അജ്മല്‍.സി.കെ. (Street Light fb group)
പണ്ട് സ്‌കൂള്‍ കോളേജ് കാലഘട്ടത്തില്‍ എന്ത് രചനാ മത്സരങ്ങള്‍ക്ക് പങ്കെടുത്താലും സമ്മാനവുമായിട്ടല്ലാതെ തിരിച്ചു വരാത്ത അപൂര്‍വ്വം ചിലരില്‍ ഒരാളായിരുന്നു അനഘ. വിവഹം ഭര്‍ത്താവ് കൂട്ടികള്‍ എന്നിങ്ങനെയുള്ള സുഖമുള്ള ഉത്തരാവാദിത്തം തലയില്‍ പേറാന്‍ ആരംഭിച്ചതില്‍ പിന്നെ അക്ഷരങ്ങളോട് കൂട്ടുകൂടാന്‍ സമയം ലഭിക്കാത്ത ബഹുഭൂരിപക്ഷം സ്ത്രീകളില്‍ ഒരുവള്‍.
ഫെയ്‌സ്ബുക്ക് എന്ന സങ്കേതം ജനമനസ്സുകളെ കീഴടക്കി വര്‍ഷം രണ്ട് പിന്നിട്ടതിന് ശേഷമാണ് അനഘ ഫെയ്‌സ്ബുക്കിലെത്തിച്ചേരുന്നത്. വായനയുടെ പുതിയ പ്ലാറ്റ്‌ഫോം കിട്ടിയ സന്തോഷത്തിലായിരുന്നു അവള്‍. പക്ഷെ അപ്പോയൊന്നും ചുമ്മാ രസത്തിന് വായിക്കണമെന്നല്ലാതെ എഴുതണമെന്ന് തോന്നാറില്ല. സത്യം പറഞ്ഞാല്‍ എഴുതാനുള്ള കോണ്‍ഫിഡന്‍സ് അവള്‍ക്കില്ലായിരുന്നു എന്നതാണ് സത്യം. പക്ഷെ ചവര്‍ എഴുത്തുകള്‍ക്ക് പോലും കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കാന്‍ മുഖപുസ്തകത്തില്‍ ധാരാളം ആളുകളുണ്ടെന്ന തിരിച്ചറിവിലാണ് എന്തായാലും എഴുത്തില്‍ ഒരു കൈ നോക്കി കളയാമെന്ന് അവള്‍ തീരുമാനമെടുത്തത്.
‘തുടക്കം എന്തായാലും പ്രകൃതിയെക്കുറിച്ച് ഒരു കവിതയാകാം. അതിന്റെ ഫീഡ്ബാക്ക് അറിഞ്ഞിട്ടാവാം അടുത്തഘട്ടം.’
അവള്‍ ആദ്യമായിട്ട് പോസ്റ്റിയ കവിത… 1000 ലൈക്ക്‌സും 100 കമന്റ്‌സുമൊക്കെ പ്രതീക്ഷിച്ച അവള്‍ക്ക് കിട്ടിയത്. വെറും 10 ലൈക്ക് 1 കമന്റ്. തളര്‍ന്ന് പോയി അവള്‍… പക്ഷെ അതോട് കൂടി അവള്‍ക്ക് വാശിയായി..
‘ലൈക്കിന്റേയും കമന്റിന്റേയും എണ്ണം കൂട്ടിയേ മതിയാവൂ…’ അവള്‍ മനസ്സില്‍ ദൃഡനിശ്ചയമെടുത്തു.
പ്രണയത്തെക്കുറിച്ചും, മഴയെക്കുറിച്ചും, മനുഷ്യരെക്കുറിച്ചും, സമൂഹത്തെക്കുറിച്ചും മറ്റു വ്യത്യസ്ഥ വിഷയങ്ങളെക്കുറിച്ചും അവള്‍ കഥകളും കവിതകളും എഴുതി. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അവള്‍ മുഖപുസ്തക്തില്‍ ഫെയ്മസ് ആയി. ഒന്നു തുമ്മിയാല്‍ പോലും ലൈക്കും കമന്റും കുമിഞ്ഞ് കൂടുന്ന അവസ്ഥ അവളെ അല്‍പ്പം അഹങ്കാരിയാക്കിയെന്നതാണ് സത്യം.
