പുന്നത്തുറ: സുപ്രസിദ്ധ സിനിമാ താരവും മാലയാള സിനിമയിലെ കാരണവരുമായ മധു ആദ്യമായി ഹൃസ്വചിത്രത്തില്‍ അഭിനയിക്കുന്നു. കോട്ടയം പുന്നത്തുറയില്‍ നിന്നുള്ള യുവ സംവിധായകനായ ഫിലിപ്പ് കാക്കനാട്ട് തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന “മുപ്പത് വെള്ളിക്കാശ്’ എന്ന ഹൃസ്വചിത്രത്തിലൂടെയാണ് മധു ഹൃസ്വ ചിത്രത്തില്‍ അവതരിക്കുന്നത്. ബാങ്കിങ് അവേഴ്‌സ് എന്ന ചലച്ചിത്രത്തിന്റെ നിര്‍മ്മാതാവായ ലീമോ ഫിലിംസിന്റെ അമരക്കാരനായ ഫെബിന്‍ കണിയാലിയാണ് ഈ ഹൃസ്വ ചിത്രം നിര്‍മ്മിക്കുന്നത്.
കത്തോലിക്കാ പുരോഹിതനായി പ്രധാനപ്പെട്ട റോളില്‍ എത്തുന്ന മധുവിനെ കൂടാതെ അരുണ്‍ കുമാര്‍ (മാസ്റ്റര്‍ അരുണ്‍), ഷാജു, മുഹമ്മദ് ലുക്ക്മാന്‍, ഗായത്രി എന്നിവരും പ്രധാന റോളുകളില്‍ ഈ ചിത്രത്തില്‍ എത്തുന്നുണ്ട്. പാലക്കാട്ടും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം പൂര്‍ത്തിയാക്കി, പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുന്ന ഈ ചിത്രത്തിന്റെ പ്രമേയം വേറിട്ടതും നൂതനവുമാണ് എന്ന അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. കേവലം ഒരു നേരംപോക്ക് എന്ന രീതിയില്‍ ഹൃസ്വ ചിത്രത്തെ സമീപിക്കാതെ, അര്‍പ്പണബോധത്തോടും, ഗൗരവത്തോടും കൂടെ, ഒരു ഉത്തമ കലാസൃഷ്ടിക്കുള്ള അവസരമായി ഹൃസ്വ ചിത്ര മേഖലയെ കാണുന്ന ഫിലിപ്പ് കാക്കനാട്ടിന്റെ പല വീഡിയോകളും സാമൂഹിക മാധ്യമങ്ങളില്‍ ആയിരക്കണക്കിന് ആളുകള്‍ കാണുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തവയാണ്.
മുപ്പത് വെള്ളിക്കാശിന് യേശുവിനെ ഒറ്റുകൊടുത്ത യൂദാസിന്റെ കഥ, ഇന്നത്തെ കാലഘട്ടത്തിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ പ്രമേയവും സംവിധായകന്റെ പ്രതിഭാ തിളക്കവും കഠിന പ്രയത്‌നവുമാണ് ഈ സംരഭത്തിന് മുന്നിട്ടിറങ്ങുവാന്‍ പ്രചോദനമായത് എന്ന് നിര്‍മ്മാതാവും ചിക്കാഗോയിലെ സ്ഥിര താമസക്കാരനുമായ ഫെബിന്‍ കണിയാലില്‍ അറിയിച്ചു. അനില്‍ മറ്റത്തിക്കുന്നേല്‍ അറിയിച്ചതാണിത്.