ആര്യ നായർ. (Street Light fb group)
കിഴക്കേ കാവിൽ തിറയാണ് മറ്റന്നാൾ .. നാളെ വൈകിട്ട് സ്ക്കൂളിൽ പോവുന്ന വഴിയിലെ കുളക്കരയിൽ നിന്നാണ് ചൊമപ്പന്റെ തലകൊത്ത്… പേടിയാണ് കാണുമ്പോൾ… എന്നാലും പോവാതിരിക്കാൻ വയ്യ.. ചൊമപ്പൻ കോപിച്ചാലോ ?
കുട്ടികളൊക്കെ കോടിയുടുത്താണ് വൈകിട്ടു കാവിൽ പോവുക.. അതാ ഒരു സങ്കടം.. ഓർത്തപ്പോൾ അനുവിനു കരച്ചിൽ വന്നു..ആകെയുള്ള കൈയില്ലാത്ത കമ്മീസ് നരച്ചു പിന്നിയതാണ്.. പിന്നെയുള്ളത് ഒരു യൂനിഫോം കുപ്പായമാണ്.. അതു നാളെ സ്ക്കൂളിൽ പോവുമ്പോ ഇടണം.. താൻ അഴുക്കൊന്നും ആക്കില്ലെങ്കിലും എല്ലാരും കോടിയുടുക്കുമ്പോൾ എന്താണെന്നറിയില്ല
ഇത്തവണ തനിക്കും വേണോന്നൊരു തോന്നൽ.. ചുമപ്പന്റെ തലയിൽ നിന്നൊലിക്കുന്ന ചോരയുടെ നിറമുള്ളത്.
സ്ക്കൂളു വിട്ടു വന്നയുടനെ മോളുടെ ഇരിപ്പും ചിന്തയും കണ്ടാണ് മുറ്റത്ത് ഓലമെടയുന്നതിനിടയിൽ് ഗോമതി ശ്രദ്‌ധിച്ചത്..
”എന്താണേ . ആലോചിക്കുന്നെ? എണീറ്റു പോയി കുളിച്ചു കുപ്പായം മാറ്റാൻ നോക്ക് ..”
അമ്മയുടെ ഒച്ച കേട്ടതും അനു എണീറ്റ് അകത്തേക്കു നടന്നു.. കീറിയ സാരി മറച്ചു കെട്ടിയ കുളിമറയിലെ നിലത്തു കുതിർക്കാനിട്ട ഓലയിൽ ചേരട്ടയെ നോക്കി കുളിക്കുമ്പോഴും അനുവിന്റെ മനസ്സിൽചുവന്ന നിറമുള്ള പുതിയ ഉടുപ്പിട്ടു താനൊരു പൂമ്പാറ്റയെപ്പോലെ കൂട്ടുകാരുടെ ഇടയിൽ പാറി നടക്കുന്ന ചിത്രമായിരുന്നു…
കുളിച്ചു തെക്കിനിയിലെ തമ്പായിയെ പ്രാർത്ഥിച്ചു കോലായയിൽ എത്തിയപ്പോഴും ഗോമതി മുറ്റത്തു തന്നെയായിരുന്നു.
”അമ്മേ.. അച്ഛ വന്നില്ലേ ?? ”മുറ്റത്തെ ഞാറപ്പഴം പെറുക്കികൊണ്ടു കളിക്കുന്ന അനിയന്റടുത്തിരുന്നവൾ ഗോമതിയെ നോക്കി..
” ഇപ്പം വരും .. ന്താണേ.. അച്ഛയോടു പറയാൻ..”
അമ്മയുടെ ചോദ്യത്തിനു പറയണോ പറയണ്ടയോന്നാലോചിച്ചു ഒരു നിമിഷം നോക്കിയവളു പറഞ്ഞു..
” ഒന്നൂലാമ്മേ..”
പതിയെ പറഞ്ഞ് അനിയനെ ഒന്നു തോണ്ടി ച്ചിരിച്ചു അവൾ… അതു കണ്ടു അവനും അവന്റെ രണ്ടു പല്ലുള്ള നൊണ്ണു കാട്ടി എല്ലാം മനസ്സിലായ പോലെ പൊട്ടിച്ചിരിച്ചു..
രണ്ടു മക്കളുടെയും പൊട്ടിച്ചിരി കേട്ടാണ്
ശ്രീധരൻ ഇടവഴി കേറി വന്നത്.
ശ്രീധരന്റെയും ഗോമതിയുടെയും മൂന്നു മക്കളിൽ രണ്ടാമത്തെയാളാണ് അനു.. അവളുടെ നേരെ മൂത്തത് ഒരു ചേച്ചിയും താഴെ ഒരനിയനും.. ചേച്ചി അച്ഛന്റെ വീട്ടിലാണ്,പഠിത്തവും താമസവും… ഒരു കണക്കിനു അതൊരു അനുഗ്രഹമാണ് ശ്രീധരന്.. മൂന്നു മക്കളെയും കൂടി പഠിപ്പിക്കാനും ഭക്ഷണം കൊടുക്കാനും ഫാക്ടറിയിൽ നിന്നു ദിവസം കിട്ടുന്ന നൂറ്റിമുപ്പതു രൂപ മതിയാവില്ലായിരുന്നു…
അനുവിന്റെ ഇളയ അനിയനാണെങ്കിൽ ജൻമനാ കേൾവിക്കുറവും എപ്പോഴും അസുഖവുമാണ്.. എത്ര ഇല്ലായ്മയാണെങ്കിലും മക്കൾക്ക് വിശന്നിരിക്കാൻ അവരിട നൽകിയിരുന്നില്ല… ആഡംബരങ്ങളും അനാവശ്യ ചിലവുകളും ഒന്നുമില്ലാത്തതു കൊണ്ടു തന്നെ ഉള്ളതു കൊണ്ടോണം പോലെയുള്ള ജീവിതം.
” ന്താ .. ഇവിടെ … രണ്ടാളും നല്ല ചിരിയാണല്ലോ… ” ചോദിച്ചു കൊണ്ടയാളാ കോലായയിലിരുന്നു..
‘ അനൂന് ഇങ്ങളോടെന്തോ പറയാന്ണ്ട്.”
ഗോമതി പറഞ്ഞതു കേട്ട് അയാളനൂനെ നോക്കി…
”അച്ഛേടെ കുഞ്ഞിപ്പെണ്ണിങ്ങു വന്നേ..”
അയാളനൂനെ നോക്കി കൈനീട്ടി.
അച്ഛന്റെ മടിയിലിരുന്നു ആ താടിയിൽ മെല്ലെ പിടിച്ചു വലിച്ചു കൊണ്ടു അവളാവശ്യം പറഞ്ഞു.. കാവിലെ ഉത്സവത്തിനിടാൻ ഒരു ചുവന്ന കുപ്പായം..
”ഒന്നു മതിയച്ഛേ.. റോട്ടിലെ പീട്യേക്കാരനോടു വാങ്ങ്യാ മതി.”
അവളു ആശയോടെ പറഞ്ഞച്ഛയുടെ മുഖത്തേക്കു നോക്കി. ആ കുഞ്ഞു മുഖത്തു നോക്കി എന്തു പറയണംന്നുള്ള ശങ്കയിലായിരുന്നു അയാളും..
ഒരുൽസവോ കല്ല്യാണോ വന്നാൽ താളം തെറ്റുന്ന കണക്കാണ് ഒാരോ ദിവസവും സൂക്ഷിക്കുന്നത്. മറ്റന്നാളത്തെ ഉത്സവം
കാരണം പന്തലിടാനും മുളകെട്ടാനും പോയ കാരണം രണ്ടു ദിവസായി ഫാക്ടറിയിൽ പോവാൻ പറ്റിയിട്ടില്ല. . ഉത്സവായതോണ്ട് ആരുടെ കയ്യിന്നും കടോം കിട്ടില്ല. പിന്നിത്തുടങ്ങിയ കുപ്പായോം ഇട്ട് അനു സ്ക്കൂളിൽ പോവുന്ന കാണുമ്പോൾ കണ്ണു നിറയാറുണ്ട്.. നിസ്സായതയോടെ അച്ഛയെ നോക്കി അനു പിന്നേം പറഞ്ഞു..
” ഒന്നു മതി അച്ഛേ… ”
അച്ഛ മിണ്ടാഞ്ഞിട്ടു തലയുയർത്തിയവളാ മുഖത്തു നോക്കിയപ്പോഴാ കണ്ണുകളിൽ നിന്നു ഒരു തുള്ളി പുറത്തേക്കു തുളുമ്പിയവളുടെ മുഖത്തേക്കു വീണു. ആദ്യായിട്ടായിരുന്നു അങ്ങനെയൊരു കാഴ്ച അവൾക്ക്.തന്റെ പ്രിയപ്പെട്ട അച്ഛ കരയുന്നു…
” അച്ഛേ .. എനിക്കു ചുവന്ന ക്യൂട്ടസ് വാങ്ങാൻ അഞ്ചുറിപ്പ്യ മതി… കുപ്പായം വേണ്ട.
നനഞ്ഞൊട്ടിയ കുപ്പായ കീശയിലേക്കൂ കയ്യിട്ടവൾ പറഞ്ഞു.. അതിൽ നിന്നൂ അഞ്ചു രൂപാ നാണയമെടുത്ത് അകത്തേക്കു നടക്കുമ്പോൾ അനുവിന്റെ വിരലുകളിൽ ചുവന്ന നിറമുള്ള ക്യൂട്ടക്സ്‌് തിളങ്ങുകയായിരുന്നൂ….
കോലായയിൽ ശ്രീധരന്റെ കണ്ണിൽ നിന്നു ചുവന്ന ചാലൊഴുകുന്നതോടൊപ്പം മനസ്സിൽ മകളെയോർത്തുള്ള അഭിമാനവും നുരഞ്ഞു പൊന്തുകയായിരുന്നു.