പക്ഷെ, അവള്‍ടെ ജീവിതത്തെ മാറ്റിമറിച്ച ഒരു സംഭവം ആയിടക്കുണ്ടായി. മകന്റെ അഡ്മിഷന് വേണ്ടി സ്‌കൂളില്‍ പോയി ഫോം ഫില്ല് ചെയ്ത് കൊടുത്ത് മടങ്ങും വഴിയാണ് അവള്‍ ആ ചുമരെഴുത്ത് കണ്ടത്. ഒരു പ്രസിദ്ധ കമ്പനിയുടെ ചോക്ലേറ്റ് ഫാക്ടറി ഗ്രാമത്തില്‍ വരുന്നതിനെതിരെ പ്രതിഷേധം.
‘നാടിന്റെ ജലസമ്പത്ത് നശിപ്പിക്കുന്ന വികസനം നമുക്ക് വേണ്ടേ വേണ്ട’
സംഭവം എന്താണെന്ന് ചെറുതായന്വേഷിച്ചപ്പോയാണ് അനഘക്ക് കാര്യങ്ങളുടെ കിടപ്പ് മനസ്സിലായത്. 4,5 ഗ്രാമങ്ങളിലേക്കുള്ള ജലം എത്തിക്കുന്ന അരുവിക്കരികിലാണ് ഈ ചോക്ലേറ്റ് ഫാക്ടറി സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്. അരുവിയിലെ ജലം മലിനമാക്കപ്പെടും എന്നു മാത്രമല്ല, 6 വര്‍ഷങ്ങള്‍ക്കുള്ളില്‍ ആ ഫാക്ടറി ജലം അപ്പാടെ ഇല്ലാതാക്കും എന്നാണ് വിദഗ്തര്‍ അഭിപ്രായപ്പെടുന്നത്. ഈ വിലക്കുകളെയൊക്കെ മറികടന്ന് അവര്‍ അവിടെ ഫാക്ടടറി സ്ഥാപിക്കാന്‍ തയ്യാറെടുക്കുകയാണ്. രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് കോടികള്‍ വാരിയെറിഞ്ഞ് പ്രിതിഷേധത്തിന്റെ ശക്തി കുറയ്ക്കാന്‍ അവര്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ടെന്ന് പെട്ടെന്ന് തന്നെ അവള്‍ക്ക് മനസ്സിലാക്കാന്‍ സാധിച്ചു.
‘ ശബ്ദമില്ലാത്തവരുടെ ശബ്ദമാകണം, അനീതിക്കെതിരെ പൊരുതുന്ന പടവാളാകണം നമ്മുടെ തൂലിക’
പണ്ടെവിടെയൊ വായിച്ചു മനസ്സില്‍ തങ്ങിയ ആ വാചകങ്ങള്‍ അവള്‍ ഓര്‍ത്തെടുത്തു. ഈ അനീതിക്കെതിരെ ശബ്ദിച്ചെ മതിയാകു. അവള്‍ ചോക്ലേറ്റ് ഫാക്ടറിക്കെതിരെ ഒരു നെടുനീള ലേഖനം എഴുതി . രാഷ്ട്രീയപ്പാര്‍ട്ടിക്കാര്‍ നടത്തിയ അഴിമതിയും… ആ ജലസ്രോതസ്സിന്റെ പ്രാധാന്യവും ആവശ്യകതയും… ചോക്ലേറ്റ് ഫാക്ടറി നടത്തിപ്പ് മുഖേന വരുന്ന ഭവിഷത്തുകളും അവള്‍ വിശദമായി കുറിച്ചിട്ടു. പതിവ് പോലെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട് അവള്‍ വീട്ടുജോലികള്‍ ചെയ്യാന്‍ തുടങ്ങി. ആ പോസ്റ്റിന്റെ കാര്യം അവള്‍ മറന്നിരുന്നു.. ഉച്ചയുറക്കം കഴിഞ്ഞ് എഴുന്നേറ്റ അവളെ സ്വാഗതം ചെയതത് വീട്ടിലെ കോളിംഗ് ബെല്ലാണ്. ഡോര്‍ തുറന്നപ്പോള്‍ മുമ്പില്‍ തന്റെ പ്രിയതമന്‍. എന്നും പുഞ്ചിരിയോടെ മാത്രം വീട്ടിലേക്ക് കയറി വരുന്ന അദ്ദേഹം ഇന്ന് കോപിഷ്ഠനായി തറ ചവിട്ടിക്കുലുക്കി വീട്ടിലേക്ക് കയറി പോയി. അവള്‍ക്ക് ഒന്നും മനസ്സിലായില്ല.
‘ഏട്ടാ, എന്തു പറ്റി ? ഓഫീസില്‍ എന്തെങ്കിലും പ്രോബ്ലമുണ്ടോ? എന്താ ഇന്നിത്ര നേരത്തെ? എന്തിനാ ഇത്ര ദേഷ്യം?’
‘നിനക്ക് ആവശ്യത്തിലധികം ഫ്രീഡം തന്നതിന്റെ കുഴപ്പമാണ്…. അവര്‍ പറയുന്നത് തന്നെയാ ശരി ഞാന്‍ ഒന്നും അറിയുന്നില്ല.’ അയ്യാള്‍ ആക്രോഷിച്ചു.
‘ ഇത്രയൊക്കെ പറയാന്‍ മാത്രം ഇവിടെന്തുണ്ടായി? ഞാന്‍ എന്തു ചെയ്തു… ഏട്ടന്‍ ഒന്ന് തെളിച്ച് പറ..’
‘ ഓ.. നിനക്കൊന്നുമറിയില്ലല്ലേ…. പോയ് നിന്റെ ഫെയ്‌സ്ബുക്ക് എടുത്ത് നോക്കു.. കണ്‍കുളിര്‍ക്കെ കാണ് എന്താണെന്ന്.’
അവള്‍ക്കൊന്നും മനസ്സിലായില്ല, എങ്കിലും അവള്‍ മൊബൈല്‍ ഡാറ്റ ഓണാക്കി എഫ്ബി ലോഗിന്‍ ചെയ്തു… പതിവിലുമധികം നോട്ടിഫിക്കേഷന്‍…. കുറേ ടാഗ് പോസ്റ്റുകള്‍… മിക്ക പോസ്റ്റുകളും തെറിവിളികള്‍ കൊണ്ട് ആരംഭിക്കുന്നു…
‘ഇനിയിപ്പോള്‍ സകല അവന്മാര്‍ക്കും ഭ്രാന്ത് പിടിച്ചോ… അതോ.. എനിക്ക് മാത്രമാണോ പ്രാന്ത് പിടിച്ചേ..’ അനഘ മനസ്സില്‍ ആലോചിച്ചു.
പതിയെ അവള്‍ക്ക് കാര്യങ്ങള്‍ മനസ്സിലായിത്തുടങ്ങി. രാവിലെ അവള്‍ ഫാക്ടറിക്കും രാഷ്ട്രീയപാര്‍ട്ടികളുടെ ഉള്ളുകള്ളികള്‍ക്കുമെതിരെ എഴുതിയ എഫ് ബി പോസ്റ്റാണ് തനിക്ക് വിനയായത്. അത് പലര്‍ക്കും സാരമായ പരിക്കേല്‍പ്പിച്ചിട്ടുണ്ട്. അതിന്റെ പ്രത്യാഘാതങ്ങളാണ് എഫ് ബിയില്‍ കമന്റായും ടാഗ് പോസ്റ്റായും വിലസുന്നത്.
കൂട്ടത്തില്‍ ഒരു പോസ്റ്റ് കണ്ട് അവള്‍ ഞെട്ടിപ്പോയി. അവളും അവള്‍ക്ക് ഇത് വരെ പരിചയമില്ലാത്ത ചെക്കനെയും ചേര്‍ത്ത് ഫോട്ടോയുണ്ടാക്കി രണ്ട് പേരും തമ്മില്‍ അവിവിഹിതമാണെന്നായിരുന്നു അതിന്റെ ഉള്ളടക്കം. അവള്‍ ഭയങ്കര അഴിഞ്ഞാട്ടക്കാരിയും പോക്കു കേസാണെന്നും.. കൂട്ടികൊടുപ്പാണ് തൊഴിലെന്നും തുടങ്ങി നിരവധി ആരോപണങ്ങള്‍ ആ ചില മണിക്കൂറുകള്‍ കൊണ്ട് അവള്‍ടെ ടൈംലൈനില്‍ നിറഞ്ഞു.
