അഷ്‌റഫ് എസ്സം വരിക്കോളി.
കാനനം വെളുത്തതും
കായൽ കറുത്തതും
മലകൾ നിരന്നതും താനേയല്ല
ഭൂഗര്ഭ നീരുകൾ താഴോട്ടു പോയതും
സൂര്യ കിരണങ്ങൾ തീഗോള മായതും
മഴയും വെയിലും ശാപമായി തീർന്നതും
താനേയല്ല
നാളെയെ കാണുന്ന കണ്ണുകളില്ല
മാനിഷാദ മൊഴിയാൻ മുനിയുമില്ല
സൌഖ്യം നുകർന്നും വിഹിതം നുണഞ്ഞും
അധികാരി വര്ഗം കുടപിടിച്ചു
തണ്ണീർ തടങ്ങളിൽ മണി മാളിക
കുന്നും മലയും പണശാലകൾ
ആറിലും തോടിലും വിഷ ധാരകൾ
ആകാശമപ്പാടെ മുറിപ്പാടുകൾ
ആനകകൾ മേയുന്ന കാട് വേണം
ചീവീട് മോങ്ങുന്ന വയല് വേണം
ഊഞ്ഞാലു കെട്ടാനൊരു മാവ് വേണം
ചിങ്ങ മഴ പെയ്യുന്ന പകല് വേണം
വെറുതെയാണെങ്കിലും
വെറുതെ മോഹിക്കുവാൻ
വേരറ്റു പോകാത്തോരാശ വേണം