അജിത്.എൻ.കെ – ആനാരി. (Street Light fb group)
ഒരു പക്ഷി കൂടെപ്പറന്നകന്നൂ കൂട്ടിലൊരു-
നേർത്തരോദനംബാക്കിയാക്കീ
ചിരിവറ്റിച്ചിറകും തളർന്നിരിക്കും കൂട്ടിലി-
ണയായവൾ മൂകശോകമായീ
ഇനിയില്ല കൂട്ടിലായ് ഉയിരായവൻ
ഇരുളായി കൂട്ടിന്ന് ശിഷ്ടകാലം
പിടയുന്ന നെഞ്ചിലെ വ്യഥമറക്കാനിനി
എളുതല്ല ജീവിതം സരളമല്ല!
ഇനിയും പറക്കാൻ പഠിക്കാത്ത കുഞ്ഞുങ്ങ-
ളരികത്ത് കണ്ണുനീർ തൂകിയുണ്ട്
അവരാർത്തരാകാതെ കൂടെയിരിക്കുവാൻ
കനിവേകുമോ കാലമിനിയെങ്കിലും?
ചുമലിലേറ്റീടണം നുകമൊന്ന് വഹിയാതെ
എറിയുവാനാവില്ല പഴുതുമില്ലാ,
ചുടുനെടുവീർപ്പിന്നുസ്ഥാനമില്ല കണ്ണു
നനയുന്നതാരാരുമില്ല കാണാൻ
അകലെയല്ലാതെയിരിക്കും കഴുകുകൾ
തലനീട്ടിയെത്തിത്തുറിച്ചു നോക്കും
ചെറുതെങ്കിലും ചിറകിനടിയിലൊളിക്കുന്ന
ചകിത കുഞ്ഞുങ്ങൾക്കു കാവലില്ലാ
ഇരതേടണം പകലിലകലത്തു പോകാതെ
മിഴിദൂരമകലത്ത് ദുരിതമല്ലേ
ഇതു ജീവിതത്തിന്റെ ദുരിതപർവ്വം ധൈര്യ-
മൊരുപാടുവേണ്ടുന്ന സഹനപർവ്വം
ആർത്തനാദങ്ങൾ ചിലമ്പിച്ചു നേർത്തുപോം
തേങ്ങലായ് താനെനിലച്ചു പോകാം
ഇനിയാണ് ജിവിതസമരസന്ദേഹത്തെ-
യെതിരിട്ടു നീങ്ങേണ്ട വിഷമകാലം!
ഇതു കുങ്കുമപ്പൊട്ടു മായ്ച്ചകാലത്തിന്റെ
കരുണയില്ലാത്തതാം ക്രൂര ഭാവം !
ഇനിയാണു കണ്ണുകൾ ശുഭ്രവസ്ത്രത്തിന്റെ
ശുഭ്രതയ്ക്കാർത്തിടും കദനകാലം.