രശ്മി സജയന്‍.
സങ്കൽപമാണെന്നുമർദ്ധനാരി
അർത്ഥത്തിൽ നാരിയോ പൂരുഷനോ
ചമയ്ക്കുന്നു ലോകം വിതുമ്പുന്നൊരധരം
മറയ്ക്കുന്നു കാഴ്ചകൾ കണ്ണിലെന്നും
പൂരുഷനെന്നൊരു പേരു കേട്ടാൽ
പ്രണയം കൊതിച്ചോരന്തരംഗം
മറക്കുന്നു മേനിതൻ ചാപല്യവും
വിധിയ്ക്കുന്നു ദാതാവിൻ കൗശലവും
വിറയാർന്ന പാദങ്ങൾ മണ്ണിലേക്കാഴ്ത്തുന്നു
കൊതിയോടെ നോക്കുന്ന മാനവരും
മാനിനിയെന്നൊരു പേർ ചൊല്ലി വാഴ്ത്തിയീ
മാനസം കൈവിട്ട പൂമാനായി
വിതുമ്പുന്നു ചുണ്ടുകൾ പൊഴിയ്ക്കുന്നു കണ്ണുനീർ
അറയ്ക്കുന്ന ജീവിതമെന്തിനായി
പുരുഷനു തുല്യമാണെന്നുമീയംഗന
നാരിയ്ക്കു തുല്യമാണെന്നുമീ പൂരുഷൻ
ഏതാണു ഞാനെന്നു ചൊല്ലുകെൻ കൂട്ടരേ
അർദ്ധനാരിയായ് മാറുന്നു ഞാനിന്നു കൂട്ടരേ
കൊതിയ്ക്കുന്നു ഞാനിന്നൊരമ്മയാകാൻ
കൊതിയ്ക്കുന്നു ഞാനിന്നൊരച്ഛനാകാ-
നെന്നച്ഛനുമമ്മയും തീണ്ടാതെ നിൽക്കുന്നു
മകളെന്നൊരോർമ്മയോ മകനായതോ
മരിയ്ക്കുന്നു ഞാനിന്നു നിർജ്ജീവമായി
അർദ്ധനാരിതൻ ജീവിത സങ്കൽപ്പമായി