സിബി നെടുംചിറ. (Street Light fb group)
അന്നൊരു വെള്ളിയാഴ്ചയായിരുന്നു. പതിവിനു വിപരീതമായി ജോലികഴിഞ്ഞു വീട്ടിലെത്തുവാന്‍ അല്‍പം വൈകി. അപ്പോഴേക്കുമതാ സലോമി ഉമ്മറപ്പടിയില്‍ മുഖം വീര്‍പ്പിച്ചിരിക്കുന്നു. രണ്ടു ദിവസം മുന്നേ അവളോടു പറഞ്ഞിരുന്നതാണു ഇന്നു ബീച്ചില്‍ പോകുന്ന കാര്യം. ജോലിത്തിരക്കിനിടയില്‍ താനതങ്ങു മറന്നു.
അതിന്റെ പരിഭവമാണ് അവള്‍ക്ക്. അല്ലെങ്കിലും കൂട്ടിനു ഒരനിയനോ, അനിയത്തിയോ ഇല്ലെന്നുള്ള സങ്കടം അവള്‍ക്ക് നല്ലവണ്ണമുണ്ട്. ചികിത്സകളൊത്തിരി ചെയ്തതാണ്. നിരാശ മാത്രം ഫലം.
കടല്‍ത്തീരത്ത് പോകുന്നത് തനിക്കും വളരെയിഷ്ടമായിരുന്നു, ചെമന്നു തുടുത്ത ആകാശത്തേയും തീരത്തെ ചുംബിക്കുവാന്‍ പാഞ്ഞടുക്കുന്ന തിരമാലകളേയും നോക്കിയിരിക്കുമ്പോള്‍, മരുന്നുകളുടെയും രോഗികളുടെയും ലോകം മനസ്സില്‍നിന്നും വിസ്മൃതിയിലാവും.
ബീച്ചിലെത്തിയതേ നനഞ്ഞ മണല്‍ത്തരികള്‍ കൊണ്ട് സലോമി അവളുടെ ഭാവനയ്ക്കനുസരിച്ചു എന്തൊക്കെയോ ചിത്രങ്ങള്‍ മെനയുവാന്‍ തുടങ്ങി..പിതൃക്കള്‍ക്കു ബലിയിടുന്ന ദിവസമായതുകൊണ്ടു കടല്‍തീരത്തു പതിവില്ലാത്ത ആള്‍ക്കൂട്ടം. കര്‍മ്മം കഴിഞ്ഞു ഓരോരുത്തരായി മടങ്ങിപ്പോകുവാന്‍ തുടങ്ങിയിരിക്കുന്നു. അപ്പോഴാണ് കുറച്ചകലെയായി തന്നെമാത്രം ഉറ്റുനോക്കിയിരിക്കുന്ന ആ സ്ത്രീയില്‍ കണ്ണു പതിഞ്ഞത്. കൂടെ സുമുഖനായ ഒരു ചെറുപ്പക്കാരനും,
അവരുടെ കണ്ണുകള്‍ വിടര്‍ന്നു. പിന്നെ പരിചിതഭാവത്തില്‍ തന്റെയടുക്കലേയ്ക്കു നടന്നടുത്തു. എവിടെയോ കണ്ടുമറന്ന മുഖം. താനവരുടെ കണ്ണുകളിലേയ്ക്ക് സൂക്ഷിച്ചുനോക്കി. ജീവിതപ്രാരാബ്ധത്തിന്റെ ക്ഷീണം നന്നേ ആ മുഖത്തു പ്രകടമായിരുന്നു. എങ്കിലും ചുണ്ടുകളില്‍ മായാത്ത പുഞ്ചിരി. ഒന്നും മനസ്സിലാകാതെ അഗാധമായ ആഴിയിലേക്കു കണ്ണും നട്ടിരിക്കുന്ന തന്നോടായി അവര്‍ പറഞ്ഞു രാവിലെ വന്നതാ “മോന്റച്ഛനു ബലിയിടുവാന്‍ …തിരിച്ചു പോകുവാന്‍ തുടങ്ങുകയായിരുന്നു. അപ്പോഴാ സിസ്റ്ററെ ഇവിടെ…
