Tuesday, January 7, 2025
HomeLiteratureമഴ കാത്തിരുന്ന വേഴാമ്പൽ. (കഥ)

മഴ കാത്തിരുന്ന വേഴാമ്പൽ. (കഥ)

മഴ കാത്തിരുന്ന വേഴാമ്പൽ. (കഥ)

ആര്യ നായർ. (Street Light fb group)
ഇന്നാണ് കഥ കൊടുക്കാമെന്നു പറഞ്ഞ അവസാന ദിവസം… മൊബൈലു പലതവണ റിങ്ങു ചെയ്തു മരിച്ചു കിടപ്പാണരികിൽ.. വന്ന കാളുകളെല്ലാം നീനയുടെ നമ്പറിൽ നിന്നാണ്…. അവൾ കാത്തിരിക്കുന്നത് തന്റെ കഥയ്ക്കായാണ്. അതറിയാവുന്നതു കൊണ്ടു തന്നെ എന്തു സമാധാനം പറയണമെന്നറിയില്ല..
എഴുതാൻ തന്റെ മനസ്സു ശൂന്യമാണെന്നു പറഞ്ഞാൽ ആരും വിശ്വസിക്കില്ല നീന പോലും… ” അക്ഷയപാത്രത്തിനു ആശയത്തിനു പഞ്ഞമോ ?” എന്നുള്ള മറുചോദ്യമെറിയും പലരും.. ഒരിക്കൽ തന്റെ നിസ്സഹായാവസ്ഥ പറയാൻ ശ്രമിച്ചു പരാജയമടഞ്ഞതാണ്…
ഉച്ചസൂര്യൻ മൂർദ്ധാവിൽ ചൂടു വച്ചപ്പോൾ പതിയെ കടൽക്കരയിൽ നിന്നും എണീറ്റു മുറിയിലേക്കു നടന്നു… വഴിയോരത്തെ കാഴ്ചകളിൽ മനസ്സു മടുത്തതു കാരണം താഴെ കാലുകളിൽ ശ്രദ്ധ ചെലുത്തി വലിഞ്ഞു നടന്നു….
”മാർഗരറ്റ്… ഒന്നു നിന്നേ ”..
അപ്രതിക്ഷിതമായ ആ വിളിയിൽ കാലുകൾ നിശ്ചലമായി…. ആരും തിരിച്ചറിയാതെ ഇത്രയും കാലം മാർഗരറ്റെന്ന താൻ ഇവിടെ മറ്റൊരു പേരിൽ ജീവിക്കുകയായിരുന്നു…ഇപ്പോൾ ഈ വലിയ തെരുവിൽ തന്നെ അറിയാവുന്നൊരാൾ…
പതർച്ചയോടെ തിരിഞ്ഞു നോക്കിയപ്പോൾ അതു നീനയായിരുന്നു…
” മാർഗരറ്റ് … നിന്നെത്തേടി ഞാൻ മുറിയിൽ പോയിരുന്നു.. അവിടെ നിന്റെ മേശയിൽ എന്നെ വരവേറ്റത് ശൂന്യതയിൽ നീ എഴുതിയിട്ട നിന്റെ കടലാസു തുണ്ടുകളായിരുന്നു… .മാർഗരറ്റ് നീ നിശബ്ദയാവല്ലേ… നിന്റെ എഴുത്തുകൾ , നീ നേടിയ അനുഭവങ്ങൾ , എല്ലാത്തിനുപരി നിന്നെയറിയട്ടെ നിന്റെ ജനങ്ങൾ… ”
നീനയുടെ വാക്കുകൾ ചാട്ടൂളിയായിരുന്നു…
”നീന … എനിക്കെഴുതാൻ പറ്റുന്നില്ല.. ആശയങ്ങളും ചിന്തകളും കൈമോശം വന്നിരിക്കുന്നു.. ”
പറയുമ്പോൾ ഗദ്ഗദം വന്നടയുന്നുണ്ടായിരുന്നു ശബ്ദം..അതുകണ്ടാവണം നീനയുടെ കണ്ണു നിറഞ്ഞത്..
” മാർഗരറ്റ്.. നീയൊന്നു തിരിഞ്ഞു നോക്കൂ… ഏറെയകലെയല്ലാതെ നിന്റെ നിഷ്ക്കളങ്ക ബാല്യം നിന്നെ വിളിക്കുന്നില്ലേ?. പപ്പേടേം മമ്മേടേം കൈപിടിച്ചു പള്ളിയിൽ കുർബാന കൂടിയത്… നമ്മളൊരുമിച്ചു മഴ നനഞ്ഞ് സ്ക്കൂളിൽ പോയത്… എല്ലാം നീയോർത്തു നോക്കൂ.. ”
ശരിയാണ്… തനിക്കുമുണ്ടായിരുന്നു ഒരു ബാല്യം… പൂമ്പാറ്റകളോടും കിളികളോടും കിന്നാരം പറഞ്ഞ് മതിലിലെ പുല്ലെണ്ണ കൊണ്ടു കണ്ണെഴുതി ആടിത്തിമർത്ത ബാല്യം… പിന്നെ കൈനിറയെ കരിവളകളിട്ടു കൗമാരം പൂവിട്ട സ്വപ്നകാലം… ഒടുവിൽ എല്ലാം തട്ടി മറിച്ചൊരു യൗവ്വനവും…
തനിക്കെവിടെയാണ് പിഴച്ചത്..?. തനിക്കെവിടെ നിന്നാണ് ഈ രോഗം ,, അല്ല രോഗാാവസ്ഥ കിട്ടിയത്… അറിയില്ല… ആർക്കും കിടക്ക വിരിച്ചിട്ടില്ല.. ആരു വിരിച്ചതിലും കിടന്നിട്ടില്ല .. എവിടെയോ ആരോ കാണിച്ച ഒരബദ്ധത്തിനു ഇരയയായതു താൻ…. തന്റെ എഴുത്തുകൾ ക്കായി കാത്തിരുന്നവർ പോലും കാർക്കിച്ചുതുപ്പി.. എവിടെയൂം അവഗണന.. വെറുപ്പ്.. മടുത്തിട്ടാണ് ഈ മഹാനഗരത്തിൽ കൂടു തേടിയത്..കൂട്ടിനായി തന്റെ എഴുത്തുകൾ നെഞ്ചേറ്റിയ പ്രിയ കൂട്ടുകാരി നീനയുണ്ടായിരുന്നു..
” മാർഗരറ്റ്.. നമുക്കു നടക്കാം… ”
ഒാർമ്മകളിൽ നിന്നും തിരിഞ്ഞു നടക്കു മ്പോൾ പുറകിലെ ബാല്യകാലം തന്നെ നോക്കി കൊഞ്ഞനം കുത്തുന്നുണ്ടെന്നറിയാമെങ്കിലും അപ്പോഴും മനസ്സിൽ എഴുതാൻ കഴിയാതുഴലുന്ന ഒരു വേഴാമ്പൽ മഴ കാത്തിരിക്കുകയായിരുന്നു.
RELATED ARTICLES

Most Popular

Recent Comments