Thursday, November 28, 2024
HomeLiteratureഗൾഫിലെ ഓണം (കഥ).

ഗൾഫിലെ ഓണം (കഥ).

ഷെരീഫ് ഇബ്രാഹിം.
അടുത്ത കൂട്ടുകാരനായ സിദ്ധാർത്ഥന്റെ വീട്ടിൽ നിന്നും സന്ധ്യനാമം കേൾക്കുന്നു.
‘രാമരാമ പാഹിമ മുകുന്ദരാമ പാഹിമ
രാമപാദം ചേരണേ മുകുന്ദരാമ പാഹിമ’
ഞാനും സിദ്ധാർത്ഥനും പാടത്തെ വരമ്പിൽ ഇരുന്നു എന്തൊക്കെയോ സംസാരിക്കുകയാണ്. രാത്രി എട്ടു മണി കഴിഞ്ഞിട്ടുണ്ട്. അത്താഴം കഴിച്ചു, ചിമ്മിനി വിളക്കുകൾ കെടുത്തി ചുറ്റുപാടുമുള്ള വീടുകളിലെ ആളുകൾ കിടന്നു തുടങ്ങിയിട്ടുണ്ട്. ഞങ്ങളുടെ ഗ്രാമത്തിൽ അന്ന് ഇലക്‌ട്രിസിറ്റി എത്തിയിട്ടില്ല.
‘സിദ്ധാ…….. ……. ‘ അവന്റെ അമ്മ വിശാലേച്ചി നീട്ടി വിളിക്കുന്നു.
‘എന്താ അമ്മേ ?’ അവൻ ഉറക്കെ വിളികേട്ടു.
‘ഒന്ന്‌ വേഗം വാടാ’ അവന്റെ അമ്മയുടെ വാക്ക് കേട്ടപ്പോൾ അവനും ഞാനും എഴുനേറ്റു. ‘ജാബറൂ, ഇനി നാളെ കാണാം’
‘നീ ഒറ്റയ്ക്ക് പോകണ്ട. രാത്രി നിനക്ക് പേടിയല്ലേ?’ ഞാനും കൂടെ അവന്റെ വീട്ടിലേക്ക് ചെന്നു
അവനെക്കാൾ പേടിയുള്ള എനിക്ക് തിരിച്ചു എന്റെ വീട്ടിലേക്ക് വരാൻ പറ്റാത്തതു കൊണ്ട് അയൽവാസിയായ സൈദുക്ക എന്നെ എന്റെ വീട്ടിൽ കൊണ്ടന്നാക്കി.
‘ഉപ്പ ദേഷ്യം ഉള്ളിലടക്കി. ഒന്നും പറഞ്ഞില്ല. അല്ലെങ്കിലും സിദ്ധന്റെ കൂടെ നടക്കുന്നതിൽ ഉപ്പാക്ക് ഇഷ്ടക്കെടില്ല.
എന്നെ കണ്ടപ്പോൾ ഉമ്മ, ഉപ്പാട് പറഞ്ഞു ‘അവൻ പഠിക്കാൻ മുറിയിൽ കയറിയാൽ പുസ്തകത്തിൽ നോക്കിയിരിക്കുകയാണ്. ശബ്ദം ഒന്നും കേൾക്കാറില്ല.’
‘എടീ അവൻ ഇപ്പോൾ പത്തിലല്ലേ, എന്റെ അനുജൻ ഷൌക്കു പറഞ്ഞിട്ടുണ്ട്. പുസ്തകത്തിൽ നോക്കി വായിച്ചാൽ മതി. അല്ലാതെ ഉറക്കെ വായിക്കണ്ട എന്ന്. അവൻ ശ്രദ്ധയോടെ പഠിക്കുകയായിരിക്കും’
‘അത് ശെരിയാ, അവൻ ശ്രദ്ധയോടെ പഠിക്കുകയാ. ഇന്നലെ അവൻ വായിച്ചു കൊണ്ടിരുന്നപ്പോൾ ഞാൻ പുസ്തകം എടുത്ത് കൊണ്ട് പോയത് പോലും അവൻ അറിഞ്ഞില്ല.’
