Thursday, November 28, 2024
HomeSTORIESനീറുന്ന നൊമ്പരം. (കഥ)

നീറുന്ന നൊമ്പരം. (കഥ)

നീറുന്ന നൊമ്പരം. (കഥ)

ഷെരീഫ് ഇബ്രാഹിം.
അതുൽ ഇത് വരെ എത്തിയില്ലല്ലോ? സ്‌കൂൾവിട്ട് വരേണ്ട സമയം കഴിഞ്ഞിരിക്കുന്നു. ദൈവമേ എന്റെ മോന് എന്ത്പ്പറ്റി? മനസ്സ് ആകെ അസ്വസ്ഥമാകുന്നു. ഒരു പക്ഷെ എന്തെങ്കിലും ആവശ്യം സ്‌കൂളിൽ ഉണ്ടായിരിക്കാം. അല്ലെങ്കിൽ സ്‌കൂൾവാഹനത്തിന് എന്തെങ്കിലും സംഭവിച്ചിരിക്കാം. കുറച്ചു നേരം കൂടെ ക്ഷമിക്കാം.
ക്ഷമിക്കാന്‍ കഴിയുന്നില്ല. എന്തായാലും സ്കൂളിലേക്ക് വിളിച്ചു ചോദിക്കാം. കൃത്യസമയത്ത് തന്നെ സ്കൂള്‍ ബസ്‌ പുറപ്പെട്ടെന്നായിരുന്നു അവരുടെ മറുപടി. അതുലിന്റെ കൂടെ പഠിക്കുന്ന ഹരിയുടെ വീട്ടിലേക്കു വിളിച്ചു. ഭാഗ്യത്തിന് ഹരി തന്നെയാണ് ഫോണ്‍ എടുത്തത്. സ്കൂളില്‍ നിന്ന് ശെരിയായ സമയത്ത് തന്നെ അവന്‍ വീട്ടില്‍ ഇറങ്ങിയെന്നും ഗേറ്റ് തുറന്ന് അകത്ത് കടക്കുന്നത് ഹരി കണ്ടെന്നും മറുപടി കിട്ടി. എന്റെ ധൈര്യമെല്ലാം ചോര്‍ന്നുപോയി. ചേട്ടനെ ഓഫീസിലേക്ക് വിളിച്ചു പറഞ്ഞു. അല്‍പസമയതിന്നകം ചേട്ടന്‍ വന്നു. ചേട്ടന്‍ എനിക്ക് ധൈര്യം പകര്‍ന്നു തന്നു. ചേട്ടനും അയല്‍വാസികളും കൂടെ വീടിന്റെ പിന്നിലും മറ്റും പരിശോദിച്ചു. പക്ഷെ അതുലിനെ കണ്ടില്ല. ഒരു പക്ഷെ അവന്‍ ഒളിച്ചിരിക്കുകയാവും എന്ന് കരുതി വീടിന്റെ എല്ലാ മുക്കിലുംമൂലയിലും പരതി. പക്ഷെ, അവന്‍ അവിടെ ഉണ്ടായിരുന്നില്ല. ചേട്ടന്‍ പോലീസില്‍ വിവരം അറിയീച്ചു.
അവരും വന്നു എന്നെയടക്കം കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കി. ആ പോലീസുകാരുടെ പെരുമാറ്റം കണ്ടപ്പോള്‍ പോലീസ് വിഭാഗം എത്ര നല്ലവരാണെന്ന് തോന്നി.
‘ചേട്ടാ, എനിക്ക് മരിക്കാന്‍ തോന്നുന്നു. എന്റെ മകന്‍ ഇല്ലാത്ത ജീവിതം എനിക്ക് വേണ്ട’. എനിക്കങ്ങിനെ പറയാന്‍ തോന്നി.
‘അങ്ങിനെയൊന്നും പറയരുത് ലക്ഷ്മീ. ദൈവം നമുക്ക് തന്ന ജീവന്‍ തിരിച്ചെടുക്കാന്‍ ദൈവത്തിന് മാത്രമേ അധികാരമുള്ളൂ. നമ്മുടെ മകനെ തിരിച്ചു കിട്ടാന്‍ ദൈവത്തോട് പ്രാര്‍ഥിക്കുക. പിന്നെ എനിക്കും വിഷമമില്ല എന്നാണോ നീ കരുതുന്നത് ലച്ചൂ’.. ഇതായിരുന്നു ചേട്ടന്റെ ഉപദേശം.
അത് കേട്ടപ്പോള്‍ എനിക്കും എന്റെ മനസ്സിനെ പാകപ്പെടുത്താന്‍ കഴിഞ്ഞു.
എങ്കിലും.. ദിവസം മൂന്നു കഴിഞ്ഞു. മകന്റെ കാര്യത്തില്‍ ഒരു വിവരവും കിട്ടിയില്ല. നമുക്ക് വേണ്ടപ്പെട്ട ഒരാള്‍, വീട്ടിലെ അംഗമാണെങ്കില്‍ പറയുകയും വേണ്ടല്ലോ, മരിച്ചുപോയാല്‍ തീര്‍ച്ചയായും നമുക്ക് സഹിക്കാന്‍ പറ്റാത്ത വേദനയുണ്ടാവും. കാലക്രമേണ നാം അതൊക്കെ മറന്നു എന്ന് വരാം. മറവി മനുഷ്യന് ദൈവം തന്ന ഏറ്റവും നല്ല കാര്യമാണല്ലോ? എന്നാല്‍ നമ്മുക്ക് വേണ്ടപ്പെട്ടവരെ കാണാതായാലുള്ള വിഷമം ഒരിക്കലും മറക്കാന്‍ പറ്റില്ല. എന്നിട്ടും ഞാനത് ഉള്‍ക്കൊള്ളാന്‍ ശ്രമിച്ചു.
മകനെ കാണാതായിട്ട് മാസം ഒന്നായി. എനിക്കവന്റെ ശ്വാസവും നിഴലും എല്ലായിടത്തും ഉള്ളതായി തോന്നുന്നു. ഒരു ദിവസം ഞാന്‍ ചേട്ടനോട് പറഞ്ഞു. ‘ചേട്ടാ, നമുക്ക് ഈ നാട്ടില്‍ നിന്ന് വേറെ എവിടെക്കെങ്കിലും പോകാം. എനിക്ക് അവന്റെ മുറിയും പുസ്തകങ്ങളും ഡ്രെസ്സും കാണുമ്പോള്‍ സഹിക്കാന്‍ പറ്റുന്നില്ല, അത് പോലെ അവന്റെ കൂട്ടുകാരെയും’.
ആദ്യം ചേട്ടന്‍ എന്റെ ആവശ്യം നിരുല്‍സാഹപ്പെടുത്തിയെങ്കിലും പിന്നീട് സമ്മതിച്ചു. അങ്ങിനെ ഞങ്ങള്‍ മറ്റൊരു ജില്ലയിലേക്ക് താമസം മാറി.
ദൈവഭയവും അമ്പലത്തില്‍ പോകുന്നതും ചെറുപ്പം മുതല്‍ ഉണ്ടെങ്കിലും ഇപ്പോള്‍ കൂടി. എന്നാല്‍ അന്നും ഇന്നും ആള്‍ദൈവങ്ങളില്‍ എനിക്ക് വിശ്വാസമില്ല. എല്ലാം കാണുന്ന, കേള്‍ക്കുന്ന ദൈവം ഉണ്ടെങ്കില്‍ പിന്നെയെന്തിന് ഒരു ആള്‍ദൈവം?
വര്‍ഷം രണ്ട് കഴിഞ്ഞിട്ടുണ്ട്. ഒരിക്കല്‍ ഞങ്ങള്‍ വീടിന്നടുത്തുള്ള അമ്പലത്തില്‍ തൊഴാന്‍ പോയി. അവിടെ മുഷിഞ്ഞ വസ്ത്രം ധരിച്ച ഒരു കുട്ടി ഭിക്ഷയ്ക്കു ഒരു സ്ത്രീയുടെ അരികെ ഇരിക്കുന്നത് കണ്ടു. എന്റെ മോനേ എന്ന് ഞാന്‍ ഉറക്കെ വിളിച്ചു. അവന്‍ ഒന്നും പ്രതികരിച്ചില്ല. പെട്ടെന്ന് ചേട്ടന്‍ എന്നെ അവിടെ നിന്ന് മാറ്റി. എനിക്ക് അവന്‍ മകന്‍ ആണെന്ന് തോന്നിയതായിരിക്കുമെന്ന് ചേട്ടനടക്കം അവിടെയുള്ളവര്‍ പറഞ്ഞു.
‘അല്ല, ചേട്ടാ ഇത് നമ്മുടെ മകന്‍ തന്നെയാണ്’. എന്ന് ഞാന്‍ വീണ്ടും പറഞ്ഞു. പെട്ടെന്ന് അവിടെ ആളുകള്‍ തടിച്ചു കൂടി. ആ കുട്ടിയുടെ അമ്മ അവനെയെടുത്ത് ഞങ്ങളുടെ നേരെ തമിഴ് കലര്‍ന്ന മലയാളത്തില്‍ ആക്രോശിച്ചു.
കൂടിയവരില്‍ ചിലര്‍ ഞങ്ങളുടെ നേരെ തട്ടിക്കേറി. ഭിക്ഷ കൊടുക്കാതിരിക്കാന്‍ ഞങ്ങള്‍ സൂത്രം കാണിക്കുകയാണെന്നും അവര്‍ പറഞ്ഞു.
ആ കുട്ടിയാണെങ്കില്‍ ഒന്നും പറയാതെ താഴെവിരിച്ച കാര്‍ഡ്ബോര്‍ഡില്‍ ക്ഷീണിച്ചു കിടക്കുകയാണ്. അപ്പോഴും ഞാന്‍ പറഞ്ഞു. ഇത് നമ്മുടെ മോന്‍ തന്നെയാണ്. അപ്പോഴാണ്‌ ആരോ പോലീസിനെ അറിയീച്ചത്. ആ കുട്ടിയേയും കൊണ്ട് പോകാന്‍ ആ സ്ത്രീ ഒരു വിഫലശ്രമം നടത്തി. ജനങ്ങള്‍ അവരെ തടഞ്ഞു.
അവനെ ഞാന്‍ വീണ്ടും ദേഹത്ത് തട്ടിവിളിച്ചു. അവന്‍ ക്ഷീണിച്ച് കിടക്കുകയാണ്. കുറച്ചു കഴിഞ്ഞപ്പോള്‍ പോലീസ് എത്തി. ഞങ്ങളേയും ആ സ്ത്രീയെയും ചോദ്യം ചെയ്തു. ഞങ്ങള്‍ താമസിച്ചിരുന്ന സ്ഥലം പറഞ്ഞപ്പോള്‍ ആ കുട്ടി ഞങ്ങളുടെയാണെന്ന് ആ സ്ത്രീ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.
കുട്ടി മയങ്ങി കിടക്കാന്‍ ലഹരിമരുന്ന് കൊടുത്തിരിക്കുകയാണെന്നും അതുല്‍ ഗേറ്റ് കടന്ന ഉടനെ കുട്ടിയെ ഈ സ്ത്രീയും ഭിക്ഷാടനമാഫിയയും കൂടി തട്ടി കൊണ്ട് പോയതാണെന്നും ഏറ്റു പറഞ്ഞു.
ഇവര്‍ ഭിക്ഷയെടുക്കുന്നതില്‍ കമ്മീഷന്‍ വാങ്ങുന്നു ഭിക്ഷാടന ഏജന്റുമാര്‍. വരവ് കുറഞ്ഞാല്‍ ഭിക്ഷാടന ഏജന്റുമാര്‍ ഇവരെ ദേഹോപദ്രവം വരെ നല്‍കുമത്രേ.
——————–
മേമ്പൊടി: 1. ഭിക്ഷാടനം നിരോധിക്കുക, കുട്ടികളെ സൂക്ഷിക്കുക, വീട്ടില്‍ വരുന്ന അപരിചിതരെ ശ്രദ്ധിക്കുക.
2. നൊന്തു പ്രസവിച്ച അമ്മക്ക് മക്കളെ ഏത് രൂപത്തിലായാലും തിരിച്ചറിയാന്‍ കഴിയും.
RELATED ARTICLES

Most Popular

Recent Comments