Friday, November 22, 2024
HomeLiteratureകാറ്റ് മൂളും വഴിയെ. (ചെറുകഥ)

കാറ്റ് മൂളും വഴിയെ. (ചെറുകഥ)

കൃഷ്ണകുമാർ. കൂടാളി. (Street Light fb group)
” എരി പൊരി സഞ്ചാരം ” എന്നൊക്കെ പറയുന്നത് ഇതുകൊണ്ടാവും.. ഒരു നാടൻ പ്രയോഗമാ !..പക്ഷെ ഇപ്പോൾ താൻ ശരിക്കും അനുഭവിക്കുകയാണ്… ഉച്ചവെയിൽ തലക്കു മീതെ കത്തി നില്ക്കുമ്പോഴും ആത്മഗതത്തോടെ താൻ നടക്കുകയാണ്.. ഈ മരുഭൂമിയിൽ തനിക്ക് നടന്നല്ലെ പറ്റൂ.. ഒരു കള്ളിമുൾചെടിയുടെ തണലെങ്കിലും ഉണ്ടായിരുന്നെങ്കിൽ … തെല്ലു ദൂരെയായി ചെമ്മരിയാടിൻ കൂട്ടങ്ങളുമായി പോകുന്ന സുഡാനിയെ കണ്ട്, ദാഹാർത്തനായ താൻ ,വിളിച്ചു ചോദിച്ചു
യാ.. സദീഖ് .. അത്തീലു ഷോയ മോയ… ദാഹിച്ചു പരവശനായതു കൊണ്ടു മാത്രമാണ് താൻ വെള്ളത്തിന് ഇരന്നത്… ഇടത്തരം കടുംബത്തിൽ പിറന്നവനെങ്കിലും ബാല്യ, കൗമാരങ്ങളിൽ പ്രാരബ്ധമെന്തന്നറിയിക്കാതെ വളർത്തിയൊരച്ഛന്റെ മകന് ഈ ഗതി വന്നെന്നറിഞ്ഞാൽ പരലോകത്തു നിന്നു പോലും അദ്ദേഹത്തിന് വ്യസനമാകും….
ചെറുപ്പത്തിൽ അച്ഛൻ പറയാറുണ്ട്..
“മോനെ അനവസരത്തിൽ കണ്ണീർ പൊഴിക്കരുത് ” അവ കണ്ണീർ തുള്ളികളല്ല.. മുത്തു കണങ്ങളാണ്.. വിലപിടിപ്പുള്ള മുത്തു കണങ്ങൾ..പവിഴം.. മുത്ത് എന്നിവയൊന്നും നാം വെറുതെ കളയുമോ? അതു കൊണ്ട് മുത്ത് കണങ്ങൾ പൊഴിയാതെ നോക്കണം.. “
മണ്ണിനെ പൊന്നാക്കി മാറ്റിയ കർഷകശ്രീ അവാർഡ് നേടിയ അച്ഛന്റെ വാക്കുകൾ ഓർമ്മ വരികയാണ്.. പ്രാഥമിക വിദ്യാഭ്യാസമേയുണ്ടായിരുന്നെങ്കിലും മനക്കണക്കിന് മുന്നിൽ ഇന്നത്തെ ആധുനിക ഗണിത ശാസ്ത്ര ഉപകരണങ്ങൾ പോലും തോറ്റു പോകും… ഭാഗവതവും രാമായണവും, കൃഷ്ണപ്പാട്ടുമൊക്കെ ഈണത്തിൽ ചൊല്ലി കേൾപ്പിക്കാൻ ഉത്സാഹമായിരുന്നു.. അന്തി വരെ പാടത്തും തൊടിയിലും പണിയെടുത്ത്, വീട്ടിനടുത്തുള്ള കണ്ടു കുളത്തിൽ കുളിച്ച് വരുമ്പോഴേക്കും ഞങ്ങൾ സന്ധ്യ നാമങ്ങൾ ജപിക്കുകയാവും.. ശ്രീ കൃഷ്ണ സ്തുതി ഏറ്റവും ഇഷ്ടമായിരുന്നു… ഹരേ രാമാ ഹരേ കൃഷ്ണജപം ഉച്ഛസ്ഥായിൽ തന്നെ കേൾക്കണം.. അതു കേട്ട് വൃക്ഷലതാതികളും, പ്രകൃതിയും നമ്മോട് കൂട്ടു കൂടണം… ഹരിനാമ കീർത്തനം ഉറക്കെ ചൊല്ലി കേൾപ്പിട്ടെ പാഠപുസ്തകങ്ങൾ തുറക്കാൻ സമ്മതിക്കുമായിരുന്നുള്ളൂ.!
അങ്ങിനെ എല്ലാ ചിട്ടവട്ടങ്ങളും പാലിച്ചിരുന്ന അച്ഛന് എവിടെയാണ് പിഴച്ചത്?
അമിതമായ രാഷ്ട്രീയ വിധേയത്വമായിരുന്നോ? സ്വാത്വികനായ ഒരാൾക്ക് പററിയതല്ല രാഷ്ട്രീയ രംഗമെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്…
എതിരാളികളാൽ പോലും പ്രശംസിക്കപ്പെട്ട ആളെ ഇല്ലാതാക്കാൻ എങ്ങിനെ മനസ്സു വന്നു? എതിരാളികളിൽ കുറ്റം ചാർത്തപ്പെട്ട് ഒട്ടേറെ സ്മാർത്തവിചാരണകൾ ക്കൊടുവിൽ ഒരു നിഗമനത്തിലെത്തി.. പാളയത്തിലെ പട .. വേലി വിളവു തിന്നുകയായിരുന്നു…
ദൈവ വിശ്വാസിയായ താൻ ഉറച്ചു വിശ്വസിച്ചു: ഇതിന് കാരണ ഭൂതനായവനെ ദൈവം ശിക്ഷിക്കുമെന്ന് .. മനസ്സാ ശപിച്ചില്ലെങ്കിലും, വീട്ടിലെ നാലഞ്ചു പെണ്ണങ്ങളുടെ കണ്ണീരിന്റെ ഫലമാവും.. നായയുടെ കടിയേറ്റ് പേയിളകിയാണ് ആ കാരണഭൂതൻ മരിച്ചത് ..
ഇളയവൾ രാധിക ഇഷ്ടപ്പെട്ടവന്റെ ഇറങ്ങിപ്പോയി… അതിന് മൂത്തവൾ ഗൗതമി .. കാലിന് ഇത്തിരി മുടന്തുണ്ട് അതൊഴിച്ചാൽ അഴകു റാണിയാണവൾ.. അതിന് ഇളയവൾ രാജി ബി എഡ് കഴിഞ്ഞു ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പഠിപ്പിക്കുന്നു… അവളുടെ ഇളയവനാണ് അരവിന്ദൻ .. അവൻ ബികോം പഠിച്ചു കഴിഞ്ഞപ്പോൾ ഗൾഫു മോഹവുമായി ബോംബെക്ക് വണ്ടി കയറിയതാണ്..
നാണുമ്മാന്റെ പറമ്പിനോടു ചേർന്ന8 സെന്റ് സ്ഥലം വിറ്റുകിട്ടിയ പണവുമായി ഏജന്റിനെ തേടി പുറപ്പെട്ട അവൻ മൂന്നു മാസം കഴിഞ്ഞപ്പോൾ സൗദിക്ക് പോകുന്നുവെന്ന് അങ്ങട്ടയിലെ രാജേട്ടന്റെ വീട്ടിൽ ഫോൺ വിളിച്ചറിയിച്ചിട്ട് പുറപ്പെട്ട് പോയതാണ്, അഞ്ചു വർഷം മുന്നെ …അവിടെ റിയാദിൽ നിന്നും നൂറ് കിലോമീറ്ററോളം ദൂരെയാണ് ജോലി എന്ന് പറഞ്ഞു ഒരിക്കൽക്കൂടി രാജേട്ടനെ വിളിച്ചതായി അറിഞ്ഞു, അതിനു ശേഷം നാളിതുവരെയായി ഒരു വിവരവും ഇല്ല ..
അമ്മയുടെ കാര്യമായിരുന്നു ദയനീയം ..
ഉന്മാദനത്തിനും, സചേതന ബുദ്ധിക്കും ഇടയിലാഴ്ന്നു പോയ ഉമയമ്മ എന്ന തന്റെ അമ്മ.. ഉന്മാദ തിരമാലകൾ അമ്മയുടെ മനസ്സിലേക്ക് ങ്ങത്തടിക്കുമ്പോൾ കണ്ണകളിൽ ഭീതിയുടെ നിഴലാട്ടങ്ങൾ കരിനിഴൽ പരത്തുമ്പോൾ ഇരുണ്ട കോണുകളിൽ പതുങ്ങി കൂടും.. വെളിച്ചം അസഹ്യമായിരിക്കാം.. സ്വത്വബോധത്തിലേക്ക് തിരികെ വരുമ്പോൾ വെളിച്ചത്തിലേക്ക് ഇറങ്ങി വരും… സ്വബോധത്തോടെ ഉള്ള അവസരങ്ങളിൽ തന്നെ അടുത്തു വിളിച്ചിട്ട് നെറ്റയിൽ ഉമ്മ വച്ചിട്ട് അരികിൽ പിടിച്ചിരുത്തും.. എന്നിട്ട് പതിയെ പറയും…
” ഉണ്ണീ നിനക്കറിയില്ല.. പെറ്റ വയറിന്റെ പേറ്റുനോവ് “ഓൻ ഇറങ്ങി പോയിട്ട് അഞ്ചു വർഷമായില്ലെ… എനിക്കവനെ ഒന്ന് കാണണമെടാ.. കാണിക്കെടാ.”
ഇങ്ങനെ പറഞ്ഞു കൊണ്ട് പൊട്ടിക്കരയും.. നിന്നോടല്ലാതെ ഞാനാരോടു പറയാനാ മോനെ .. ഉടയോനില്ലാതോളല്ലെ ഈ പാപീ ?.. എന്നൊക്കെ പറഞ്ഞ് പതം പറഞ്ഞു കരഞ്ഞ് വീണ്ടും ഉന്മാദത്തിന്റെ പടുകുഴിയിലേക്ക് ഊളിയിടും..
