Thursday, November 28, 2024
HomePoemsഎനിക്കും നിനക്കും ഇനി സമയമധികമില്ല. (കവിത)

എനിക്കും നിനക്കും ഇനി സമയമധികമില്ല. (കവിത)

വേണു നൈമിഷിക. (Street Light fb group)
നടക്കാം, നമുക്കല്പ്പം
ചുമലുകളടുപ്പിച്ചു നോക്കാം
വിരലിൽ വിരൽകോർത്തു ചുമ്മാ
വെയിലേൽക്കുമീ വഴിത്താരയിലൂടെ
എനിക്കും നിനക്കും
ഇനി സമയമധികമില്ല !
ചിന്തകൾക്കന്തരമുണ്ടാകാം
വാക്കുകൾ കലഹപ്പെടുത്താം
ക്രൂദ്ധനോട്ടങ്ങൾ പിൻവലിക്കാം
കൂട്ടിന്നുകൂട്ടായി നോക്കാം
ചിരിച്ചുല്ലസിക്കാം, ചെറുകഥകൾ
പറഞ്ഞു പാടാം, രസിക്കാം
എനിക്കും നിനക്കും
ഇനി സമയമധികമില്ല !
ബാല്യത്തിലേക്കു നടന്നുപോകാം
ചോറ്റുപാത്രങ്ങളിൽ കൈയിട്ടുവാരാം
മൂക്കൊലിപ്പിക്കാം, കൈകൊണ്ടു
തൂത്തുകളയാം, നമ്മുടെ
പിണക്കങ്ങളൊക്കെയും
എനിക്കും നിനക്കും
ഇനി സമയമധികമില്ല !
നാളെയൊരിക്കൽ , ഞാനും നീയും
ദിക്കുകളറിയാതുഴറുമ്പോൾ
ഒരു വാക്കിനായ്, ഒരു നോക്കിനായ്
മനസ്സുകരയുമ്പോൾ
മോഹങ്ങൾ മോഹഭംഗങ്ങളായി
നമ്മുടെ ചിതകൾ ദഹിപ്പിക്കും
എനിക്കും നിനക്കും
ഇനി സമയമധികമില്ല !

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments