ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡല്‍ഹി: എയര്‍ ടെല്ലിന്റെ അണ്‍ലിമിറ്റഡ് ഓഫര്‍ തട്ടിപ്പെന്ന് ജിയോ. വരിക്കാരെ വഞ്ചിക്കുന്ന തരത്തില്‍ പരസ്യം നല്‍കുന്ന ഭാരതി എയര്‍ടെല്ലിനെതിരെ ശക്തമായ നടപടി സ്വീകരിക്കുകയും കനത്ത തുക പിഴയായി ഈടാക്കുകയും വേണമെന്നാവശ്യപ്പെട്ട് റിലയന്‍സ് ജിയോ രാജ്യത്തെ ടെലികോം നിയന്ത്രണ വിഭാഗമായ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ എന്ന ട്രായിയെ സമീപിച്ചു കഴിഞ്ഞു.
എയര്‍ടെല്ലിന്റെ പുതിയ പാക്കുകളുടെ പ്രചരണ ഭാഗമായുള്ള പരസ്യത്തില്‍ കോളുകളും ഡേറ്റകളും സൗജന്യമാണെന്നാണ് വാഗ്ദാനം. എന്നാല്‍ അണ്‍ലിമിറ്റഡ് കോളുകള്‍ക്കും സൗജന്യ ഡേറ്റയ്ക്കും ഫെയര്‍ യൂസേജ് പോളിസി ബാധകമാണെന്ന കാര്യം എയര്‍ടെല്‍ പരസ്യത്തില്‍ പറയുന്നില്ല. ഇത് ടെലികമ്മ്യൂണിക്കേഷന്‍ നിയമം ലംഘിച്ചാണെന്നാണ് ജിയോയുടെ വാദം.
എയര്‍ടെല്ലിന്റെ 345 രൂപയുടെ പാക്കില്‍ ദിവസം 300 മിനിറ്റ് അല്ലെങ്കില്‍ ആഴ്ചയില്‍ 12,000 മിനിറ്റിന് ഫെയര്‍ യൂസേജ് പോളിസ് ബാധകമാവുമെന്ന കാര്യവും എയര്‍ടെല്‍ മറച്ചുവയ്ക്കുന്നു. ഇത് വരിക്കാരെ വഞ്ചിക്കുന്ന പ്രവര്‍ത്തിയാണ്. ഈ മിനിറ്റുകള്‍ കഴിഞ്ഞുള്ള കോളുകള്‍ക്ക് ചാര്‍ജ് ബാധകമാണെന്ന് പരസ്യത്തില്‍ വ്യക്തമാക്കേണ്ടതുണ്ടെന്നും ജിയോ പറയുന്നു.