ശ്രീ കുമാർ ഭാസ്കരൻ.
കവിത വായിച്ചു കഴിഞ്ഞപ്പോൾ അവൻ പ്രത്യാശാപൂർവം എന്നെ നോക്കി. എന്നിൽ നിന്നും ഒരു അനുകൂല അഭിപ്രായം അവൻ പ്രതീക്ഷിക്കുന്നു എന്ന് വ്യക്തം. ഞാൻ അവനെ നിരാശപ്പെടുത്തിയില്ല. ‘നന്നായി’ എന്ന അഭിപ്രായം പറഞ്ഞു.
സത്യം പറഞ്ഞാൽ അവനുള്ള ആംഗലേയ പദസ്വാധീനം എനിക്ക് ഇല്ലായിരുന്നതുകൊണ്ട് കവിതയിലെ പല ആലങ്കാരിക പ്രയോഗങ്ങളും എനിക്ക് മനസ്സിലായില്ല. പക്ഷേ ഞാൻ അത് പുറത്തു കാണിച്ചില്ല. ഇതൊന്നുമായിരുന്നില്ല എന്നെ വ്യാകുലപ്പെടുത്തിയത്. അവൻറെ അടുത്ത നടപടിയെപ്പറ്റിയുള്ള ചിന്തയായിരുന്നു. കവിത നന്നായി എന്ന് പറഞ്ഞ സ്ഥിതിക്ക്, ‘അളിയാ നീ ഇത് അവൾക്ക് കൊടുക്കണം’ എന്ന് പറഞ്ഞ് അവന്‍ എന്നെ ഹംസമാക്കുമോ എന്ന് ഞാൻ ഭയന്നു. എങ്കിൽ ഉറപ്പായും സിന്ധു എന്ന എൻറെ സ്നേഹിത എനിക്ക് നഷ്ടപ്പെടും.
പ്രേമിക്കുന്നവന് കണ്ണും കാതും ഒന്നും വേണമെന്നില്ല. പക്ഷേ നമുക്ക് അത് പറ്റില്ലല്ലോ. ഞാൻ വ്യാകുലപ്പെട്ടു നിൽക്കവേ കവിത എന്നിൽ നിന്നും വാങ്ങി ‘ശരി അളിയാ’ എന്ന് പറഞ്ഞ് അവൻ പോയി. ഭാഗ്യം ഞാൻ ഭയപ്പെട്ട പോലെ ഒന്നും സംഭവിച്ചില്ല.
പിന്നെ പലപ്പോഴും, സിന്ധു കാണാതെ അവളെ നോക്കിയിരിക്കുന്ന സാജൻ തോമസിന്റെ ചിത്രം ഇപ്പോഴും എൻറെ മനസ്സിൽ മിഴിവോടെയുണ്ട്. രസകരമായ കാര്യം ഞങ്ങൾ ബോയ്സ് സൊറ പറഞ്ഞു നിൽക്കുന്ന നേരം സിന്ധു വന്നു ഞങ്ങളോട് കുശലം പറഞ്ഞാൽ, സാജൻ അവളെ ശ്രദ്ധിക്കാതെ മാനത്ത് നോക്കി നിൽക്കുന്നത് കാണാം. എന്തോ അവൻ അവളെ അവഗണിക്കുന്നതായി മന:പൂർവം അഭിനയിച്ചു. മൂകകാമുകന്മാർ പൊതുവേ ഈ സ്വഭാവം കാണിക്കാറുണ്ടെന്ന് പിൻകാലത്ത് എൻറെ ഒരു സഹപ്രവർത്തകന്റെ പെരുമാറ്റത്തിൽ നിന്നും എനിക്ക് മനസ്സിലാക്കാനായി.
അത്ഭുതകരമായ കാര്യം ഈ സ്വഭാവസവിശേഷത കാല ദേശ ഭാഷ അന്യേ മൂകകാമുകന്മാർ കാണിക്കാറുണ്ട്. ഒരു പക്ഷേ ഒരു കാരണവശാലും താൻ പിടിക്കപ്പെടാനോ സംശയിക്കപ്പെടാനോ പാടില്ല എന്ന മുൻകരുതല്‍ നടപടിയുടെ ഭാഗമാകാം ഈ പ്രതികരണം. ഓടുന്ന പട്ടിക്ക് ഒരു മുഴം മുന്നേ എറിയുക എന്ന പ്രായോഗിക തന്ത്രം. എന്തുതന്നെയായാലും സാജന്റെ ഈ തന്ത്രം പരിപൂർണ്ണ വിജയമായിരുന്നു. കാരണം അവൻറെ അനുരാഗം ഒരിക്കലും സിന്ധു അറിഞ്ഞില്ല. അറിയിക്കാൻ അവൻ ഒട്ടു ശ്രമിച്ചതുമില്ല. നേരിട്ടോ ഒരു ഹംസം മുഖേനയോ.
പക്ഷേ സാജന് വലിയ പദ്ധതികൾ ഉണ്ടായിരുന്നു. ഞങ്ങളിൽ നിന്നും വ്യത്യസ്തമായി ഭാവി ജീവിതത്തെപ്പറ്റി കാര്യമായി അവൻ കണക്കുകൂട്ടലുകൾ നടത്തി. ഒരു ദിവസം അവൻ എന്നോട് ചോദിച്ചു.
“എടാ. നമ്മളൊക്കെ ഡിഗ്രി കഴിഞ്ഞിട്ട് എന്ത് ചെയ്യും. അതും ജന്തുശാസ്ത്രത്തിൽ.”
“എന്ത് ചെയ്യാൻ. വല്ല എം. എസ്സിക്ക് കിട്ടുമോ എന്ന് നോക്കും. ഇല്ലെങ്കില്‍ വല്ല എം. എക്കു പോകും. അതുമല്ലെങ്കിൽ വല്ല ട്യൂഷൻ സെൻട്രലിലും പോയി വാദ്ധ്യാരു പണി നോക്കും.” ഞാന്‍ പറഞ്ഞു. അവൻ അല്പം നേരം വിദൂരതയിലേക്ക് നോക്കി നിന്നു. പിന്നെ പറഞ്ഞു.
“അത് പോരാ. വ്യക്തമായ ഒരു ഭാവി നമുക്ക് വേണം. പഠനം കഴിഞ്ഞാൽ സ്വന്തമായി നിൽക്കാൻ കഴിയണം. എങ്കിലേ നമുക്ക് നമ്മുടെ ജീവിതത്തിൽ തീരുമാനമെടുക്കാൻ പറ്റൂ. ഇല്ലെങ്കിൽ മറ്റുള്ളവർ നമ്മുടെ ജീവിതത്തിൽ കേറി മാന്തും. അവർ തീരുമാനങ്ങൾ എടുക്കും. അതനുസരിച്ച് നമുക്ക് ജീവിക്കേണ്ടിവരും. ഫലത്തിൽ നമുക്ക് നമ്മുടെ ജീവിതം കൈമോശം വരും”.
ഒരു ഫിലോസഫറെ പോലെയാണ് അവൻ അത് പറഞ്ഞത്. ഞാൻ കേട്ടുനിന്നു. അവൻ പറഞ്ഞത് ശരിയാണ്. പക്ഷേ കേവലം ഒരു ഡിഗ്രി എടുത്തിട്ട് സമ്പാദിച്ചു ജീവിക്കാൻ ഇത് യൂറോപ്പ് ഒന്നുമല്ലല്ലോ. നമ്മുടെ മനോഹര സുന്ദര കേരളം അല്ലേ? മാവേലി നാട്. ഇവിടെ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിന് മുന്നിൽ ക്യൂ നിൽക്കുന്നത് പത്താം ക്ലാസുകാരുടെ ലക്ഷങ്ങൾ അല്ല. മറിച്ച് ഡിഗ്രി ഹോൾഡേഴ്സിന്റെയും എൻജിനീയറിങ് ബിരുദധാരികളുടെയും ആണ്. ഞാൻ ആലോചിച്ചു നിൽക്കവേ സാജൻ പറഞ്ഞു.
“യോഗ്യമായ ഒരു പ്രൊഫഷണൽ കോഴ്സിന് ചേരണം. അത് കഴിഞ്ഞാൽ സ്വന്തമായി നാല് കാശുണ്ടാക്കാൻ കഴിയണം.”
ഞാൻ ഒന്നും മിണ്ടിയില്ല. അല്പം കഴിഞ്ഞ് അവൻ ലൈബ്രറിയിലേക്ക് പോയി. പിന്നീടുള്ള ഏതാനും ദിവസം അവനെ കോളേജിൽ കണ്ടില്ല. ഏതാനും ദിവസം കഴിഞ്ഞ് കോളേജിൽ എത്തിയപ്പോൾ ഞാൻ ചോദിച്ചു.
