ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം: മാനന്തവാടി എരുമത്തെരുവില്‍ സമുദായം ഭ്രഷ്ട് കല്‍പിച്ച അരുണ്‍ – സുകന്യ ദമ്പതികളുടെ കുടുംബത്തിന് എല്ലാ സംരക്ഷണവും നല്‍കുമെന്ന് ആരോഗ്യ സാമൂഹ്യ നീതി വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അറിയിച്ചു.
സമുദായ ആചാരം തെറ്റിച്ചു എന്ന പേരില്‍ ഇവര്‍ക്കെതിരെ ഭ്രഷ്ട് കല്‍പിച്ചതും കുലദ്രോഹികളാണെന്ന ലഖുലേഖ ഇറക്കിയതും പരിഷ്‌കൃത സമൂഹത്തിനു യോജിച്ചതല്ല. മാത്രമല്ല കേരളീയ സമൂഹത്തിനു ഇത് അംഗീകരിക്കാവുന്ന കാര്യമല്ല. സാമൂഹ്യ നീതിക്ക് വിരുദ്ധമായ ഇത്തരം നടപടികള്‍ പുന:പരിശോധിക്കാന്‍ സാമുദായിക നേതൃത്വം തെയ്യാറാകണം.
ഇവരുടെ കുടുംബത്തിന് സാമൂഹ്യ നീതി വകുപ്പ് സംരക്ഷണം നല്‍കും. സര്‍ക്കാരിന്റെയും പൊതു സമൂഹത്തിന്റെയും പിന്തുണ ഇവര്‍ക്കുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. അരുണിനോടും സുകന്യയോടും മന്ത്രി ഫോണില്‍ സംസാരിക്കുകയും എല്ലാവിധ സഹായവും, സംരക്ഷണവും വാഗ്ദാനം ചെയ്യുകയും ചെയ്തു.
പ്രണയിച്ച് വിവാഹം കഴിച്ച മകനെ സംരക്ഷിച്ചതിന്റെ പേരില്‍ മാതാപിതാക്കള്‍ക്ക് ഭ്രഷ്ട് കല്‍പിച്ചതും പരിഷ്‌കൃത കേരളീയ സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയില്ല. ഇത്തരം പ്രവണതകള്‍ വര്‍ധിച്ചു വരുന്നതിനെതിരെ ജാഗ്രത പാലിക്കാനും അതാത് സമയം പ്രശ്‌നങ്ങളില്‍ ഇടപെടാനും പൊതു സമൂഹത്തിന് സാധിക്കേണ്ടതുണ്ട്. ജനകീയമായ ഇടപെടലുകളിലൂടെ ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ കഴിയേണ്ട തുണ്ടെന്നും മന്ത്രി അറിയിച്ചു. ശക്തമായ നടപടികള്‍ ഇത്തരം അനീതിക്കെതിരെ കൈക്കൊള്ളുമെന്നും മന്ത്രി അറിയിച്ചു.