ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ നടപടിക്ക് പിന്തുണയുമായി സംസ്ഥാന സര്‍ക്കാരുകളും. വിഐപികളുടെ വാഹനത്തില്‍ ചുവന്ന ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയ നടപടിക്ക് പിന്തുണയുമായി കേരളത്തിലെ മന്ത്രിമാരായ തോമസ് ഐസക്കും മാത്യു ടി. തോമസും മന്ത്രിസഭാ യോഗത്തിന് എത്തിയത് ബീക്കണ്‍ ലൈറ്റുകള്‍ മാറ്റിയ കാറുകളിലാണ്. ഇവര്‍ക്കു പിന്നാലെ, മന്ത്രി എ.കെ. ബാലനും ഇ. ചന്ദ്രശേഖരനും ബീക്കണ്‍ ലൈറ്റ് കാറില്‍ നിന്നും നീക്കം ചെയ്തു. റോഡുകളില്‍ ഒരു പരിധിക്കപ്പുറം ആര്‍ക്കും വിഐപി പരിഗണന വേണ്ടെന്നാണ് എപ്പോഴും നിലപാടെന്ന് മാത്യു ടി. തോമസ് പ്രതികരിച്ചു. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക നിലപാട് സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
ബീക്കണ്‍ ലൈറ്റുകള്‍ മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും നീക്കം ചെയ്തു തുടങ്ങി. ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത്, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ എന്നിവര്‍ ബീക്കണ്‍ ലൈറ്റുകള്‍ മാറ്റി. കേന്ദ്ര മന്ത്രി സ്മൃതി ഇറാനി, പിയൂഷ് ഗോയല്‍, നിതിന്‍ ഗഡ്കരി തുടങ്ങിയവര്‍ ഉത്തരവ് നടപ്പാക്കുമെന്ന് കേന്ദ്രം അറിയിച്ചപ്പോള്‍ തന്നെ ചുവന്ന ബീക്കണ്‍ ലൈറ്റുകള്‍ നീക്കം ചെയ്തിരുന്നു. ഗുജറാത്ത്, ഒഡീഷ, രാജസ്ഥാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ ബീക്കണ്‍ ലൈറ്റുകള്‍ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഉത്തരവിറക്കി.