Saturday, November 23, 2024
HomeSTORIESഞാന്‍ അരുന്ധതി.. (കഥ)

ഞാന്‍ അരുന്ധതി.. (കഥ)

ഞാന്‍ അരുന്ധതി.. (കഥ)

അജിന സന്തോഷ്. (Street Light fb group)
നഷ്ട സ്വപ്നങ്ങളുടെ വിഴുപ്പു ഭാണ്ഡവും പേറി ജീവിതയാത്ര തുടരുന്നവള്‍..
ചുറ്റും ഒരുപാട് ആളുകളുണ്ടായിട്ടും ഒറ്റപ്പെടലിന്‍റെ തുരുത്തില്‍ കഴിയുന്നവള്‍..
കുന്നോളം മോഹിച്ചാലേ കുന്നിക്കുരുവോളം കിട്ടൂ എന്നു കേട്ടിട്ടും, കുന്നിക്കുരുവോളം മാത്രം മോഹിച്ചവള്‍..
ഞാന്‍ എന്‍റെ കഥ പറയാം..
നാട്ടിന്‍ പുറത്തെ ഒരു സാധാരണ കുടുംബത്തിലെ നാലു മക്കളില്‍ രണ്ടാമത്തവള്‍..
പണിയെടുത്തു കിട്ടുന്നതിന്‍റെ മുക്കാല്‍ ഭാഗവും കള്ളു ഷാപ്പില്‍ കൊടുക്കുന്ന അച്ഛന്‍.. എപ്പോളും മൂക്ക് ചീറ്റി കണ്ണീരൊലിപ്പിക്കുന്ന അമ്മ..
പൂമ്പാറ്റകളുടെയും തുമ്പികളുടെയും പിന്നാലെ പാറി പറന്നു നടന്ന ബാല്യകാലം.
ഒരിക്കല്‍ തുമ്പിയെ പിടിച്ചു തരാമെന്ന് പറഞ്ഞ് അയല്‍ പക്കത്തെ മാമന്‍ മടിയിലിരുത്തിയത് എന്തിനാണെന്ന് തിരിച്ചറിയാന്‍ അന്നു കഴിഞ്ഞില്ല.. പക്ഷേ ഒന്നറിയാമായിരുന്നു.. സ്നേഹം കൊണ്ടല്ല അതെന്ന്.. പിന്നീട് ഒരിക്കലും ആ മാമന്‍റെ കണ്ണില്‍ പെടാതിരിക്കാന്‍ സ്വയം കരുതലെടുത്തു..
മനസ്സും ശരീരവും പൂക്കാന്‍ തുടങ്ങിയ കൗമാരം. കൂട്ടുകാരോടൊപ്പം കളിച്ചും ചിരിച്ചും നടന്ന നല്ല നാളുകള്‍..
സ്വപ്നങ്ങള്‍ കണ്ടുറങ്ങുന്ന ഒരു രാത്രിയില്‍ എന്‍റെ ശരീരത്തില്‍ ഏതോ കെെകള്‍ പരതുന്നതറിഞ്ഞ് ഞെട്ടിയുണര്‍ന്നു.. ഒച്ചവെക്കാനായി നാവുയര്‍ത്തവേ ആളെ തിരിച്ചറിഞ്ഞു ഞെട്ടിത്തരിച്ചു.. സ്വന്തം സഹോദരന്‍..
ഉറക്കം നടിച്ച് കിടക്കാനേ അന്നു കഴിഞ്ഞുള്ളു..
അത്തരം രാത്രികള്‍ ആവര്‍ത്തിക്കപ്പെട്ടു..
ആരോടും പറയാനുള്ള ധെെര്യം ഇല്ലാത്തതിനാല്‍
മനസ്സിലിട്ടു സഹിച്ചു.
ഏട്ടന്‍,, അങ്ങനെ ഒരു വാക്കിനോട് പോലും വെറുപ്പ് തോന്നിയ നാളുകള്‍..
മനസ്സുരുകി ശപിച്ചു അവനെ.. അതിനേ അന്നെനിക്ക് ആകുമായിരുന്നുള്ളു..
ശാപം ഫലിച്ചിട്ടെന്നോണം ഒരു അപകടത്തില്‍ പെട്ട് അവന്‍ അകാല മൃത്യു വരിച്ചു..
ഒരാളുടെ മരണം അറിഞ്ഞു സന്തോഷിച്ചത് അന്ന് ആദ്യമായിട്ടാണ്..
പീഠനപര്‍വ്വത്തില്‍ നിന്ന് രക്ഷപ്പെട്ടതിന്‍റെ ആശ്വാസമായിരുന്നൂ..
ആണ്‍ വര്‍ഗ്ഗത്തിനോടു തന്നെ പകയായി അതിനുശേഷം..
കാലം മനസ്സിനേറ്റ മുറിവുകളെ മായ്ച്ച് തുടങ്ങിയപ്പോള്‍ കലാലയ ജീവിതത്തിലേക്ക് പ്രവേശിച്ചിരുന്നു..
കലാലയ ജീവിതം… വര്‍ണ്ണങ്ങള്‍ നിറഞ്ഞ സുന്ദരമായ കാലഘട്ടം..
തിരികെ ലഭിക്കണമെന്ന് ഇപ്പോഴും കൊതിക്കുന്ന ഒരേയൊരു കാലം..
എന്‍റെ കാലടികള്‍ പതിയാത്ത ഒരു സ്ഥലം പോലും ക്യാംപസ്സില്‍ ഉണ്ടായിരുന്നില്ല.. ഒരു ചിത്രശലഭത്തെ പോലെ എല്ലായിടത്തും പറന്നു നടന്നു..
അധ്യാപകര്‍ക്കും കൂട്ടൂകാര്‍ക്കും ഒരു പോലെ പ്രിയപ്പെട്ടവള്‍.. പങ്കെടുക്കുന്ന
എല്ലാ മത്സരങ്ങളിലും ഒന്നാം സ്ഥാനം വാങ്ങുന്നവള്‍..
ആണ്‍ വര്‍ഗ്ഗത്തോടുള്ള് പക കുറച്ചൊക്കെ അലിയാന്‍ തുടങ്ങിയിരുന്നു അപ്പോഴേക്കും..
അതുകൊണ്ട് തന്നെ ആണ്‍ സുഹൃത്തുക്കള്‍ ഒരുപാട് പേര്‍ ഉണ്ടായി..
എല്ലാരും ഒരു പോലെയായിരിക്കില്ല എന്നു മനസ്സിനെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചു..
ആരും അറിയാതെ മനസ്സില്‍ ഒരു പ്രണയം മൊട്ടിട്ടു തുടങ്ങിയത് അവിടെ വച്ചായിരുന്നു.. തന്‍റെ കവിതകളിലൂടെ ക്യാംപസ്സിനെ കെെയിലെടുത്ത കണ്ണടക്കാരനോടുള്ള ആരാധന കലര്‍ന്ന പ്രണയം. പക്ഷേ തുറന്നു പറയാനുള്ള ധെെര്യം ഉണ്ടായില്ല.
പറഞ്ഞാല്‍ അത് നിരസിച്ചാലോ എന്നായിരുന്നു പേടി..
ആ പ്രണയം മനസ്സില്‍ തന്നെ കുഴിച്ചു മൂടി.. നഷ്ട സ്വപ്നങ്ങളുടെ പരമ്പരയിലെ ആദ്യത്തെ ഏട്..
മൂന്നു വര്‍ഷത്തെ പഠനത്തിനു ശേഷം കലാലയത്തിന്‍റെപടിയിറങ്ങുമ്പോള്‍ പൂക്കാന്‍ തുടങ്ങിയ കണിക്കൊന്നകള്‍ പോലും എന്നോടൊപ്പം കണ്ണീര്‍ പൊഴിച്ചതായി തോന്നി..
നല്ലൊരു ജോലി സമ്പാദിച്ച് സ്വന്തം കാലില്‍ നില്‍ക്കണം.. അതായിരുന്നു ആഗ്രഹം. ഒരു പത്ര പ്രവര്‍ത്തകയാകാനായിരുന്നു
ഏറെയിഷ്ടം.. ഒരു പാര്‍ട്ട് ടെെം ജോലി കണ്ടെത്തി അതിനു വേണ്ടി പരിശ്രമിക്കാന്‍ തുടങ്ങിയിരുന്നു..
അപ്പോളാണ് ജാതക ദോഷം എന്ന പേരില്‍ ആ സ്വപ്നങ്ങള്‍ തല്ലിക്കെടുത്തിയത്..
ഇപ്പോള്‍ നടന്നില്ലെങ്കില്‍ പിന്നീടൊരിക്കലും നടക്കില്ല എന്ന് പറഞ്ഞ്,
എന്നേക്കാള്‍ ഒരുപാട് പ്രായക്കുടുതലുള്ള, പത്താം ക്ളാസ് വരെ പോലും പഠിപ്പില്ലാത്ത ഒരാളുമായിട്ട് വീട്ടുകാര്‍ വിവാഹം ഉറപ്പിച്ചു.. എന്‍റെ സമ്മതം ആരും ചോദിച്ചില്ല.. കാരണം അയാള്‍ക്ക് സ്തീധനമൊന്നും വേണ്ടായിരുന്നു..
കൂടെ ജീവിക്കേണ്ട ആളെപ്പറ്റി എനിക്കും ഉണ്ടായിരുന്നു ചില സങ്കല്‍പ്പങ്ങള്‍.. കൂട്ടുകാരൊക്കെ വലിയ വലിയ സ്വപ്നങ്ങള്‍ കണ്ടപ്പോള്‍ ഞാന്‍ കണ്ടത് ഇത്തിരി മാത്രം..
പക്ഷേ അതുപോലും എനിക്ക് കിട്ടിയില്ല..
ഭര്‍ത്താവിന്‍റെ വീട്ടിലേക്ക് വലതു കാല്‍വെച്ച് കയറിയ ആ നിമിഷം തന്നെ ‍ എന്‍റെ സങ്കല്‍പ്പങ്ങള്‍ വെറും നീര്‍ക്കുമിളകളായി..
വിവാഹത്തോടെ എന്‍റെ ജീവിതം ശരിക്കും ഇരുട്ടിലായി..
അടുക്കളുടെ കരിപുരണ്ട ചുമരിനുള്ളില്‍ എല്ലാവരും കൂടി എന്നെ തളച്ചിട്ടു.. എല്ലാം ഞാന്‍ സഹിക്കുമായിരുന്നു .. ഭര്‍ത്താവെന്നു പറയുന്ന ആ മനുഷ്യന്‍റെ സ്നേഹപൂര്‍വ്വമുള്ള ഒരു തലോടലെങ്കിലും കിട്ടിയിരുന്നെങ്കില്‍..
മദ്യത്തിന്‍റെ മടുപ്പിക്കുന്ന മണത്തോടെയല്ലാതെ അയാള്‍ എന്‍റെ അരികില്‍ വന്നിട്ടേയില്ല.. പാതിരാത്രിയാവുമ്പോള്‍ കയറി വരും.. അയാള്‍ക്ക് വേണ്ടത് പിടിച്ചു വാങ്ങും.. അത്രമാത്രം.. എന്‍റെ ഇഷ്ടാനിഷ്ടങ്ങള്‍ ഒന്നും അയാള്‍ക്കറിയേണ്ട..
പുച്ഛമായിരുന്നു അയാള്‍ക്ക് എന്നോട്..
”നീ വല്യ പഠിപ്പുകാരിയായിട്ടും എന്‍റെ കാല്‍ച്ചുവട്ടിലല്ലേ നിന്‍റെ സ്ഥാനം.”.
എന്ന ഭാവം..
അയാള്‍ക്ക് വേറെ സ്ത്രീയുമായി അടുപ്പമുണ്ടെന്ന് വെെകിയാണ് ഞാനറിഞ്ഞത്.. എനിക്ക് വിഷമം തോന്നിയില്ല.. കാരണം, ഞാനയാളെ സ്നേഹിച്ചിരുന്നില്ലല്ലോ..
വീട്ടിലുള്ള മറ്റുള്ളവരാണെങ്കില്‍ അതിനുമപ്പുറത്തായിരുന്നു.. സംസ്കാരം തൊട്ടു തീണ്ടിയിട്ടല്ലാത്തവര്‍.. അവര്‍ക്ക് പണിയെടുപ്പിക്കാനും തെറി പറയാനുമുള്ള ഒരു യന്ത്രം.
അതായിരുന്നു എനിക്കുള്ള സ്ഥാനം..
കടമ തീര്‍ത്തു ഒഴിവാക്കി വിട്ടതിനു ശേഷം എന്‍റെ വീട്ടുകാരും തിരിഞ്ഞു നോക്കാറില്ല..
ഒന്നു രണ്ടുതവണ ഒരുമിച്ച് പഠിച്ച കൂട്ടുകാര്‍ എന്നെ കാണാന്‍ വന്നിരുന്നു..
അവര്‍ക്ക് ലഭിച്ച സ്വീകരണം അത്ര നല്ലതായിരുന്നത് കൊണ്ടു പിന്നീട് അവരാരും ആ വഴി വന്നില്ല.
ഞാന്‍ തീര്‍ത്തും ഒറ്റപ്പെട്ടു.. ഒന്നു ഹൃദയം തുറന്ന് സംസാരിക്കാന്‍ പോലും ആരുമില്ലാത്ത അവസ്ഥ..
ഫോണ്‍ ചെയ്യാന്‍ സ്വന്തമായി ഫോണുമില്ല.
ഒന്നു പുറത്തിറങ്ങാന്‍, ഇത്തിരി ശുദ്ധവായു ശ്വസിക്കാന്‍ ഒരുപാട് കൊതിച്ചു. പുറം ലോകം കാണാനാവാതെ ഞാന്‍ വീര്‍പ്പു മുട്ടി..
” ആ,, കൊള്ളാം, എന്നിട്ടു വേണം നിനക്ക് അഴിഞ്ഞാടി നടക്കാന്‍.. അല്ലേടി — മോളെ”..
ജോലിക്ക് പോകണം എന്ന ആവശ്യം പറഞ്ഞപ്പോള്‍ ഇതായിരുന്നു എന്‍റെ ഭര്‍ത്താവിന്‍റെ പ്രതികരണം..
ജീവിതം മടുത്തു തുടങ്ങിയ നാളുകള്‍..
എങ്ങനെയെങ്കിലും ഇവിടുന്നു ഒന്നു രക്ഷപ്പെടാന്‍ കഴിഞ്ഞിരുന്നെങ്കില്‍
എന്നു പ്രാര്‍ത്ഥിച്ചു..
ഒരു ദിവസം കടയില്‍ നിന്ന് സാധനം പൊതിഞ്ഞു കൊണ്ടു വന്ന കടലാസ് വെറുതേ നിവര്‍ത്തി നോക്കിയപ്പോള്‍ കണ്ടു ഞാന്‍ മനസ്സു കൊണ്ടു പ്രണയിച്ചിരുന്ന, കണ്ണടക്കാരന്‍ കവിക്ക് അവാര്‍ഡ് കിട്ടിയ വാര്‍ത്ത.. അവാര്‍ഡു നേടിക്കൊടുത്ത കവിതയെ കുറിച്ച് അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍..
പറയാതെ പോയ ഒരു പ്രണയത്തിന്‍റെ കഥ.. അതിലെ നായികയായ ഒരു പെണ്‍കുട്ടിയെ കുറിച്ചുള്ള വര്‍ണ്ണനകള്‍..
”അത് ഞാനല്ലേ, അതേ അത് ഞാന്‍ തന്നെ.. അപ്പോ അദ്ദേഹവും എന്നെ പ്രണയിച്ചിരുന്നു.. ഒന്നു തുറന്നു പറഞ്ഞിരുന്നെങ്കില്‍.”.
എങ്കില്‍ എനിക്ക് ഈ ഗതി വരുമായിരുന്നില്ല..
ശരിക്കും നഷ്ടബോധം തോന്നി..
ഇനി പറഞ്ഞിട്ട് കാര്യമൊന്നുമില്ല..
പക്ഷേ വിധിയെന്ന രണ്ടക്ഷരത്തില്‍ ഇതിനെ ഒതുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.
എനിക്ക് ഇവിടെനിന്ന് രക്ഷപ്പെടണം..
കെെവിട്ടു പോയ സ്വപ്നങ്ങളില്‍ ഒന്നെങ്കിലും എനിക്ക് തിരിച്ചു പിടിക്കണം.. ഞാന്‍ മോഹിച്ച ജോലി.. അത് എനിക്ക് നേടണം.. അതിനു വേണ്ടി ഇന്നു രാത്രി ആരുമറിയാതെ വീടു വിട്ടിറങ്ങും..
ദൂരെ എവിടെയെങ്കിലും പോയി ആരും തിരിച്ചറിയാതെ ജീവിക്കും..
എന്‍റെ ലക്ഷ്യത്തില്‍ എത്തിയ ശേഷം തിരിച്ചു വരും ഞാന്‍..
അരുന്ധതിയും ഈ ഭൂമിയില്‍ ജീവിച്ചിരുന്നു എന്നു വിളിച്ചു പറഞ്ഞു കൊണ്ട്..

 

RELATED ARTICLES

Most Popular

Recent Comments