ജോണ്‍സണ്‍ ചെറിയാന്‍.
കോഴിക്കോട് : ജമ്മുകശ്മീരിലെ പാംപോറില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളി ജവാന്‍ രതീഷിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. ഡല്‍ഹിയില്‍ നിന്നു എയര്‍ ഇന്ത്യ വിമാനത്തില്‍ രാവിലെ ഒന്‍പതരേയോടെയാണ്് മൃതദേഹം കരിപ്പൂരില്‍ എത്തിച്ചത്. മലപ്പുറം ഡെപ്യൂട്ടി കളക്ടര്‍ അബ്ദുള്‍ റഷീദ്, തലശേരി തഹസില്‍ദാര്‍ അബൂബക്കര്‍, ഡിവൈഎസ്പി പ്രദീപ് കുമാര്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് മൃതദേഹം സ്വീകരിച്ചത്. ടെറിട്ടോറിയല്‍ ആര്‍മി കേണല്‍ എ.ഡി.അകിലേ, സൈനിക വെല്‍ഫയര്‍ അസോസിയേഷന്‍ പ്രതിനിധി ജോഷി ജോസ്്, രാമചന്ദ്രന്‍, കണ്ണൂരില്‍ നിന്നും കോയമ്ബത്തൂരില്‍ നിന്നും എത്തിയ പ്രത്യേക സൈനിക വിഭാഗം എന്നിവര്‍ വിമാനത്താവളത്തില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി.
പിന്നീട് മൃതദേഹം കണ്ണൂരിലേയ്ക്ക് കൊണ്ടുപോയി. മട്ടന്നൂരിലും, ജന്മനാടായ കൂടാളി പഞ്ചായത്തിലെ കൊടോളിപ്രത്ത് പ്രത്യേകം തയാറാക്കിയ സ്ഥലത്തും മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് മൂന്നുമണിയോടെ പൂര്‍ണ്ണ സൈനിക ബഹുമതികളോടെ സംസ്കരിക്കും. കൊടോളിപ്രം വരുവക്കുണ്ടിലെ പരേതനായ പയ്യാടക്കന്‍ രാഘവന്‍നമ്ബ്യാരുടെയും ചക്കേലക്കണ്ടി ഓമനയമ്മയുടെയും ഏകമകനാണ് രതീഷ്. വി.സി.ജ്യോതിയാണ് ഭാര്യ. എട്ടുമാസം പ്രായമുള്ള കാശിനാഥന്‍ മകനാണ്. കോയമ്ബത്തൂരിലേക്ക് സ്ഥലംമാറ്റം കിട്ടാനിരിക്കേയാണ് മരണം. ശനിയാഴ്ച പാംപോറില്‍ ശ്രീനഗര്‍ജമ്മു ദേശീയപാതയില്‍ സൈനിക വാഹനവ്യൂഹത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തിലാണ് രതീഷ് ഉള്‍പ്പെടെ മൂന്നു സൈനികര്‍ കൊല്ലപ്പെട്ടത്. പൂനെ സ്വദേശി സൗരഭ് നന്ദകുമാര്‍, ജാര്‍ഖണ്ഡ് സ്വദേശി ശശികാന്ത് പാണ്ഡെ എന്നിവരാണ് മരിച്ച മറ്റ് രണ്ട് സൈനികര്‍.