പത്മവ്യൂഹത്തിൽ അകപ്പെട്ട അഭിമന്യുവിന്റെ അവസ്ഥയിലാണ് താൻ .. സ്ഥിര ബുദ്ധിയില്ലാത്ത അമ്മ, ചട്ടുകാലു കാരിയും, പഠിക്കാൻ മിടുക്കിയുമായവളും, ഞാനോ, നീയോ എന്ന് പറഞ്ഞ് രണ്ട് പെങ്ങന്മാർ പുരനിറഞ്ഞ് നില്ക്കുന്നു .. ഇളയവൾ ബുദ്ധിമതിയാണ്… ഇഷ്ടപ്പെട്ടന്റെ കൂടെ പോയതിനാൽ അവളായി, അവളുടെ പാട്ടായി .. വിടുവായനാണെങ്കിലും സുധാകരൻ നല്ലവനാണ്.. തെല്ലെങ്കിലും ആശ്വാസമുണ്ട്, അക്കാര്യത്തിൽ..
വീണ്ടുമൊരിക്കൽ കൂടി അമ്മയുടെ പെറ്റ വയറിന്റെ നൊമ്പരം കേട്ടപ്പോൾ.. ഒന്നുറപ്പിച്ചു…
രാധികയേയും, സുധാകരനെയും കുട്ടി വന്ന് അമ്മയേയും, പെങ്ങന്മാരെയും അവരെ ഏല്പിച്ചു താനും വണ്ടി കയറി മുംബയിലേക്ക് …
ധാരാവി ..മാട്ടുംഗ ,ഡോമ്പി വില്ലി..അങ്ങിനെ കുറെ അലഞ്ഞു ജോലി തേടി യും ,അനിയനെ കണ്ടു പിടിക്കാനുള്ള മാർഗ്ഗവും തേടി… ഒടുവിൽ സയണിൽ വച്ച് നാട്ടുകാരനായ അസീസിനെ കാണുന്നതു വരെ പ്രയാണം ഉടർന്നു .. അസീസാണ് തനിക്ക് സൗദിയിലേക്ക് വിസ തരപ്പെടുത്തി തന്നത് .. റിയാദിൽ നിന്ന് 80 Km അകലെ സഹന എന്ന സ്ഥലത്ത് ..പത്താം ക്ലാസ്സ് കാരന് പെട്രോൾ പമ്പിൽ ജോലി കിട്ടിയതു തന്നെ മഹാഭാഗ്യം എന്നു കരുതിയാൽ മതിയല്ലോ…. ബോംബെ വാസം കൊണ്ടു ലഭിച്ച ഹിന്ദി പരിജ്ഞാനത്താൽ പമ്പിനടുത്തുള്ള രാജസ്ഥാനിയുടെ ബക്കാലയിൽ ഗുമസ്തനായി ജോലി മാറ്റം കിട്ടി…
കടയുടമ .. മൈനുദ്ദീൻ ഭായിയോട് തന്റെ ഉദ്ദേശ ലക്ഷ്യം പറഞ്ഞിരുന്നതിനാൽ ആഴ്ചതോറും വ്യാഴാഴ്ചകളിൽ റിയാദിൽ പോയി വരാനുള്ള അവാദം കിട്ടിയിരുന്നു .. ബത്ത, മൻ ഫുവ, സുലൈമാനിയ, ഒലയ തുടങ്ങിയ സ്ഥലങ്ങളിലെ പരിചയക്കാരോട് അനിയനെ പറ്റി തിരക്കാനാണ് യാത്ര.. നിരാശ മാത്രമായിരുന്നു ഫലം..
ആയിടക്കാണ്.. അബ്ദുവിനെ കണ്ടത്.. തന്റെ അനിയൻ അരവിന്ദന്റെ സഹപാഠിയും, കൂട്ടുകാരനുമായവൻ..! പഴകി തുരുമ്പിക്കാറായ ടോയോട്ടാ ഹൈലോക്ലിൽ പെട്രോൾ നിറക്കാൻ പമ്പിൽ വന്നതാവും, അബ്ദുന്ന് വിളിച്ചപ്പോൾ ഒന്ന് നോക്കിയെങ്കിലും മൈന്റ് ചെയ്യാതെ ശരവേഗത്തിൽ വണ്ടിയുമായി പാഞ്ഞു പോയി!!
വളരെ വ്യക്തമായി തന്നെ കണ്ടിട്ടും, പരുങ്ങിയ മുഖവുമായി അവൻ പോകുന്നത് കണ്ടപ്പോഴെ ഏന്തോ ഒരു പന്തികേടു തോന്നി.. അറബി അക്കത്തിലുള്ള വണ്ടി നമ്പർ ശ്രദ്ധിക്കാൻ കഴിഞ്ഞതിനാൽ പമ്പിൽ ജോലി ചെയ്യുന്ന സുലൈമാനോട് അവനെ കുറിച്ച് തിരക്കി.. അപ്പോഴാണ് അറിഞ്ഞത് അബ്ദു ഭൂലോക തരികിടക്കാരനാണെന്ന്.. കള്ളവാറ്റും ശീട്ടുകളിയും, അറബി പിള്ളേരുമായുള്ള ചങ്ങാത്തവും… ഇല്ലാത്ത വഷളത്തരങ്ങൾ ഒന്നുമില്ല പോലും… പലരെയും കെണിയിൽപെടുത്തിയിട്ടുമുണ്ടത്രെ.. ഒരിക്കൽ കള്ളവാറ്റിനിടയിൽ റേഡിൽ പിടിക്കപ്പെട്ട് ചാട്ടവാറടിയൊക്കെ കിട്ടി നാടുകടത്തപ്പെട്ടതായി രുന്നത്രെ. വീണ്ടും എങ്ങനെയോ കള്ള വിസയിൽ വന്നതാവും .. ഇപ്പോഴും കള്ളുകുടിയുണ്ടെന്ന് കേൾക്കുന്നു .. അവന് പററിയ കൂട്ടൊരുത്തനുണ്ട്.. ഒരു സുഭാഷ്.. സുലൈമാൻ പറഞ്ഞു നിറുത്തി ..
