രശ്മി സഞ്ജയൻ (Street Light fb group).
ഞാൻ നിള, ഏകാന്തതയുടെ നൂൽപ്പാലം കടന്നപ്പുറത്തെത്താനുള്ള വ്യഗ്രതയിൽ ജീവിക്കുന്നവൾ, യാത്രയുടെ ആരംഭം തുടങ്ങിക്കഴിഞ്ഞു. ഓരോ ചുവടും വളരെ സൂക്ഷ്മമായി വെച്ച് നൂലറ്റു പോകാതെ കൃത്യമായിയപ്പുറം കടക്കാൻ കൊതിക്കുന്നവൾ. ആരുടെയൊക്കെയോ പ്രതീക്ഷയുമാഗ്രഹങ്ങളും. ഞാനെന്ന നിളയെക്കുറിച്ച് നിങ്ങൾക്കെന്തറിയാം, കൗമാരം വിട്ടു യുവത്വത്തിലേക്ക് കടന്ന സാധാരണക്കാരിയായ ഒരു നാട്ടിൻ പുറത്തുകാരി തന്നെയാണു ഞാനും. ഇപ്പോൾ നിങ്ങൾ ചിന്തിക്കുന്നതെന്താണെന്നോ? ഇതിലെന്താണിത്ര പ്രത്യേകതയെന്നല്ലേ , ഞാനെന്റെ കഥ നിങ്ങളോട് പറയാമപ്പോൾ നിങ്ങൾക്കു കാര്യങ്ങളേറെക്കുറേ വ്യക്തമാകും.
ബാല്യകൗമാരങ്ങൾ കടന്ന് യൗവ്വന യുക്തയായ ഒരു യുവതിയാണിന്നു ഞാൻ. അച്ഛനില്ല, അമ്മയുടെ തണൽ പറ്റി കഴിയുന്ന ഒരേയൊരു മകൾ. അമ്മയുടെ ജീവനും ശ്വാസവുമൊക്കെ ഈ ഞാൻ തന്നെ , ഏകാന്തതയെ ഏറ്റവുമധികം ഇഷ്ടപ്പെടുന്നവൾ. ആരോടുമിതുവരെ പ്രണയം തോന്നാതിരുന്നവൾ, എന്നിട്ടുമെന്തേയിന്നെനിക്കവനോട് മാത്രമായി ഒരിഷ്ടം തോന്നാൻ, പോയ ജന്മത്തിലവൻ എന്റെയാരോ ആയിരുന്നു യെന്ന തോന്നൽ എന്നെ അവനിലേക്കടുപ്പിച്ചു, അവന്റെ കണ്ണുകളും എന്നെ തിരയുകയായിരുന്നു എന്നത് ഞങ്ങളുടെ പ്രണയത്തിന് ശക്തി കൂട്ടി, പരസ്പരം പ്രണയം പങ്കുവെയ്ക്കാതെ നാളുകൾ കഴിച്ചു കൂട്ടി, എന്റെയനുവാദം ചോദിക്കാതെ തന്നെ അവനെന്റെ മനസ്സ് സ്വന്തമാക്കിയിരുന്നു. ഒരിക്കലുമെന്നോടവനൊന്നും ചോദിച്ചില്ല, സംസാരിക്കാനവസരങ്ങൾ കിട്ടിയിട്ടു പോലും മൗന ഭാഷയിൽ മനസ്സുകൾ ആശയ വിനിമയം നടത്തി ഞങ്ങളെ തോൽപിച്ചു കളഞ്ഞു. എന്നിട്ടും ഒരു പുഞ്ചിരി ഞങ്ങളുടെ മൗനത്തിനു തിരശ്ശീലയിട്ടു. പിന്നീടുള്ള ദിവസങ്ങൾ മെല്ലെ മെല്ലെ ഞങ്ങൾ ഞങ്ങളെയറിയുകയായിരുന്നു, ഞങ്ങള പരിചിതരല്ലാരുന്നുയെന്ന തിരിച്ചറിവ് കിട്ടിയ നാളുകളായിരുന്നു, പ്രണയമെന്ന വികാരത്തിന്റെ മാസ്മരിക ശക്തിയിലൊന്നിക്കുകയായിരുന്ന രണ്ടു മനസ്സുകൾ, പലപ്പോഴും ചിന്തകൾ പോലുമൊന്ന് , ഇതു വരെ കണ്ടുമുട്ടാതിരുന്നതിലുള്ള പരിഭവങ്ങൾ, ഇണക്കങ്ങൾ, പിണക്കങ്ങൾ, ആധിപത്യങ്ങളങ്ങനെ നീളുന്ന പ്രണയത്തിൽ ഞങ്ങളുടെ മനസ്സിൽ വല്ലാത്തൊരാഗ്രഹം മുളപൊട്ടി, പ്രണയ സാക്ഷാത്ക്കാരമായി ഞങ്ങൾക്കായി ഒരു മകൻ.
പിന്നീടുള്ള സ്വപ്നങ്ങളിലെന്നും അവനും ഞങ്ങളുടെ പങ്കാളിയായി , സ്വപനങ്ങൾ പാതി വഴിക്കുപേക്ഷിക്കണ്ട യവസ്ഥയിലാണിന്നു ഞാൻ. ഇനിയാണ് നിളയെന്ന എന്റെ ജീവിതത്തിന്റെ വഴിത്തിരിവ് , എല്ലായിടത്തും വില്ലൻ പരിവേഷത്തിലെത്തുന്ന വിധി എനിയ്ക്കായും ചിലത് മാറ്റിവെച്ചിരുന്നു, എന്റെ സന്തോഷങ്ങളിലസൂയ പൂണ്ട വിധി എനിയ്ക്കായി ആടിത്തിമർക്കാൻ അണിയറയിലൊരു വേഷം കരുതിവച്ചിട്ടുണ്ടായിരുന്നു, ഞാനതറിഞ്ഞിരുന്നില്ലെന്നു മാത്രം. വേട്ടക്കാരനിരയെപ്പിടിക്കുന്ന ലാഘവത്തോടെ അർബുദമെന്ന മഹാവിപത്തിനെ എന്റെ സിരകളിൽ കടത്തിവിട്ടിട്ട് ഒന്നുമറിയാത്തവനെപ്പോലെ മാറി നിന്നു പുഞ്ചിരിക്കുന്ന വിധി. ഇന്നിപ്പോൾ നിളയെന്നയെന്നെ അർബുദമെന്ന കാമുകൻ അവനിൽ നിന്നു തട്ടിയെടുത്ത് ജയഭേരി മുഴക്കി ഇളിഭ്യച്ചിരി ചിരിച്ച് ജൈത്രയാത്ര തുടരുന്നു
പക്ഷേ ഒന്നുമറിയാത്തയവനോട് ഞാനെന്തു പറയും, അവറ്റേവുമധിക മിഷ്ടപ്പെട്ടിരുന്നയെന്റെ മുടിയിഴകൾ എനിക്കിനിയെത്ര നാൾ സ്വന്തം , മുടിയില്ലാത്തയെന്നെ കാണുന്ന അവന്റെ മനസ്സ് എനിക്കു സങ്കൽപ്പിക്കാൻ പോലും പറ്റില്ല, ഒഴിവാക്കണമവനേയേതു വിധേനയും
ഒരു പിണക്കത്തിലൂടെയായിരിക്കുമേറ്റവും നല്ലത്, ഞങ്ങളുടെ മകനെന്നയാഗ്രഹത്തെ കുഴികുത്തി മൂടണം. അമ്മയാകാനുള്ള മനസ്സിന്റെ ത്വരയടക്കണം. മാറോടടുക്കി അമ്മിഞ്ഞയൂട്ടി വളർത്താനിരുന്ന മകന്റെ സ്വപനങ്ങളിൽക്കണ്ട മുഖം മറക്കണം, എല്ലാം മറക്കണം. പക്ഷേ മകനെന്ന സ്വപ്നം അവന്റെ മനസ്സിൽ ആഴത്തിൽ പതിപ്പിച്ചതു ഞാൻ തന്നെയല്ലേ? ഇണചേരുന്ന രണ്ടു ശരീരങ്ങളെന്നതിലുപരി, മകന്റെ ജന്മം ജീവന്റെ തുടിപ്പായുദരത്തിൽപ്പേറുകയെന്നതായിരുന്നില്ലേ ഞങ്ങളുടെ പ്രണയ സാക്ഷാത്ക്കാരം. അമ്മയെന്ന വാൽസല്യം മകനിലൂടെ ചൊരിയുന്നതു കണ്ട് നിർവൃതിയടയുന്നയച്ഛൻ. എല്ലാ സ്വപ്നങ്ങളും പാതിവഴിയിലുപേക്ഷിച്ച് മറവിയുടെയാഴങ്ങളിലേക്ക് ഓർമ്മകളുടെ കയങ്ങളിലൂടെയുള്ള ഒരു ജീവിതയാത്ര. അവനെ കാണുന്നതിനു മുന്നേ ഞാനെന്നെയറിഞ്ഞിരുന്നെങ്കിൽ, ഒരിക്കലുമൊരിക്കലും അവനും കൂടി ഈ സങ്കടക്കടലിൽപ്പെടില്ലായിരുന്നു,
നിറഞ്ഞ കണ്ണുകൾ എന്നെയൊളിപ്പിക്കാൻ പാടുപെടുന്ന യെന്റെയമ്മയുടെ മുഖം, വിധിയെന്ന ക്രൂരൻ തട്ടിപ്പറിച്ച നിളയുടെ സ്വപ്നങ്ങൾ ,ഇപ്പോ മനസ്സിലായില്ലേ ഞാനാരെന്ന്
ജീവിതമെന്ന നൂൽപ്പാലത്തിലൂടെ ഏകാന്തപഥികയായി ഞാൻ യാത്ര തുടരുന്നു, നിങ്ങളുടെ ഏവരുടേയും പ്രാർത്ഥനയെന്നൊപ്പമുണ്ടെന്ന വിശ്വാസത്തോടെ, തിരിച്ചു വരുമെന്ന പ്രതീക്ഷയിൽ ഞാനിവിടെ എന്റെ കഥ നിർത്തുന്നു
എന്ന് നിങ്ങളുടെ സ്വന്തം നിള .