ഷിഖ എസ്. ധരന്‍. {For street light}
ആഡംബരങ്ങളും ആഘോഷങ്ങളും ഏറെയുണ്ട്… കല്യാണ പന്തല്‍ നിറയെ ആളുകളും ഏട്ടനും ശ്രീദേവിയും മുന്നില്‍ തന്നെ.. പട്ടുപുടവയില്‍ തൊട്ടുതലോടി അവളുടെ കൂട്ടുകാരികളും കൂടെ ഉണ്ട്…
കല്യാണപെണ്ണിന്‍റെ നാണത്തോടെ തന്നെ അവളിരിക്കുന്നു.
സൗഭാഗ്യവതി…
ദീര്‍ഘസുമംഗലീ ഭവഃ… ഒരുപാട് ദൂരെ നിന്ന് ഞാനും പ്രാര്‍ത്ഥിച്ചു….
എന്‍റെ ഉള്ളിലെ വികാരത്തിനെ ഞാന്‍ എന്ത് വിളിക്കണം??
ഇടയ്ക്കെപ്പോഴോ ചിന്തകള്‍ ഒരുപാട് പുറകിലേക്കോടി…. വീട്ടുകാര്‍ തന്നെ തിരഞ്ഞെടുത്ത ജീവിതമായിരുന്നു… പക്ഷേ ഞങ്ങളു പ്രണയിച്ചു….. വിവാഹം ഉറപ്പിച്ചതിനുശേഷം ഒളിഞ്ഞും തെളിഞ്ഞും വീട്ടിനു മുന്നിലൂടെ ഉള്ള നടത്തം പിന്നീട് അത് സൈക്കിളിലേക്ക് മാറിയപ്പോള്‍ വേലിതുടങ്ങുമ്പോള്‍ രണ്ട് ബെല്ലടിയുണ്ട്… ഞാനോടി ജനാലയ്ക്കല്‍ എത്തുമ്പോള്‍ ഒരു നോട്ടം… അതിലൊരു പ്രണയമുണ്ടായിരുന്നു… ഞങ്ങളുടെ ആദ്യ പ്രണയം….
”എന്‍റെയൊപ്പംഇനി നീയെന്നും വേണം.. എന്‍റെ നിഴല്‍ പോലെ…”ആദ്യരാത്രിയില്‍ എന്നെ ചേര്‍ത്തു നിര്‍ത്തി അങ്ങനെ പറഞ്ഞ് നെറുകെയിലൊരു നുള്ളു കുങ്കുമം തൊട്ട് തരുമ്പോള്‍ എന്‍റെ കണ്ണു നിറഞ്ഞിരുന്നു…
ഒരു ഭാര്യയ്ക്ക് അതേറ്റവും പ്രിയപ്പെട്ട വാക്കുകളായിരുന്നു… അതുപോലെ കുങ്കുമവും.. അതൊരിക്കലും മായാതെ സൂക്ഷിക്കും ഏതൊരു ഭാര്യയും അതുപോലെ ഞാനും…. സന്തോഷം നിറഞ്ഞതായിരുന്നു ഞങ്ങളുടെ ജീവിതവും.. പിണക്കങ്ങളും ഇണക്കങ്ങളും കുസൃതികളും… ഞങ്ങളുടെ പ്രണയവും… ഒക്കെ ഞങ്ങള്‍ ആഘോഷിച്ചു….
ലീവുകഴിഞ്ഞ് മടങ്ങുന്ന ഏതൊരു പ്രവാസിയുടേയും വീട്ടിലെ അവസ്ഥ.. അതു ഞാനാദ്യമായറിഞ്ഞു…
ആ നെഞ്ചില്‍ കിടന്നു പൊട്ടിക്കരയുന്ന എന്നെ ഏട്ടന്‍ ആശ്വസിപ്പിച്ചില്ല… പിറ്റേന്ന് തിരിഞ്ഞു നേക്കാതെ നടന്നു പോകുന്ന ഏട്ടന്‍റെ കണ്ണുകള്‍ നിറഞ്ഞോ എന്നു സംശയം…. ഒന്നു നോക്കാന്‍ കൂടി നില്‍ക്കാതെ അകന്നു പോയപ്പോള്‍ ഞാനൊരുപാട് പരിഭവിച്ചു..
പിന്നീട് ചോദിച്ചപ്പോള്‍ അതൊരു വിദ്യയാണെന്നു പറഞ്ഞു.. പ്രവാസി കരയുന്നത് ആരും കാണിക്കാറില്ല പോലും.. ഏട്ടന്‍ പറയും പോലെ പൊട്ടിപെണ്ണായോണ്ട് ഞാനതും വിശ്വസിച്ചു…
പിന്നീട് പുതിയൊരു അതിഥി കൂടി നമുക്കിടയിലേക്ക് വരുന്നു എന്ന വാര്‍ത്ത ഏട്ടാനായിരുന്നു ഏറെ സന്തോഷം….. ഓരോ നിമിഷവും അകലെയാണെങ്കിലും മനസുകള്‍ തമ്മില്‍ അകലങ്ങളൊന്നും ഉണ്ടായില്ല… അമ്മയും ശ്രീദേവിയും അനിയന്‍ കുട്ടനും ഒക്കെ സന്തോഷം.. സ്നേഹം കൊണ്ടെന്നെ വീര്‍പ്പുമുട്ടിച്ച സമയം… ആശുപത്രിയിലേക്ക് പോകുമ്പോള്‍ ”പേടിക്കണ്ട ഏട്ടാ എനിക്കൊന്നുമില്ല…. എന്ന് നിറഞ്ഞ കണ്ണുകളോടെ ഞാന്‍ പ പറഞ്ഞപ്പോള്‍….” എന്‍റെ അടുത്തേക്ക് വരാന്‍ ഏട്ടനവിടെ ലീവിന് വേണ്ടി ഓടുന്നുണ്ടായിരുന്നു… ”ഞാന്‍ വരും മോളേ പേടിക്കണ്ട…” എന്ന് ഏട്ടന്‍ പറഞ്ഞ് ഫോണ്‍ കട്ടായി…
അകത്ത് ഞാന്‍ വേദന കൊണ്ട് പിടഞ്ഞപ്പോള്‍ എന്‍റെ ഏട്ടന്‍ ആ വേദന മനസുകൊണ്ടറിയുന്നുണ്ടായിരുന്നു തീര്‍ച്ച…
അസഹനീയമായ വേദന ഞാന്‍ നിലവിളിച്ചു പോയി… എപ്പോഴോ ഞാനും മയങ്ങി…. ഒരു തണുപ്പ് എന്നിലൂടെ അരിച്ചിറങ്ങും പോലെ….
അല്ല !!
വല്ലാത്ത ഒരു അവസ്ഥ ചുറ്റും തീക്കനലുകള്‍ പോലെ… പക്ഷേ എനിക്ക് ഒരു വികാരവും തോന്നിയില്ല… എന്‍റെ ഏട്ടന്‍ പിന്നെ ഞങ്ങളുടെ കുഞ്ഞ്.. മോനോ മോളോ അറിയില്ല… അപ്പോള്‍ എനിക്ക് വേദന പോലും തോന്നിയില്ല…. മെല്ലെ കണ്ണു തുറന്നു.. ഇരുട്ടു പരന്ന് തുടങ്ങിയ മുറിയില് ഞാനൊറ്റയ്ക്ക്… കൈയും കാലുംകൂട്ടികെട്ടി ആരോ എന്നെ കൊണ്ടുവന്നിട്ടിരിക്കുന്നു… അനങ്ങാന്‍ പോലും പറ്റാത്ത അവസ്ഥ… എന്‍റെ കുഞ്ഞ്… എങ്ങനെയൊക്കെയോ ഞാന്‍ പുറത്തിറങ്ങി എന്‍റെ കുഞ്ഞിനെ തേടി ഞാന്‍ ഞാനോടി നടന്നു…. കണ്ണില്‍ കണ്ടവരോടൊക്കെ എന്‍റെ കുഞ്ഞിനെ ചോദിച്ചു…. ആര്‍ക്കും ഉത്തരമില്ല… അടിവയറ്റില്‍ തുന്നികെട്ടലിന്‍റെ വേദന.. എങ്കിലും ഞാന്‍ ഓടി… ഒടുവില്‍ ഏട്ടന്‍റെ വീട്ടിന്‍റെ മുറ്റത്തേക്ക് ഞാന്‍ തിരികെയെത്തി… ഇഴഞ്ഞ് വലിഞ്ഞ് ഞാനാ പടികള്‍ കയറി… അവിടെ ആരും ഒന്നുംസംഭവിക്കാത്തതു പോലെ…
ഉമ്മറത്ത് ഏട്ടന്‍ ഇരിക്കുന്നുണ്ട്… ആ മനുഷ്യന്‍ എന്നെ ഒന്ന് നോക്കാന്‍ പോലും തയ്യാറാകുന്നില്ല…
”നമ്മുടെ കുഞ്ഞെവിടേ??”ഇടറിയ ശബ്ദത്തില്‍ ഞാന്‍ നിലവിളിക്കുമ്പോള്‍ അയാള്‍ നിര്‍വികാരനായി മുറ്റത്തേക്കിറങ്ങി നടന്നു… നിറകണ്ണുകളോടെ ഞാന്‍ അമ്മയുടെ അടുക്കലേക്ക് ഓടി അവര്‍ അടുക്കളയിലെന്തൊക്കെയോ കാട്ടികൂട്ടുന്നു… ശ്രീദേവി അടുത്ത് ഉണ്ട്… എന്‍റെ അനിയത്തി… അവളുടേയും അമ്മയുടേയും മുന്നില്‍ ഞാനൊരുപാട് കരഞ്ഞു.. ഞാനെന്തോ തെറ്റ് ചെയ്തു പോലെ അവര്‍ രണ്ടും എന്നെ നോക്കാന്‍ കൂടി ശ്രമിച്ചില്ല… അകത്തളത്തിലെവിടെയോ ഒരു കുഞ്ഞിന്‍റെ കരച്ചില്‍… അത് കേട്ട ഉടനേ അവര്‍ എന്നെ നോക്കാതെ അകത്തേക്ക് പോയി.. കതകും അടച്ചു…
വാരാന്തയിലെ നിലത്തേക്ക് ഞാന്‍ തളര്‍ന്നിരുന്നു…
കുഞ്ഞിന്‍റെ കരച്ചില്‍ നിലച്ച ശേഷം അവര്‍ പുറത്തേക്ക് വന്നു… ശ്രീദേവിയുടെ കയ്യിലൊരു പിഞ്ചു കുഞ്ഞ്… ദിവസങ്ങള്‍ മാത്രം പ്രായമുള്ള ഒരു കുഞ്ഞ്….
എന്‍റെ കുഞ്ഞ്…
ഞാന്‍ എഴുന്നേറ്റു.. അവളുടെ കൈകളില്‍ നിന്ന് കുഞ്ഞിനെ എടുക്കാന്‍ നോക്കി… എനിക്ക് പറ്റുന്നില്ല…… ആ കുഞ്ഞിനെ ഒന്ന് തൊടാന്‍ പോലും എനിക്ക് ആകുന്നില്ല….
എന്‍റെ ദൈവങ്ങളേ എനിക്ക് എന്താണ് സംഭവിച്ചത്…
ശ്രീദേവി നെഞ്ചോട് ചേര്‍ത്ത് കുഞ്ഞിനെ ഉറക്കുന്നു… ഒന്നും മനസിലാകാതെ ഞാനും….
പിന്നീട് അവര്‍ ഇടയ്ക്ക് പറയുന്ന വാക്കുകള്‍… അവരുടെ കണ്ണുകളില്‍ നിന്നുതിരുന്ന നീര്‍ച്ചാലുകള്‍ ഒക്കെ എന്നോട് പറഞ്ഞത് തെക്കേമൂലയിലെ മൂവാണ്ടന്‍ മാവിന്‍റെ അടുത്ത് ഉറങ്ങുന്ന എന്നെകുറിച്ചായിരുന്നു.. ഞാനാ വീട്ടിന്‍റെ ഒരോ കോണിലും ഓടി നടന്നു.. അവരാരും എന്നെ കാണുന്നില്ല… എന്‍റെ ശബ്ദം കേള്‍ക്കുന്നില്ല… പിന്നീടുള്ള ഓരോ നിമിഷവും എന്‍റെ തിരിച്ചറിവിന്‍റേതായിരുന്നു… ജീവിച്ച് കൊതി തീരും മുന്‍പേ ഞാന്‍ ഏട്ടനേം എന്‍റെ മോളേയും വിട്ടകന്നു…. അവരുടെ പിന്നില്‍ ഒരു നിഴല്‍ പോലെ ഉണ്ടായിട്ടും ആരും എന്നെ അറിഞ്ഞില്ല…
അതിനെക്കാളേറെ സങ്കടം എന്‍റെ ഏട്ടനെ ഓര്‍ത്തിട്ടായിരുന്നു…. എന്നെ അത്രയധികം ഏട്ടന്‍ സ്നേഹിച്ചു… ആ മുഖം ഒരുപാട് മാറിപോയിരുന്നു… ഞാനില്ലാതെ വന്നപ്പോള്‍ തന്നെയാകണം ആ ജീവിതത്തില്‍ ഞാനിത്രയും നിറഞ്ഞിരുന്നതായി ഏട്ടനു പോലും തോന്നിയത്…. അതുകൊണ്ട് തന്നെ പ്രവാസിയുടെ കണ്ണുനീര്‍ പലവട്ടം ഏട്ടന്‍റെ ഒറ്റപ്പെടലില്‍ ഞാന്‍ കണ്ടു… അരികിലിരുന്ന് ഞാനിവിടെ ഉണ്ട് ഏട്ടാന്ന് ഒരുപാട് വട്ടം പറഞ്ഞിട്ടും ഏട്ടന്‍ കേട്ടില്ല….
പതുക്കെ ഇതെല്ലാം ഒരു ശീലമായി തുടങ്ങി….
അടുക്കളയില്‍ അമ്മയുടെ ദീര്‍ഘ നിശ്വാസങ്ങള്‍
ശ്രീദേവിയുടെയും അനിയന്‍ കുട്ടന്‍റെയും ഓര്‍മകളുടെ ഒടുവിലെ നെടുവീര്‍പ്പുമായി ഞാനാവീട്ടില്‍ തളയ്ക്കപ്പെട്ടു…. നെഞ്ചുപൊട്ടികരഞ്ഞാലും കണ്ണീരില്ലാത്ത ശാന്തിയെത്താത്ത ആത്മാവാണോ അതോ മൂവാണ്ടന്‍റെ കീഴെയുറങ്ങുന്ന ഒടുങ്ങാത്ത ആഗ്രഹങ്ങള്‍ പേറിയ മനസിന്‍റെ ചാഞ്ചാട്ടമോ എന്നറിയില്ല… ആ അകത്തളങ്ങളില്‍ ഞാനുണ്ടായിരുന്നു…
എന്‍റെ മീതേ പുല്ലു കിളിര്‍ത്തു തുടങ്ങിയപ്പോള്‍ പരിസരത്തൊക്കെ എന്‍റെ ഏട്ടന്‍റെ ജീവിതം ചര്‍ച്ചാവിഷയമായി തുടങ്ങി…. ജീവിതം തുടങ്ങിയിട്ടേയുള്ളൂ ഇനിയൊരുപാട് ദൂരം ഏട്ടനും മോളും ഒറ്റയക്കാകും എന്ന സംസാരം അടുക്കള വാതില്‍ കടന്ന് അമ്മയുടെ നാവില്‍ നിന്നും കേള്‍ക്കാന്‍ അധികം താമസിച്ചില്ല… ആദ്യം അതെന്നില്‍ ഒരു ഞെട്ടലാണ് ഉണ്ടാക്കിയത് ”ഏട്ടന്‍ മറ്റൊരു പെണ്ണുമായി… അത് വേണ്ട… സമ്മതിക്കില്ല ഞാന്‍….” എന്‍റെ
വാക്കുകള്‍ ഉറച്ചതായിരുന്നു എങ്കിലും ആരും അത് കേട്ടില്ല… എന്‍റെ തൊണ്ടക്കുഴിയില്‍ കുടുങ്ങി ഒടുവില്‍ കണ്ണുനീരായി ഒലിച്ചിറങ്ങുമ്പോഴും അത് ആരും കണ്ടില്ല…. എന്‍റെ നെറുകെയിലെ കുങ്കുമത്തിന് മറ്റൊരു അവകാശി… ഓര്‍ക്കാന്‍ കൂടി വയ്യ…
പക്ഷേ പിന്നീടുള്ള അവരുടെ സംസാരത്തില്‍ ഞാനും തിരിച്ചറിഞ്ഞു… ഏട്ടനും മോള്‍ക്കും ഒരു കൂട്ടു വേണം… എന്‍റെ സ്വാര്‍ത്ഥതയെക്കാള്‍ അമ്മയുടെ കണ്ണീരിനു ശക്തിയുള്ളതുപോലെ തോന്നി… പിന്നീട് അതൊരു തീ പിടിച്ച ചര്‍ച്ചാ വിഷയമായിരുന്നു ആ വീട്ടില്‍ എല്ലാം കേട്ടും അറിഞ്ഞും ഞാനും… ഒടുവില്‍ ഒരു ദിവസം ഏട്ടന്‍റെ അടുത്തിരുന്ന് അതേ കുറിച്ച് സംസാരിക്കുമ്പോള്‍ അമ്മ ഇതേ വിഷയം അവതരിപ്പിച്ചു… ഒന്നും പറഞ്ഞില്ല… ഏട്ടന്‍ മിണ്ടാതെ കേട്ടിരുന്നു…. അത്ര തന്നെ… ആ മുഖത്ത് നിറഞ്ഞ വികാരം എനിക്ക് മനസിലാക്കുവാനും കഴിഞ്ഞില്ല…
ചര്‍ച്ചകളുടെ ചൂടു കൂടിത്തുടങ്ങയതനുസരിച്ച് ഏട്ടന്‍റെ വിവാഹാലോചനകള്‍ക്കും വേഗം കൂടിയിരുന്നു… രണ്ടാം കെട്ട്കാരന്‍റെ മാറ്റിനിര്‍ത്തലും ഒരു പെണ്‍കുട്ടിയുടെ ബാധ്യതയും ഏട്ടന്‍റെ വിലകുറച്ചതേയില്ല….
ഒടുവില്‍ ആലോചന മുല്ലയക്കല്‍ തറവാടിന്‍റെ പടികടന്ന് വീണ്ടും ചെന്നു…
ഗോവിന്ദന്‍ നായരുടെ ഇളയമകള്‍ ശ്രീദേവിയെ തേടി….
അതെ എന്‍റെ അനിയത്തി…
ഇത്രയും ദിവസം എന്‍റെ മോളെ പൊന്നുപൊലെ നോക്കിയത് അവളല്ലേ… അതും ഏട്ടന്‍റെ വീട്ടില്‍ നിന്നുകൊണ്ട്…. എന്‍റെ അച്ഛനും ഒരു എതിരഭിപ്രായം പറഞ്ഞില്ല… സാരിത്തുമ്പ് കൊണ്ട് കണ്ണുതുടച്ച് അമ്മയും സമ്മതം അറിയിച്ചു…
നിറഞ്ഞകണ്ണുകളിലെ തിളക്കവുമായി ഏട്ടന്‍റെ അമ്മ തിരികെ വന്നു…
ശ്രീദേവിയ്ക്കും സമ്മതമാണത്രേ… കാര്യങ്ങള്‍ ഏട്ടനേയും അറിയിച്ചു…. ഒരു വാക്കുപോലും ഏട്ടന്‍ പറഞ്ഞില്ല…. അന്ന് മോളേയും എടുത്ത് റൂമില്‍ വന്നിരുന്നു ഒരുപാട് നേരം… അവളെ എടുക്കാനോ ലാളിക്കാനോ ഏട്ടന്‍ അന്നുവരെ ശ്രമിച്ചിരുന്നില്ല… പക്ഷേ ആ മാറ്റം എന്നെ ഞെട്ടിച്ചു… ദിവസങ്ങള്‍ക്കപ്പുറം അച്ഛനുംമോള്‍ക്കും ഇടയിലേക്ക് ഒരാള്‍ കൂടി വരാന്‍ പോകുന്നു… അത് തന്നെയാകണം ഈ മാറ്റത്തിന്‍റെ കാരണവും…. പലവട്ടം ഏട്ടന്‍റെ കണ്ണുകള്‍ നിറഞ്ഞിരുന്നു… അതൊക്കെയും എന്നെക്കുറിച്ചുള്ള ഓര്‍മകളാണെന്നും എനിക്ക് മനസിലാകുന്നുണ്ട്… പക്ഷേ ഇനി ഒരുപാട് നാള്‍ ഈ ഓര്‍മകള്‍ക്കുപോലും ആയുസ്ഉണ്ടാകില്ല എന്നറിഞ്ഞിട്ടും എന്‍റെ മോളെ ശ്രീദേവി പൊന്നുപോലെ നോക്കുംഎന്ന ഒറ്റ ഉറപ്പിന്‍ മേല്‍ ഞാന്‍ ഏട്ടന്‍റെ സ്വകാര്യതയില്‍ നിന്നും ആദ്യമായി തിരിഞ്ഞ് നടന്നതും അന്നായിരുന്നു…
ആഘോഷങ്ങളൊന്നും വേണ്ടന്നായിരുന്നു തീരുമാനം… ശ്രീദേവിയും കുഞ്ഞും ഈ വീട്ടില്‍ വേണമെങ്കില്‍ നീ ശ്രീദേവിയെ കൈ പിടിച്ച് കൊണ്ട് വരണം അമ്മയുടെ തീരുമാനം അതായിരുന്നു…. രണ്ട് പുരുഷന്‍മാരുള്ള വീട്ടില്‍ ഇനിയും അവളെ നിര്‍ത്താന്‍ പറ്റില്ല… കാരണംഅത്രമാത്രം… നാട്ടുകാരുടെ വായടപ്പിക്കണം… അത് പുറത്ത്പറയാനാകാത്ത ഒരു ലക്ഷ്യം…
നിറഞ്ഞകണ്ണുകളോടെ ശ്രീദേവിയുടെ സമ്മതത്തിനായി അമ്മ കാത്തുനിന്നപ്പോള്‍ ഞാന്‍ പ്രാര്‍ത്ഥിച്ചത് അവള്‍ എന്‍റെ കുഞ്ഞിന് അമ്മയാകണം എന്ന് മാത്രമാണ്…. എന്‍റെ സ്വാര്‍ത്ഥത തന്നെ… എന്‍റെ കുഞ്ഞ് മാത്രമേ മുന്നില്‍ ഉണ്ടായിരുന്നുള്ളൂ.. അവളുടെ സ്വപ്നങ്ങള്‍ പോലും ഞാന്‍ മനപൂര്‍വം മറന്നുകളഞ്ഞു…
ഒരു സുഹൃത്തിനെ കാണാന്‍ എറണാകുളത്തേക്ക് പോയി ഏട്ടന്‍ വന്നാലുടന്‍ കാവില്‍ വെച്ച് താലികെട്ടും… ആരെയും അറിയിക്കാനൊന്നും ഇല്ല… വീട്ടുകാര്‍ മാത്രം…
പക്ഷേ വീണ്ടും എവിടയൊക്കെയോ താളപ്പിഴകള്‍ നടന്നു… താലികെട്ട് പറഞ്ഞ ദിവസം വൈകിട്ടായിട്ടും ഏട്ടന്‍ തിരിച്ചുവന്നില്ല…. വീട്ടിലെ അവസ്ഥ തകിടം മറിഞ്ഞു… ഏട്ടനെ കാണാതെ നാലുപാടും ഓടിനടക്കുന്നു എല്ലാവരും.. വീണ്ടും ഒരു മരണവീട് പോലെ…. എല്ലാം നിശബ്ദമായി നോക്കി നില്ക്കാന്‍ ഞാനും..
പിറ്റേന്ന് ഉച്ചയോടെ വീട്ടില്‍ ഒരു ഫോണ്‍ വന്നു… സംസാരിച്ച ശേഷം അമ്മയുടെ കരച്ചില്‍ കേട്ടാണ് ഞാന്‍ അങ്ങോട്ടെത്തിയത്…
ഏട്ടന്‍ വീണ്ടും പ്രവാസിയുടെ കുപ്പായം അണിഞ്ഞിരിക്കുന്നു…. ഇനി ഒരു വിവാഹം അതിന് പ്രാധാന്യം ഇല്ല എന്നു പറഞ്ഞത്രേ…. മോളെ നോക്കാന്‍ ശ്രീദേവിയെ ഏല്‍പ്പിക്കണം… ശ്രീദേവിയെ അനിയനെ കൊണ്ട് വിവാഹം ചെയ്യിക്കണം… അവരുടെ മകളായി വളര്‍ത്തണം… ആഗ്രഹങ്ങളുടെ ഒരു കുത്തൊഴുക്കായിരുന്നു ആ സംസാരം… എല്ലാം പറഞ്ഞ് അമ്മ പൊട്ടിക്കരയുമ്പോള്‍ ഏട്ടന്‍റെ ഉള്ളിലെ എന്‍റെ ആഴവും പരപ്പും എത്രത്തോളമെന്ന് ഞാന്‍ അറിയുകയായിരുന്നു…
ഒടുവില്‍ വീട്ടുകാരും നാട്ടുകാരും അറിഞ്ഞ് എന്‍റെ ശ്രീദേവിയെ അനിയന്‍കുട്ടന്‍ താലിചാര്‍ത്തി… പക്ഷേ അവരുടെ മകളായിട്ടല്ല ലക്ഷ്മിപ്രിയ വളര്‍ന്നത്… ലച്ചൂട്ടിക്ക് അറിയാം അവളുടെ അമ്മ മരിച്ചുപോയി എന്ന് ലച്ചൂട്ടി നന്ദന്‍റേയും ശ്രീലക്ഷ്മീടേം മോളാണെന്നവള്‍ക്ക് അറിയാം… പക്ഷേ അവള്‍ ദേവിപ്രിയ യുടേ ചേച്ചിയായിതന്നെയാ അവള്‍ വളര്‍ന്നത്.. നന്ദേട്ടനെക്കാള്‍ അവള്‍ക്ക് അടുപ്പം അവള്‍ നിറഞ്ഞ മനസോടെ അച്ഛാ എന്ന് വിളിക്കുന്ന അനിയന്‍കുട്ടനോടാണ്… ഒരിക്കലും ഞാനോ നന്ദേട്ടനോ ഇല്ലാത്ത സങ്കടം ലച്ചൂട്ടിയെ എന്‍റെ ശ്രീദേവി അറിയിച്ചിട്ടില്ല… ലച്ചൂട്ടിയുടേയും ദേവൂട്ടിയുടേയും സ്വര്‍ഗം ആണ് ഈ വീട്.. ഏട്ടന്‍ ഇടയ്ക്ക് നാട്ടിലേക്ക് വരും കുറച്ച് ദിവസങ്ങള്‍ മക്കളുമൊത്ത് ആഘോഷമാക്കും…. ഞാനും ഉണ്ടാകും കൂടെ ഏട്ടന്‍ ചിരിക്കുമ്പോള്‍ ചിരിക്കാനും കരയുമ്പോള്‍ കരയാനും ഏട്ടന്‍റെ നിഴല്‍ പോലെ…..
ഇന്ന് ലച്ചൂട്ടിയുടെ കല്യാണമാണ്… അവള്‍ മണവാട്ടിയായി ഒരുങ്ങിയിരിക്കുന്നു… ഏല്ലാത്തിനും ഓടിനടന്ന് അനിയനും ശ്രീദേവിയും… ദേവൂട്ടിക്കാണേല്‍ ചേച്ചിയെ പിരിയുന്ന സങ്കടം… എന്‍റെ ഏട്ടനും ഓടി നടക്കുന്നു. കണ്ണുകള്‍ നിറയുന്നുണ്ട് ഇടയ്ക്ക്…
ഒരമ്മ യായി ഞാന്‍ ഒന്നും ചെയ്തില്ല.. പക്ഷേ അവളുടെ മനസില്‍ ഞാനെന്നും ഉണ്ട്…നന്ദേട്ടന്‍റെ അനുഗ്രഹം വാങ്ങുമ്പോള്‍ അവള്‍ അമ്മേ എന്നെന്നെ വിളിച്ചിരുന്നു… എന്‍റെ പ്രാര്‍ത്ഥനയ്ക്ക് വിലയുണ്ടാകുമോ?? അറിയില്ല!! എങ്കിലും ദീര്‍ഘ സുമംഗലിയാകട്ടെ എന്‍റെ മകള്‍ ഞാന്‍ മനമുരുകി പ്രാര്‍ത്ഥിച്ചു… മനസ് നിറഞ്ഞു… അവളും സുമംഗലിയായി… നെറുകെയിലെ കുങ്കുമം ആ മുഖത്തിന്‍റെ കാന്തി കൂട്ടിയിരിക്കുന്നു.. എപ്പോഴൊക്കെയോ ഏട്ടന്‍ എന്‍റെ സാമീപ്യം അറിയുന്നുണ്ട്….
ഞാനും ആ മനസിനെ അറിയുന്നു… ഇപ്പോഴും അഗാധമായി പ്രണയിക്കുന്നുണ്ട്… ഒരിക്കലും ഒടുങ്ങാത്ത പ്രണയം…. അടുത്ത ജന്‍മത്തിലേക്ക് പകര്‍ത്തിയെഴുതണ്ട എനിക്ക്… ഇനിയുമൊരുപാട് കാലം ദേഹമില്ലാതെ ഞാന്‍ ഏട്ടനെ പ്രണയിക്കും… ആ നെഞ്ചില്‍ ശ്വാസമുള്ള നാള്‍ വരെ ഞാന്‍ ജീവിക്കും ഏട്ടന്‍റെ ഓര്‍മകളില്‍, ഏട്ടനും… എന്‍റെ ഓര്‍മകളെ പ്രണയിച്ചുകൊണ്ട്…. അന്നുവരെയുംഎന്‍റെ നെറുകെയില്‍ ഒരു നുള്ളു കുങ്കുമത്തിന്‍റെ അടയാളം ഉണ്ടാകും… നിഴല്‍ പോലെ ഈ ഞാനും… അത്രയും മാത്രമേ ഇനിയെന്‍റെ കണക്കുപുസ്തകത്തിലുള്ളൂ….