Sunday, November 24, 2024
HomeSTORIESഒരു കുഞ്ഞുമാലാഖ (അമ്മൂട്ടി). (കഥ)

ഒരു കുഞ്ഞുമാലാഖ (അമ്മൂട്ടി). (കഥ)

അനീഷ്‌ അമ്പാടി. (Street Light fb group)
സ്കൂൾ വിട്ടു വന്നപാടെ കുപ്പായംപോലും മാറാതെ
അമ്മൂട്ടി അടുക്കളയിലേക്കോടിച്ചെന്നു
അമ്മെ കെട്ടിപിടിച്ചു പറഞ്ഞു
ഞാനിനി ആ സ്കൂളിൽ പോകുന്നില്ലമ്മേ…
ഒന്നു മൂളിക്കൊണ്ടു അമ്മ ചോദിച്ചു
ന്തേ, എന്തുപറ്റി ? ?
അമ്മേ ആ കുട്ടി ഇന്നും പറഞ്ഞല്ലോ
അമ്മയല്ലാ ന്റെ ശരിക്കുള്ള ആമ്മേന്ന്…
വല്ല കുട്ട്യോളും ന്തേലും പറഞ്ഞാൽ നീയെന്തിനാ കേൾക്കാൻ നിക്കണേ..
അതൊക്കെ ന്റെ മോളെ പറ്റിക്കാൻ പറയുന്നതല്ലേ
അല്ല അമ്മേ…
ഏയ്‌ മോളു പോയി കുളിക്ക് സ്കൂളിന് വന്നതല്ലേ
ദേ ഉടുപ്പെല്ലാം നോക്കിക്കേ അപ്പടി പൊടിയും മണ്ണുമാ, അപ്പോഴേക്കും അമ്മ ചായേം ദോശേം എടുത്തു വെക്കാം
അമ്മേട നല്ല കുട്ടിയല്ലേ വേഗം പോയി കുളിച്ചു വന്നേ…
അമ്മയുടെ ആശ്വാസവാക്കുകൾക്കു മേലെ ആയിരുന്നു അവളുടെ സംശയം എന്നാലും അനുസരണയുള്ള കുട്ടിയെപ്പോലെ അവൾ ബാത്ത്റൂമിലേക്ക്‌ പോയി
അന്നേരം കൊണ്ടു അമ്മ മൊബൈലെടുത്തു ക്ലാസ്സ്ടീച്ചറെ വിളിച്ചു
ടീച്ചറെ ഞാൻ 4th Bൽ പഠിക്കുന്ന അക്ഷരയുടെ അമ്മയാണ്,
“ഇനി ഞാനെന്റെ മോളെ
ആ സ്കൂളിലേക്ക് വിടുന്നില്ല”,
നല്ല വിഷമത്തോടെ അമ്മ ടീച്ചറിനോട് പറഞ്ഞു
എന്താ,
എന്തുപറ്റിയപ്പോൾ ഇങ്ങനെ തോന്നാൻ ? ? ? ടീച്ചർ ചോദിച്ചു
ഇല്ല ടീച്ചറേ കുട്ടികൾ അവളോട്‌ അന്നത്തേതുപോലെ പിന്നേയും പറഞ്ഞു വേദനിപ്പിച്ചു.
ന്റെ കുട്ടി ആകെ വിഷമിച്ചു എന്നെ കെട്ടിപ്പിടിച്ചു വീണ്ടും വീണ്ടും അതേ ചോദ്യം അവർത്തിക്കുവാണ്,
അവളുടെ ആ സംശയത്തിന് മുന്നിൽ ഞാൻ പലപ്പോഴും പതറിപ്പോകുന്നു….
ഒരുവിധത്തിൽ ടീച്ചർ അമ്മയെ സമാധാനിപ്പിച്ചു ഒടുവിൽ ടീച്ചർ കൂട്ടിച്ചേർത്തു,
നാളെ എന്തായാലും മോളെ സ്കൂളിലേക്ക് പറഞ്ഞു വിടൂ ഞാനൊന്നു സംസാരിക്കട്ടെ
പരിപൂർണ തൃപ്തയല്ലെങ്കിലും അമ്മ നന്ദി പറഞ്ഞു കാൾ കട്ട് ചെയ്തു
അപ്പോഴേക്കും അമ്മൂട്ടി കുളിയൊക്കെ കഴിഞ്ഞു എത്തിയിരുന്നു.
അമ്മൂട്ടിയെ ചിരിപ്പിക്കാൻ കയ്യിൽ കരുതിയിരുന്ന കള്ളകഥകളിൽ ഒരെണ്ണം ചികഞ്ഞെടുത്തു, അവളെ പറഞ്ഞുകേൾപ്പിച്ചു പാത്രത്തിലുണ്ടായിരുന്ന ദോശയും ചായയും ഒരു വിധത്തിൽ അകത്താക്കിച്ചു.
അല്ലേലും ഭക്ഷണം കഴിക്കാൻ അവൾക്ക് വല്യ മടിയാണ്.
അങ്ങനെ കളിയും ചിരിയുമൊക്കെയായി ആ ദിവസം കടന്നുപോയി.
പിറ്റേന്ന് രാവിലെയൊന്നു മടിച്ചെങ്കിലും അമ്മ ഒരു നുണകഥയൊക്കെ തട്ടിവിട്ടു അമ്മൂട്ടിയെ സ്കൂളിലേക്ക് പറഞ്ഞുവിട്ടു.
അങ്ങനെ ക്ലാസ്സ്‌ തുടെങ്ങാനുള്ള ബെല്ലടിച്ചു, ക്ലാസ്സ്‌ടീച്ചർ വന്നു ഓരോരുത്തരുടെയും പേര് വിളിച്ചു അറ്റെൻറ്റൻസ് മാർക്ക്‌ ചെയ്തു.
അമ്മൂട്ടിയുടെ പേര് വിളിച്ചപ്പോൾമാത്രം അവളറിയാതെ, ടീച്ചർ അവളുടെ മുഖമൊന്നു ശ്രദ്ധിച്ചു.
അങ്ങനെ പഠിച്ചും സൊറപറഞ്ഞും ചിരിച്ചും കളിച്ചുമൊക്കെ ആ പീരീഡ്‌ കഴിഞ്ഞു.
അങ്ങനെ രണ്ടു പീരിഡുകൾ കടന്നുപോയി
അടുത്ത പീരീഡ്‌ ഡ്രിൽ ക്ലാസ്സാണ് പുറത്തു ചാറ്റൽ മഴ പെയ്യുന്നത് കാരണം കുട്ടികളെ ഗ്രൗണ്ടിൽ കൊണ്ടു പോകാൻ പറ്റില്ലെന്ന് പീ.റ്റി. മാഷ് വന്നറിയിച്ചു പകരം കണക്കു ടീച്ചർ ക്ലാസ്സിലേക്ക് വന്നു.
കുറച്ചു കഴിഞ്ഞപ്പോൾ അമ്മൂട്ടിയുടെ ക്ലാസ്സ്‌ടീച്ചർ അവിടേക്ക് വന്നു കണക്കുടീച്ചറോടു അനുവാദം വാങ്ങി ക്ലാസ്സിനുള്ളിലേക്കു കയറി,
“എനിക്കിവിടെ ഒരു മോളുണ്ടല്ലോ, എവിടെ എന്റെ മോളു”,
എല്ലാകുട്ടികളെയും വട്ടംചുറ്റി നോക്കികൊണ്ട്‌ ടീച്ചർ ഉച്ചത്തിൽ ചോദിച്ചു…
വാത്സല്യവും സ്നേഹവും തുളുമ്പുന്ന ആ ചോദ്യത്തിന് മുന്നിൽ എല്ലാപേരും ആകാംഷയോടെ ഇരുന്നു.
അങ്ങനെ ടീച്ചർ പതിയെ അമ്മൂട്ടിയുടെ കൈ പിടിച്ചു ക്ലാസ്സിന്റെ നടുക്കളത്തിലേക്കു കൂട്ടികൊണ്ടു വന്നു.
എന്നിട്ട് എല്ലാപേരും കേൾക്കെ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു….
ഇതാണ് എന്റെ മോള്, എന്റെ അമ്മൂട്ടി….
“ആഹ്, മോളൊക്കെ ആയികോട്ടെ,”പക്ഷെ,
കണക്കു പഠിക്കുന്ന കാര്യത്തിൽ ടീച്ചറിന്റെ മോള് പിന്നിലോട്ടാണ്.”
ഒരു ചെറിയ ചിരിയോടെ വാതിലോട് ചേർന്ന ചുമരിൽ ചാരിനിന്നുകൊണ്ടു സുമടീച്ചർ പറഞ്ഞു
ആണോ മോളെ, എന്റെ മോള് നല്ല കുട്ടിയാ അവള് പഠിച്ചോളും അല്ലേ അമ്മൂട്ടി…ടീച്ചർ ചോദിച്ചു
ഉം, ഒരു കള്ളചിരിയോടെ അവൾ മൂളി
ഇനിയിവിടെ ആർക്കെങ്കിലും സംശയമുണ്ടോ ഇതാണെന്റെ മോള്
എല്ലാപേരും കണ്ടോളൂ….
അമ്മൂട്ടിയോടു ടീച്ചർ ചോദിച്ചൂ,
മോളോട് ആരാ അങ്ങനൊക്കെ പറഞ്ഞേ….
അമ്മൂട്ടി എല്ലാരുടെയും മോളാണ്..
ദേ നിൽക്കുന്ന ആ ടീച്ചറുടെ….
അമ്മൂട്ടിക്കു ചിത്രങ്ങൾ വരച്ചു തരുന്ന ചേട്ടന്റെ…
കഥകൾ പറഞ്ഞു തരുന്ന അമ്മായീടെ…
എന്നും കറുമ്പിപ്പയ്യിനെ കറക്കാൻ വരുന്ന കിങ്ങിണി അപ്പൂപ്പന്റെയും,
എന്റേയും അങ്ങനെ അമ്മൂട്ടിയെ ഒത്തിരി സ്നേഹിക്കുന്ന എല്ലാരുടെയും മോളാണ്….
അപ്പോൾ പിന്നെന്തിനാ കുട്ടിയോള് എന്തേലും പറ്റിക്കാൻ പറഞ്ഞു തരുന്നത് കേട്ടു മോള് വിഷമിക്കുന്നത്. ഇനിയാര് അങ്ങെനെ പറഞ്ഞാലും മോള് ഇത്‌ പറഞ്ഞു കൊടുത്തേക്കണം കേട്ടോ…
ഇപ്പോൾ മോളുടെ സംശയമൊക്കെ മാറിയോ,
ഇനി നല്ല കുട്ടിയായി ടീച്ചർക്കൊരു ഉമ്മ തന്നെ….
അപ്പോഴവളുടെ കണ്ണുകളിലെ തിളക്കം കത്തി നിന്ന സൂര്യനോളം ആയിരുന്നു. അമ്മൂട്ടിക്കു ഒത്തിരി സന്തോഷായി
ടീച്ചർ ചോദിച്ചു നമ്മളൊക്കെ ആരുടെ മക്കളാണ്…?
അച്ഛന്റെയും അമ്മയുടെയും…
എല്ലാപേരും ഒരേ സ്വരത്തിൽ പറഞ്ഞു
ടീച്ചർ വീണ്ടും ചോദിച്ചു, അച്ഛനമ്മമാർ ആരുടെ മക്കളാണ്…?
അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും….
ടീച്ചർ പിന്നേം ചോദിച്ചൂ……അപ്പൂപ്പനും അമ്മൂമ്മേം ആരുടെ മക്കളാണ്…?
അവരുടെ അച്ഛനമ്മമാരുടെ….
എന്നാൽ അവർ ആരുടെ മക്കളാണ്…?
ടീച്ചർ ചോദ്യം ആവർത്തിച്ചൂ
എല്ലാപേരും ഒരു നിമിഷം മൗനമായി
വേഗം പറയൂ, അവർ ആരുടെ മക്കളാണ്
ഒരു നിമിഷംകൊണ്ട് കാർമേഘം ആകാശത്തെ വിഴുങ്ങിയപോലെ ആ കുരുന്നുകൾക്കിടയിൽ മൗനവും ഉത്ഖണ്ഠയും കൊണ്ടു നിറഞ്ഞു..
ടീച്ചർ ചോദിച്ചു ആകാശത്തിന്റെ മക്കളെ നിങ്ങൾ കണ്ടിട്ടുണ്ടോ….?
ഇല്ലാ…
രാത്രിയിൽ നക്ഷത്രങ്ങളെ കണ്ടിട്ടുണ്ടോ..
ഉണ്ട് ടീച്ചർ…അവർ ഒരേ സ്വരത്തിൽ പറഞ്ഞു
അപ്പോൾ ആ നക്ഷത്രങ്ങളാണ് ആകാശത്തിന്റെ മക്കൾ,
ഇനി നിങ്ങൾ ഭൂമിയുടെ മക്കളെ കണ്ടിട്ടുണ്ടോ…?
ഒരു മിടുക്കൻ ചാടിയെണീറ്റു പറഞ്ഞു,
മനുഷ്യർ അല്ലേ ടീച്ചറേ….
അതെ മിടുക്കൻ
ഭൂമിയിലെ മാലാഖമാരെ കണ്ടിട്ടുണ്ടോ…?
ഇല്ലാ..
നിങ്ങളല്ലേ ഭൂമിയിലെ മാലാഖകുട്ടികൾ…
ഓരോ നക്ഷത്രവും ആകാശത്തു നിന്നു പൊഴിഞ്ഞു ഭൂമിയിൽ വീണു കുഞ്ഞു മാലാഖകളായി ജനിക്കും.
അങ്ങനെ ജനിക്കുന്ന മാലാഖകുട്ടികളാണ് ഇപ്പൊ എന്റെ മുന്നിലിക്കുന്ന ഈ ചുന്ദരിക്കുട്ടികൾ….
ഇപ്പോൾ മനസ്സിലായോ…
അപ്പോൾ നമ്മുടെ ശരിക്കുള്ള അച്ഛനും ആംനെയുമൊക്കെ ആരാ…?
ആകാശവും ഭൂമിയും….
അപ്പോഴേക്കും ബെല്ലടിച്ചു, ടീച്ചറിന്റെ പുതിയ നുണക്കഥയിൽ മനസ്സുറപ്പിച്ചു ആ കുരുന്നുകൾ അവരുടെ കൊച്ചു ഭവാനലോകത്തേക്കു പോയി…..
അങ്ങനെ വൈകുന്നേരം സ്കൂൾവിട്ടു അമ്മൂട്ടി വീട്ടിലെത്തി, ബാഗുപോലും ഊരിവെക്കാതെ തയ്യൽ മെഷീനിൽ തയ്ക്കുവായിരുന്ന അമ്മേട അടുത്തേക്ക് ഓടിചെന്നു….
അമ്മേ, അമ്മേട അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും അച്ഛനും അമ്മയും ആരാ….?
ങേ, അമ്മ ചോദ്യം കേട്ടൊന്നു പരുങ്ങി..
ഇന്നെന്തു പുലിവാലാണോ…
അതു മോളെ…..
ഈ അമ്മക്ക് ഒരു പിണ്ണാക്കും അറിയില്ല…
എന്നാൽ മോള് പറഞ്ഞേ..
അതിനെന്താ, ആകാശവും ഭൂമിയും,
അമ്മേ ഈ നക്ഷത്രങ്ങൾ ഭൂമിയിൽ പൊഴിഞ്ഞുവീണു ജനിക്കുന്ന മാലാഖാമാരാ നമ്മൾ,
അപ്പോൾപിന്നെ നമ്മുടെ അച്ഛനും അമ്മയും അവരല്ലേ…
ഈ അമ്മ പൊട്ടിയ, ഒന്നും അറിയത്തില്ല
അതും പറഞ്ഞവൾ റൂമിലേക്ക്‌ പോയി
അമ്മയാകെ ഷോക്കടിച്ചപോലെയായി
കാര്യമില്ലാത്ത കഥയാണേലും ഒരുനിമിഷം അറിയാതെ അമ്മയും ചിന്തിച്ചുപോയി
ഇനിയിപ്പോൾ ശരിക്കും നമ്മൾ
ആകാശത്തിന്റെയും ഭൂമിയുടെയും മക്കളാണോ………. ? ? ? ?

 

RELATED ARTICLES

Most Popular

Recent Comments