോഗിക്കുന്നത്. സാങ്കേതികമായി ഒരുപാട് പ്രാധാന്യമുള്ള ചിത്രത്തിന്റെ ബജറ്റ് 2530 കോടിയാണ്.
സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് മോഹന്‍ലാല്‍ എത്തുന്നത്. ‘ഗുഡ് ഈസ് ബാഡ്’ എന്നാണ് സിനിമയുടെ ടാഗ് ലൈന്‍. മഞ്ജു വാര്യര്‍ ചിത്രത്തില്‍ മോഹന്‍ലാലിന്റെ ഭാര്യയായാണ് എത്തുന്നത്. ദീര്‍ഘനാളത്തെ ഇടവേളയ്ക്ക് ശേഷമാണ് മോഹന്‍ലാലും മഞ്ജുവും ഒരുമിച്ച് അഭിനയിക്കുന്നത്. സത്യന് അന്തിക്കാട് സംവിധാനം ചെയ്ത ‘എന്നും എപ്പോഴും’ എന്ന സിനിമയിലാണ് അവസാനം ഇവര്‍ ഒരുമിച്ചത്.
തമിഴ് നടന് വിശാല്‍ ആണ് മറ്റൊരു താരം. കൂടാതെ ഹന്‍സിക, തെലുങ്ക് നടി റാഷി ഖന്ന, തെലുങ്ക് താരം ശ്രീകാന്ത് എന്നിവരും അണിനിരക്കുന്നു. പുലിമുരുകനിലെ മാസ്മരിക സംഘട്ടനരംഗങ്ങള്‍ ഒരുക്കിയ സ്റ്റണ്ട് ഡയറക്ടര്‍ പീറ്റര്‍ ഹെയ്ന് ആണ് ഈ സിനിമയുടെയും സംഘട്ടനം.
കഥാപാത്രത്തിനായി പ്രത്യേക തയാറെടുപ്പിലാണ് സൂപ്പര്‍താരം മോഹന്‍ലാല്‍. ഇതിനായി ആയുര്‍വേദ ചികിത്സയിലായിരുന്നു അദ്ദേഹം. പൂമുള്ളിയിലായിരുന്നു ചികിത്സ. മെലിഞ്ഞ ശരീരപ്രകൃതി കഥാപാത്രം ആവശ്യപ്പെടുന്നതിനാലാണ് ചികിത്സ തേടാന്‍ അദ്ദേഹം തീരുമാനിച്ചത്.
ചിത്രം നിര്‍മിക്കുന്നത് ബജ്രംഗി ഭായിജാന്, ലിംഗ തുടങ്ങിയ ബ്രഹ്മാണ്ഡചിത്രങ്ങള്‍ നിര്‍മിച്ച റോക്ലൈന് വെങ്കിടേഷ് ആണ്. കലാസംവിധാനം ഗോകുല്‍ ദാസ്. സംഗീതം ഫോര്‍ മ്യൂസിക് (ഒപ്പം ഫെയിം). മിസ്റ്റര്‍ ഫ്രോഡിന് ശേഷം ബി. ഉണ്ണികൃഷ്ണനും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.