ആര്യ നായർ (Street Light fb group).
മഴയ്ക്കു ശക്തി കൂടുകയാണ്…മുറ്റം നിറഞ്ഞു കവിഞ്ഞു ചെമ്മണ്ണും ചാണകവും കലർന്ന വെള്ളം തൊടിയിലേക്കു ഒഴുകുന്നുണ്ട്.. പാവം അമ്മ എത്ര കഷ്ടപ്പെട്ടു ചാണകവും കരിയും ചേർന്നു മെഴുകിയതാണ്, അവനോർത്തു… വയ്യാത്ത കാലും വെച്ചു നിലത്തിരുന്നു കഷ്ടപ്പെടുമ്പോ ഞാൻ ചോദിച്ചതാണ് , ” അമ്മേ ഞാൻ തളിച്ചോട്ടേന്നു… ” അമ്മയതു സമ്മതിച്ചില്ല.. ഇളയതായോണ്ടാവണം ഒരിത്തിരി സ്നേഹക്കൂടുതൽ തന്നോടാണെന്ന് ഏട്ടൻമാരെപ്പോഴും പരിഭവം പറയാറുണ്ട്..എനിക്കു രണ്ടു ചേട്ടൻമാരുണ്ട്… രണ്ടാളും പാവമാണ് ട്ടോ.. ഞങ്ങൾക്ക് അമ്മയും അമ്മയ്ക്കു ഞങ്ങളൂം മാത്‌രേ ഉള്ളൂ.. ഇതു പോലൊരു തിമർത്തു പെയ്യുന്ന മഴയിൽ അച്ഛൻ ഇറങ്ങിപ്പോയതാണ്.. പാടവരമ്പിലൂടെ ഒാലത്തൊപ്പിയും വെച്ചു നടന്നു മറയുന്ന അച്ഛനിന്നു ഒരോർമ്മ മാത്രമാണ്… ഒാർമ്മകൾ മഴയ്ക്കു പിറകേ പായുകയാണ്..
” ഏട്ടൻമാരെ ഇനിയും കാണുന്നില്ലാലോ…”വയറെരിഞ്ഞു പുകയുന്നുണ്ട്… അമ്മയ്ക്കു വയ്യാതായതിൽ പിന്നെ കളത്തിൽ പണിക്കു പോകൽ നിന്നു..അതോടെ ആ വരുമാനം നിലച്ചു.. പിന്നെ രാവിലെ അടുത്ത വീട്ടിലെ പശുവിനു കൊടുക്കാനെന്നും പറഞ്ഞു കളപ്പുരേന്നു എടുത്തോണ്ടു വരുന്ന കപ്പത്തൊലി മണ്ണു കളഞ്ഞ് കഴുകി ഉപ്പിട്ടമ്മ വേവിച്ചു തരും .. അതും മധുരല്ലാത്തകട്ടൻ ചായേം എരിയുന്ന വിശപ്പിനൊരാശ്വാസം …ചിലപ്പോഴതും കിട്ടാതെ വരുമ്പോൾ പച്ച വെള്ളം മുക്കി കുടിക്കും..
ഇന്നുരാവിലെ ഒന്നും കിട്ടിയില്ല ..അതാണെന്നു തോന്നുന്നു ആകെ ഒരെരിപൊരി സഞ്ചാരം… അമ്മ എന്നും ചെമ്പിൽ വെള്ളം വയ്ക്കും അടുപ്പത്ത്… ചിലപ്പോഴതിൽ അമ്മയുടെ കണ്ണീരുപ്പാണ് വേവുക… ഇന്നു രാവിലെ പതിവൂ പോലെ ഒരു ചേട്ടൻ ഉപ്പില പറിച്ചു മീൻകാരനു കൊടുക്കാൻ പോയതാണ്…ഒരു കെട്ടിലയ്ക്കു കാലണ കിട്ടും… അല്ലെങ്കിൽ മീനു കിട്ടും..
മൂത്ത ചേട്ടൻ പഠിക്കുന്നുണ്ട്.. അതോണ്ട് പള്ളിക്കൂടത്തിലു ചോറു കൊണ്ടോണം… ചേട്ടന്റൊപ്പമുള്ളോരൊക്കെ ചോറാണ് പോലും തിന്ന്വാ .. ! അതോണ്ട് ചേട്ടൻ ആരെ കൂടെയും ഉണ്ണില്ലാത്രെ.. വീട്ടീന്നു കൊണ്ടാവാൻ ചിലപ്പൊ ഒന്നൂംണ്ടാവില്ല.. മറ്റു കുട്ട്യോളു കണാണ്ടിരിക്കാൻ കാലിപ്പാത്രവും എടുത്ത് ഉണ്ണാനെന്ന ഭാവത്തിൽ പറങ്കി മാത്തോട്ടത്തിൽ ചെന്നു മാങ്ങ ഇറുത്തു തിന്നും.. അമ്മേടടുത്ത് പറയുന്ന കേൾക്കുമ്പോൾ വിഷമം തോന്നും… ചേട്ടനു പഠിക്കാൻ വല്യ ഇഷ്ടാണ്… അതോണ്ടാണ് നാലു കിലോമീറ്റർ നടന്ന് ആ പള്ളിക്കൂടത്തീൽ പോണെ… ചെറിയ ചേട്ടൻ മണ്ടനാന്ന് അമ്മ എപ്പളും സ്നേഹത്തോടെ പറയും… വിഷമിച്ചാണ്… ചേട്ടനേം കൂടി പഠിപ്പിക്കാൻ കഴിവില്ലാത്തോണ്ട്… തനിക്കും ആഗ്രഹണ്ട് പഠിക്കാൻ..ന്നാൽ അമ്മയ്ക്ക് വയ്യാലോ…ചേട്ടൻ പഠിച്ചു വാദ്ധ്യാരായാൽ എല്ലാ വിഷമോം മാറുംന്ന് അമ്മ പറയും എപ്പോഴും…
” മോനേ … നീയൊന്നും കഴിച്ചില്ലാലോ…”
അമ്മ വിളിക്കുന്നു… ചാടിയെണീക്കാൻ നോക്കിയപ്പോൾ കൈയിലിരുന്ന വടി താഴെ പ്പോയി…
”അച്ഛാ.. പതിയെ… ” മകളാണ്… അവളുടെ കൈപിടിച്ചു അകത്തെ ഊണു മേശയിലേക്കു നടക്കുമ്പോൾ എവിടെ നിന്നോ കപ്പത്തൊലി വെന്ത മണം പരക്കുന്നുണ്ടായിരുന്നു….