പാര്‍ട്ട് 1.
അജിന സന്തോഷ്. (Street Light fb group)
വെെദേഹി … അവള്‍ ഒരു ഉത്തമ കുടുംബിനിയായിരുന്നു..
രാമായണത്തിലെ വെെദേഹിയെ പോലെ മനോഹരിയും..
ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു അവളുടെ ഭര്‍ത്താവ് മനീഷ്.. രണ്ടു മാലാഖ കുഞ്ഞുങ്ങളും പിന്നെ അമ്മയും അടങ്ങുന്ന സന്തുഷ്ട കുടുംബം..
വിധി ഒരു ബെെക്ക് ആക്സിഡന്‍റിന്‍റെ രൂപത്തില്‍ വന്ന് അവളുടെ സ്വപ്നങ്ങളും അതോടൊപ്പം സീമന്തരേഖയിലെ സിന്ദൂരവും അകാലത്തില്‍ മായ്ച്ചു കളഞ്ഞു..
വിധി വിളയാട്ടത്തില്‍ മനീഷിനെ നഷ്ടപ്പെട്ട വെെദേഹി ആകെ തകര്‍ന്നു പോയി.. തന്‍റെ ജീവിതം ഇരുട്ടിലായതു പോലെ അവള്‍ക്ക് തോന്നി.. മുന്നോട്ട് പോകാന്‍ ഒരു കെെത്തിരി വെട്ടം പോലും കാണുന്നില്ല.. സ്വന്തം കൂടപ്പിറപ്പുകളോ മനീഷിന്‍റെ ബന്ധുക്കളോ സഹായിക്കാനായി വന്നില്ല..
താനും മക്കളും ഒരു ബാധ്യതയാകും എന്നറിയാവുന്നതു കൊണ്ടാണ് ആരും വരാത്തത് എന്നു അവള്‍ക്ക് മനസ്സിലായി..
തന്‍റെ വിവാഹശേഷം അമ്മയെ തന്‍റെ കൂടെ വിട്ടിട്ട് സൂത്രത്തില്‍ രക്ഷപ്പെട്ടവരാണല്ലോ സ്വന്തം കൂടപ്പിറപ്പുകള്‍.. തന്‍റെ അമ്മ മനീഷേട്ടനും സ്വന്തം അമ്മ തന്നെയായിരുന്നു.. അതുകൊണ്ട് ഒരു കുറവും വരുത്തിയിരുന്നില്ല.. ഇനിയിപ്പോള്‍ അമ്മയുടെയും പറക്കമുറ്റാത്ത രണ്ടു കുഞ്ഞുങ്ങളുടെയും ഗതിയെന്താവും..
താന്‍ ഒറ്റയ്ക്ക് ആയിരുന്നെങ്കില്‍ മനീഷേട്ടന്‍റെ അടുത്തേക്ക് പോകാമായിരുന്നു..
പാവം മനീഷേട്ടന്‍.. എന്തൊരു സ്നേഹമായിരുന്നു.. ഒരുപാട് കാലം അത് അനുഭവിക്കാനുള്ള യോഗമില്ലാതെ പോയല്ലോ തനിക്ക്..
ഒാരോന്നോര്‍ത്തപ്പോള്‍ വെെദേഹിയ്ക്ക് സങ്കടം സഹിക്കാനായില്ല.. അവള്‍ നെഞ്ചുപൊട്ടി കരഞ്ഞു..
എത്ര നേരം അങ്ങനെ കിടന്നു കരഞ്ഞു എന്നറിയില്ല..
”അമ്മേ വിശക്കുന്നൂ” .. എന്ന കുഞ്ഞുങ്ങളുടെ ശബ്ദം കേട്ട് അവള്‍ ഞെട്ടിയെഴുന്നേറ്റു.
കണ്ണു തുടച്ച് അടുക്കളയിലേക്ക് നടന്നു..
അവിടെ അമ്മ കഞ്ഞിയുണ്ടാക്കുന്നുണ്ടായിരുന്നു..
”മോളെ, അരിയും സാധനങ്ങളുമൊക്കെ തീരാറായി.. ഇനി നമ്മള്‍ എന്താ ചെയ്യാ?”
അമ്മ അവളെ നോക്കി പറഞ്ഞു..
”എന്തെങ്കിലും വഴിയുണ്ടാകും അമ്മ വിഷമിക്കരുത്”..
അമ്മയോട് അങ്ങനെ പറഞ്ഞെങ്കിലും എന്താണൊരു പോംവഴി എന്നതിനെ കുറിച്ച് അവള്‍ക്ക് ഒരു രൂപവും ഇല്ലായിരുന്നു..