‘അവള്‍ടെ ഭര്‍ത്താവ് ഒരു പോങ്ങനാ.. അവള്‍ടെ അഴിഞ്ഞാട്ടമൊന്നും അയ്യാളറിയുന്നില്ല. ഇനി ചിലപ്പോള്‍ അറിഞ്ഞിട്ടും കൂട്ടി കൊടുത്ത് കാശുണ്ടാക്കുന്നതാവും ‘
ഇതായിരുന്നു മറ്റൊരു ടാഗ് പോസ്റ്റ്..
‘ഏട്ടന് ഇതൊക്കെ കണ്ട് ദേഷ്യം വന്നില്ലെങ്കിലാണ് അത്ഭുതം’ അവള്‍ മനസ്സിലോര്‍ത്തു.
ഭര്‍ത്താവിനെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കാന്‍ അവള്‍ കിണഞ്ഞ് പരിശ്രമിച്ചു . പുള്ളിയാണേള്‍ അമ്പിനും വില്ലിനും അടുക്കുന്നില്ല.
‘ഫെയ്‌സ്ബുക്ക് ഡിആക്റ്റീവ് ചെയ്യാതെ ഇനിയൊരു ബന്ധവും നീയുമായിട്ടില്ല. ഞാന്‍ വേണോ ഫെയ്‌സ്ബുക്ക് വേണോയെന്ന് നീ തന്നെ തീരുമാനിക്ക്’ അയ്യാള്‍ തീര്‍ത്തു പറഞ്ഞു.
ഏട്ടനേക്കാള്‍ വലുതല്ലായിരുന്നു അവള്‍ക്ക് മറ്റൊന്നും അത് കൊണ്ട് തന്നെ അവള്‍ തൂലിക താഴെ വെക്കാന്‍ തീരുമാനിച്ചു. പക്ഷെ അന്നു രാത്രി 12 മണി കഴിഞ്ഞിട്ടുണ്ടാവും സുഖനിദ്രയില്‍ മുഴുകികൊണ്ടിരിക്കുമ്പേഴാണ്. വീടിന്റെ ജനല്‍ തകരുന്ന ശബ്ദം കേട്ട് അവര്‍ ഞെട്ടി എഴുന്നേറ്റത്. വേഗം മുന്‍വാതില്‍ തുറന്ന്് നോക്കിയപ്പോള്‍ 3 പേര്‍ ബൈക്കില്‍ തെറിവിളിച്ച് വേഗം കടന്ന് പോയി… അവള്‍ വല്ലാതെ ഭയന്നിരുന്നു. കരയുന്ന അവളെ അയ്യാള്‍ മാറോട് ചേര്‍ത്ത് പിടിച്ച് പറഞ്ഞു.
‘ ഒതുങ്ങാമെന്ന് കരുതിയതാ… ഇവര്‍ സമ്മതിക്കണ്ടേ…. നീയിനിയും എഴുതു… നമുക്ക് വരുന്നിടത്ത് വെച്ച് കാണാം…. പിന്നെ നിനക്കെതിരെ തെറിവിളിച്ച ഈ നാട്ടിലെ പരിഷകളെ ഞാന്‍ കോടതിയില്‍ വെച്ച് കണ്ടോളാം… നീ പേടിക്കണ്ട ഇവിടെ നിയമവും കോടതിയുമൊക്കെയുണ്ട്.’
അവള്‍ അത്ഭുതത്തോടെയാണ് അത് കേട്ട് നിന്ന്ത്…. തന്റെ ഭര്‍ത്താവിന് ഇങ്ങനെയുമൊരു മുഖമുണ്ടോ… ആദ്യമായിട്ടാണ് ആ മാറിടത്തിലും വാക്കുകളിലും ഇത്ര സുരക്ഷിതത്വം തോന്നുന്നത്…. വീണ്ടും ഉറക്കത്തിലേക്ക് വഴുതി വീഴും മുമ്പ് അവള്‍ ഡയറിയെടുത്ത് കുറിച്ച് വെച്ചു.
‘ എല്ലാ കരുത്താര്‍ന്ന സ്ത്രീ തൂലികക്ക് പിറകിലും… ഒരു പുരുഷനുണ്ട്… ആത്മവിശ്വാസത്തിന്റെ സംരക്ഷണത്തിന്റെ കവചം ഒരുക്കുന്ന പുരുഷന്‍’
……….. ശുഭം..,…….