ജോണ്‍സണ്‍ ചെറിയാന്‍.
ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബ് ജില്ലാ ഭരണകൂടത്തിന്റെയും ബിആര്‍ഡിസിയുടെയും സഹകരണത്തോടെ മെയ് 5,6,7 തീയ്യതികളില്‍ പള്ളിക്കര ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ മലബാര്‍ അന്താരാഷ്ട്ര പട്ടം പറത്തല്‍ മേള സംഘടിപ്പിക്കുന്നു.
തദ്ദേശീയരും വിദേശികളുമായ വിനോദ സഞ്ചാരികളെയും സന്ദര്‍ശകരേയും ഒരുപോലെ ആകര്‍ഷിച്ച 2016ലെ ബേക്കല്‍ പട്ടം പറത്തല്‍ മേളയുടെ വന്‍ വിജയമാണ് ഈ വര്‍ഷം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് പ്രേരകമായത്.
ഈ വര്‍ഷം നടക്കുന്ന മേളയില്‍ രാജ്യത്തിന് അകത്തും പുറത്തുനിന്നുമുള്ള നിരവധി ടീമുകളാണ് മലബാര്‍ അന്താരാഷ്ട്ര പട്ടം പറത്തല്‍ മേളയില്‍ സംബന്ധിക്കാനെത്തുന്നത്. ലോകത്തിലെ ഏറ്റവും വലിയ കഥകളി പട്ടവും നാല്‍പ്പത് അടി വ്യാസമുള്ള സര്‍ക്കിള്‍ കൈറ്റും ചൈനയില്‍ നടന്നു വരുന്ന ലോക പട്ടം പറത്തല്‍ മേളയിലെ മുഖ്യ ആകര്‍ഷണമായ ടൈഗര്‍ കൈറ്റ് തുടങ്ങി വിവിധ രൂപത്തിലും നിറങ്ങളിലും ഉള്ള പട്ടങ്ങള്‍ ബേക്കലിന്റെ വാനില്‍ പറന്നുയരും.
രാത്രി കാലങ്ങളില്‍ ആകാശത്ത് വര്‍ണ്ണ രാചികള്‍ വിരിയിക്കുന്ന ഇല്യൂമിനേറ്റഡ് കൈറ്റ് ആദ്യമായി കേരളത്തിലേക്ക് എത്തുന്നു എന്ന പ്രത്യേകതയും ഈ പ്രാവശ്യത്തെ മേളയ്ക്കുണ്ട്. മേളയുടെ ഭാഗമായി കുട്ടികള്‍ക്കായി പട്ടം നിര്‍മാണ ശില്പശാല പാലക്കുന്ന് ഗ്രീന്‍ വുഡ്‌സ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കും.
കേരളത്തിന്റെ തനത് കലാ രൂപങ്ങളായ, തിരുവാതിരക്കളി, കഥകളി, ശിങ്കാരി മേളം, ഒപ്പന, മാര്‍ഗ്ഗം കളി, ദഫ്മുട്ട്, കളരി അഭ്യാസ പ്രകടനം തുടങ്ങിയവയും ഗാനമേള, മാജിക് ഷോ, ഫയര്‍ ഡാന്‍സ്, മണല്‍ ശില്പനിര്‍മാണ മത്സരം തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്.
അന്താരാഷ്ട്ര പ്രശസ്തനായ കാറോട്ട വിദഗ്ധന്‍ മൂസാ ഷരീഫിന്റെ നേതൃത്വത്തില്‍ കടല്‍ തീരത്ത് കൂടിയുള്ള ജീപ്പ് റൈഡ് മേളയുടെ മുഖ്യ ആകര്‍ഷകമാണ്. മലബാര്‍ അന്താരാഷ്ട്ര പട്ടം പറത്തല്‍ മേളയുടെ ലോഗോ പ്രകാശനം കാസര്‍കോട് പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ജീവന്‍ ബാബു ഐ എസ് നിര്‍വഹിച്ചു.
പ്രസിഡന്റ് ഖാലിദ് സി പാലക്കി അധ്യക്ഷനായിരുന്നു. ബിആര്‍ഡിസി എംഡി ടി കെ മന്‍സൂര്‍, വര്‍കിംഗ് ചെയര്‍മാന്‍ പി എം അബ്ദുല്‍ നാസര്‍, പ്രോഗ്രാം ഡയറക്ടര്‍ അഷറഫ് കൊളവയല്‍, കണ്‍വീനര്‍ ശുക്കൂര്‍ ബെസ്റ്റോ, അന്‍വര്‍ ഹസ്സന്‍, യൂറോ കുഞ്ഞബ്ദുള്ള, എംബി ഹനീഫ്, ഹാറൂണ്‍ ചിത്താരി, അബൂബക്കര്‍ ഖാജ, മുഹമ്മദ് കുളത്തിങ്കാല്‍ എന്നിവര്‍ സംബന്ധിച്ചു. കാഞ്ഞാങ്ങാട്ടെ ഡിസൈന്‍സ് സ്ഥാപനത്തിലെ ഡിസൈനറായ ശ്രീജിത്ത് ആണ് ലോഗോ ഡിസൈന്‍ ചെയ്തത്.