Thursday, November 28, 2024
HomeSportsപുസ്തകങ്ങൾ പറഞ്ഞത് (ചെറുകഥ).

പുസ്തകങ്ങൾ പറഞ്ഞത് (ചെറുകഥ).

പുസ്തകങ്ങൾ പറഞ്ഞത് (ചെറുകഥ).

അനിൽ ജിത്ത്.
“നിങ്ങൾ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് എന്താണ്?
“സ്നേഹം..
സമ്പത്ത്?
അംഗീകാരം,
സമയം…?
അതോ മറ്റെന്തെങ്കിലുമാണോ?” വായിച്ചു കൊണ്ടിരുന്ന
പുസ്തകം  ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി..
അവ മനസ്സിൽ ഉടക്കി നിന്നെങ്കിലും 
വീണ്ടും വായന തുടർന്നു.
“ഇന്നുവരെ ഈ ചോദ്യം നിങ്ങൾ സ്വയം ചോദിച്ചിട്ടുണ്ടോ?”
അടുത്ത ചോദ്യവുമെത്തി..
“ഇല്ലെന്നാണ്  ഉത്തരമെങ്കിൽ ഒരിക്കലെങ്കിലും സ്വയം ചോദിച്ചു നോക്കൂ.!!”
 പുസ്തകം അടച്ചു വെച്ചെങ്കിലും ചോദ്യങ്ങൾ  മനസ്സിലേക്കൊരു കനൽ വലിച്ചെറിഞ്ഞു.മനസ്സിൽ വീണ 
കനൽ എരിഞ്ഞു തീയായി.
തീനാളങ്ങൾ ചിന്തകൾക്ക് ചൂടു പകർന്നു.
പൊള്ളുന്ന ചിന്തകൾ.
“സ്നേഹം,സമ്പത്ത്,അംഗീകാരം,സമയം.. ഇതെല്ലാം ആഗ്രഹിക്കേണ്ടതല്ലേ?
ഒന്ന് മറ്റൊന്നിനോടു പൂരകമല്ലേ??
ഇവയെല്ലാം ആഗ്രഹിക്കുന്നത് തെറ്റാണോ?”
ചോദ്യം ഉള്ളിൽ കൊളുത്തി വലിക്കാൻ തുടങ്ങി.
“കടലാഴമുള്ള സ്നേഹത്തിനു വേണ്ടി താൻ കൊതിക്കുന്നില്ലേ?
സമ്പത്തിനു വേണ്ടി അലഞ്ഞില്ലേ?..
“പ്രീയപ്പെട്ടവരുടെ അംഗീകാരത്തിനായി കാത്തുനിന്നില്ലേ?” സ്വയം ചോദിച്ചു.
“ആഗ്രഹങ്ങൾക്ക് അടിമപ്പെടുന്നത് വിഡ്ഢിത്തമാണ്..നിത്യതയില്ലാത്ത നിൻെറ ഭൗമജീവിതത്തിൽ ആഗ്രഹങ്ങളെന്തിനാണ്!!!എതോ പുസ്തകം വിളിച്ചു ചോദിച്ചു.
വെറുതെ കണ്ണാടിയിലേക്കു കണ്ണെറിയുമ്പോൾ പ്രതിരൂപം വിളിച്ചു പറഞ്ഞു..
“നേട്ടങ്ങളില്ലാത്തവൻ…!!!
വായിക്കപ്പെടാത്തവൻ..!!!”
“സമയത്തിന്റെ പരിണാമത്തിൽ മുടി കൊഴിയാനും,താടിരോമങ്ങൾ നരക്കാനും തുടങ്ങിയിരിക്കുന്നു..യൗവ്വനം കടന്നുപോകുന്നു.. സമയത്തിന്റെ വില അറിയാതെ പോയ ജീവിതം..!!
 ഇനിയും സമയം കാത്തു നിൽക്കണമെന്ന് താൻ ആഗ്രഹിക്കുന്നില്ലേ?”
ചിന്തകൾ കനക്കാൻ തുടങ്ങി.ഒപ്പം
താടിരോമങ്ങൾ ലാളിക്കപ്പെടാനും..
ഇടയ്ക്ക് വീണ്ടും കണ്ണാടിയിൽ നോക്കി.
കണ്ണുകൾ ചുവന്നിരിക്കുന്നു…
“കണ്ണുകളിലേക്കു നീളുന്ന നാഡിവ്യൂഹത്തിൽ രക്തം സമ്മർദ്ദപ്പെട്ടുകാണും…”  വൈദ്യശാസ്ത്ര പുസ്തകം വിളിച്ചു പറഞ്ഞു.
രാവിലെ കഴിക്കാൻ മറന്ന ഗുളിക ഇപ്പോൾ ഓർമ്മകളിലേക്ക് ഓടിയെത്തുന്നു.
ഗുളിക കഴിച്ച് കഴിഞ്ഞപ്പോൾ ഓർത്തു.
“ഇനിയും ജീവിക്കാനുളള ആഗ്രഹമാണല്ലോ തന്നേക്കൊണ്ട് ഇത് കഴിപ്പിക്കുന്നത്.”അയാൾ നെടുവീർപ്പിട്ടു.
“വിധി…”ഏതോ പുസ്തകം അയാളെ പഴിച്ചു.
“വിധി എന്നൊന്നില്ല…
നിൻെറ അടങ്ങാത്ത ആഗ്രഹങ്ങളാണ് നിൻെറ ഭാഗധേയം എഴുതുന്നത്”.
മറ്റൊരു പുസ്തകം തിരുത്തി.
“ജീവിതം എന്നാൽ
സ്നേഹിക്കപ്പെടലുകൾ മാത്രമാണോ?
ഉറ്റവർ വെറുക്കുമ്പോൾ അതും ജീവിതത്തിന്റെ മറ്റൊരു മുഖമല്ലേ?അങ്ങനെയാണെങ്കിൽ താനും ജീവിക്കുകയാണ് ഉറ്റവരാൽ വെറുക്കപ്പെട്ട്.!!”
അയാൾ ഉറക്കെ ചിരിച്ചു.
“വെറുപ്പിനും നിറമുണ്ട്…
സങ്കടത്തിൻെറ  നിറത്തിൽ അല്പം കറുപ്പ് കലർന്നതു…” മറ്റൊരു പുസ്തകം പറഞ്ഞത് ഓർമ്മ വന്നു.
“ആഗ്രഹങ്ങളെല്ലാം സമാന്തരങ്ങളാണ്..
കൂട്ടിമുട്ടാത്ത തീവണ്ടിപ്പാതപോലെ…”
ആത്മഗതം പുറത്തു വന്നപ്പോൾ പുസ്തകങ്ങൾ പുഞ്ചിരിക്കുന്നതുപോലെ അയാൾക്ക് തോന്നി…
” ഇതു ഞാൻ പറഞ്ഞു തന്നതല്ലേ.”?
കൂട്ടത്തിലെ മെലിഞ്ഞ പുസ്തകം ഉറക്കെ ചോദിക്കുന്നു.
അയാൾ പകച്ചു,പിന്നെ കീഴടങ്ങി.
“എന്റെ കൈയ്യിൽ എന്തുണ്ട്? നിങ്ങൾ തന്നതല്ലാതെ? “
അയാൾ പുസ്തകത്തിലേക്ക് മുഖമമർത്തി..

 

RELATED ARTICLES

Most Popular

Recent Comments