സുഭാഷ് എന്നു കേട്ടപ്പോൾ തന്റെ മനസ്സിൽ വെള്ളിടി പൊട്ടി.
സുലൈമാനോട് സുഭാഷിനെ കുറിച്ച് ചോദിച്ചപ്പോൾ താൻ ഉദ്ദേശിച്ച ആളു തന്നെയെന്ന് മനസ്സിലായി.. പടച്ചോനെ അവനെ വിശ്വസിച്ചിട്ടല്ലെ തന്റെ അനിയൻ കടലു കടന്നു വന്നത്..?
കാലു വെന്ത നായയെ പോലുള്ള അലക്ഷ്യമായ തന്റെ പ്രവൃത്തി കണ്ട് മുതലാളി ചോദിച്ചു
“ഒന്നു രണ്ടു ദിവസമായി തന്നെ ഞാൻ ശ്രദ്ധിക്കുന്നു” എന്തു പറ്റി തനിക്ക്?
അബ്ദുവിനെ കണ്ടതും, ജബ്ബാറിന്റെ കാര്യവും ഒക്കെ പറഞ്ഞപ്പോൾ, അദ്ദേഹം പറഞ്ഞു തന്റെ അനിയനെ ചതിച്ചത് അവർ തന്നെയാകും .. ഒരു കാര്യം ചെയ്യാം നമുക്ക് ഷുർത്തയിൽ (പോലീസ് ) പരാതിപ്പെടാം.. ഞാൻ സഹായിക്കാം…
അങ്ങിനെ ഞങ്ങൾ പോലീസിൽ പരാതിപ്പെട്ടു.. ജവാസാത്തു (പാസ്പോർട്ട് കാര്യ വകുപ്പ്)മായി ബന്ധപ്പെട്ടു വിവരങ്ങൾ അറിയിക്കാമെന്ന് പറഞ്ഞു ഫോൺ നമ്പർ കൊടുത്ത് മടങ്ങി വന്നു…
പിന്നീടുള്ള ദിനരാത്രങ്ങൾ കടന്നു പോകുന്നത് ഒച്ചിഴയും പോലെയാണ് തനിക്ക് തോന്നിയത്…
അങ്ങിനെ ഇരിക്കെ, ഒരു ദിവസം ളുഹർ നിസ്ക്കാരത്തിനുള്ള ബാങ്ക് വിളി കേട്ട്, ബക്കാല അടക്കാൻ നേരം, സുലൈമാൻ ഓടി വന്നു പറഞ്ഞു,
“റൂമിലേക്ക് പോവല്ലെ.. ഒരു കാര്യം പറയാനുണ്ട്.. ഞാൻ പെട്ടെന്ന് നിസ്കരിച്ചു വരാം..
നിസ്‌കാരത്തിനുള്ള മുന്നറിയിപ്പുമായി “മുത്തവ്വയുടെ ” (മതകാര്യ പോലീസ് ) വണ്ടി കടന്നു പോകുന്നതുവരെ താൻ യൂക്കാലി മരത്തിന് പിറകിൽ മാറി നിന്നു .. പൊല്ലാപ്പിന് വയ്യ..
നിസ്കരിച്ചു കഴിഞ്ഞ് സുലൈമാൻ വരുന്നത് കണ്ടു അടുത്തു ചെന്നു .. സുലൈമാൻ പറഞ്ഞു കുറച്ചു മുന്നെ ഞാൻ സുഭാഷിനെയും, അബ്ദുവിനെയും കണ്ടിരുന്നു.. അവർ സഞ്ചരിച്ച വണ്ടി നമ്പറും പോയ ദിശയും നോട്ട് ചെയ്തിട്ടുണ്ട് ..
തന്റെ കടയുടമ അത്യാവശ്യകാര്യത്തിന് ഇന്ത്യയിൽ പോയിരിക്കുന്നതിനാൽ പോലീസിന്റെ സഹായം എങ്ങിനെ തേടും എന്ന് സുലൈമാനോട് പറഞ്ഞപ്പോൾ, സുലൈമാന് പരിചയമുള്ള ഒരു മസ്രി (ഈജിപ്ഷ്യൻ )യോട് കാര്യങ്ങൾ വിവരിക്കുകയും അയാൾ പോലീസിനോട് ഇക്കാര്യങ്ങൾ ബോധ്യപ്പെടുത്തുകയും ചെയ്തു…
ഇവിടെ അറബി നാട്ടിൽ പോലീസ് സേവനം ധൃതഗതിയിലാണ്‌.. അന്നു വൈകുന്നേരമായപ്പോഴേക്കും ഷുർത്ത രണ്ട് ക്രിമിനലുകളെയും പൊക്കി .. സാക്ഷ്യപ്പെടുത്താൻ തന്നെ വിളിച്ചതനുസരിച്ച് സുലൈമാന്റെ കൂടെ സ്റ്റേഷനിൽ ചെന്നു .. തന്നോട് ചോദിച്ചു ഇവർക്കെതിരെയാണോ നിങ്ങളുടെ പരാതി? അതെ എന്ന് പറഞ്ഞപ്പോൾ അറബി എഴുതാനറിയുന്ന ഒരു മലയാളിയുടെ സേവനം പോലീസ് ഏർപ്പെടുത്തുകയും, തന്റെ പരാതിയും പ്രതികകളുടെ മൊഴിയും തർജ്ജമപ്പെടുത്തി പോലീസ് നടപടി സ്വീകരിച്ചു.
അബ്ദുവിനെയും, സുഭാഷിനെയും തനിക്കറിയാവുന്ന ഭാഷ്യത്തിൽ ചീത്ത വിളിച്ച് തന്റെ രോഷം തീർത്തു! .. നീണ്ട കാല ജയിൽവാസത്തിന് ശേഷം, രണ്ടു പേരെയും നാട്ടിലേക്ക് നാട്ടുകടത്തുമെന്നും പോലീസ് പറഞ്ഞു….ഇവിടുന്ന് ഏതാണ്ട്, അഞ്ചു, പത്ത് കിലോമീറ്റർ അകലെയാണ് ഇവന്മാർ നിങ്ങളുടെ അനിയനെ അടക്കം അഞ്ചു പേരെ, അടുത്തടുത്ത സ്ഥലങ്ങളിലായിട്ട് പാർപ്പിച്ചിരിക്കുന്നത് .. നിങ്ങൾ ഇപ്പോൾ പോയ്ക്കോളൂ നാളെ കാലത്ത് നോക്കാം..
അന്ന് രാത്രി ആദ്യമായി തന്റെ കൂടപ്പിറപ്പിനെ ഓർത്ത് പൊട്ടിക്കരഞ്ഞു… പാവം തന്റെ അനിയൻ!
കാലത്ത് തന്നെ പോലീസുകാർ രണ്ടു ഹിമാറുകളെയും കൂട്ടി വന്നു തെളിവെടുപ്പിനും, സ്ഥലം കാണിച്ചു തരാനും…നാലു പേരടങ്ങുന്ന പോലീസ് കാരോടൊപ്പം താനും വണ്ടിയിൽ കയറി രണ്ടു പ്രതികളെയും കൈയ്യാമം വച്ച്, ചങ്ങലയിട്ട് വണ്ടിയുടെ കമ്പിയിൽ ബന്ധിച്ചു .. രണ്ടിനെയും കാണുന്തോറും ,കലി കയറുകയാണ് .. കൂടെയുള്ളത് പോലീസായി പോയി.. അല്ലെങ്കിൽ …?
പോലീസിന്റെ ടോയോട്ട ക്വാളിസ്സ് വണ്ടി ,പ്രധാന പാത പിന്നിട്ട്, മണൽ പരപ്പുകളിലൂടെ മൂളിപ്പായുന്നുണ്ട്… പത്തു കിലോമീറ്ററിലധികം ഓടിക്കാണും.. മണൽ കാറ്റ് ആഞ്ഞ് വീശുന്നുണ്ട്… പെട്ടെന്ന് ഒരു സൗണ്ട് കേട്ടു തിരിഞ്ഞു നോക്കവെ, വണ്ടി പെട്ടെന്ന് നിറുത്തുകയും, കൂടെയുള്ള പോലീസുകാരിൽ രണ്ടു പേർ ചാടി ഇറങ്ങുന്നത് കണ്ടു.. അറബിയിൽ എന്തൊക്കയോ ചീത്ത വാക്കുകൾ ഉരുവിട്ട് ,വണ്ടിയുടെ താഴെ ഭാഗത്തേക്ക് കുനിഞ്ഞു നോക്കുന്നത് കണ്ടപ്പോൾ തനിക്ക് തോന്നി ടയറിന്റെ വെടി തീർന്നു കാണുമെന്ന് … പോലീസ് മുദീർ തന്നെ വിളിച്ചിട്ട് പറഞ്ഞു… തനിക്ക് നിർഭാഗ്യമാണെന്ന് തോന്നുന്നു: വണ്ടിയുടെ മൂന്ന് ടയറുകളാണ് വെടിച്ചിരിക്കുന്നത് .. ഇവിടെയാണെങ്കിൽ മൊബൈൽ റേഞ്ചില്ലെന്ന് മാത്രമല്ല.. വയർലെസ്സ് സിഗ്നൽ പോലും കിട്ടുന്നില്ല … തെല്ലുമാറി കുറച്ചകലെ കിഴക്ക് ഭാഗത്ത് കാണുന്ന ആ പച്ചപ്പ് മസറ(കൃഷിയിടം )യുടെതാണെന്ന് തോന്നുന്നു.. ഒരു പോലീസുകാരനെ വിളിച്ച് തന്നോടൊപ്പം പറഞ്ഞയച്ചു… മുദീർ പറഞ്ഞു ഞാൻ മേയിൻ റോഡ് നോക്കി പോകുന്നു അതും പറഞ്ഞ് ഒരു കുടയും ചൂടി അയാൾ നടന്നകന്നു – ..
തന്റെയൊപ്പമുള്ള പോലീസുകാരൻ തെളിക്കുന്ന വഴിയിലൂടെ താനും പിന്നാലെ നടന്നു.. തണൽ തേടുകയാണ് ലക്ഷ്യം..ചിലപ്പോൾ റേഞ്ച് കിട്ടാതിരിക്കുകയുമില്ല.
ഒന്നു കണ്ണോടിച്ചു നോക്കി.. പച്ചപ്പിന്റെ വിദൂര ഛായ.. ചുരുങ്ങിയത് നാലു കിലോമീറ്ററെങ്കിലും കാണുമായിരിക്കും.. കള്ളിമുൾചെടികൾ നിറഞ്ഞ ഭാഗത്തു കൂടി വാഹനങ്ങൾ കടന്നു പോയതിന്റെ അടയാളം കാണാനുണ്ട്.. കൂടെയുള്ള പോലീസ് കാരൻ നടക്കുന്നതിനിടയിലും, വയർലെസ് റേഞ്ചു നോക്കുകയായിരുന്നു.
അയാൾക്കൊപ്പം നടക്കാൻ താൻ പാടുപെടുകയാണ്. മുന്നോട്ട് നടക്കുന്നതിനുടയിൽ പിറകിലായ തന്നെ നോക്കി അയാൾ പറഞ്ഞു
“ഏള്ള സദീഖ്.. താൽ.. സൂറ സൂറ .”…
വേഗത്തിൽ നടന്നു ചെല്ലാൻ..
അയാൾ തുടർന്നു ..ഒരു പക്ഷെ പച്ചപ്പു കാണുന്ന സ്ഥലത്ത് മൊബൈലിനോ, വയർലെസിനോ റേഞ്ച് കിട്ടാതിരിക്കില്ല…
എത്ര ശ്രമിച്ചിട്ടും കാലുകൾ തളരുന്നു… തലക്ക് മുകളിൽ തീ കോരിയിടുകയാണോ സൂര്യൻ… കണ്ണുകൾ ചുവന്ന് വേദനിക്കുന്നു .. നാവു വരളുന്നു…
അപ്പോഴാണ് ചെമ്മരിയാടിൻ കൂട്ടങ്ങളെയും അവയെ മേയ്ക്കുന്ന സുഡാനിയെയും കണ്ടത്.. കുടിവെള്ളം കിട്ടി ആവോളം, കടിച്ചു അല്പം തലയിലും ഒഴിച്ചു.. അപ്പോഴാണ് ജീവ ജലത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞത്.. കൂടെയുള്ള പോലീസുകാരനും വെള്ളം കുടിച്ചു .. അയാൾ സുഡാനിയോട് മസറയെ കുറിച്ച് ചോദിച്ചു.. അയാൾ എന്താണ് പറഞ്ഞതെന്ന് മനസ്സിലായില്ല..
അപ്പോഴേക്കും പോലീസ് കാരൻ ഓടാൻ തുടങ്ങിയിരുന്നു .. ഓടുന്നതിനിടയിൽ തന്നോടും കൂട്ടത്തിൽ ഓടി പോകാൻ പറഞ്ഞു… വല്ല വിധേനയും ഏന്തി വലിഞ്ഞു താനും പിന്നാലെ പാഞ്ഞു.. ഒരു ഒന്നര കിലോമീറ്റർ കഴിഞ്ഞപ്പോൾ ഒരു മുന്നൂറ് മീറ്റർ അകലെയായി കുറെ മരങ്ങളും ഈന്തപ്പനത്തോട്ടവും കണ്ടു .. അതിനുള്ളിലായി, കതിരലായം പോലുള്ള ഒന്നു രണ്ടു ഷെഡ്ഡുകൾ, തകര മേഞ്ഞതും, അല്ലാത്തതുമായവ .. അവിടെ എത്തിയപ്പോൾ താൻ കണ്ട കാഴച … തന്നെ സ്തബ്ധനാക്കി …
തനിക്ക് മുന്നെ ഓടിയെത്തിയ പോലീസ് കാരൻ ഒരാളെ താങ്ങിയെടുത്തു കൊണ്ടു വരുന്നു .. കാഴ്ചക്ക് ഇന്ത്യക്കാരനെ പോലുള്ള അയാളുടെ താടിയിലും ,മുടിയിലും ജഢ പിടിച്ചിരിരിക്കുന്നു. നീണ്ട താടിയും ,കീറി പറഞ്ഞു മുഷിഞ്ഞു നാറിയ ഡ്രസ്സുകൾ.. കാലിൽ വ്രണം മൂലം നടക്കാനാവാത്ത നിലയിലായിരുന്നു .. അയാളെ ഒരു മൂലയിൽ ഇരുത്തി വയർലെസ് എടുത്തു റേഞ്ചുണ്ടോ എന്ന് നോക്കി.. മഹാഭാഗ്യം… റേഞ്ച് ഉണ്ടായിരുന്നു ..
പോലീസ് ആസ്ഥാനവുമായി അയാൾ ബന്ധപ്പെട്ടുകൊണ്ടിരുന്നു… വയർലെസ്സ് സന്ദേശങ്ങൾ വന്നും പോയും ഇരിക്കുന്നു .. നിലത്ത് ഇരുത്തിയ ആളെ ഒന്ന് ശ്രദ്ധിക്കാൻ പറഞ്ഞിട്ട് അയാൾ സന്ദേശങ്ങളിൽ മുഴുകി.. വയർലെസ്സിന്റെ ബീപ് നാദം അലയടിക്കുന്നതിടയിൽ നിലത്തിരുന്ന രൂപം മെല്ലെ തന്റെ കാലിൽ തൊടുകയും, കാലിൽ കമഴ്ന്നടിച്ച് വീഴുകയും, ചെയ്തു താൻ അയാളെ തൊടാൻ മടിച്ചെങ്കിലും, പിടി’ച്ചെഴുന്നേൽപ്പിച്ചു .. ഒരിക്കൽ കൂടി ആ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി..
ആദ്യമൊരമ്പരപ്പായിരുന്നു അനുഭവപ്പെട്ടതെങ്കിൽ, അതൊരു ആർത്തനാദമായി മാറാൻ അധിക സമയം വേണ്ടി വന്നില്ല ..
താൻ വിക്കി, വിക്കിപുലമ്പി …
“ഇത്, ഇത് .. അരവിന്ദൻ.. തന്റെ അനുജൻ… കൂടപ്പിറപ്പ്.. “എന്റെ ദൈവേ…
തന്റെ ഉച്ചത്തിലുള്ള കരച്ചിൽ കേട്ട് പോലീസ് കാരൻ ഓടി വന്നു.. അയാൾ ചോദിച്ചു എന്താ അയാൾക്ക് വല്ലതും പറ്റിയോ?
താൻ പറഞ്ഞു ഇതാണ് അരവിന്ദൻ..തന്റെ അനുജൻ .. ഇവനെ തേടിയിറങ്ങിയാണ് താൻ ദുരിത പാതകൾ പിന്നിട്ടത്.. രക്ഷിക്കു.. മുദീർ… കേണപേക്ഷിച്ചു ..
” കള്ള ഹിമാറുകൾ അബ്ദുവും, സുഭാഷും,, ഹറാമികൾ വഴി തെറ്റിക്കുകയായിരുന്നു .. എങ്കിലും അദൃശ്യനായ ദൈവത്തിന്റെ കരങ്ങൾ ഞങ്ങൾക്കു നേരെ നീണ്ടു എന്നതിന്റെ ഉത്തമ ഉദാഹരണമാണ് വരുന്ന വഴിയിൽ ടയർ പഞ്ചറായ തൊക്കെ… ദയാപരനായ ഈശ്വരന് നന്ദി…
പോലീസ് കാരനും, ആശ്വാസത്തോടെ പറഞ്ഞു
“അൽഹംദുരില്ലാ…” അതെ അല്ലാഹു വിന് സ്തുതി..
താനും, പോലീസ് കാരനും കൂടി താങ്ങി പിടിച്ച് ഒരു മര ബബിൽ ഇരുത്തി.. ഇത്തിരി വെള്ളത്തിനായി പരതിയപ്പോൾ അടുകളുടെ അടുത്തു വച്ച വെള്ള പാത്രം കണ്ടു.. ഒന്നു മാലോചിക്കാതെ അതെടുത്തു അനിയന് കുടിക്കാൻ കൊടുത്തു.. അവൻ സംസാരിക്കാൻ ശ്രമിക്കുന്നുവെങ്കിലും നാവു കുഴയുന്നു .. ഒരാഴ്ചയോളമായി വല്ലതും കഴിച്ചിട്ടെന്ന് ആംഗ്യ രൂപേണ അറിയിച്ചു.. അവിടെ മൂലയിൽ കണ്ട ഉണക്ക കുബ്ബൂസ് അതിനുള്ള തെളിവായി ..
അങ്ങിനെ ഒരു പത്തു പതിനഞ്ചു മിനിട്ടുകൾക്ക് ശേവഷം, ദൂരെ നിന്ന് ആംബുലൻസിന്റെയും പോലീസിന്റെയും സൈറണുകൾ മുഴക്കി കൊണ്ടുള്ള വാഹനങ്ങളുടെ വരവു കണ്ടു.. ഞൊടിയിട കൊണ്ട് പോലീസുകാരും, റെഡ് ക്രെസെന്റ് മെയിൽ നഴ്സുമാരും ചേർന്ന് താങ്ങിയെടുത്ത് സ്ട്രെച്ചറിൽ കിടത്തി ആംബുലൻസിൽ കയറ്റി പൾസുനോക്കി പ്രഥമ ശുശ്രൂഷകൾ നല്കി തന്നെയും, കൂടെ കുട്ടി.. ആംബുലസ്സിൽ കയറി ചീറിപ്പാഞ്ഞു… അകമ്പടിയായി പോലീസുകാരും.. ഐ സി യു സൗകര്യമുള്ള ആംബുലൻസിൽ ഡോക്ടറും കൂടെയുള്ളവരും സദാ ജാഗരൂകരാണ്.. അങ്ങു ദൂരെയായി എക്സപ്രസ്സ് ഹൈവേയുടെ അടയാളമായി വിളക്ക് കാലുകൾ കാണാം…കുറച്ചു ദൂരം പിന്നിട്ടപ്പോൾ മെബൈൽ റേഞ്ച് കിട്ടി..
