സന്ധ്യ ജലേഷ്.
“ഹലോ.. രാംജി.. ഈ ലാബീഗം ബോൽറാ ഹും. ആബ് കഹാം ഹേ.. കേരൾ സേ ഏക് ഖൂബ് സൂരത്ത്a ലഡ് കി ആയാ ഹേ…ഏക് ദം നയാ ഹേ.. (ഹലോ രാംജി ഈ ലാബീഗമാണ് സംസാരിക്കുന്നത്. താങ്കൾ എവിടെയാണ്. കേരളത്തിൽ നിന്നും സുന്ദരിയായ ഒരു പെൺകുട്ടി എത്തിയിട്ടുണ്ട് പുതിയ താണ്) മറുപടി കേട്ട അവർ പൊട്ടിച്ചിരിച്ചു കൊണ്ട് ഫോൺ ഓഫ് ചെയ്തു. വജ്ര വ്യാപാരിയാണ് ഗുജറാത്ത് കാരനായ രാംജി സേഠ്. ഈ ലാബീഗത്തിന്റെ കയ്യിൽ എത്തിപ്പെടുന്ന പുതിയ പെൺകുട്ടികളുടെ ആദ്യ അവകാശി രാംജി സേഠാണ്. അതിന് കാരണവുമുണ്ട്. അയാൾ പറയുന്നിടത്ത് ഒന്നോ രണ്ടോ ദിവസത്തേക്ക് പെൺകുട്ടിയെ എത്തിച്ചു കൊടുത്താൽ… മലയാളിയോ തമിഴ നോ ഹിന്ദിക്കാരനോ എണ്ണികൊടുക്കുന്ന കാശ് പോലെയല്ല.. കയ്യിലുള്ള പെട്ടി ഈ ലാബീഗത്തിന്റെ മുന്നിൽ വെച്ച് തുറക്കും. ഇഷ്ടമുള്ള തെടുക്കാം.
….” കൽക്കട്ട ” (കൊൽക്കത്ത ).. ഹുഗ്ളി നദിയുടെ തീരത്ത് സ്ഥിചെയ്യുന്ന കൊൽക്കത്ത പശ്ചിമ ബംഗാൾ സംസ്ഥാനത്തിന്റെ തലസ്ഥാനമാണ്. “സോനാഗച്ചി” ഏഷ്യയിലെ ഏറ്റവും വലിയ വേശ്യാലയം ഈ തെരുവിലാണ്. ബംഗാൾ, നേപ്പാൾ ‘ തുടങ്ങി ഒട്ടുമിക്ക ഭാഷക്കാരും ഇവിടെയുണ്ട്. എത്തിപ്പെട്ടാൽ ഒരു രക്ഷപെടൽ അസാധ്യമാണ്. അടിവില്ലിൽ വീണ എലിയുടെ അവസ്ഥ. രക്ഷപെടാൻ നോക്കിയാൽ കഴുത്ത് മുറുകും അനങ്ങാതെ എതിർക്കാതെ അനുസരിച്ചാൽ കുറേ കാലം കൂടി ജീവിക്കാം. ഇവിടുള്ള തൊണ്ണൂറ്റി ഒൻപത് ശതമാനം സ്ത്രീകളും കാമുകനോ ഭർത്താവോ വിലപേശി വിറ്റ വരാണ്.. നേപ്പാളികളിൽ ചിലർ മാത്രമാണ് എതിർപ്പില്ലാതെ ജോലി ചെയ്യുന്നത്.
വിവാഹം കഴിഞ്ഞ് പതിനഞ്ചാമത്തെ ദിവസം ഇവിടെ എത്തിപ്പെട്ടതാണ് പാലക്കാട്ട് കാരി ശ്രീവിദ്യ. ചില ദിവസം പത്തിൽ കൂടുതൽ പുരുഷൻമാർക്ക് മുൻപിൽ വസ്ത്രമഴിക്കേണ്ടി വരും.” ഇന്നിനി വയ്യാ ” എന്ന് പറഞ്ഞാൽ ഈലാ ബീഗത്തിന്റെ തടിച്ച കൈപ്പത്തി കവിളിൽ പോറൽ വീഴ്ത്തും.കൂടെ പൂരത്തെറിയും. അഴകും ആരോഗ്യവും നശിച്ച് രഹസ്യ രോഗങ്ങൾക്ക് അടിമയാകുമ്പോൾ ഇവിടെ നിന്നും പുറത്താക്കും. വയറ് കത്തുമ്പോൾ തെരുവ് വേശ്യയുടെ പുതിയ കുപ്പായമണിയും..
അവിടെ കാമ ദാഹം തീർക്കാനെത്തുന്നവരിൽ ഏറിയ പങ്കും ഭിക്ഷക്കാരും കുഷ്ഠരോഗികളുമാണ്. ഇന്നലെ നൈറ്റ് ഷിഫ്റ്റായതിനാൽ ഇന്നുച്ചമുതലേ ശ്രീദേവിക്ക് ഡ്യുട്ടിയുള്ളു.ശരീരമാസകലം ഇടിച്ചു നുറുക്കിയ വേദന.. ഇന്നലെ വെളുപ്പിനാണ് വന്നുകിടന്നത്.. പത്ത് മണിയായിട്ടും എഴുന്നേറ്റിട്ടില്ല. വല്ലാത്ത ക്ഷീണം….. വെറുതെ കിടന്നോരോന്നാലോചിക്കുമ്പോൾ കണ്ണ് നിറഞ്ഞൊഴുകും. സിഗരറ്റിന്റെയും മദ്യത്തിനേറെയും വിയർപ്പിൽ കുഴഞ്ഞ ഈ ഇരുട്ടറയ്ക്കുള്ളിൽ നിന്നും ഇനിയുള്ള രക്ഷപെടൽ മരണം മാത്രമാണന്നറിയാം.. എങ്കിലും….. കാടും മേടും മഞ്ഞും മലയും മഴയുമൊക്കെയുള്ള ഒരോർമ്മ ഇന്നും മനസ്സിലുണ്ട്. ……………. എട്ടാം വയസ്സിലും അമ്മയേ കെട്ടിപ്പിടിച്ച് കിടന്നേ ഉറങ്ങിയിട്ടുള്ളു. തൊട്ടടുത്ത ശിവക്ഷേത്രത്തിൽ സുപ്രഭാതം കേൾക്കുമ്പോൾ പറ്റിച്ചേർന്നു കിടക്കുന്ന തന്നെ ഉണർത്താതെ അമ്മ എഴുന്നേറ്റ് അടുക്കളയിലേക്കു പോകും…. തെങ്ങോലമെടഞ്ഞ് മറച്ച കുളിപ്പുരയിൽ പച്ച വെള്ളത്തിൽ കുളിക്കുമ്പോൾ അമ്മ പറയും “നല്ലോണം മേല് തേക്ക്.. പെമ്പിള്ളാരായാൽ ഇത്തിരി വൃ ത്തീം മെനേമൊക്കെ വേണം” തല അമർത്തി തോർത്തി ഉച്ചിയിൽ രാസ്നാദിപ്പൊടി തിരുമ്മിത്തരും. ഉച്ചിയിൽ വെള്ളമിറങ്ങി പനി പിടിക്കണ്ട ” പൂജാമുറിയുടെ വാതിൽക്കൽ തൂക്കിയിരിക്കുന്ന കുടുക്കയിൽ നിന്നും ഭസ്മം തോണ്ടി നെറ്റിയിൽ തൊടും.
ഇതിനിടയിൽ അടുക്കളയിലേക്കെത്തി നോക്കുമ്പോൾ വിറകടുപ്പിലിരുന്ന് പുട്ട് കുറ്റിചുളം വിളിക്കുന്നത് കേൾക്കാം. ചെമ്പാവരി പുഴുങ്ങി ഉണക്കി തടിയൂരലിൽ അമ്മ തന്നെ കുത്തിയെടുത്ത അരി പൊടിച്ച് അത് കൊണ്ടുണ്ടാക്കുന്ന പുട്ടാണ്. അതിൽ നിന്നുയരുന്ന അവിക്ക് തവിടും തേങ്ങാപ്പീരയും കൂടി വെന്ത കൊതിപ്പിക്കുന്ന ഒരു മണമാണ്. തൊടിയിൽ നിന്നും വെട്ടിയെടുത്ത് പഴുപ്പിച്ച ചാമ്പ പൂവൻ പഴവും ഞെരടി പുട്ട് ചെറു ഉരുളയാക്കി കഴിക്കുമ്പോൾ പ്രത്യേകിച്ച് പഞ്ചസാര ചേർക്കേണ്ട കാര്യമില്ല. അത്ര മധുരമാണ് ആപഴത്തിന്. മുടി ഉച്ചിയിൽ വെച്ച് പകുത്ത് പുറകോട്ടിട്ട് അറ്റത്ത് ഒരു റിബണും കെട്ടും. സ്കൂൾ ജീവിതത്തിൽ കൂടുതലും ‘ഇട്ടിട്ടുള്ളത് പാവാടയും ബ്ളൗസുമാണ്. ഒൻപത് മണിയാകുമ്പോൾ സ്കൂളിലേക്ക് പുറപ്പെടും.കടത്ത് വള്ളം കയറി ഇറങ്ങി അൽപം നടന്നാൽ ഒരു മൺറോഡാണ്. ആ വഴി അൽപം പോയാൽ വിശാലമായ പാടം.
വയൽ വരമ്പിലൂടെ തണുത്ത ഇളം കാറ്റേറ്റ് വിളഞ്ഞ് സ്വർണ്ണ നിറത്തിൽ കുലകുത്തി കിടക്കുന്ന നെൻ മണി കളിലൊന്ന് ആരും കാണാതെ പറിച്ച് വായിലിട്ട് ചവച്ച് നടക്കുമ്പോൾ ഒരു പ്രത്യേക ശബ്ദമുണ്ടാക്കി കാളകളുടെ ചന്തിയിൽ മൃദുവായി അടിച്ചു കൊണ്ട് വയലുഴുതു മറിക്കുന്ന തൊപ്പി പാളവെച്ച കർഷകൻ. താഴ്ത്തികൊടുക്കുന്ന കലപ്പ മറിച്ചിടുന്ന ചെളിക്കട്ട കളിൽ നിന്ന് തല പൊന്തിക്കുന്ന ചെറുപ്രാണികളെ നീളമുള്ള കൊക്കുകൾ കൊണ്ട് കൊത്തിത്തിന്നുന്ന അനേകമനേകം വെള്ള കൊക്കുകൾ… ഇതൊക്കെ ഭൂമിയിൽ ഗ്രാമങ്ങളിൽ മാത്രമുള്ള ആത്മനിർവൃതിയേറുന്ന കാഴ്ചകളാണ്. സ്കൂളിലെ ഇടവേള സമയത്ത് മൈതാനത്തിന്റെ മൂലയിൽ നിൽക്കുന്ന പുളിമരത്തിൻ ചുവട്ടിൽ നിന്ന് പൊഴിഞ്ഞു വീണ അച്ചിങ്ങാപ്പുളി പെറുക്കി ഉപ്പും കൂട്ടി തിന്നും. ഉച്ചഭക്ഷണത്തിന് മണിയടിക്കുമ്പോൾ കുടുതുറന്നു വിട്ടതാറാവിൻ കൂട്ടങ്ങളെപ്പോലെ ശബ്ദമുണ്ടാക്കിക്കൊണ്ട് പൈപ്പിൻചുവട്ടിലേക്കോടും.
കൈ കഴുകി പാവാടത്തുമ്പിൽ തുടച്ച് വീണ്ടും ക്ലാസ് മുറിയിലേക്കോടും.ബഞ്ചിലിരുന്ന് അമ്മ തന്നു വിട്ട ചോറ് പൊതിസഞ്ചിയിൽ നിന്നെടുത്ത് തുറക്കും… തേങ്ങാച്ചമ്മന്തി, ചീരത്തോരൻ, ഉരുളക്കിഴങ്ങ് മെഴുക്കുപുരട്ടി. ചൂട് ചോറിരുന്ന വാഴയില വാടിയ ഹൃദ്യമായ ഒരു ഗന്ധം ചുറ്റിലുമുയരും… ഓർമ്മകളിൽ ചാലിച്ച കണ്ണീർ കവിളുകളിലൂടെ ഒഴുകിയിറങ്ങുന്നതിനിടയിൽ വീണ്ടും ഒന്നു മയങ്ങി…… “ക്യാ ഹേരേ ചൂടൽ ബിനാ… സ്വപ്നാദേഖർ അപ് നേ കമരേ മേ ജാവോ ” ( എന്ത് വാടി പിശാ ചേ. സ്വപ്നം കണ്ടിരിക്കാതെ മുറിയിലോട്ട് പോ” ) ഈ ലാബീഗത്തിന്റെ ചീത്ത കേട്ട് ഞെട്ടി ഉണർന്നു. സമയമായിരിക്കുന്നു.. തിളച്ചുപൊന്തി കുതിച്ച് പായുന്ന രക്തം തുള്ളി കളാക്കി തന്റെ ഉദരത്തിലേക്കിറ്റിക്കാൻ വീണ്ടും ഏതോ ഒരു വൃത്തികെട്ട പുരുഷൻ എത്തിയിരിക്കുന്നു.. അവൾ പതുക്കെ എഴുന്നേറ്റ് മുറിയിലേക്ക് നടന്നു…..