ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം: ലോട്ടറി വകുപ്പും ബിവറേജസ് കോര്‍പ്പറേഷനും ദിവസേന ബാങ്കുകളില്‍ അടയ്ക്കുന്ന പണം അതതു ദിവസം ട്രഷറിക്ക് നല്‍കുവാന്‍ ധനവകുപ്പ് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി. ട്രഷറികളിലെ നോട്ടുക്ഷാമം പരിഹരിക്കാനുള്ള സര്‍ക്കാര്‍ നടപടിയുടെ ഭാഗമായാണ് ഈ തീരുമാനം.
നോട്ടുക്ഷാമം പരിഹരിക്കുവാന്‍ മന്ത്രി ഡോ.തോമസ് ഐസക്കിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചിരുന്നു. ധന, നികുതി വകുപ്പുകളുടെ സെക്രട്ടറിമാരും ലോട്ടറി ഡയറക്ടര്‍, ബിവറേജസ് കോര്‍പ്പറേഷന്‍ എം ഡി എന്നിവരും യോഗത്തില്‍ പങ്കെടുത്തിരുന്നു. തിങ്കളാഴ്ചക്കുള്ളില്‍ ബാങ്കുകള്‍ നിര്‍ദേശം പാലിച്ചില്ലെങ്കില്‍ ഈ സ്ഥാപനങ്ങളുടെ പണം നേരിട്ട് ട്രഷറികളില്‍ അടയ്ക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കുന്നതായിരിക്കും.
ബിവറേജസ് കോര്‍പ്പറേഷനും ലോട്ടറിവകുപ്പും ദിവസവും 50 കോടി രൂപയോളം ബാങ്കുകളില്‍ അടയ്ക്കുന്നുണ്ടെങ്കിലും ദിവസങ്ങള്‍ക്കു ശേഷം മാത്രമാണ് ഈ പണം ട്രഷറിയിലേക്ക് മാറ്റുന്നത്. എന്നാല്‍ സ്ഥാപനങ്ങള്‍ അടയ്ക്കുന്ന പണത്തിന്റെ പകുതിയെങ്കിലും നോട്ടായി അന്നുതന്നെ ട്രഷറിക്ക് നല്‍കണമെന്നാണ് ബാങ്കുകളോട് നിര്‍ദേശിച്ചിട്ടുള്ളത്. അതുകൊണ്ടു തന്നെ സര്‍ക്കാരിന്റെ തീരുമാനം ട്രഷറിയിലെ നോട്ടുക്ഷാമത്തിന് ആശ്വാസം നല്‍കും.