ഉമ്മ അതും പറഞ്ഞു എനിക്ക് ചോറ് വിളമ്പി തരാൻ പോയി.
പരീക്ഷയിൽ സിദ്ധൻ ജയിച്ചു. കോളജിൽ ചേര്ന്നു.
ഞാനും ജയിച്ചു -സെക്കന്റ് ഇയർ SSLC ക്ക് ചേര്ന്നു.
പിന്നെ എന്തൊക്കെയോ പഠിച്ചു ഗൾഫിലേക്ക്‌
കല്യാണ ആലോചനകൾ വന്നു. നാട്ടിൽ ചെന്നിട്ടു പെണ്ണ് കാണാൻ പോയത് – ഈ സിദ്ധാർത്തന്റെ കൂടെ, പെട്രോൾ ചിലവില്ലാത്ത, ലൈസൻസ് വേണ്ടാത്ത സൈക്കിളിൽ.
ഞാൻ ഗൾഫിൽ ചെന്ന് വര്ഷങ്ങള്ക്ക് ശേഷം അവനും കുവൈറ്റിലെത്തി എന്നറിഞ്ഞു
ഇതിന്നിടെ അവൻ അവന്റെ ആറു സഹോദരിമാരെയും ഭംഗിയായി വിവാഹം കഴിച്ചു കൊടുത്തെന്നും അറിയാൻ കഴിഞ്ഞു
ഇതൊക്കെ ഓർക്കാൻ എന്താണ് കാരണമെന്നോ? ഇന്നലെ അവന്റെ ഒരു ഫോണ്‍ കാൾ വന്നു
‘ജബ്ബാറേ, ഈ ഓണത്തിന്നു നീ എന്റെ അടുത്ത് വരണം’
‘അയ്യൊ. സിദ്ധാ, ഞാൻ ഓണത്തിന്നു ബഹറയിനിലേക്ക് പൊകുകയാ. അവിടെ നമ്മുടെ കൂടെ പഠിച്ച രാജന്റെ ക്ഷണം ഉണ്ട്. ഞാൻ പിന്നെ വന്നാൽ പോരെ?’
‘അതു പറ്റില്ല. നീ ഒരു കാര്യം ചെയ്യൂ. രാജന്റെ നമ്പർ തരൂ. അവനേയും ഞാൻ ഇങ്ങോട്ട് ക്ഷണിക്കാം’
ഞാൻ രാജന്റെ നമ്പർ കൊടുത്തു. രാജനും കുവൈറ്റിൽ വരാമെന്ന് സമ്മതിച്ചതായി ഞാൻ അറിഞ്ഞു
കുവൈറ്റ്‌ എയർപോർട്ടിൽ എന്നെ കാത്തു സിദ്ധാർത്തനും രാജനും ഉണ്ടായിരുന്നു.
അബ്ബാസിയയിലാണ് അവന്റെ താമസം. അബ്ബാസിയ ശെരിക്കും ഒരു ചെറിയ കേരളം. മലയാളികളാണ് കൂടുതൽ
‘അല്ല, സിദ്ധാ, നിന്റെ കുടുംബം, നാട്ടിലാണോ?’ ഫ്ലാറ്റിൽ ആരെയും കാണാഞ്ഞത് കൊണ്ട് ഞാൻ ചോദിച്ചു
‘ജബ്ബാറിന്നു ആ വിവരം അറിയുമെന്നാണ് ഞാൻ കരുതിയത്‌. ഞാനിപ്പോഴും ക്രോണിക് ബാച്ചലർ ആണ്. സഹോദരിമാരുടെ കല്യാണം കഴിഞ്ഞപ്പോൾ എനിക്ക് വയസ്സ് 45. പിന്നെ ഒന്നും നടന്നില്ല.’
‘അപ്പോൾ നിന്റെ മേനകയോ?’ ഞാൻ ചോദിച്ചു. അവനു കോളേജിൽ പഠിച്ചിരുന്ന മേനക എന്ന കുട്ടിയായി അഗാധമായ പ്രേമം ഉണ്ടായിരുന്നത് എനിക്കറിവുള്ളതാണ്. പിന്നീട് എന്റെ താമസം കാട്ടൂർ നിന്നും മാറിയത് കൊണ്ടും അവനും ഞാനും രണ്ടു വ്യത്യസ്ഥ ഗൾഫ്‌ രാജ്യങ്ങളിൽ ആയതു കൊണ്ടും ഞാൻ ഒന്നും അറിഞ്ഞിരുന്നില്ല.