“എവിടെക്കാടാ മുങ്ങിയത്.” ഒരു ചെറു ചിരിയോടെ സസ്പെൻസ് ഇട്ടവൻ പറഞ്ഞു.
“ഒരു ചെറിയ യാത്ര.”അല്പം കഴിഞ്ഞ് അവൻ പറഞ്ഞു. “മദ്രാസിനു പോയി”.
“സിനിമയിൽ അഭിനയിക്കാനോ”. ഞാൻ കളിയാക്കി. പക്ഷേ അവൻ ഗൗരവത്തിൽ ആയിരുന്നു.
“നീ പറഞ്ഞതുപോലെ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് മുന്നിൽ ക്യൂ നിൽക്കാനും ട്യൂഷൻ എടുത്തു മുടിയാനും എനിക്ക് വയ്യ. ഞാൻ ഒരു പ്രൊഫഷണൽ കോഴ്സ് നോക്കുന്നുണ്ട്. അല്പം തുട്ടു പൊട്ടിക്കേണ്ടി വരും.” സാജന്‍ പറഞ്ഞു.
“നിന്റെ പപ്പാജി എന്തു പറഞ്ഞു.” ഞാൻ ചോദിച്ചു.
അവൻറെ പപ്പാജി, പ്ലാന്തോട്ടത്തിൽ ജോർജ് തോമസ്, ഭേദപ്പെട്ട ഒരു പ്രൈവറ്റ് ബാങ്കർ ആണ്. സാജന്റെ ഭാഷയിൽ പറഞ്ഞാൽ ‘വട്ടി പലിശക്കാരൻ’.
“എന്ത് പറയാൻ. ഞങ്ങൾ ഒന്നിച്ചാണ് മദ്രാസിന് പോയത്. ഒരു സീറ്റ് ലേലം വിളിച്ചു ഉറപ്പിച്ചു.” സാജന്‍ പറഞ്ഞു.
“ഏതാ കോഴ്സ്”
“വായി നോട്ടം.”അവന്‍ പറഞ്ഞു.
“ബി. ഡി. എസ്?.” ഞാന്‍ ചോദിച്ചു.
“ങ്ഹാ” അവന്‍ പറഞ്ഞു.
“അപ്പോൾ ഏതാണ്ട് തീരുമാനമായി”. ഞാൻ ചോദിച്ചു.
“ആ. ഏകദേശം ഉറപ്പായി. അഡ്വാൻസ് കൊടുത്തു. അമ്പത്, ബാക്കി കോഴ്സിന് ജോയിൻ ചെയ്തു രണ്ടാഴ്ചക്കുള്ളിൽ കൊടുത്തു തീർക്കണം.” അവന്‍ പറഞ്ഞു.
“വാ. നമുക്കൊരു ചായ കുടിക്കാം”. സാജന്‍ എന്നെയും കൂട്ടി കാന്റിനിലേക്ക് പോയി. ചരിത്രത്തിലാദ്യമായും അവസാനമായും സാജൻ തോമസ് പ്ലാൻതോട്ടത്തിൽ എനിക്ക് ഒരു ചായ വാങ്ങി തന്നു. ദൗർഭാഗ്യം അന്ന് കാന്റീനിൽ പഴംബോളി ഉണ്ടായിരുന്നില്ല. മൂന്നാഴ്ച കഴിഞ്ഞ് സാജൻ മദ്രാസ്സിലേക്ക് ട്രെയിൻ കയറി.
മാസങ്ങൾ പറന്നു പോയി. ഓണം, വിഷു, ക്രിസ്മസ് അങ്ങനെ ഒടുക്കം ഒരാഴ്ച നീണ്ടുനിന്ന ഒരു സ്റ്റഡിടൂറില്‍ ബിരുദവിദ്ധ്യാഭ്യാസം ആട്ടക്കലാശം കൊട്ടിയാടി അവസാനിച്ചു. ബിരുദകാലഘട്ടം ഒടുങ്ങി.
ഇതിനിടെ സാജനെപ്പറ്റി ഒരു വിവരവും ഉണ്ടായില്ല. കത്തില്ല, ഗ്രീറ്റിംഗ്സ് ഇല്ല, ഫോൺവിളി തീർത്തുമില്ല. കാരണം ഫോൺ, അതും ലാൻഡ് ഫോൺ മാത്രമുള്ള കാലത്ത്, ഒരു ഫോൺ കണക്ഷൻ കിട്ടുക അത്ര എളുപ്പമായിരുന്നില്ല, അത്യാവശ്യം നല്ല പണം വേണം. പിടിപാട് വേണം. യോഗ്യമായ സാമൂഹികപദവി വേണം. അങ്ങനെ പലതും സമാസമം കൂടിച്ചേർന്നെങ്കിലെ ഒരു ഫോൺ വീട്ടിൽ ഉണ്ടാവുകയുള്ളൂ.
അക്കാലത്ത് വിവാഹ ആലോചനയുമായി വരുന്ന ദല്ലാന്മാർ വീട്ടുകാരുടെ മികവായി എടുത്തു പറഞ്ഞിരുന്നത് ‘അവർക്ക് ഫോൺ ഉണ്ട്’ എന്നായിരുന്നു. വീട്ടുമുറ്റത്ത് ഒരു കൊമ്പനാനെ തളച്ചിട്ടിരിക്കുന്ന ഗമയാണ് ഒരു ഫോൺ ഉള്ള വീടിന്. പിന്നീട് ആസ്ഥാനം ടിവിക്കായി. അമ്പതു മീറ്ററോളം ഉയരത്തിൽ കോടിമരം പോലെ ഉയർത്തിയ ആന്റിന ഒരു അഭിമാന ചിഹ്നമായിരുന്നു ആ കാലഘട്ടത്തിൽ. കാരണം ടി.വി ഒരു അപൂർവ്വ വസ്തുവായിരുന്നു. നല്ല പണക്കാർ മാത്രം വാങ്ങിയിരുന്ന ഒരു അപൂർവ സാധനം. ടി.വി എന്നു പറഞ്ഞാൽ ബ്ലാക്ക് ആൻഡ് വൈറ്റ്. ഓൺ ചെയ്താൽ നിമിഷങ്ങൾ മാത്രം കഴിഞ്ഞ് പതുക്കെ പ്രകാശം പരത്തുന്ന പെട്ടി. അതുകഴിഞ്ഞാലോ ചരൽവാരി എറിയുന്നത് പോലെ കറുത്ത ബിന്ദുക്കളുടെ നൃത്തം. അടുത്തിരുന്നാൽ ഒന്നും കാണില്ല. പത്തടി അകന്നിരുന്നാൽ അവ്യക്തമായി ചില കറുപ്പ് രൂപങ്ങൾ ചലിക്കുന്നത് കാണാം. അതും ഹിന്ദി പരിപാടികൾ മാത്രം. ഇതിൻറെ ഇടയ്ക്ക് ചിത്രം വ്യക്തമാവാൻ, ഒരാൾ ആൻറിനെ തിരിച്ചുകൊണ്ടിരിക്കണം. ഒരു കപ്പിത്താൻ അലകളിൽ കുടുങ്ങിയ കപ്പൽ ഓടിക്കുന്ന വൈഭവത്തോടെ.
ദൂരെ നിന്നും ഒരാൾ ഒരു വീട് അന്വേഷിച്ച് ചെല്ലുമ്പോൾ ആദ്യം ശ്രദ്ധിക്കുന്നത് പുരയ്ക് മുകളിൽ ആൻറിനെ ഉണ്ടോ എന്നാണ്. ഉണ്ടെങ്കിൽ പിന്നീട് ആ വീട്ടുകാർക്ക് കിട്ടുന്ന ആദരവ് അത്ഭുതപ്പെടുത്തുന്നതാവും. അതൊക്കെ ഒരു കാലം. അങ്ങനെയും ഉണ്ടായിരുന്നു ഒരു കാലം. ഇന്ന് വിരൽത്തുമ്പിൽ സിനിമകളും ഗെയിമുകളും ആടിത്തിമർക്കുന്ന കാലത്ത്, ഇതൊക്കെ ആര് ഓർക്കാൻ. ആർക്കു മനസ്സിലാവാൻ.
ഡിഗ്രി വലിയ തരക്കേടില്ലാതെ കടന്നുകൂടി. സാമാന്യം ഭേദപ്പെട്ട നിലയിൽ പാസായി എന്നർത്ഥം. ഇനിയെന്ത് എന്ന ചോദ്യം ചോദ്യമായി തന്നെ അവശേഷിച്ചു. തുടര്‍ പഠനത്തിനുള്ള ശ്രമങ്ങൾ നടക്കുന്നു. അതെങ്ങും എത്തിയിട്ടില്ല. കൂട്ടുകാർ സ്ഥിരമായി കത്തെഴുതും. പോസ്റ്റുകാർഡിൽ. അതിനെല്ലാം മറുപടി അയയ്ക്കും. അതായിരുന്നു ആ കാലത്തെ പ്രധാന പണി. ട്യൂഷൻ അധ്യാപകൻ ആകാൻ പ്രലോഭനവും ഭീഷണിയും പലപ്രാവശ്യം പലഭാഗത്തുനിന്നും ഉണ്ടായി. ജീവിതത്തിന് ചൂടും ചുമതലയും ഉണ്ടാക്കാനുള്ള ശ്രമം. അതിനെയെല്ലാം എതിർത്തു നിന്നു.
അധ്യാപകൻ ആകില്ല എന്ന വാശി കൊണ്ടല്ല. ആ പണി എനിക്ക് പറ്റില്ല എന്ന തോന്നലുകൊണ്ടാണ്. എനിക്കത് ഇഷ്ടവുമായിരുന്നില്ല. മീൻചന്തയിൽ മീൻ വിൽക്കുന്ന പോലെയല്ലല്ലോ അധ്യാപനം. അതിന് വ്യക്തിപരമായ ഗുണനിലവാരം കൂടി വേണം. ഒരു അധ്യാപകന്റെ ഉടുപ്പിലും നടപ്പിലും പെരുമാറ്റത്തിലും ഒരു നിലവാരം സമൂഹം പ്രതീക്ഷിക്കുന്നുണ്ട്. അതനുസരിച്ച് നിൽക്കാൻ കഴിയുന്ന ഒരാളേ ആ പണിക്ക് പോകാവൂ. കാരണം ഒരു അധ്യാപകൻ ഒരുപാട് കുട്ടികളുടെ മാതൃക പുരുഷനാണ്. അത് ഒരു അധ്യാപകൻ അറിഞ്ഞാലും ഇല്ലെങ്കിലും. എനിക്ക് ആരുടെയും റോൾ മോഡൽ ആകാൻ കഴിയില്ല. അതെനിക്ക് നന്നായി അറിയാമായിരുന്നു. പക്ഷേ ആ തിരിച്ചറിവ് എൻറെ വീട്ടുകാർക്കോ എൻറെ സുഹൃത്തുക്കൾക്കോ ഉണ്ടായിരുന്നില്ല. അതായിരുന്നു എൻറെ ഏറ്റവും വലിയ പ്രശ്നം.
ട്യൂഷൻ അധ്യാപകൻ, എന്ന പ്രലോഭനത്തെ ഞാൻ ശക്തമായി എതിർത്തു വിജയിച്ചു നിൽക്കുന്ന കാലത്താണ് ആ വാർത്ത ഞാൻ അറിയുന്നത്. എൻറെ ഒരു സ്നേഹിത കത്തു മുഖാന്തരം അറിയിച്ചതാണ്. അതുകൊണ്ടുതന്നെ വിവരം അറിയുമ്പോഴേക്കും സംഭവം നടന്നിട്ട് ഒരാഴ്ച പിന്നിട്ടിരുന്നു. സിന്ധുവിന്റെ അച്ഛൻ മരണപ്പെട്ടു. ഭിലായ് സ്റ്റീല്‍ പ്ലാന്റില്‍ നല്ല പദവിയിലിരുന്ന വ്യക്തി. അവിടെ ഉണ്ടായ ഒരു അപകടത്തിൽ അദ്ദേഹവും ഏതാനും തൊഴിലാളികളും കൊല്ലപ്പെട്ടു. മരിക്കുമ്പോൾ ഏതാണ്ട് അമ്പതു വയസ്സിന് അടുത്ത് മാത്രമെ അദ്ദേഹത്തിന് പ്രായം ഉണ്ടായിരുന്നുള്ളൂ. ആ മരണം ഞങ്ങളെ ആകെ പിടിച്ചുലച്ചു. കാരണം സിന്ധുവിന് ഒരു അനുജത്തിയും അമ്മയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. സഹോദരന്മാരില്ല, അമ്മാവന്മാരില്ല, ചെറിയച്ഛന്മാരില്ല, അങ്ങനെ പ്രബലമായ ഒരു ആൺതുണ എന്ന് പറയാൻ ആരുമില്ലാത്ത ഒരു കുടുംബം.
കാറും കോളും ഉള്ള നടുക്കടലിൽ കപ്പിത്താൻ പെട്ടെന്ന് നഷ്ടമായ ഒരു കപ്പലിന്റെ അവസ്ഥ. ആ നിസ്സഹായവസ്ഥയ്ക് ഒരു വിരാമം ആയത് മാസങ്ങൾക്ക് ശേഷം നടന്ന സിന്ധുവിന്റെ വിവാഹമാണ്. കേവലം ഇരുപതു വയസ്സിൽ അവൾക്ക് കുടുംബിനി ആക്കേണ്ടി വന്നു. തുടർപഠനം ഉൾപ്പെടെ പല ആഗ്രഹങ്ങളും അതിനുവേണ്ടി അവൾ ബലി കഴിച്ചിട്ടുണ്ടാവും തീർച്ച. പക്ഷേ അവളുടെ കുടുംബ പശ്ചാത്തലത്തിൽ ഒരു വിവാഹമല്ലാതെ മറ്റൊരു പരിഹാരവും ഉണ്ടായിരുന്നില്ല. അവൾക്ക് താഴെ വിവാഹപ്രായത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്ന ഒരു അനിയത്തിയും ഉണ്ട്.
ആ സാഹചര്യത്തിൽ അവളുടെ വിവാഹം അനിവാര്യം ആയിരുന്നിരിക്കണം. അവളെ വിവാഹം കഴിച്ചത് ഒരു ആർമി ക്യാപ്റ്റൻ ആയിരുന്നു. ആഴ്ചകൾ കഴിഞ്ഞ് എൻറെ സ്നേഹിത എനിക്കയച്ച കത്തില്‍ എടുത്തു പറഞ്ഞ കാര്യം, ‘സിന്ധുവിനെ ഒരു മിന്നൽ പോലെ കണ്ടു. ഭർത്താവിൻറെ കൂടെ ബൈക്കിൽ പോകുമ്പോൾ. അവൾ ഹാപ്പിയാണ്.’ സന്തോഷം തോന്നി. സിന്ധുവിനെപ്പറ്റി അവസാനമായി കേട്ട വാർത്ത അതാണ്. ആ അദ്ധ്യായം അവിടെ അവസാനിച്ചു.
മാസങ്ങള്‍ കഴിഞ്ഞ് ഒരു ദിവസം പോസ്റ്റ് കാർഡ് വാങ്ങാൻ ഞാൻ പോസ്റ്റ് ഓഫീസിലെത്തി. ഇടയ്ക്ക് പോസ്റ്റ് ഓഫീസിൽ പോയി ഒരു കെട്ട് കാർഡ് വാങ്ങും. ഒരു കാർഡിന് അന്ന് അഞ്ചു പൈസ ആണ് വില. ഇന്ന് പോസ്റ്റുകാർഡ് എന്താണെന്ന് യുവതലമുറയ്ക് പറഞ്ഞു കൊടുക്കേണ്ടിവരും. അല്ലെങ്കിൽ തന്നെ ഇന്ന് ആരാണ് എഴുതാൻ മെനക്കെടുന്നത്. വിവരങ്ങളെല്ലാം വിരൽത്തുമ്പിൽ ഉണ്ടല്ലോ.
പോസ്റ്റ് കാർഡ് എടുത്ത് കൗണ്ടറിൽ ഇരിക്കുന്ന മഹിള എണ്ണി തിട്ടപ്പെടുത്തി ക്കൊണ്ടിരിക്കുമ്പോൾ എൻറെ ചുമലിൽ ഒരു അടി. കാര്യമായ ഒരു അടി. ഞാൻ തിരിഞ്ഞുനോക്കി. സാജൻ. സാജൻ തോമസ്. അത്ഭുതം അവനു കാര്യമായ മാറ്റമില്ല. മുഖം അല്പം തുടുത്തിട്ടുണ്ട്. കൂടാതെ ഗോൾഡൻ ഫ്രെയിം ഉള്ള ഒരു കണ്ണടയും മുഖത്തുണ്ട്. അത് ഒഴിച്ചാൽ മറ്റ് യാതൊരു മാറ്റവും അവന് ഉണ്ടായിരുന്നില്ല.
അവൻ വല്ലാത്ത ആവേശത്തിലായിരുന്നു. വാ തോരാതെ സംസാരം തുടങ്ങി. ചെയ്തുകൊണ്ടിരുന്ന കോഴ്സിനെ പറ്റി. അതിൻറെ സാധ്യതയെപ്പറ്റിയൊക്കെ. ദന്ത വൈദ്യത്തിന് എന്നും വലിയ സാധ്യതയുണ്ടായിരുന്നു. ഉറപ്പാണ്. കാരണം മനുഷ്യന്റെ വായിൽ മുപ്പത്തിരണ്ട് പല്ലുകൾ എന്തായാലും ഉണ്ടാകും. അതിന് കാലം കൊണ്ട് കുഴപ്പങ്ങൾ ഉണ്ടാവുകയും ചെയ്യും. ഇപ്പോൾ വിദേശികൾ വരെ നമ്മുടെ മാവേലി നാട്ടിലെത്തി പല്ലുകൾ ശരിയാക്കി മനോഹരമായി ചിരിക്കുന്നുണ്ട്. കോസ്മെറ്റിക് ശസ്ത്രക്രിയയുടെ ഭാഗമായി മാറിയിരിക്കുന്നു ദന്തവൈദ്യം. അതിന്റെ പേരിൽ വിദേശികളെ കേരളത്തിൽ എത്തിച്ച്, ചികിത്സിച്ച്, സുഖപ്പെടുത്തി, സുന്ദരന്മാരും സുന്ദരിമാരും ആക്കി തിരിച്ചു വിടുന്നു. ഭാവിയില്‍ ഈ മേഖല കൂടുതൽ സമ്പുഷ്ടമാവുകയേയുള്ളൂ. കാരണം ഇൻറർനെറ്റിന്റെ വ്യാപകമായ സാധ്യതകൾ ഒരു വലിയ മുതൽക്കൂട്ടാണ്. അക്ഷയനിധിയാണ്.
സാജന്‍ അവനെപ്പറ്റി വാതോരാതെ സംസാരിക്കുമ്പോൾ ഞാൻ ഉടൻ ഉണ്ടാകാൻ സാധ്യതയുള്ള ഒരു അപകടത്തെപ്പറ്റി ചിന്തിക്കുകയായിരുന്നു. ‘അളിയാ നീ ഇപ്പോൾ എന്ത് ചെയ്യുന്നു’ എന്ന് ചോദിച്ചാൽ എനിക്ക് പറയാൻ യോഗ്യമായ ഒരു മറുപടിയില്ല. ‘പ്രത്യേകിച്ച് ഒന്നുമില്ല അളിയാ. ഡിഗ്രി കഴിഞ്ഞല്ലോ. അടുത്ത നടപടിയെപ്പറ്റി ആലോചിക്കുന്നേ ഉള്ളൂ.’ എന്ന് പറയേണ്ടിവരും. അത് ഒരു തൃപ്തികരമായ മറുപടിയായിരിക്കില്ല. പ്രത്യേകിച്ച് ഇത്രയും ഷൈൻ ചെയ്തു നിൽക്കുന്ന ഒരാളുടെ മുന്നിൽ. ഞാൻ ആകെ വിഷമത്തിലായി.
ഭാഗ്യം ആ സമയത്ത് കൗണ്ടറിലിരുന്ന മഹിള പോസ്റ്റ് കാർഡ് എണ്ണി തിട്ടപ്പെടുത്തി എന്നെ ഏൽപ്പിച്ചു. ഇതാണ് സമയം. രക്ഷപ്പെടാനുള്ള സമയം. അവൻറെ ചോദ്യം വരുന്നതിനു മുന്നേ ഓടി രക്ഷപ്പെടുക. ഞാൻ തിരക്ക് അഭിനയിച്ച് കാർഡ് വാങ്ങി പണം കൊടുത്ത് ധൃതിയിൽ പുറത്തേക്ക് നടന്നു.
പെട്ടെന്ന് സാജന്‍ എന്നെ വിളിച്ചു. “അളിയാ”.
ഞാന്‍ തിരിഞ്ഞു നിന്നു. എന്നിട്ട് പറഞ്ഞു. “സിന്ധുവിന്റെ വിവാഹം കഴിഞ്ഞു. ഒരു ആർമി ക്യാപ്റ്റനാണ് കെട്ടിയത്. അവർ സുഖമായിരിക്കുന്നു.”
ഒരു നിമിഷം അവന്റെ മുഖത്തെ പൂത്തിരി അണഞ്ഞു പോയി. ഒരു കാർമേഘം ഉരുണ്ടുകൂടി. അവൻ എന്നെ വിളിച്ചത്, എന്നെപ്പറ്റി അറിയാൻ അല്ല സിന്ധുവിനെപ്പറ്റി അറിയാനാണെന്ന് എനിക്കറിയാമായിരുന്നു. കാരണം ഞാൻ അവന്റെ ഒരു നല്ല സുഹൃത്തായിരുന്നുവല്ലോ.
സാജന് ഒരുപാട് പ്ലാനുകള്‍ ഉണ്ടായിരുന്നു. അവൻറെ എല്ലാ പ്ലാനുകളുടെയും പ്രചോദന സ്രോതസ്സ് സിന്ധു ആയിരുന്നു. അതാണ് കൈവിട്ടുപോയത്. തീർച്ചയായും അവനതൊരു ഷോക്കായിരിക്കും. ഇത്ര ചെറിയ പ്രായത്തിൽ സിന്ധുവിന്റെ വിവാഹം അവൻ ഒരിക്കലും സങ്കൽപ്പിച്ചിട്ടുണ്ടായിരുന്നില്ല. മൂന്നു സ്ത്രീകൾ മാത്രമായി ചുരുങ്ങിപ്പോയ ഒരു കുടുംബത്തിൻറെ ആകുലതകൾ അവൻ ഒരുപക്ഷേ മനസ്സിലായി എന്നു വരില്ല. കിട്ടിയ ആദ്യ യോഗ്യമായ അവസരം അവർ ഉപയോഗപ്പെടുത്തി. വിധി എന്നല്ലാതെ എന്തു പറയാൻ.
തന്നെ ആത്മാർത്ഥമായി ഇഷ്ടപ്പെടുന്ന ഒരു മൂകാനുരാഗി തന്റെ ക്ലാസിൽ ഉണ്ട് എന്ന് ഒരിക്കലും സിന്ധു അറിഞ്ഞിരുന്നില്ല. അവൻ ഒരിക്കലും അത് അറിയിച്ചില്ല. ഭയമായിരുന്നിരിക്കണം. സിന്ധു തന്നെ എഴുതിത്തള്ളുമോ എന്ന ഭയം. ശത്രുവാകുമോ എന്ന ഭയം. അവൻറെ പ്രണയ പരവശത അറിഞ്ഞ ഒരേ ഒരാൾ ഞാൻ മാത്രമായിരുന്നു. അവൻറെ ഭാവി പരിപാടികൾ എല്ലാം സിന്ധുവിനെ ലക്ഷ്യമിട്ടുള്ളതായിരുന്നു. വീട്ടുകാരുടെ ന്യായമായ എതിർപ്പിനെ മറികടന്ന് വലിയൊരു തുക കൊടുത്ത്, ഒരു പ്രൊഫഷണൽ കോളേജിൽ സീറ്റ് തരപ്പെടുത്തിയതുത്തന്നെ, അവൻറെ മനസ്സിൽ മുദ്രണം ചെയ്തുപോയ ആ മുഖം സ്വന്തമാക്കാനാണ്. അതാണ് അവന് നഷ്ടമായത്.
“വിവരങ്ങൾ സമയാസമയത്ത് നിന്നെ അറിയിക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നു സാജന്‍. പക്ഷേ കഴിഞ്ഞില്ല. നിന്നെ ബന്ധപ്പെടാൻ ഒരു ഫോൺ നമ്പറോ, മേൽവിലാസമോ ഒന്നും നീ എനിക്ക് നൽകിയിരുന്നില്ലല്ലോ. എനിക്ക് എന്ത് ചെയ്യാൻ കഴിയും. ഞാനെന്തു ചെയ്യണമായിരുന്നു?.” എനിക്ക് അവനെ ആശ്വസിപ്പിക്കാൻ പറ്റുമായിരുന്നില്ല.
അവന്‍ ഒന്നും മിണ്ടിയില്ല.
സാജന്റെ മുഖത്ത് കാളിമ കനം വെച്ച് തുടങ്ങി. ഒരുപക്ഷേ അത് പെയ്തേക്കാം. അത് കാണാൻ വയ്യ. ഞാൻ പുറത്തേക്ക് നടന്നു.
dr.sreekumarbhaskaran@gmail.com