രശ്മികേളു.(Street Light fb group).
“ഇല്ല..! ആരുമില്ല…! “.
അമ്മയും പെങ്ങളും ഉൾപ്പെടെ കുടുംബാംഗങ്ങൾ എല്ലാവരും പോയിക്കഴിഞ്ഞു. അവർ എവിടെപ്പോയി എന്നതിനേക്കാൾ എത്രയും വേഗം ഒറ്റപ്പെടുക എന്നതാണു അയാളുടെ ആവശ്യമെന്നതിനാൽ അതു ഞാനും എഴുതുന്നില്ല. ഇനിയാ സാമ്രാജ്യം ഒറ്റയ്ക്കാണു തിമിർക്കാൻ അയാൾ ഉദ്ദേശിക്കുന്നത്..സഹപാഠിയുടെ വകയായിക്കിട്ടിയ അബോധലായനിയുടെ ചുമപ്പിൽ സ്വയം മറക്കുന്ന മണിക്കൂറുകൾ…
പോരാ…മേശവലിപ്പിനുള്ളിൽ രഹസ്യമാക്കി വച്ച സിറിഞ്ച് പുറത്തെടുത്തു.. കണ്ണടച്ച് ഞെരമ്പുകളിലേയ്ക്ക് അഗ്നിനാളങ്ങൾ ഒഴുക്കി കണ്ണടച്ചു…സിരകളിൽ നുരയുന്ന ആനന്ദത്തിന്റെ വേലിയേറ്റം..കമ്പ്യൂട്ടറിൽ നഗ്നതയുടെ വിവിധ പോസ്സുകൾ. ഒരു ഭോഗരസത്തിന്റെ ചിലന്തിക്കൂട്ടിൽ വലിയാൻ ശേഷിച്ച ബോധം കൂടി നിർബന്ധിക്കാൻ തുടങ്ങി…
വാതിലിന്റെ നേർത്ത വിടവിലൂടെ മുറ്റത്തേയ്ക്ക് പാളിനോക്കി. രമണിയേച്ചിയുടെ മകൾ..
ആറോ അതോ ഏഴോ…!
ഒറ്റവിളിക്ക് ഓടിയെത്തിയ നിഷ്കളങ്ക മുഖത്ത് ഇളം പശുവിറച്ചിയുടെ നാരുകൾ വേർത്തിരിക്കാനാണു കഴിഞ്ഞത്..
സ്വബോധം വീണതെപ്പോഴാണ്? നനഞ്ഞ പക്ഷിക്കുഞ്ഞിനെ വാതിലിനപ്പുറം കടത്തിവിടാനുള്ള തിരക്കിൽ ഒരു പിടി ചോക്ലേറ്റ് കയ്യിൽ തിരുകി.
“പൊക്കോ പൊക്കോ…” കാറ്റിനേക്കാൾ ശബ്ദമില്ലാതെ മന്ത്രിച്ചു..
വാതിൽ വരെയെത്തിയ കുഞ്ഞ് തിരിഞ്ഞു നിന്നപ്പോൾ ഉള്ളു കാളി.
“ചേട്ടായിയെന്നെ പറ്റിച്ചു…”
കുഞ്ഞിനെ കൊല്ലണോ? അനുനയിപ്പിക്കണോ? ആരെങ്കിലും അറിയും മുൻപ്…?!
തുളുമ്പുന്ന കണ്ണുകൾ താഴ്ത്തി ഒരു പിഞ്ചുചോദ്യം കൂടി പ്രാഞ്ചിപ്രാഞ്ചി വാതിൽ കടന്നു നീങ്ങി:
“ഊഞ്ഞാലാട്ടാമെന്ന് പറഞ്ഞിട്ട്…?
എവിടെയാ ഊഞ്ഞാൽ..?! “