‘ഓ. അവളെ പറ്റി എനിക്കൊന്നും അറിയില്ല. ഒരാഴ്ച മുമ്പ് ഞാൻ നാട്ടിൽ പോയപ്പോൾ ഞാൻ അവളെ പറ്റി അന്വേഷിച്ചു. എന്റെ കല്യാണം നീണ്ടു പോയത് കൊണ്ട് അവളെ വേറെ ആരോ കല്യാണം കഴിച്ചു രണ്ടു മൂന്നു കുട്ടികളായി എവിടെയെങ്കിലും ഉണ്ടായിരിക്കും എന്ന് കരുതിയ എനിക്ക് കിട്ടിയ അറിവ് അവൾ ഇപ്പോഴും കല്യാണം കഴിക്കാൻ സമ്മതിക്കതെ നില്ക്കുകയാണത്രെ’
‘അവൾ കോളേജിലെ ബ്യൂടി ആയിരുന്നല്ലോ? നമ്മൾ അവളെ ബട്ടർഫ്ലൈ എന്നല്ലേ വിളിക്കാറ്’ രാജന്റെ വക കമ്മന്റ്
‘അത് വിട്. ചത്ത ജാതകം ഇനി വായിക്കണ്ടല്ലോ?’ ഇതായിരുന്നു സിദ്ധന്റെ മറുപടി.
‘ഞങ്ങൾ നിങ്ങളെ ഓണത്തിന്നു വിളിച്ചു വരുത്തിയതിൽ ഒരു പ്രത്യേക കാര്യം ഉണ്ട്. ജബ്ബാറിന്റെ കല്യാണത്തിന്നു പെണ്ണ് കാണാൻ വന്നത് ഞാനാണല്ലോ. എന്റെ കല്യാണത്തിന്നു വിളിക്കാൻ കഴിഞ്ഞില്ല. സത്യത്തിൽ എന്റെ കല്യാണം വൈകിയ ഈ വേളയിൽ ഒരു അമ്പലത്തിൽ താലി ചാർത്തി മാത്രമായിരുന്നു. കഴിഞ്ഞ ലീവിന്നു എന്റെ കല്യാണം കഴിഞ്ഞു. അവൾ ഇന്ന് കുവൈറ്റിൽ വരും. നിങ്ങൾ എന്റെ കൂടെ എന്റെ സഹോദരസ്ഥാനത്ത് നിന്ന് അവളെ സ്വീകരിക്കാൻ വരണം.’
‘ആരാണ് വധു?’ രാജൻ പെട്ടെന്ന് ചോദിച്ചു
‘അതൊന്നും നിങ്ങൾ അറിയുന്ന ആളല്ല. തന്നെയുമല്ല, കാണാൻ പോകുന്ന പൂരം കൊട്ടിഘോഷിക്കണ്ടല്ലോ?’ അതായിരുന്നു അവന്റെ മറൂപടി. അല്ലെങ്കിലും അവന്നു എല്ലാ കാര്യത്തിലും ഒരു സസ്പെൻസ് ഉണ്ടാവാറുണ്ട്.
വൈകീട്ട് നാല് മണിക്ക് ഞങ്ങൾ കുവൈറ്റ്‌ എയർപോര്ടിലേക്ക് പൊയി.
യാത്രക്കാർ ഓരോരുത്തരായി ഇറങ്ങി. അതിൽ നിന്നും സിന്ദൂരം ഇട്ട ഒരു സ്ത്രീ സിദ്ധന്റെ അടുത്തെത്തി.
ഞങ്ങൾ സൂക്ഷിച്ചു നോക്കി. അതെ അത് അവൾ തന്നെ ………….
…………… സിദ്ധന്റെ എല്ലാമെല്ലാമായ മേനക
<<< രചന : ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം, തൃപ്രയാർ >>
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments