ശോഭ വത്സൻ.
നിറം കൊടുക്കുമോ എന്നോർമ്മകൾക്കതോ
ചുവരിലേയാണിയിൽ പതിയേ തറയ്ക്കുമോ?
മുഷിഞ്ഞയെൻ പുസ്ത്തകത്താളു മറിക്കവേ
ഒട്ടിടും താള് നിവർത്തിപ്പരതണം
എണ്‍പതാം താളിന്റെ പകുതിയിൽ കാണുന്ന
മാഞ്ഞുപോയാക്ഷരം ഞാൻ മായ്ച്ചതല്ല
വീണ്ടുമെഴുതാൻ ശ്രമിച്ചെന്റെ കൈകളിൽ
വിലങ്ങൊന്നു വീണു തളർന്നെന്റെ നാഡികൾ
മറിച്ചൊന്നു നോക്കിയോ മറ്റുള്ള താളുകൾ
വെട്ടലും,കുത്തലും അടിവരയിട്ടതും.
എഴുതാതൊഴിച്ചിട്ടാ നാലഞ്ചു താളുകൾ
ശുഭപ്രതീക്ഷതൻ നാളു തന്നാകിലും
ഇരുട്ടിലൊളിച്ചെന്റെ മോഹങ്ങളാണതിൽ
മൊത്തമായാ താളിൽ മറഞ്ഞിരിപ്പതും
ഇടയിലായ് ഒരിടത്ത് കറുപ്പിച്ചെഴുത്തും,
പിന്നേയൊരിടത്തവ്യക്ത ചിത്രവും
ഒക്കെയും മനസ്സിന്റെ ഭാരമിറക്കുവാൻ
താൻ തന്നെ നീതിക്കു നീതിമാനായതാം
തൊണ്ണൂറ്റിയൊന്നിലെ താളിലായ് കണ്ടതാം
സൂര്യാസ്തമയച്ചിത്രമെന്റേതു തന്നെ.
കാലമിന്നലെ പുകച്ച കരിന്തിരി
കത്തിജ്വലിക്കുന്നു സൂര്യോദയങ്ങളിൽ!
കണ്ണടയാൻ കാത്തിരുന്ന കലി കാലമേ
കൈ നീട്ടി വാങ്ങുകെൻ വിധി,ഇഷ്ട്ടദാനമായ്
“ഉദിക്കുമോ പുതിയൊരു സുപ്രഭാതം ?
കിളിർക്കുമോ നിറവിലൊരു നിഷ്ക്കളങ്ക പുൽക്കൊടി
ചുറ്റിപ്പടരുമോ അതെൻ ഹൃദയ ഭിത്തിയിൽ
ചാഞ്ഞുറങ്ങട്ടെയെൻ ചോദ്യങ്ങളൊഴിഞ്ഞ കട്ടിലിൽ”