കാർത്തിക മോഹൻ. (Street Light fb group)
ഇന്നലെ രാവിൽ ഞാനുറങ്ങുമ്പോൾ മുൻകൂട്ടി അനുവാദമൊന്നും വാങ്ങിടാതെ ഒരാൾ എന്റെ തലയണയ്ക്കരികിലേക്ക് പറന്നിറങ്ങി. മൂക്കിന്റെ തുഞ്ചത്തു മൃദുവായൊരു സ്പർശമേറ്റതും ഉറക്കത്തിൽ ഞാനൊന്നു ഞെട്ടീ, പിന്നെ മെല്ലെ കണ്ണുതുറന്നു. ഇരുളിൽ എന്നരികിലേയ്ക്കെത്തിയ വിരുന്നുകാരനെ കണ്ടു ഞാൻ ആശ്ചര്യം കലർന്നൊരു പുഞ്ചിരി തൂകീ, എന്റെ മൂക്കിൻമേലെ തിളക്കമാർന്നൊരു മൂക്കുത്തി കണക്കെ ആ മിന്നാമിനുങ്ങ് ചേർന്നിരുന്നു. മയക്കം വിടാത്ത എന്റെ രണ്ടു കണ്ണുകളേയും മാറിമാറി നോക്കി അവൻ വിസ്മയം പൂണ്ടു. ഞാൻ വീണ്ടും പുഞ്ചിരിച്ചൂ, അതീവ ശ്രെദ്ധയോടെ.. എന്റെ അതിഥിയുടെ സ്വസ്ഥമായ വിശ്രമത്തിനു തെല്ലും അനക്കം തട്ടരുതല്ലോ.
മൗനമായിരുന്നു ഞങ്ങളുടെ ഭാഷ..
എന്നെത്തേടി ഈ രാവിൽ മലയിറങ്ങി, പോരും വഴി മലഞ്ചരിവിലുള്ള പുഴയുടെ കുളിരൊരു പിടി കൈക്കുമ്പിളിലൊതുക്കി, പുഴക്കരയിലെ മഞ്ചാടിമരത്തിനു ചോട്ടിൽ അങ്ങിങ്ങായി വീണു കിടന്ന മഞ്ചാടിക്കുരുക്കളഞ്ചാറു പെറുക്കി, നെൽക്കതിരുകൾ വിളഞ്ഞു നിറഞ്ഞു കവിഞ്ഞു നിന്നിരുന്ന പാടത്തിൻ മേലേ ചെറുതായൊന്നു മൂളിപ്പറന്നുയർന്ന്, പാടത്തിന്നങ്ങേയറ്റത്തുള്ള മുത്തപ്പൻ ക്ഷേത്രത്തിലെ അരയാലിനെയൊന്നു വേഗത്തിൽ വലം വെച്ചു തീർത്ത്, പിന്നെ ക്ഷേത്രക്കുളത്തിനരികിലുള്ള ഇടവഴിയിലൂടെ വന്നപ്പോൾ ഇടയ്ക്കുവെച്ചൊന്നു വഴി തെറ്റിയ കഥ അവന്റെയാദ്യ മൗനത്തിൽ നിന്നും അതിലോലമായുതിർന്ന് എന്റെ കാതുകളിലേക്കൊഴുകിയെത്തി. വഴിയറിയാതെ പരിഭ്രമിച്ചപ്പോൾ കുറച്ചകലെ കണ്ട സർപ്പക്കാവിൽ കയറിച്ചെന്ന്; ഇലകളും പൂക്കളും കൂമ്പി ഉറക്കത്തിലാണ്ടുനിന്നിരുന്ന പാലമരത്തെ തൊട്ടുണർത്തി വഴി ചോദിച്ചതും, നഷ്ടപ്പെട്ട ഉറക്കത്തിൽ ദേഷ്യം പൂണ്ട് പാല മരം കണ്ണുരുട്ടിയപ്പോൾ അതിന്മേൽ വിടരാൻ വെമ്പി നിന്നിരുന്ന ഒരു പാലപ്പൂമൊട്ട് പൊടുന്നനെ അഴകേഴും വഴിഞ്ഞ് വിരിഞ്ഞുണർന്ന്; വഴി ചൊല്ലിയേകിയതും കിലുകിലുന്നനെയുള്ളൊരു പൊട്ടിച്ചിരിയോടെ ആ മൗനം പറഞ്ഞു തീർത്തു.
ഉള്ളിൽ ചിരിയുതിർന്നെങ്കിലും എന്റെ മൗനം അവന്റെ തിളങ്ങുന്ന കണ്ണുകളിലേയ്ക്ക് പരിഭവത്തോടെ ഒരു നോട്ടമെറിഞ്ഞു. നോട്ടത്തിനുള്ളിലൊളിപ്പിച്ചിരുന്ന ചോദ്യത്തെ തിരിച്ചറിഞ്ഞതും വീണ്ടുമൊരു പൊട്ടിച്ചിരി, ഒപ്പം കുളിരിൽ പൊതിഞ്ഞുപിടിച്ചിരുന്ന മാഞ്ചടിക്കുരുക്കളൊന്നാകെയെന്റെ നിറുകയിലേയ്ക്കു തൂവീ ആ കുഞ്ഞതിഥി. മലയിറങ്ങിവന്ന കുളിരിൽ ഞാൻ മതിമറന്നൂ, മൗനങ്ങൾ ഒന്നല്ല, രണ്ടല്ല, ഓരായിരം കഥകൾ പറഞ്ഞൂ.. കുന്നിൻചരിവിലെ ഭ്രാന്തൻ പാട്ടുകാരനും, എന്തിനോവേണ്ടി ഉടവാളുമേന്തി ഉറഞ്ഞുതുള്ളി അമ്പലം വിറയ്പ്പിക്കുന്ന മുത്തപ്പനും, കാവിലെ കാണാനിധി കാക്കും മണിനാഗവും, സർപ്പസൗന്ദര്യം കാട്ടി ആളെമയക്കുന്ന പാലച്ചോട്ടിലെ യക്ഷിപ്പെണ്ണും എന്തിന്.. വേലിക്കരികിൽ തലയെടുപ്പോടെ നിൽക്കുന്ന തേന്മാവിൽ ഇന്നു വൈകുന്നേരം വിടർന്ന് നാടാകെ കാണാൻ കൊതിപൂണ്ടുനിൽക്കുന്ന മാമ്പൂവും വരെ കഥകളുടെ തൂവെള്ള ചിറകിലേറി എന്റെ മുറിയ്ക്കകത്തേക്കു കടന്നുവന്ന് ഞങ്ങളെ കണ്ണിമചിമ്മാതെ നോക്കിനിന്നു. മൂക്കിൻതുമ്പത്തു വിടർന്നുതുളുമ്പിയ പ്രകാശത്തിൽ ഞാനെന്റെ ക്ഷണിക്കപ്പെടാതെ ആഗമിച്ച അതിഥികൾക്കിടയ്ക്കൊരു രാജകുമാരിയായ് മിന്നിത്തെളിഞ്ഞു, എന്റെ കുഞ്ഞതിഥി മിന്നുന്ന വിളക്കു കൈയിലേന്തിയ രാജകുമാരനും..