Friday, December 12, 2025
HomeAmericaകെ.എച്ച്.എൻ.എ ഫ്ലോറിഡ റീജിയണൽ വൈസ് പ്രസിഡന്റായി പ്രദീപ് പിള്ളയെ നാമനിർദേശം ചെയ്തു.

കെ.എച്ച്.എൻ.എ ഫ്ലോറിഡ റീജിയണൽ വൈസ് പ്രസിഡന്റായി പ്രദീപ് പിള്ളയെ നാമനിർദേശം ചെയ്തു.

കെ.എച്ച്.എൻ.എ.

ഫ്ലോറിഡ: നോർത്ത് അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ കേന്ദ്ര സംഘടനയായ കെ.എച്ച്.എൻ.എ (KHNA) യുടെ ഫ്ലോറിഡ റീജിയണൽ വൈസ് പ്രസിഡന്റായി (RVP) സൗത്ത് ഫ്ലോറിഡയിൽ നിന്നുള്ള പ്രദീപ് പിള്ളയെ നാമനിർദേശം ചെയ്തു. സാങ്കേതിക രംഗത്തെ മികവും സാമൂഹിക സേവന രംഗത്തെ പ്രതിബദ്ധതയും കണക്കിലെടുത്താണ് സംഘടനയുടെ ഈ തീരുമാനം.

നേരത്തെ കേരള ഹിന്ദൂസ് ഓഫ് സൗത്ത് ഫ്ലോറിഡയുടെ (KHSF) സെക്രട്ടറിയായി അദ്ദേഹം സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സംഘടനയുടെ നിർണ്ണായക ഘട്ടത്തിൽ അംഗങ്ങളെ ഒന്നിപ്പിക്കാനും സുസ്ഥിരത ഉറപ്പുവരുത്താനും ആ കാലയളവിൽ അദ്ദേഹത്തിന് സാധിച്ചു. യുവജനങ്ങളെ സജീവമായി പങ്കെടുപ്പിച്ചുകൊണ്ട് നിരവധി സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുകയും സംഘടനയ്ക്ക് സ്വന്തമായി വെബ്സൈറ്റ് ആരംഭിക്കുന്നതിൽ നേതൃപരമായ പങ്കുവഹിക്കുകയും ചെയ്തു. കേരളത്തെ നടുക്കിയ പ്രളയകാലത്ത് ദുരിതാശ്വാസ നിധിയിലേക്ക് ധനസമാഹരണം നടത്താനും, ആറന്മുള ശബരി ബാലാശ്രമത്തിലെ കുട്ടികൾക്ക് കമ്പ്യൂട്ടർ ലാബ് സംഭാവന ചെയ്യാനും അദ്ദേഹം മുൻകൈയെടുത്തു.

പത്തനംതിട്ട ആറന്മുള സ്വദേശിയായ പ്രദീപ്, കുവൈറ്റ് എയർവേയ്‌സിലെ റിട്ടയേർഡ് സിവിൽ എൻജിനീയറും എൻ.എസ്.എസ് ഇടയാറന്മുള മുൻ പ്രസിഡന്റും ശബരി ബാലാശ്രമം രക്ഷാധികാരിയുമായിരുന്ന പരേതനായ എം.എൻ. ബാലകൃഷ്ണ പിള്ളയുടെയും റിട്ടയേർഡ് നഴ്‌സ് ലീല പിള്ളയുടെയും മകനാണ്. ഐ.ടി മാനേജരായ സായി ലക്ഷ്മി പ്രദീപ് ആണ് ഭാര്യ. സ്‌കൂൾ ബാസ്ക്കറ്റ്‌ബോൾ താരവും കൗണ്ടി റെസ്‌ലിംഗ് ചാമ്പ്യനുമായ സാനിക (12), പാർത്ഥിവ് (7) എന്നിവർ മക്കളാണ്. ഡോക്ടറും ഐ.ടി പ്രൊഫഷണലുകളുമായ മൂന്ന് സഹോദരങ്ങളുണ്ട്.

ഔദ്യോഗികമായി ഒറാക്കിൾ ഹെൽത്തിൽ പ്രിൻസിപ്പൽ സോഫ്റ്റ്‌വെയർ എൻജിനീയർ ലീഡായി ജോലി ചെയ്യുന്ന അദ്ദേഹം ജനറേറ്റീവ് എ.ഐ, ക്ലൗഡ് അധിഷ്ഠിത വികസന വിഭാഗങ്ങളുടെ തലവനാണ്. സിട്രിക്സ് സിസ്റ്റംസ്, എ.ഡി.ടി തുടങ്ങിയ കമ്പനികളിൽ പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം ഗൂഗിൾ ഡെവലപ്പേഴ്‌സ് ഗ്രൂപ്പ് ഓഫ് സൗത്ത് ഫ്ലോറിഡയിൽ സജീവ സാന്നിധ്യമാണ്. ശക്തമായ സാംസ്കാരിക അടിത്തറയിൽ ഊന്നിനിന്ന്, നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ യുവതലമുറയെ ശാക്തീകരിച്ച് സംഘടനയെ മുന്നോട്ട് നയിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.

പ്രദീപ് പിള്ളയുടെ നിയമനത്തെ കെ.എച്ച്.എൻ.എ പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണൻ സ്വാഗതം ചെയ്തു. പ്രദീപിന്റെ സംഘാടക മികവും നൂതന സാങ്കേതിക രംഗത്തെ അറിവും സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾക്ക്, പ്രത്യേകിച്ച് യുവജനങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് വലിയ മുതൽക്കൂട്ടാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ജനറൽ സെക്രട്ടറി സിനു നായർ, ട്രഷറർ അശോക് മേനോൻ, വൈസ് പ്രസിഡന്റ് സഞ്ജീവ് കുമാർ, ജോയിന്റ് സെക്രട്ടറി ശ്രീകുമാർ ഹരിലാൽ, ജോയിന്റ് ട്രഷറർ അപ്പുക്കുട്ടൻ പിള്ള, ബോർഡ് ഓഫ് ഡയറക്ടേഴ്സ്, ട്രസ്റ്റീ ബോർഡ് എന്നിവരും ശ്രീ പ്രദീപ് പിള്ളയ്ക്ക് ആശംസകൾ നേർന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments