ജോണ്‍ മലയില്‍.
നിറയെ ഉരുളങ്കല്ലുകൾ വീണു കിടക്കുന്ന നടപ്പാത.. നടപ്പാതയ്ക്ക് ഇരുവശവും വളർന്നു പന്തലിച്ച മുൾച്ചെടികൾ. കുത്തനെയുള്ള കയറ്റം. വളരെ സൂക്ഷിച്ച് നടന്നേ ഒക്കൂ. നടന്നും പിന്നെ ഇടയ്ക്കിടെ ഇരുന്നും വിശ്രമിച്ചും ഒരുവിധത്തിൽ കുന്നിന്റെ നിറുകയിൽ എത്തി.
അപ്പോഴേക്കും രണ്ടു മണിക്കൂർ വൈകിയിരിക്കുന്നു. കൃത്യം രണ്ടുമണിക്ക് കർമ്മങ്ങൾ ആരംഭിക്കും എന്നാ പത്രത്തിൽ വായിച്ചതു്. ഈശ്വരാ ഇനി അതും കഴിഞ്ഞു കാണുമോ? എങ്കിൽ അതിൽപ്പരം ഒരു മനപ്രയാസം ഉണ്ടാകാനില്ല.
ഇന്നലെയും ദേ അതു തന്നെയാ സംഭവിച്ചതു്. ഓടിക്കിതച്ച് പട്ടണത്തിലെ വലിയ ആശുപത്രിയിൽ എത്തിയപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു.
ഒന്നു ജീവനോടെ കാണാൻ പോലും കഴിഞ്ഞില്ല. “രോഗി ഓപ്പറേഷനെത്തുട്ർന്ന് മരിച്ചു.. മൃതശരിരം ബന്ധുക്കൾ നാട്ടിലേക്കു കൊണ്ടുപോയി.”
പിന്നെ അവിടെ നിന്നു സമയം പാഴാക്കിയില്ല. കേട്ടറിവേ ഉള്ളു. മലമ്പ്രദേശമാണെന്നറിയാം പിന്നെ പത്രവാർത്തയും കൂടെ കൂട്ടി വായിച്ച് ഏകദേശ ലക്ഷ്യം വച്ച് പുറപ്പെടുകയായിരുന്നു.
ശ്ശേ!.. അതും ഇപ്പോൾ വെറുതെയാകുമോ? മൂന്നു നാലു കൊല്ലം ഒരുമിച്ചു താമസിച്ച് ഒരുമിച്ച് പഠിച്ച് ഒരേ മനസ്സുമായി കഴിഞ്ഞ ആത്മസുഹൃത്ത്. ഓർക്കാൻ തന്നെ പേടിയായി അവന്റെ ശരീരം പോലും ഒന്നു കാണാൻ കഴിയാതെ വരുമോ?.. എന്തൊരു കൃത്യവിലോപം!.
വീട് അടുത്തെത്തിയപ്പോൾ ജിജ്ഞാസ വർദ്ധിച്ചു. ആളുകളൊക്കെ കൂടി നിൽപ്പുണ്ട്.
ആൾക്കൂട്ടത്തിനിടയിലൂടെ അകത്തേക്കു ഒന്നു പാളിനോക്കി. ഹോ ..ഈശ്വരാ രക്ഷിച്ചു.
ശരീരം അവിടെ തറയിൽ കിടത്തിയിരിക്കുന്നു. അന്ത്യ കർമ്മങ്ങൾ ഏതാണ്ട് അവസാനിക്കാറായ മട്ടുണ്ട്. തിടുക്കത്തിൽ അകത്തേക്കു തള്ളി കടന്നു കൈയ്യിലിരുന്ന പുഷ്പചക്രം മൃതശരീരത്തിന്റെ കാൽക്കൽ വച്ചു. ആരും കേൾക്കാതെ ചുണ്ടുകൾ മന്ത്രിച്ചു:
“ക്ഷമിക്കണം .. കഴിഞ്ഞില്ലടാ ഇത്തവണകൂടി”
തോളത്ത് ഒരു കരസ്പർശം. .തിരിഞ്ഞു നോക്കി. അവന്റെ അച്ഛൻ. മുൻപ് ഒരു തവണ കണ്ടിട്ടുണ്ട്.
“മോൻ ഒത്തിരി ബുദ്ധുമുട്ടി അല്ലേ?“ .. തല ഉയർത്തി നോക്കി. അദ്ധേഹം നീട്ടിയ ഒരു കടലാസ്സ് കഷണം നിറകണ്ണുകളോടെ വായിച്ചു. താഴെ വീഴാതിരിക്കാൻ ആ തോളിൽ മുറുകെ പിടിച്ചു..
“ഞാൻ മരിച്ചാൽ .. എന്റെ ശരീരം കത്തിക്കാൻ ധൃതികൂട്ടരുതു്.. ലേശം വൈകിയാലും അവൻ വരാതിരിക്കില്ല.”
താഴ്വാരത്തിൽ മെല്ലെ ഇരുട്ട് പരക്കുന്നതറിഞ്ഞു കല്ലുകളിൽ കാലിടറാതെ മുള്ളുകളിൽ വസ്ത്രം
ഉടക്കാതെ മെല്ലെ ചുരം ഇറങ്ങി. തിരിഞ്ഞൊന്നു നോക്കി. അങ്ങകലെ ആ കുന്നിന്റെ നിറുകയിൽ കറുത്ത പുകച്ചുരുളുകൾ ആകാശത്തേക്ക് ഉയരുന്നു. മനസ്സുകൊണ്ട് വീണ്ടും ആ ശപഥം ഒരിക്കൽ കൂടി ആവർത്തിക്കേണ്ടി വന്നു.
ഇല്ല.. ഇനി താമസിച്ച് എത്തില്ല, ഒരിക്കലും ഒരിടത്തും..