ജമാല്‍ റാഷി, മൂവാറ്റുപുഴ.
പ്രധാന വഴിയില്‍ നിന്നും തിരിഞ്ഞ് വായനശാലയോട് ചേര്‍ന്നുള്ള വീതികുറഞ്ഞ വഴിയിലൂടെ അയാളെയും വഹിച്ചുകൊണ്ടുള്ള ആ ആഡംബര വാഹനം കാഞ്ഞിരക്കാട്ടുമോളം ഗ്രാമത്തിലേയ്ക്ക് പ്രവേശിച്ചു. പൊടി പറത്തിക്കൊണ്ടത് അയാളുടെ ബംഗ്ലാവിനെ ലക്ഷ്യമാക്കി നീങ്ങി. അയാള്‍ വിന്റോ ഗ്ലാസുകള്‍ താഴ് ത്തി. ഗ്രാമീണ നിഷ് ക്കളങ്കതയുടെ സൌരഭ്യം മണ്‍പാതയിലെ പൊടി പടലങ്ങളില്‍ കുഴഞ്ഞ് അയാളിലേയ്ക്ക് പറന്ന് കയറി. അയാള്‍ വാഹനത്തിന്റെ വേഗത കുറച്ച് അവ ആവോളം ആസ്വദിച്ചു. നഗര തിരക്കുകളില്‍ നിന്നും ഒഴിഞ്ഞ് നില്‍ക്കാന്‍ കിട്ടുന്ന ഇത്തരം സന്ദര്‍ഭങ്ങള്‍ അയാള്‍ക്കൊരു അനുഗ്രഹമാണ്. പ്രത്യേകിച്ച് ഇരമല്ലൂര്‍ എന്ന തന്റെ ജന്മസ്ഥലത്തേയ്ക്കുള്ള വരവുകള്‍.
ഇവിടത്തുകാര്‍ക്ക് സാമ്പത്തികമായ എന്താവശ്യത്തിന്റെയും ആദ്യവാക്ക് അയാളാണ്, അവസാന വാക്കും. ഈ വരവും അത്തരമൊരു പദ്ധതി നിര്‍വഹണത്തിന്റെ തുടക്കം കുറിക്കാന്‍ തന്നെ.
കുരുന്നുകളെ ആദ്യാക്ഷരത്തിന്റെ മാധുര്യം നുകര്‍ന്ന് മുന്നോട്ട് നയിക്കുന്നതില്‍ മൂന്ന് പതിറ്റാണ്ടിലേറെയായി സ്തുത്യര്‍ഹമായ സേവനം നടത്തിവരുന്ന ബാലവാടി വഴി ഗ്രാമത്തിലെ വൃദ്ധജനങ്ങള്‍ക്ക് ആഴ്ചയില്‍ ഒരു ദിവസം സൌജന്യമായി സദ്യ കൊടുക്കുകയെന്ന ആശയം തുടക്കം കുറിക്കാനാണ്, ഇത്തവണത്തെ വരവ്. എന്തിനും അയാള്‍ തുടക്കം കുറിച്ചാലത് മുന്നോട്ടുള്ള പോക്ക് സുഗമമാകുമെന്ന് മുന്നനുഭവങ്ങളില്‍ നിന്നും ഗ്രാമീണര്‍ വിശ്വസിക്കുന്നു.
നാളെയാണ് ആ പ്രഥമ ദിവസം. ബംഗ്ലാവിന്റെ കവാടത്തില്‍ നാരായണി അയാളെ പ്രതീക്ഷിച്ചു നിന്നിരുന്നു. അവരും ഭര്‍ത്താവ് അച്യുതനുമാണ് ഈ ബംഗ്ലാവിന്റെയും പുരയിടത്തിന്റേയും എല്ലാം. കാര്‍ ഗേറ്റിലെത്തിയതും നാരായണി പതിവ് പുഞ്ചിരി സമ്മാനിച്ച് ഒതുങ്ങി നിന്നു. അയാള്‍ തല പുറത്തേയ്ക്കിട്ട് പുഞ്ചിരിയില്‍ തന്നെ മറുപടി കൊടുത്തു. കാര്‍ പോര്‍ച്ചിലേയ്ക്ക് നീങ്ങി. നാരായണി ഓടുന്നതുപോലെ നടന്ന് പിറകേ എത്തി. അയാള്‍ കാറില്‍ നിന്നും ഇറങ്ങി പിന്‍സീറ്റില്‍ നിന്നും പെട്ടിയെടുക്കുന്നതിനിടയില്‍ നാരായണി പറഞ്ഞു തുടങ്ങി
‘ഇപ്പോ എല്ലായിടത്തും, പസാവിയത്ത് കടവിലും, ചെറുവട്ടൂര്‍ കവലയിലുമെല്ലാം കുഞ്ഞിനെക്കുറിച്ചാ സംസാരം.നാളത്തെ സദ്യ കേമമാക്കണമെന്ന് പറഞ്ഞോടി നടക്ക്വാ ആ ഗ്രാമവേദിടെ പിള്ളേര്‍…ഉപ്പും, ശര്‍ക്കരയും തുടങ്ങി ചുരുക്കാം സാധനങ്ങളെ പുറത്തുനിന്ന് വാങ്ങിയൊള്ളു. ബാക്കിയൊക്കെ ഈ പറമ്പീന്നാ കൊണ്ടോയെ….
ഒന്ന് നിര്‍ത്തി,’ഹല്ലാ…കുഞ്ഞെന്ത്യേ ഒന്നും മിണ്ടാത്തേ…?
അതിന് എനിക്കൊരവസരം തന്നാലല്ലെ….ചിരിച്ചുകൊണ്ടാണയാള്‍ അത് പറഞ്ഞത്. നാണക്കേട് പുറത്ത് കാട്ടാതെ നാരായണി…ങാ ഞാനങ്ങിട്ട് ചെല്ലട്ടെ…പിള്ളേരുടെ അച്ഛനെയിങ്ങ് പറഞ്ഞു വിടാം, സന്ധ്യയ്ക്ക് മുന്‍പ്. കുഞ്ഞിന് അത്താഴത്തിന് പതിവുള്ളതുതന്നെ മതിയല്ലോ…?
മതിയെന്നയാള്‍ തലയാട്ടി… പടികള്‍ കയറി അയാള്‍ മുകളിലേയ്ക്ക് പോയി. നാരായണി പുറത്തേയ്ക്കും. മൂന്നേക്കറില്‍ പരന്നു കിടക്കുന്ന പുരയിടവും അതില്‍ ഈ ബംഗ്ലാവും ഒരു വലിയ തറവാട്ടുകാരുടേതായിരുന്നു. കാലാന്തരത്തില്‍ കുടുംബം ചിതറിയപ്പോള്‍ അവസാനത്തെയാള്‍ എല്ലാം വിട്ട് ഒരു ചെറിയ വീടുവാങ്ങി അതിലേയ്ക്ക് മാറി.
വീതം വയ്പ്പിന്റെ ഭാഗമായി വിറ്റപ്പോള്‍ മോശമല്ലാത്ത വിലയ്ക്ക് വാങ്ങിയതാണ്. ഒരു ആഗ്രഹ സഫലീകരണം പോലെ പറമ്പ് വിട്ടൊഴിഞ്ഞവര്‍ ഒന്നേ ആവശ്യപ്പെട്ടൊള്ളു. തെക്കേ അറ്റത്ത് എരിഞ്ഞടങ്ങിയ പൂര്‍വീകരുടെ കുഴിമാടങ്ങള്‍ നശിപ്പിക്കരുത് എന്നുമാത്രം. കൈലിയുടുത്ത് തോര്‍ത്തും സോപ്പുമായി അയാള്‍ കുളിക്കടവിലേയ്ക്ക് നടന്നു. ചെറു പുല്‍ക്കൊടി മുതല്‍ വന്‍ മരങ്ങളില്‍ വരെ പ്രകടം. പരിപാലനത്തിന്റേയും സംരക്ഷണത്തിന്റേയും സ്നേഹം.മക്കളില്ലാത്ത അച്യുതനും നാരായണിക്കും ഈ പറമ്പിലെ എല്ലാം സ്വന്തം സന്താനങ്ങള്‍. കുളത്തിലെ തെളിനീരില്‍ മുങ്ങിനിവര്‍ന്ന് മനസ്സും ശരീരവും കുളിര്‍പ്പിച്ച് മടങ്ങിവരുമ്പോഴെ കാണാം. ബംഗ്ലാവിന് പിന്നില്‍ അച്യുതന്‍ കാത്തുനില്‍ക്കുന്നത്.
അത്താഴത്തിനുള്ള പാലും നേന്ത്രപ്പഴവും അകത്തുവെച്ച് കൈയില്‍ തടിച്ച പുസ്തകവും പിടിച്ചാണ് നില്‍പ്പ്. ഒരു വട്ടം യജമാനന്‍ വന്ന് പോയതിനുശേഷമുള്ള വ്യവഹാരങ്ങളുടെ രസീതുകള്‍ ക്രയവിക്രയങ്ങളുടെ കണക്കും കൃത്യാമായി ബോധ്യപ്പെടുത്തിയാലെ അച്യുതന് സമാധാനമാകു. തന്റെ ഉത്തരവാദിത്വം ഭംഗിയായി ചെയ്തു തീര്‍ത്തുവെന്ന സന്തോഷം അചുതനിലും അയാളിലുള്ള വിശ്വാസം യജമാനനും. ഒരുപാട് സൌകര്യമുള്ള ബംഗ്ലാവില്‍ ടെറസ്സിന്‍ മുകളിലാണ് ഇവിടെ വന്നാല്‍ അയാളുടെ രാത്രികള്‍. ചെറുമേഘങ്ങള്‍ നിശാകരന്റെ തലോടലേറ്റ് മെല്ലെ നീങ്ങുന്നു. താഴെ വയലില്‍ നിന്നും ശീതക്കാറ്റ്. അയാള്‍ ആകാശത്ത് കണ്ണും നട്ട് നിവര്‍ന്ന് കിടന്നു.
ചീവിടുകളുടെ മധുരനാദം, നിശയുടെ താരാട്ട്, കേമം പതിവിന് വിപരീതമായി എന്തോ ഉറക്കത്തിന് തന്നെ കീഴടക്കാനാവുന്നില്ല. എന്തൊക്കെയോ ഓര്‍മ്മകള്‍.ഒന്നും അവ്യക്തമല്ല. എല്ലാം കണ്ണാടി പോലെ തെളിഞ്ഞു തന്നെ. ആരും ഓര്‍ത്ത് വയ്ക്കാത്ത അല്ലെങ്കില്‍ കാലാന്തരത്തില്‍ മറവിയിലാണ്ടുപോയ ഒരു മുഖം.ചപ്രച്ച തലമുടിയും മുള്ളുവേലിയില്‍ ചണച്ചാക്കും നനച്ചിട്ടപോലെത്തെ ശരീരവുമായൊരുവന്‍ തന്നെ നോക്കി ചിരിക്കുന്നു. ഓര്‍മ്മകളുടെ പടവുകളില്‍ ഒന്നില്‍ താനെല്ലാം വെട്ടിപ്പിടിച്ചെന്ന അഹങ്കാരം….?കാലം കരുതിവെച്ചതെല്ലാം തനിക്ക് തന്നുവെന്ന സമാധാനം.
ബാലവാടിയില്‍ മഞ്ഞ ഉപ്പുമാവ് വിളമ്പുകയാണ് പഠിതാക്കള്‍ക്ക്. ബാക്കി വരുന്നതില്‍ ഒരു പങ്ക് വാങ്ങാന്‍ അവനുമുണ്ട്. തന്റെ ചളുക്കുവീണ് ശില്പമായി തീര്‍ന്ന ചോറ്റുപാത്രമായി. ക്ഷമകെട്ട് അവന്‍ കുട്ടികള്‍ക്കിടയിലേയ്ക്ക് തിക്കി തിരക്കി കയറി. പിന്നെയെല്ലാവരും കാണുന്നത് അവന്റെ ശില്‍പ്പം.എല്ലാവര്‍ക്കും മുകളിലുള്ള വഴിയിലൂടെ എതിര്‍വശത്ത് പറന്നിറങ്ങുന്നതാണ്. ഒരു ഞെരുക്കത്തോടെ അയാള്‍ മയക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നു. എല്ലാം അതേപടി. തെളിഞ്ഞ ആകാശം കൂടുതല്‍ മനോഹരം.അമ്പിളി കൂടുതല്‍ സുന്ദരന്‍. പ്രകൃതി ശാന്തം. അയാള്‍ പുതപ്പ് തലവഴി വലിച്ചിട്ട് ദേഹമാകെ മൂടി പതിയെ സുഷുപ്തിയിലാണ്ടു.
ബാലവാടിയിലേയ്ക്കുള്ള ഇറക്കമിറങ്ങി അയാളുടെ വാഹനം വരുന്നത് കണ്ട്. കാത്തുനിന്നവര്‍ റോഡിലേയ്ക്കിറങ്ങി. വണ്ടി അവര്‍ക്കരികില്‍ എത്തിയതും ഏവരും ചുറ്റും കൂടി, സ്വീകരണം കൊണ്ടും കുശലാന്വേഷണം കൊണ്ടും.
ഏവരുടെയും ഭാവം പ്രസന്നം. വിശിഷ്ട അതിഥിയോടുള്ള പരിഗണന. ഉത്ഘാടന ചടങ്ങുകള്‍ പെട്ടെന്ന് തീര്‍ത്ത് എല്ലാവരും ഉണ്ണാനിരുന്നു. വിളമ്പുകാര്‍ മത്സരിച്ചു. ചോറും കറികളും ഇലകളില്‍ നിരന്നു. അയാള്‍ തനിക്കൊപ്പം ഉണ്ണാനിരുന്ന എല്ലാവരെയും ശ്രദ്ധിച്ചു. നോട്ടം തനിക്കുനേരെയായിരുന്ന സ്ത്രീയിലെത്തിയപ്പോള്‍ കണ്ണുടക്കി നിന്നു. ഉള്ളൊന്ന് പിടഞ്ഞു. അവര്‍ തന്നെയും ശ്രദ്ധിക്കുന്നുണ്ടെന്നയാള്‍ക്ക് മനസ്സിലായി.
അതെ…ഇതവര്‍ തന്നെ….തന്റെ പാത്രം വാങ്ങി ദൂരേക്ക് വലിച്ചെറിഞ്ഞവര്‍….
പല്ലെല്ലാം കൊഴിഞ്ഞ് ക്ഷീണിച്ച് അസ്ഥികൂടമായ ഒരു രൂപം.കാലം അവരില്‍ എത്ര മാറ്റം വരുത്തിയാലും എനിക്കോര്‍മ്മിച്ചെടുക്കാന്‍ കഴിയും.
ദൈവമേ….അതേയിടത്ത് ഇരുവരെയും കാലം മുഖാമുഖം എത്തിച്ചിരിക്കുന്നു. അയാളുടെ കണ്ണില്‍ നിന്നും ഉപ്പുനീര്‍ ചോറില്‍ ഇറ്റിറ്റു വീണു.
സംഘാടകരുടെ നിര്‍ദ്ദേശത്തിന് കാക്കാതെ അയാള്‍ കൈനിറയെ വാരിയുണ്ടു…..