മുതലാളിയുടെ പത്തോളം മിസ് കോളുകൾ, ചുരുങ്ങിയ വാക്കിൽ കാര്യങ്ങൾ അവതരിപ്പിച്ചു .. ഏകദേശം ഒരു മണിക്കൂർ കൊണ്ട് ഏതാണ്ട് നൂറ്റി എഴുപത്തഞ്ചിലധികം കിലോമീറ്റർ പിന്നിട്ട് റിയാദിൽ എത്തി.. നഗരമധ്യത്തിലെ തിരക്കുകൾ വകഞ്ഞു മാറ്റി പിന്നെയും അഞ്ചു മിനിട്ടിനകം സുമേഷി ആശുപത്രിയിൽ ഇരമ്പി നിന്നു.. ചടുലമായ നീക്കങ്ങളാണ് അവിടെ കണ്ടത്.. സടച്ചറിൽ കിടത്തി .. നേരെ ഐ സി യുവിലേക്ക് .. പിറ്റെന്ന് കാലത്ത് മുതലാളിയും വന്നു.. നിയമക്കുരുക്കുകളുടെ നൂലാമാലകൾ ഒരോന്നായി നീക്കി മടക്കയാത്രക്ക് വേണ്ടതെല്ലാം ഏർപ്പാടാക്കി തന്നു.. തന്റെ നല്ലവനായ രാജസ്ഥാൻകാരൻ മുതലാളി മൈനുദ്ദീൻ ഭായ് ദിനരാത്രങ്ങൾ പലതും കൊഴിഞ്ഞു കൊണ്ടിരുന്നു.. അനുജൻ പൂർവ്വസ്ഥിതിയിലാകുന്നതും കാത്ത് നിമിഷങ്ങൾ എണ്ണിക്കഴിഞ്ഞു..
ഏതാണ്ട് പത്തു ദിവസത്തെ ആശുപത്രിവാസം കൊണ്ട് അരവിന്ദൻ ആരോഗ്യം വീണ്ടെടുത്തു…
അബദുവിന്റെയും, സുഭാഷിന്റെയും ചതിപ്രയോഗത്തെക്കുറിച്ച് അവൻ വിവരിച്ചപ്പോൾ തന്റെയും കണ്ണു നിറഞ്ഞു ..അനുജന്റെ മൂർദ്ധാവിൽ ചുംബിച്ചു, സ്വാന്തനപ്പെടുത്തി ..പാവം തന്റെ അനുജൻ !
എല്ലാ വിധ ദുരിതപർവ്വങ്ങളും താണ്ടി തന്റെ അനുജൻ പൂർവ്വസ്ഥിതി പ്രാപിച്ചിരിക്കുന്നു .. സുലൈമാനും കൂട്ടരും ചെറിയൊരു തുക സ്വരൂപിച്ച് തന്റെ അനുജന് നല്കി.. ഒപ്പം ചെറിയ തോൾ ബേഗിൽ കുറച്ചു സാധനങ്ങളും.. കടയുടമ നലകിയ പാരിതോഷികവും കൂടിയായപ്പോൾ സമാധാനമായി..
യാത്ര തിരിക്കുമ്പോൾ എയർപോർട്ട് വരെ അനുഗമിച്ച മൈനുദ്ദീൻ ഭായി പറഞ്ഞു…. പോയിട്ട് ഒരു മാസം കഴിഞ്ഞ് തിരിച്ചു വരാൻ മറക്കരുത്.. അനിയന് ഞാൻ ഡൽഹിയിൽ ജോലി തരപ്പെടുത്തുന്നുണ്ട്… എന്താ തൃപ്തി ആയില്ലെ..?
താൻ മറുപടി പറഞ്ഞു…
ഹം ബഹുത്ത് ഖുഷി ഹെ.. ഇസ് ബാത്ത് സുൻ കർ.. ആ പ്കോ അള്ളാത്താലാ സുഖി റഖേ ..!
റിയാദ് എയർപോർട്ടിൽ നിന്ന് വിമാനം പറന്നുയരവേ, തന്റെ ചിന്തയിലുണ്ടായിരുന്നത് ഒരേ ഒരു കാര്യം. മാത്രം … നഷ്ടപ്പെട്ടു എന്നു കരുതിയ തന്റെ മകനെ കൺമുന്നിൽ കാണുമ്പോൾ അമ്മയുടെ മുഖത് അനേകം പൗർണ്ണമികൾ ഒരുമിച്ച് വിടരുന്നത് കാണാൻ എന്ത് ചേലായിരിക്കും അല്ലെ?
RELATED ARTICLES

Most Popular

Recent Comments