സജേഷ് വാസുദേവൻ. (Street Light fb group)
കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീര്‍ തുടച്ചുമാറ്റി കൊണ്ട് അവള്‍ ചുറ്റം നോക്കി, ഇല്ല ആരും കണ്ടിട്ടില്ല അവള്‍ സ്വയം പറഞ്ഞു ആരും കാണാന്‍ പാടില്ല തന്റെ ഒരു ചെറിയ തളര്‍ച്ച പോലും പരാജയമായി കരുതപ്പെടും എന്ന് അവള്‍ മനസ്സിലാക്കി ഇരുന്നു .
“സ്ത്രീ അബലയാണ് അബലയാണ് ” കുട്ടിക്കാലം മുതല്‍ കേട്ട് വളര്‍ന്ന വാക്കുകള്‍ അവളുടെ കാതില്‍ മുഴങ്ങി വാശിയോടെ അവള്‍ മനസ്സില്‍ ആവര്‍ത്തിച്ചു ആവര്‍ത്തിച്ചു പറഞ്ഞു കൊണ്ടിരുന്നു “ഇല്ല താന്‍ ദുര്‍ബല അല്ല” .
പ്രതികാരദാഹം അവളില്‍ പതഞ്ഞു പൊങ്ങി കൊണ്ടിരുന്നു ,ഇപ്പോഴും തന്നില്‍ അടങ്ങാത്ത പ്രതികാരദാഹം ഉണ്ടെന്നത് അവളില്‍ ഒരു നടുക്കം സൃഷ്ടിച്ചു . ഇത്രയും വലിയ ശിക്ഷയാകും തന്നെ കാത്തിരിക്കുക എന്ന് അവള്‍ ഒരിക്കലും കരുതിയിരുന്നില്ല എന്നതാണ് സത്യം .തന്നെ കാത്തിരിക്കുന്ന ശിക്ഷയുടെ കാഠിന്യം അവളെ തെല്ല് ഭയപ്പെടുത്തി എങ്കിലും പ്രതികാരം ചെയ്യാന്‍ കഴിഞ്ഞതില്‍ അവള്‍ അല്പം സന്തോഷിക്കാതെ ഇരുന്നില്ല . ശിക്ഷ കാത്തു നില്‍ക്കുമ്പോഴും അവളുടെ മനസ്സ് പഴയ ഓര്‍മകളിലേക്ക് അവളെ കൂട്ടിക്കൊണ്ട് പോയി .
നഷ്ട പ്രണയം , കൂട്ടുകാര്‍ എല്ലാം അവളുടെ ഓര്‍മകളിലൂടെ മിന്നി തെളിഞ്ഞു കൊട്നിരുന്നു . ഒരു പൂമ്പാറ്റ പോലെ താന്‍ പറന്നു നടന്ന കുട്ടിക്കാലം , പ്രണയം പൂവിടര്ത്തിയ കൌമാരം എല്ലാം അവള്‍ ഒരിക്കല്‍ കൂടി ഓര്‍ത്തു . പിന്നിട്ട വഴികളില്‍ പുറം തിരിഞ്ഞു നിന്ന കാമുകന്റെ മുഖം അവളില്‍ പക്ഷെ തെല്ല് പോലും വേദനസൃഷ്ടിച്ചില്ല. ഓപ്പറേഷന്‍ കഴിഞ്ഞു കിടക്കുന്ന ശരീരത്തില്‍ എവിടെയോ എപ്പോഴോ എടുത്ത ഒരു കുത്തിവയ്പ് ഉണ്ടാക്കുന്നവേദന പോലെ അതിനും അപ്പുറം അവളുടെ ജീവിതത്തില്‍ അതിനു പ്രസക്തി ഇല്ലാതെ ആയിരുന്നു .
“ഇതു ചെയ്യുന്നതിന് മുന്‍പ് നിനക്ക് എന്നോടൊന്നു അഭിപ്രായം ചോദിക്കാമായിരുന്നില്ലേ മോളെ”
ശ്രീ ദേവി ചേച്ചിയുടെ ചോദ്യം അവളുടെ കാതില്‍ മുഴങ്ങി . അവര്‍ അവള്‍ക് വെറും ഒരു ഡോക്ടര്‍ മാത്രം ആയിരുന്നില്ല സ്വന്തം ചേച്ചിയെ പോലെ ആയിരുന്നു . അത് കൊണ്ട് തന്നെ ആണ് താന്‍ ചെയ്ത കാര്യം അവള്‍ അവരോടു ആദ്യം പറഞ്ഞതും. അവര്‍ എന്നും കൂടെ ഉണ്ടായിരുന്നു എന്നതാണ് സത്യം. കുറച്ചു നിമിഷങ്ങളുടെ സുഖത്തിനു വേണ്ടി തനിക്ക് തീരാ വേദന തന്ന ആ അപരിചിതനായ മനുഷ്യന്‍ വിജയീ ഭാവത്തില്‍ തന്റെ മുകളില്‍ നിന്നും എണീറ്റ് പോകുമ്പോള്‍ നഷ്ടപ്പെട്ട ഓര്‍മ പിന്നീട് തിരിച്ചു വരുമ്പോള്‍ ആദ്യം കണ്ട മുഖം അവരുടേത് ആയിരുന്നു, ഒന്നും സംഭവിച്ചിട്ടില്ല എന്ന് വെറും വാക്ക് പറഞ്ഞു ആശ്വസിപ്പിക്കാന്‍ ശ്രേമിക്കുന്ന അവരുടെ കണ്ണ് നീരില്‍ നനഞ്ഞ മുഖം.അവരുടെ ആശ്വാസവാക്കുകള്‍ക് തരാന്‍ കഴിയാഞ്ഞത് തന്റെ കൈകളില്‍ ഇറുക്കി പിടിച്ച അവരുടെ കൈകളിലൂടെ അവര്‍ തന്നു കൊണ്ടിരുന്നു
എന്നിട്ടും എന്തേ ഈ ഒരു കാര്യം ചെയ്യാന്‍ നേരം അവരോടു പോലും പറയാന്‍ തോന്നാഞ്ഞതു എന്ന് അവള്‍ ഓര്‍ത്തു തടഞ്ഞെന്കിലോ എന്ന് ഭയന്നിട്ടുണ്ടാവണം .
പകുതി മരിച്ച ശരീരവും പൂര്‍ണ മരണം സംഭവിച്ച മനസ്സുമായി കുറെ കാലം താന്‍ ആ ആശുപത്രിയില്‍ കിടന്നു . ശരീരം ജീവന്‍ വീണ്ടെടുത്തപ്പോഴും മനസ് മാത്രം ഒരു വൈദ്യശാസ്ത്രത്തിനും പിടി കൊടുക്കാതെ കിടന്നു .ആ മനസ്സിനെ തൃപ്തിപ്പെടുത്താന്‍ കൂടി ആണ് താന്‍ അത്തരം ഒരു തീരുമാനം എടുത്തതും , അപ്പോള്‍ ആരോടും അഭിപ്രായം ചോദിയ്ക്കാന്‍ തോന്നിയില്ല .
തന്റെ ശിക്ഷയുടെ സമയം അടുത്ത് കൊണ്ടിരിക്കുന്നു എന്ന് ഓര്‍മിപ്പിക്കുന്ന ആ വലിയ ഖടികാരം മുന്നില്‍ ഭ്രാന്തമായ ഒരു ആവേശത്തെ കറങ്ങുന്നുണ്ടായിരുന്നു .ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു, എല്ലാം അവള്‍ക് നിസ്സാരമായി തോന്നി അനിവാര്യമായ ആ ശിക്ഷ അവള്‍ ഏറ്റു വാങ്ങാന്‍ തയ്യാറായി കഴിഞ്ഞിരുന്നു .
“ഇങ്ങനെ ഒരവസ്ഥയില്‍ ഞാന്‍ എന്താണ് പറയുക , നിനക്കിങ്ങനെ ഒക്കെ സംഭവിച്ചതില്‍ ഏറ്റവും അധികം ദുഖിക്കുന്ന ആള്‍ ഞാനാവും എനിക്ക് ഇപ്പോഴും നീ എന്റെ പഴയ ശാലിനി തന്നെ നിനക്കൊന്നും സംഭവിച്ചിട്ടില്ല എന്ന് കരുതാനും എനിക്ക് കഴിയും . പക്ഷെ സമൂഹം , വീട്ടുകാര്‍ ഇവരെ ഒക്കെ ഞാന്‍ എങ്ങനെ നേരിടും ? നിനക്ക് അറിയാവുന്നതല്ലേ ഞാന്‍ എത്ര കഷ്ടപെട്ടാണ് ഒരിക്കല്‍ അവരെ കൊണ്ട് നമ്മുടെ വിവാഹത്തിനു സമ്മതിപ്പിച്ചത് എന്ന് തന്നെ ?”
പിന്നീടു അവന്‍ പറഞ്ഞതൊന്നും അവളുടെ മനസ്സില്‍ കയറിയതേ ഇല്ല ഒരു വല്ലാത്ത മൂളല്‍ അവളുടെ ചെവി മൂടി കളഞ്ഞു . ആ മൂളല്‍ അവള്‍ ആദ്യമായി അനുഭവിച്ചത് ആ ശപിക്കപെട്ട ദിവസത്തില്‍ ആയിരുന്നു , തന്റെ എതിര്‍പ്പു തടയാന്‍ അയാള്‍ ആദ്യം കൈ നീട്ടി അടിച്ച അടി . കവിളില്‍ ആ അടി വീണ നിമിഷം മുതല്‍ അതേ മൂളല്‍ അവസാനം ഓര്മ നഷ്ടപ്പെടുന്നത് വരെ ഉണ്ടായിരുന്നു .
തിരസ്കരിക്കാന്‍ വേണ്ടി നൂറു കാരണങ്ങള്‍ നിരത്തിയ ആ സമയത്തോ അതിനു ശേഷമോ അവള്‍ക് അവനോടു ഒരു വെറുപ്പും തോന്നിയില്ല എന്ന് അവള്‍ അത്ഭുതത്തെ ഓര്‍ത്തു . പുച്ഛം തോന്നിയത് അവനോടയിരുന്നില്ല പ്രേമംഎന്നാ വികാരത്തോട് ആയിരുന്നു എല്ലാം സുന്ദരമായ അവസ്ഥയില്‍ ആണെന്ന് തോന്നുമ്പോള്‍ ഉണ്ടാകുന്ന വികാരം അതിനും അപ്പുറം അതിനു ഒരു അസ്തിത്വം ഉണ്ടോ ?
ചിന്തകളില്‍ നിന്നും യാഥാര്ധ്യത്തിലേക്ക് അവള്‍ തിരിച്ചു വന്നപ്പോള്‍ ആളുടെ മുന്നില്‍ ഒരുക്കങ്ങള്‍ ഏതാണ്ട് പൂര്‍ത്തിയായി കഴിഞ്ഞിരുന്നു അവളുടെ മുന്നിലെ വലിയ ഖടികാരം അതിന്റെ ഭ്രാന്തമായ കറക്കം നിര്‍ത്തി ഏതാണ്ട് സംതൃപ്തി അടഞ്ഞ മട്ടില്‍ ശാന്തമായി കറങ്ങാന്‍ തുടങ്ങിയിരുന്നു .
“യുവര്‍ ഓണര്‍ വാദിയെ വിസ്തരിക്കാന്‍ ആദ്യമായി എന്നെ അനുവദിക്കണം എന്ന് ഞാന്‍ അപേക്ഷിക്കുന്നു ” പ്രതി ഭാഗം വക്കീലിന്റെ ശബ്ദം അവളുടെ കാതുകളിലേക്ക് തുളച്ചു കയറി
അത് വരെ അവള്‍ സംഭരിച്ചു വച്ച എല്ലാ ധൈര്യവും തന്നിലേക്ക് പതിയുന്ന കണ്ണുകളുടെ മുന്നില്‍ തകര്‍ന്നു വീഴുന്നത് അവള്‍ ഞെട്ടലോടെ തിരിച്ചറിഞ്ഞു . ശ്രീ ദേവി ചേച്ചിയോടു പോലും പറയാതെ പരാതി കൊടുക്കാന്‍ താന്‍ പോയ നിമിഷത്തെ മനസ്സറിയാതെ ശപിച്ചു കൊണ്ടവള്‍ മുന്നോട്ടു നടന്നു , തുളഞ്ഞു കയറുന്ന നോട്ടങ്ങളില്‍ ചിലതില്‍ ഇരയെ കാണുമ്പൊള്‍ ഉള്ള വേട്ടക്കാരന്റെ സന്തോഷം അവള്‍ തിരിച്ചറിയുന്നുണ്ടായിരുന്നു . ചിലവ സഹതാപം മുറ്റി നിന്ന കണ്ണുകള്‍ ആയിരുന്നു ,ചിലത് സങ്കടം മാത്രം ഉള്ള കണ്ണുകള്‍ അതില്‍ നാലു കണ്ണുകള്‍ താന്‍ ജനിച്ച അന്ന് മുതല്‍ തനിക്ക് വേണ്ടി ഉറക്കം കളഞ്ഞ കണ്ണുകള്‍ ആയിരുന്നു.
കോടതിയില്‍ എല്ലാവരുടെയും മുന്നില്‍ വിസ്താരക്കൂട്ടിലേക്ക് അവള്‍ നടക്കുമ്പോള്‍ അവളുടെ വസ്ത്രങ്ങള്‍ ഓരോന്നോരോന്നായി അഴിഞ്ഞു വീഴുന്നതായി അവള്‍ക് തോന്നി , പൂര്‍ണ നഗ്നയായി അവള്‍ വിസ്തരിക്കപ്പെടാന്‍ നില്‍കുമ്പോള്‍ പുറത്തു സദാചാര പ്രാസംഗികര്‍ തകര്‍ത്തു പ്രസംഗിക്കുന്നുണ്ടായിരുന്നു .
✏കാമുകൻ