ഇനിയും ഇവിടെ ചടഞ്ഞുകൂടിയിരുന്നിട്ട് കാര്യമൊന്നുമില്ല.. യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെട്ടേ പറ്റൂ.. എന്തെങ്കിലും ഒരു ജോലി നേടണം അല്ലെങ്കില്‍ തന്‍റെ പിഞ്ചു മക്കളും അമ്മയും പട്ടിണിയാകും..
അവള്‍ പത്രമെടുത്ത് ജോബ് വേക്കന്‍സി പരസ്യം കൊടുത്തിട്ടുള്ള പേജ് അരിച്ചു പെറുക്കി നോക്കി..
ടൗണിലുള്ള രണ്ടു സ്ഥാപനങ്ങളില്‍ നാളെ ഇന്‍റര്‍വ്യൂ ഉണ്ട്.. രണ്ടിടത്തും പോയി നോക്കാം..
അവള്‍ മനസ്സില്‍ തീരുമാനിച്ചു..
വെെദേഹി രാവിലെ എഴുന്നേറ്റ് കുളിച്ചു റെഡിയായി.. അമ്മയുടെ അനുഗ്രഹവും വാങ്ങി വീട്ടില്‍ നിന്നിറങ്ങി..
ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോള്‍ പല കണ്ണുകളും തന്നെ തുറിച്ചു നോക്കുന്നത് അവളറിഞ്ഞു..
”കെട്ട്യോന്‍ ചത്തിട്ട് പത്തു ദിവസം കഴിഞ്ഞതേയുള്ളു.. അപ്പോഴേക്കും അവളു പുറത്തോട്ടിറങ്ങി”..
എന്നും പറഞ്ഞു ചിലര്‍ മൂക്കത്ത് വിരലുവെച്ചതും അവള്‍ കണ്ടു..
പക്ഷേ ഒന്നും അവള്‍ കാര്യമാക്കിയില്ല..
അവളുടെ മനസ്സില്‍ ഒരേയൊരു ലകഷ്യം മാത്രമേയുണ്ടായിരുന്നുള്ളു..
ഒരു ജോലി നേടി മക്കളെ പട്ടിണിയില്ലാതെ വളര്‍ത്തുക..
അവള്‍ വേഗം ബസില്‍ കയറി ടൗണിലെത്തി..
ഇന്‍റര്‍വ്യൂ നടക്കുന്ന സ്ഥാപനം കണ്ടു പിടിച്ചു.. അവിടെ കുറേ പേര്‍ ഇന്‍റര്‍വ്യൂവിനായി എത്തിയിട്ടുണ്ട്.. ആകെ ഒരു ഒഴിവു മാത്രമേയുള്ളു..
എങ്കിലും അവള്‍ പ്രതീക്ഷ കെെവിട്ടില്ല..
അവിടെ ഇരിക്കുന്ന ഉദ്യോഗാര്‍ത്ഥികളുടെ കൂട്ടത്തില്‍ അവളും സ്ഥാനം പിടിച്ചു..
അവസാനം അവളുടെ ഊഴമെത്തി..
അവളെ എം ഡിയുടെ കാബിനിലേക്ക് വിളിപ്പിച്ചു..
”ഗുഡ് മോണിംഗ് സര്‍”
അവള്‍ വിഷ് ചെയ്തു..
ഗുഡ് മോണിംഗ്.. പ്ളീസ് ബീ സീറ്റഡ്..”
അയാള്‍ അവളുടെ മുഖത്തേക്ക് നോക്കി.
എവിടെയോ കണ്ടു മറന്ന പോലെ.. തനിക്ക് തോന്നിയതാവും.. അവള്‍ മനസ്സിനെ അടക്കി..
”വെെദേഹി.. അല്ലേ”
അയാള്‍ ബയോഡാറ്റ നോക്കികൊണ്ടു ചോദിച്ചു..
അവള്‍ അതെ എന്ന അര്‍ത്ഥത്തില്‍ തലയാട്ടി..
”എന്നെ മനസ്സിലായോ”?
ഇത്തവണ ചോദ്യം ചിരിച്ചു കൊണ്ടായിരുന്നു..
”എവിടെയോ കണ്ടതു പോലെ തോന്നുന്നുണ്ട്.. പക്ഷേ ഓര്‍മ്മ കിട്ടുന്നില്ല..”
അവള്‍ പറഞ്ഞു..
”ഞാന്‍ സൂരജ്.. കോളേജില്‍ വെെദേഹി എന്‍റെ ക്ളാസ്മേറ്റ് ആയിരുന്നു..”
”ഈശ്വരാ .. സൂരജ്.. ”
”സൂരജ് ആളാകെ മാറിപ്പോയി അതാ എനിക്ക് മനസ്സിലാകാതിരുന്നത്”..
”കുറേ വര്‍ഷങ്ങള്‍ക്ക് ശേഷം കാണുന്നതല്ലേ..കോളേജ് വിട്ടതിനു ശേഷം കണ്ടിട്ടേയില്ലല്ലോ.. പക്ഷേ നിന്നെ കണ്ടപ്പോള്‍ത്തന്നെ എനിക്ക് തിരിച്ചറിയാന്‍ പറ്റി”..
”നിന്‍റെ വിശേഷങ്ങളൊക്കെ പറ..കേള്‍ക്കട്ടെ”
സൂരജ് പറഞ്ഞു..
”ഞാനിവിടെ ഇന്‍റര്‍വ്യൂന് വന്നതാണ്”..
വെെദേഹി സങ്കോചത്തോടെ പറഞ്ഞു..
”അതൊക്കെ എനിക്കറിയാം.. ഇത് എന്‍റെ സ്വന്തം സ്ഥാപനമാണ്.. ജോലി തരണോ വേണ്ടയോ എന്നു ഞാന്‍ തീരുമാനിക്കും..”
സൂരജ് ഗൗരവത്തിലായി..
വെെദേഹിക്ക് ആശങ്കയായി..
ഈ ജോലി തനിക്ക് കിട്ടാതിരിക്കുമോ?
”പറയെടോ.. എല്ലാം പറ.. കുടുംബം കുട്ടികള്‍..”
സൂരജ് വീണ്ടും ചോദിച്ചു..
കുടുംബത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ വെെദേഹിക്ക് സങ്കടം അടക്കാനായില്ല..
അവള്‍ നടന്നതൊക്കെ അവനെ അറിയിച്ചു.. എല്ലാം പറഞ്ഞു കഴിഞ്ഞപ്പോള്‍ അവളുടെ കണ്ണില്‍ നിന്ന് കണ്ണുനീര്‍ ധാരയായി ഒഴുകി..
അവളുടെ കഥ കേട്ടപ്പോള്‍ സൂരജിനു വിഷമം തോന്നി..
”സാരമില്ല,, അനുഭവിക്കാനുള്ളത് അനുഭവിച്ചല്ലേ പറ്റൂ.. നീ വിഷമിക്കരുത്..
നാളെത്തന്നെ ജോലിക്ക് ജോയ്ന്‍ ചെയ്തോളൂ… ”
അവന്‍ അവളെ ആശ്വസിപ്പിച്ചു..
സങ്കടത്തിനിടയിലും അവന്‍റെ വാക്കുകള്‍ അവള്‍ക്ക് ആശ്വാസമേകി..
ജോലി കിട്ടിയില്ലോ…
” വളരെ നന്ദി”..
അവള്‍ അവന്‍റെ നേര്‍ക്ക് കെെകള്‍ കൂപ്പി..
”നീ എന്താ ഈ പറയുന്നത്.. എന്‍റെ ക്ളാസ്മേറ്റിന് ഒരു കഷ്ടകാലം വരുമ്പോള്‍ സഹായിക്കേണ്ടത് എന്‍റെ കടമയല്ലേ..അല്ലെങ്കില്‍ പിന്നെ സൗഹൃദത്തിന് എന്താ അര്‍ത്ഥം..
എന്തു സഹായത്തിനും ഞാനുണ്ടാവും കൂടെ.. നീ ഒന്നുകൊണ്ടും വിഷമിക്കരുത്..”
വെെദേഹിക്ക് മനസ്സിന്‍റെ ഭാരം കുറേ കുറഞ്ഞതുപോലെ തോന്നി.. നിലയില്ലാ കയത്തില്‍ ആണ്ടു പോകേണ്ടിയിരുന്ന തനിക്ക് പിടിച്ചു നില്‍ക്കാന്‍ ഒരു കച്ചിത്തുരുമ്പായി ദെെവം പഴയ ക്ളാസ്മേറ്റിനെത്തന്നെ മുന്നിലെത്തിച്ചല്ലോ.. തന്‍റെ മക്കളെ നല്ലരീതിയില്‍ വളര്‍ത്താന്‍ ഈ ജോലി കൊണ്ട് സാധിക്കും.. തനിക്ക് അതു മതി.. അതു മാത്രം മതി..
”എങ്കില്‍ ഞാന്‍ പോയിട്ട് നാളെ വരാം”..
അവള്‍ എഴുന്നേറ്റു.
”ശരി.. ഞാന്‍ നിന്നെ വീട്ടില്‍ വിടാം.. എനിക്ക് നിന്‍റെ മക്കളെ കാണണം.. അമ്മയേയും.”
സൂരജ് കാറിന്‍റെ കീ എടുത്ത് കൊണ്ട് അവളോടൊപ്പം പുറത്തേക്ക് നടന്നു…
(തുടരും)