ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം, തൃപ്രയാർ, തൃശ്ശൂർ.
കഴിഞ്ഞ ഭാഗത്തിൽ നിന്ന് തുടർച്ച……
ഇന്നൊരു പകൽ കൂടിയേ ഖത്തറിൽ എന്റെ മകനോടും മരുമകളോടും കൊച്ചുമക്കളോടും കൂടെ ഞാനും ഭാര്യയും ഉണ്ടാവുകയുള്ളൂ. ഇന്ന് നാട്ടിലേക്ക് തിരിക്കുകയാണ്. എന്റെ കൊച്ചു മക്കളുടെ വാക്കുകൾ കേട്ടപ്പോൾ സങ്കടം തോന്നി. “പപ്പ നാട്ടിലേക്ക് പോകണ്ട..’. ശ്രീനിവാസൻ പറയീപ്പിച്ച പോലെ ഞാൻ പറയീപ്പിച്ചതല്ല. അത്രകണ്ടു ഞാൻ അവരുമായി ഇഴുകിചേർന്നിരിക്കുന്നു., അവരുടെ സുരക്ഷിതക്കാരനായി, കൂട്ടുകാരനായി എല്ലാം. ഇന്ത്യയും ഖത്തറും തമ്മിലുള്ള ദൂരമോ മറ്റോ അറിഞ്ഞിട്ടല്ല അവർ അത് പറഞ്ഞതെന്ന് എനിക്കറിയാം. അവരെ വിട്ട് എവിടെ പോകുന്നതും അവർക്ക് സഹിക്കാവുന്നതിലപ്പുറമാണ്. സാരമില്ല മക്കളെ, പപ്പാക്ക് ആയുസ്സുണ്ടെങ്കിൽ ഇനിയും വരാമല്ലോ? ഇനി തിരിച്ചു വരാത്ത ഒരു യാത്രയില്ലേ? സ്നേഹം കൂടുമ്പോഴാണ് വിരഹവേദനയുടെ സാന്ദ്രത കൂടുന്നത്.
അറേബ്യഭൂഖണ്ഡം മൊത്തമായി ഒരു കൈപത്തിയായി കരുതുകയാണെങ്കിൽ അതിലെ ഒരു തള്ള വിരൽ പോലെയാണ് ഖത്തറിന്റെ രൂപം. അല്ലെങ്കിലും തള്ളവിരലാണല്ലോ കൈപ്പത്തിയുടെ പ്രധാനഭാഗം. കുവൈറ്റ് യുദ്ധസമയത്താണ് CNN ചാനെൽ ജനശ്രദ്ധ ആകർഷിച്ചത്. അതെ സമയം നെഞ്ഞൂക്കോടെ ഖത്തർ ഒരു ചാനെൽ തുടങ്ങി. അൽജസീറ ചാനെൽ. അത് പല രാജ്യക്കാർക്കും കണ്ണിലെ കരടായി മാറിയെന്നത് പിൽക്കാല ചരിത്രം. ആളോഹരി വരുമാനത്തിൽ ലോകത്തിലെ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന രാജ്യമാണ് ഖത്തർ.
ഇന്ന് ഉച്ചയൂണിനു മകന്റെ ഭാര്യ സഹോദരിയുടെ ക്ഷണമുണ്ട്. സംസാരതിന്നിടക്ക് ആ സഹോദരി മകന്റെ ഭാര്യയോട് ചോദിച്ചു.. മക്കൾ പാപ്പയായി അടുത്തോ എന്ന്. “ഇതെന്തൊരു ചോദ്യം. അവർക്ക് ഇപ്പോൾ ഞങ്ങളെ ആരെയും വേണ്ട. പാപ്പാനെ മതി” എന്ന് അവൾ പറയുകയും ഞാനും കൊച്ചുമക്കളുമായുള്ള ഫോട്ടോ തെളിവിന് കാണിച്ചു കൊടുക്കുകയും ചെയ്തു. അവർ (ഷെബീർ) നൽകിയ ഭക്ഷണത്തിനും സ്നേഹവായ്പ്പിനും ഞാനും ഭാര്യയും എന്നും ഓർമയിൽ സൂക്ഷിക്കും.
നേർച്ച വേണമല്ലോ? നേരെ വിട്ടു… മറ്റൊരു മാളിലേക്ക്… സഫാരി മാൾ. അതൊരു മലയാളിയുടെ സ്വന്തം സംരംഭമാണെന്ന് അറിഞ്ഞു. അവിടെ ചെന്നപ്പോൾ എക്സ്ച്ചെഞ്ചുകളിൽ നീണ്ട നിര. എല്ലാവരും ഇന്ത്യക്കാരാണ്. അതിൽ മഹാ ഭൂരിപക്ഷം പേരും മലയാളികൾ. അവരിൽ ചിലരുമായി ഞാൻ പരിചയപ്പെട്ടു, ഞാൻ അവരിൽ ഒരാളായി. അവരെല്ലാം ലേബർ കാമ്പുകളിലുള്ളവരാണ്. ശമ്പളം കിട്ടിയതയക്കാൻ റിയാൽ ലാഭം നോക്കി നടന്ന് വന്നവർ. അവരുടെ നാട്ടിലുള്ളവർ ആ പണം വാങ്ങാൻ നൂറുകൾ നാട്ടിൽ മുടക്കുന്നു എന്ന് ഫേസ് ബുക്കിൽ വായിച്ചത് ഞാൻ ഓർക്കുന്നു.
ഞാൻ ചില രചനകൾ എഴുതാറുണ്ടെന്നറിഞ്ഞപ്പോൾ അവരിൽ ഒരാൾ എന്നോട് പറഞ്ഞു, അവരുടെ ദു:ഖ കഥ എഴുതണമെന്ന്. മന്ത്രിമാരും രാഷ്ട്രീയ-മത നേതാക്കന്മാരും വരുമ്പോൾ വമ്പന്മാരുടെ അടുത്ത് മാത്രം പോകുന്നതിനെയും മറ്റും. ഞാൻ ഇത് ഒരു പാട് തവണ പ്രവാസികളുടെ വേദനകൾ എഴുതിയിട്ടുണ്ടെന്നും ഇനിയും എഴുതാമെന്നും അവർക്ക് വാക്ക് കൊടുത്തു. ഞാനും ഇത്രക്കില്ലെങ്കിലും കുറച്ചൊക്കെ അനുഭവിച്ചിട്ടുണ്ടല്ലോ? അത് കൊണ്ടാണല്ലോ ഞാനൊരു പ്രവാസി എഴുത്തുകാരനായത്.
മകന്റെയും അവന്റെ ഭാര്യ ഷെറീനയുടെയും കൊച്ചു മക്കളുടെയും മുഖത്ത് മ്ലാനത. രാത്രി എന്നെ കാണാൻ ഒരു സുഹൃത്ത് വന്നു. ഫേസ്ബൂക്കിലൂടെ സൗഹൃദം ഊട്ടിയുറപ്പിച്ച കാദർ (കാദർ ഫിൽഫില). ദോഹയിൽ ഒരു പാട് സാംസ്കാരിക മണ്ഡലങ്ങളിലെ നിറശോഭ. പിന്നെ എന്റെ ബന്ധുവായ ജബ്ബാറും. സൌഹൃദത്തിന്റെയും ബന്ധത്തിന്റെയും ഊഷ്മളമായ നിമിഷങ്ങൾ.
തണുത്ത കാലാവസ്ഥയായത് കൊണ്ട് സ്കിൻ ഡ്രൈയാവാതിരിക്കാൻ ഞാൻ വാസെലിൻ പുരട്ടാറുണ്ടായിരുന്നു. പെട്ടിയിൽ സാധനങ്ങൾ വെക്കുമ്പോൾ കൊച്ചുമക്കളിൽ ഇളയവളായ ചെഞ്ചു പറഞ്ഞ വാക്കുകൾ – ‘പപ്പാ ഈ വാസെലിൻ പപ്പ കൊണ്ട് പൊയ്ക്കോ. പപ്പാക്ക് പുരട്ടാമല്ലോ?’ എന്‍റെ കണ്ണിലൊരു നനവ്. ഏഴു ദിവസം എത്ര പെട്ടെന്നാണ് പോയത്. ഒരാഴ്ച്ച പോയ വേഗതയിലാണ്ഏഴ് ദിവസം പോയത്. മകന്റെ മൂത്തമകൾ ചെച്ചു പറഞ്ഞ ഹൃദയസ്പര്‍ശിയായ വാക്ക് മനസ്സില്‍ നിന്ന് മായുന്നില്ല. “പപ്പാടേം സൂറുമ്മാടേം നടുവില്‍ ഉറങ്ങുമ്പോള്‍ നല്ല സുഖം”.
കുറച്ചു നേരത്തെ എയര്‍പോര്‍ട്ടിലേക്ക് പുറപ്പെട്ടു. വഴിമദ്ധ്യേ നല്ലൊരു ചായ കുടിച്ചു. ഖത്തറിലെ ഇപ്രാവശ്യത്തെ ഒടുവിലെ ചായ. ഖത്തര്‍ എയര്‍വെയ്സിന്റെ കൌണ്ടറുകള്‍ ആവശ്യത്തിലധികം. ഖത്തര്‍ എയര്‍വെയ്സിന്റെ സർവീസ് അത്യുത്തമം.
എയർപോർട്ടിലെത്തി മകനും മകന്റെ ഭാര്യയും എന്നോടും സുഹറാടും യാത്ര പറയുന്ന രംഗം ദു:ഖസാന്ദ്രമായിരുന്നു. എയർപോർട്ടിന്റെ ഉൾഭാഗം വൃത്തിയും ഭംഗിയുമുള്ളതായിരുന്നു. ഞങ്ങൾ ഫ്ലൈറ്റിൽ കയറി. ആവശ്യപ്പെട്ടപോലെ വിൻഡോസീറ്റ് കിട്ടി. ഖത്തർ എയർവെയ്സിനെപറ്റി ഒരു സത്യമായ തമാശയുണ്ട്. പൈലറ്റ് വന്നില്ലെങ്കിൽ പോലും കൃത്യസമയത്ത് ടേക്ക്ഓഫ് ചെയ്യും എന്ന്. അതായത് സമയനിഷ്ടയുടെ കാര്യത്തിൽ മുൻപന്തിയിലാണ് ഖത്തർ എയർവെയ്സ്. (നമ്മുടെ എയർ ഇന്ത്യയെ പോലെ തന്നെ അല്ലെ?) ഫ്ലൈറ്റിന്റെ ഡോറുകൾ അടച്ചു. ഞങ്ങളൊക്കെ സീറ്റ് ബെൽറ്റ് ഇട്ടു. ഫ്ലൈറ്റ് പാർക്കിംഗ് ബേയിൽ നിന്നും ടർമാർക്കിലേക്ക്. അവിടെ രണ്ടു മൂന്ന് മിനിറ്റ് കഴിഞ്ഞപ്പോൾ ടേക്ക് ഓഫ് ചെയ്യാൻ റണ്‍വെയിലേക്ക്. കമ്പ്ലീറ്റ് ത്രസ്റ്റ് ചെയ്ത് സ്മൂത്തായി റണ്‍വേയിലൂടെ ഓടി ടേക്ക് ഓഫ് ചെയ്തു. ദിശമാറാൻ ഫ്ലൈറ്റ് ചെരിച്ചപ്പോൾ ദോഹയുടെ മഞ്ഞവെളിച്ചം നന്നായി കണ്ടു. ‘ഷെരീഫുക്ക, ശേരിക്ക് നോക്കിക്കോ’ എന്ന് ഫ്ലൈറ്റ് എന്നോട് പറയുന്ന പോലെ തോന്നി. എന്നെയും ഭാര്യയേയും സ്നേഹത്തിൽ ആശ്ലേഷിച്ച എന്റെ മക്കൾ താമസിക്കുന്ന ലക്തയുൾപ്പെടുന്ന ദോഹയോട് എനിക്കൊന്നെ പറയാനുള്ളൂ. ഈ ഫ്ലൈറ്റിൽ എന്റെ ശരീരം മാത്രമേയുള്ളൂ. മനസ്സ് അങ്ങ് ദോഹയിലാണ്. ദൈവം അനുവദിച്ചാൽ ഞങ്ങൾ ഇനിയും ജൂണ്‍ മാസത്തിൽ വരും. അത് വരെ മഅസ്സലാമ.
ഫ്ലൈറ്റ് മുപ്പതിനായിരം അടി ഉയരത്തിലെത്തി. ആകാശവേഗത മണിക്കൂറിന്നു തൊള്ളായിരം കിലോമീറ്റർ. പക്ഷെ, എപ്പോഴും ലാൻഡ് സ്പീഡ് കുറവായിരിക്കും. അത് കൊണ്ടാണ് ഒരേ സെക്ടർ യാത്രക്ക് അങ്ങോട്ടെക്കും തിരിച്ചും യാത്രാസമയത്തിൽ മാറ്റം വരുന്നത്. ഫ്ലൈറ്റിൽ എന്റെ മുന്നിലുള്ള നാവിഗെറ്റർ ഹാങ്ങ് ആയി. വിവരം എയർഹൊസ്റ്റസിനോട് പറഞ്ഞ താമസം അവർ കോക്ക്പിറ്റിൽ ചെന്ന് അത് ക്ലിയർ ആക്കി.
രാവിലെ 8ന് നെടുമ്പാശേരിയിൽ ലാൻഡ്‌ചെയ്തു. ബാവമുസലിയാരുടെ വീട്ടിൽ പോയി. കാറെടുത്ത് നേരെ വീട്ടിലേക്ക്. എല്ലാം സുഖമായതിന് ദൈവത്തിനു നന്ദി.
http://www.thenational.ae/storyimage/AB/20140430/GALLERY/140439924/AR/0/&MaxW=960&imageVersion=default&AR-140439924.jpg