ജോയിച്ചന്‍ പുതുക്കുളം.
മയാമി: കോറല്‍സ്പ്രിംഗ് ആരോഗ്യമാതാ ഫൊറോന ദേവാലയത്തില്‍ എസ്.എം.സി.സിയുടെ നേതൃത്വത്തില്‍ ഡിവൈന്‍ മേഴ്‌സി തിരുനാള്‍ ഭക്തിനിര്‍ഭരമായി ആഘോഷിക്കുന്നു.
ഉയിര്‍പ്പ് തിരുനാള്‍ കഴിഞ്ഞുവരുന്ന ഞായറാഴ്ച ദൈവത്തിന്റെ അപരിമേയമായ കരുണയെ അനുസ്മരിക്കുന്ന സുദിനമാണ്. പുതുഞായറാഴ്ച ദിവ്യകാരുണ്യ മഹത്വത്തിനായുള്ള തിരുനാളായി സഭ ആചരിക്കുന്നു.
ദിവ്യകാരുണ്യ ഭക്തി ലോകമെമ്പാടും പ്രചരിപ്പിക്കുന്നതിന് വിശുദ്ധ ഫൗസ്റ്റീനായോട് ദൈവം വെളിപ്പെടുത്തി കൊടുത്തതു മുതലാണ് കരുണയുടെ നൊവേനയ്ക്കും ജപമാലയ്ക്കും കൂടുതല്‍ പ്രചാരം ലഭിച്ചത്. ഡിവൈന്‍ മേഴ്‌സി ജപമാലയും, നൊവേനയും ചൊല്ലിയാല്‍ ദണ്ഡവിമോചനം ലഭിക്കുവാന്‍ ഇടയാകുമെന്നു സഭ പഠിപ്പിക്കുന്നു.
ദുഖവെള്ളിയാഴ്ച മുതല്‍ ആരംഭിക്കുന്ന ഒമ്പതു ദിവസത്തെ ഡിവൈന്‍ മേഴ്‌സി നൊവേന പരിസമാപിക്കുന്നത് ഡിവൈന്‍ മേഴ്‌സി തിരുനാളിനോടൊപ്പമാണ്.
ഏപ്രില്‍ 23-നു ഞായറാഴ്ച രാവിലെ 8.30-ന് ഫാ. റിജോ ജോണ്‍സന്റെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ കുര്‍ബാനയും, നൊവേന സമര്‍പ്പണവും, ലദീഞ്ഞും തുടര്‍ന്ന് എസ്.എം.സി.സിയുടെ നേതൃത്വത്തില്‍ നേര്‍ച്ച വിതരണവും, സദ്യയും നടത്തപ്പെടും. തിരുനാള്‍ ആഘോഷങ്ങളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കണമെന്ന് വികാരി ഫാ. തോമസ് കടുകപ്പള്ളിയും, സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് ഭാരവാഹികളും അഭ്യര്‍ത്ഥിക്കുന്നു.