ഇക്കാലമത്രയും ഒന്നുകാണാന്‍ മനസ്സു വല്ലാതെ കൊതിച്ചിരുന്നു. ഞാനതെന്റെ മോനോടും പറഞ്ഞിരുന്നു….. ” അവരുടെ കണ്ണുകള്‍ ഈറനണിഞ്ഞു,
അവരുടെ മുഖത്തേയ്ക്കു ഉറ്റുനോക്കവേ ഓര്‍മ്മത്തിരകളായി ഒരഞ്ചുവയസ്സുകാരനും. അവന്റെ അമ്മയും ആ വലിയ ഹോസ്പിറ്റലിലെ പീഡിയാട്രിക്ക് വാര്‍ഡും…
ആ മാസത്തെ പോസ്റ്റിംഗ് അനുസരിച്ച് ഡ്യൂട്ടിക്കു ചെന്നതായിരുന്നു. ശൂന്യമായിക്കിടന്ന ആ ബെഡ്ഡില്‍ പുതിയ അഡ്മിഷന്‍. അഞ്ചുവയസ്സുകാരനായ വിശ്വജിത്ത്. ഡോക്ടര്‍ ചാര്‍ട്ടിലെഴുതിയ രോഗവിവരങ്ങളോരോന്നായ് തുറന്നുവായിച്ചു. കുറേ ദിവസമായിട്ട് വിട്ടുമാറാത്ത പനി. ദിവസങ്ങള്‍ കഴിയുംതോറും കുട്ടിയുടെ നില വഷളായിക്കൊണ്ടിരുന്നു. കടലിനോടു മല്ലിട്ടു അന്നന്നുള്ള ആഹാരത്തിനു വക കണ്ടെത്തുന്ന ആ മാതാപിതാക്കള്‍ വളരെ ബുദ്ധിമുട്ടിയായിരുന്നു മകന്റെ ചികിത്സയ്ക്കുള്ള പണം കണ്ടെത്തിയിരുന്നത്.
പല ടെസ്റ്റുകളും മാറിമാറി നടത്തി, ടെസ്റ്റുകളുടെയെല്ലാം അവസാനം ഡോക്ടര്‍ വിധിയെഴുതി-മെനിഞ്ചൈറ്റിസ് .തലച്ചോറിന്റെ ആവരണത്തെ ബാധിച്ചിരിക്കുന്ന ബാക്ടീരിയല്‍ ഇന്‍ഫെക്ഷന്‍. എത്രയും പെട്ടെന്നു വിദഗ്ദ്ധ ചികിത്സ കിട്ടിയില്ലെങ്കില്‍… ഡോക്ടര്‍ കുറിച്ചുകൊടുത്ത വിലയേറിയ മരുന്നുകളുടെ വലിയ ലിസ്റ്റിലേയ്ക്കും ഭര്‍ത്താവു തന്നെ ഏല്‍പ്പിച്ചിട്ടുപോയ ഏതാനും മുഷിഞ്ഞ ഒറ്റനോട്ടുകളിലേയ്ക്കും അവര്‍ മാറിമാറി നോക്കി
. എത്രയും പെട്ടെന്നു കുറിപ്പിലെഴുതിയിരിക്കുന്ന മരുന്നെത്തിച്ചില്ലെങ്കില്‍….! ആ കുറിപ്പുമായി നിസ്സഹായതയോടെ നില്‍ക്കുന്ന അവരുടെ കണ്ണുനീര്‍ത്തുള്ളികള്‍ പതിഞ്ഞതു തന്റെ ഹൃദയത്തിലായിരുന്നു, അവരെ സഹായിക്കാന്‍ മനസ്സ് വല്ലാതെ തുടിച്ചു, പക്ഷേ ഒരു നഴ്സിംഗ് വിദ്യാര്‍ത്ഥിനി മാത്രമായ താന്‍…… മണ്ണിനോടു മല്ലടിക്കുന്ന തന്റെ മാതാപിതാക്കള്‍ വളരെ ബുദ്ധിമുട്ടി അയയ്ക്കുന്ന ഹോസ്റ്റല്‍ ഫീസൊഴിച്ചാല്‍ തന്റെ കരങ്ങള്‍ ശൂന്യം. ഡ്യൂട്ടി കഴിഞ്ഞു ഹോസ്റ്റലിലെത്തിയിട്ടും മനസ്സില്‍ ആ അമ്മയും കുട്ടിയുമായിരുന്നു. അവരെ എങ്ങനെയെങ്കിലും സഹായിക്കണം. ആ കുട്ടിയെ വീണ്ടും സാധാരണ ജീവിതത്തിലേയ്ക്കു തിരിച്ചുകൊണ്ടുവരണം .മനസ്സില്‍ അതുമാത്രമായിരുന്നു ചിന്ത…
അപ്പോഴാണ് കഴിഞ്ഞയാഴ്ച വല്യേട്ടന്‍ വന്നപ്പോള്‍ തന്നിട്ടുപ്പോയ അമ്പതുരൂപയുടെ ഒറ്റനോട്ട് മനസ്സിലേക്കോടിയെത്തിയത്. തന്റെ നിത്യപയോഗസാധനങ്ങളുടെ ലിസ്റ്റുകളെല്ലാം ആ ഒറ്റനോട്ടിനെ ചുറ്റിപ്പറ്റിയുള്ളതായിരുന്നു. പേഴ്സ് തുറന്നെടുത്ത അമ്പതിന്റെ നോട്ടിലേക്ക് നോക്കി നില്‍ക്കേ മനസ്സില്‍ വീണ്ടും നിരാശ. തന്റെ മുഖത്തെ മ്ലാനത കണ്ടിട്ടാവണം റൂംമേറ്റ് കാര്യമന്വേഷിച്ചത്. മടിച്ചുമടിച്ചാണു കാര്യം അവതരിപ്പിച്ചത്. പിന്നെ ഏതാനും നിമിഷത്തെ മൗനം. ജനല്‍പ്പഴുതിലൂടെ പുറത്ത് പെയ്യുന്ന മഴത്തുള്ളികളില്‍ കണ്ണയച്ചു നില്‍ക്കേ അവളുടെ മുഖത്തൊരു പുഞ്ചിരിവിടര്‍ന്നു.
പിന്നെയെല്ലാം പെട്ടന്നായിരുന്നു. സഹപാഠികളെല്ലാവരുമൊത്തുകൂടി. അവരുടെ കൊച്ചുകൊച്ചു സ്വപ്നങ്ങളെ ബലികഴിച്ച് കൈയിലുണ്ടായിരുന്ന ചെറിയ ചെറിയ തുകകള്‍ തന്റെ കൈവെള്ളയിലേയ്ക്കു വയ്ക്ക്… കണ്ണുകളീറനണിഞ്ഞു.അന്നുരാത്രി തനിക്കുറങ്ങാന്‍ കഴിഞ്ഞില്ല .നേരം വെളുത്തതേ ഒരോട്ടമായിരുന്നു വാര്‍ഡിലേയ്ക്ക്. അവശനായി കിടക്കുന്ന കുഞ്ഞിനെ മാറോടണച്ചു വിങ്ങിപ്പൊട്ടുന്ന അമ്മയുടെ കൈകളിലേയ്ക്ക് തങ്ങളുടെയെല്ലാം ആകെ സമ്പാദ്യമായ ആ മുഷിഞ്ഞ നോട്ടുകള്‍ വെച്ചുകൊടുക്കേ, അവരുടെ ചുണ്ടുകള്‍ വിറച്ചു.. ആ കണ്ണുകളില്‍ നിന്നും ഇറ്റിറ്റുവീണ കണ്ണുനീര്‍ത്തുള്ളികളാല്‍ തന്റെ കൈത്തണ്ട നനഞ്ഞു….
