Tuesday, May 13, 2025
HomePoemsനിരാശ്രയം. (കവിത)

നിരാശ്രയം. (കവിത)

നിരാശ്രയം. (കവിത)

താഹാ ജമാൽ. (Street Light fb group)
ആശ്രയിച്ചത് തെറ്റി
ആ അമ്മയുടെ മകനും മരിച്ചു
സംസ്കാര സമ്പന്നതയിൽ നിന്ന്
മാറു മറയ്ക്കാനാവാത്ത
കാഴ്ചകളിലേക്ക് കാമക്കൂത്തിന്റെ
മുതലാളിമാർ ലിംഗം പൊക്കിരസിക്കെ
ലജ്ജയ്ക്കപ്പുറമൊരു വാക്കുതേടണം
നമുക്കിന്നെങ്കിലും
കാലം പോയി
മൗനത്തിലൊളിപ്പിക്കാൻ ഭയം
കുന്നുകൂട്ടി വെച്ച ഇടിമുറികളിൽ
പണം കൊടുത്ത് നാം
നമ്മുടെ മക്കളെ കൊല്ലാൻ കൊടുക്കുന്നു
ചൂട്ട് കത്തിച്ച് ജീവനുള്ളപുറത്ത്
ചുട്ടിയിടാൻ കൊടുത്ത്
പഞ്ഞി വെച്ച മൂക്കുമായ്
കീറി മുറിച്ചയുടലുകൾ വിട്ടുമുറ്റത്ത്
ഉമ്മറക്കോലായിലിരുന്ന്
നമ്മുടെ കണ്ണുകൾ കുത്തിപ്പൊട്ടിക്കുന്നു
ഇന്നലെയുടെ വിയർപ്പ്
നാമവർക്ക് അപ്പമായ് കൊടുത്തുമോർത്ത്
നിരാലംബരുടെ സിംഹാസനങ്ങളിലമർന്ന്
നാം തുള്ളികൾ പൊഴിക്കുന്നു
ഇന്നലെകളുടെ താരാട്ട് പാടി
കണ്ണുകളടയ്ക്കുന്നു
പ്രതികളെ കാണാനില്ല
കുടത്തിലും തപ്പാനാവാതെ നാം
കണ്ണുപൊത്തിക്കളിക്കുന്ന
കളിയുടെ, കാലത്തിന്റെ പേരാണ്
സാശ്രയം, ഓർത്താൽ നിരാശ്രയം
പണ്ടേ മരിച്ചു പോയ ദിനങ്ങളെ
ജനിപ്പിക്കാൻ നാം ദൈവങ്ങളല്ലല്ലോ…
സഹിക്കാം, പക്ഷേ
ക്ഷമിക്കരുത്, പൊറുക്കരുത്
ഒന്നും മറക്കുകയുമരുത്.

 

RELATED ARTICLES

Most Popular

Recent Comments