‘അന്നു സിസ്റ്ററെന്നെ സഹായിച്ചില്ലായിരുന്നുവെങ്കില്‍ എന്റെ ഈ മോന്‍…. ” അവരുടെ കണ്ഠമൊന്നിടറി. ഒരു ദിവ്യമന്ത്രം പോലെ കേട്ട ആ വാക്കുകള്‍ തന്നെ ചിന്തയില്‍ നിന്നുമുണര്‍ത്തി.മനസ്സില്‍ എന്തെന്നില്ലാത്ത ചാരിതാര്‍ത്ഥ്യം.
“ഇവനും കുട്ടികളുടെ ഡോക്ടറാകാനാ ആഗ്രഹം, ഇവിടുത്തെ മെഡിക്കല്‍കോളേജില്‍ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിയാ എന്റെ മോന്‍ ..”അതുപറഞ്ഞപ്പോള്‍ കുഴിയിലാണ്ട അവരുടെ
കണ്ണുകള്‍ക്ക് വീണ്ടും നക്ഷത്രത്തിളക്കം.
കരയിലേയ്ക്ക് പാഞ്ഞടുക്കുന്ന തിരകള്‍ക്കു ശക്തി കൂടിയിരിക്കുന്നു. പെട്ടന്നാണ് ജനക്കൂട്ടത്തിനിടയില്‍നിന്നു ഒരാരവം കേട്ടത്. എല്ലാവരും കടലിലേയ്ക്കു ഉറ്റുനോക്കുന്നു. തീരത്തു കളിച്ചുകൊണ്ടിരുന്ന ഒരു പെണ്‍കുട്ടി തിരയില്‍ പെട്ടിരിക്കുന്നു. ഒരു നിമിഷം അവള്‍ ഞെട്ടിവിറച്ചു. നനഞ്ഞ മണല്‍കൊണ്ടു ചിത്രങ്ങള്‍ മെനഞ്ഞുകൊണ്ടിരുന്ന തന്റെ സലോമി…….
പിന്നെയുയര്‍ന്നത് ഒരാര്‍ത്തനാദമുയരുന്നു”മോളേ സലോമി…..”
ഒരുനിമിഷം എന്തു ചെയ്യണമെന്നറിയാതെ സ്തംഭിച്ചു നിന്ന ജനക്കൂട്ടത്തിനിടയില്‍നിന്നു പരിശീലനം ലഭിച്ച നാവികനെപ്പോലെ അവന്‍ തിരമാലകളിലേക്കു ഊളിയിട്ടു.ഏതാനും നിമിഷത്തെ കനത്ത മൗനം. എല്ലാവരും ശ്വാസമടക്കി കടലിലേക്കു ഉറ്റുനോക്കി നില്‍ക്കേ കരയിലേക്ക് പാഞ്ഞടുത്ത ശക്തമായ തിരകളിലൂടെ കുഞ്ഞിനേയും മാറോടണച്ചുകൊണ്ട് അവന്‍ കരയ്ക്കണഞ്ഞു. ആ ചെറുപ്പക്കാരന്‍റെ മാറില്‍ പറ്റിക്കിടന്ന കുഞ്ഞിനെ ഓടിച്ചെന്നു വാരിയെടുക്കുമ്പോള്‍ ഇറ്റിറ്റുവീഴുന്ന വെള്ളത്തുള്ളികള്‍ക്കിടയിലൂടെ ആ പഴയ അഞ്ചുവയസ്സുകാരന്‍ വിശ്വജിത്തിന്‍റെ രൂപം മിന്നിമറഞ്ഞു…. അപ്പോള്‍ തീരത്തെ വിഴുങ്ങുവാനെന്നവണ്ണം പൂര്‍വ്വാധികം ശക്തിയോടെ തിരകള്‍ കരയിലേയ്ക്കു പാഞ്ഞടുത്തുകൊണ്ടേയിരുന്നു …
********