Friday, May 23, 2025
HomeSTORIESആണ്ടുപിറപ്പ്.

ആണ്ടുപിറപ്പ്.

ശ്രീകുമാർ ഭാസ്കരൻ.

“പതറരുത്, സ്മാർട്ടായിപ്പറയണം”.
പുറത്തിറങ്ങുമ്പോൾ അണ്ണൻ ഒരിക്കൽക്കൂടി ഓർമ്മിപ്പിച്ചു. ഉള്ളിൽ ഒരു പതർച്ചയുണ്ട്.
പുറത്തിറങ്ങുമ്പോൾ ചെറിയ ചാറ്റൽ മഴ. കുടയില്ല. അതൊരു പുതുമയല്ല ഇവിടെ. കാണ്‍പൂര്‍ മഴ വളരെ കുറവുള്ള പ്രദേശമാണ്. ഏറിയാൽ വർഷത്തിൽ നല്ല നാലഞ്ചു മഴയുണ്ടാകും. അതും ജൂലൈ മാസത്തിൽ. അതുകഴിഞ്ഞാൽ കഴിഞ്ഞു. പിന്നെ മഴയില്ല. അതുകൊണ്ടുതന്നെ ആരും കുട കരുതിവെക്കാറില്ല.
സ്കൂളും കോളേജും വിടുന്ന വൈകുന്നേരങ്ങളിൽ മഴയാണെങ്കിൽ കുട്ടികൾ നനഞ്ഞു പോകും. കന്നിനെപ്പോലെ. ഒരിടത്തും കയറി നിൽക്കില്ല. അത് ഇവിടെ ഒരു സ്ഥിരം കാഴ്ചയാണ്. ഇവിടത്തുകാർക്ക് അതൊരു പുതുമയോ കാഴ്ചയോ അല്ല.
പോക്കറ്റിൽ ഇരുന്ന കർച്ചീഫ് എടുത്ത് തലയിലിട്ട് ബസ്റ്റാൻഡിലേക്ക് ഞാൻ വലിഞ്ഞു നടന്നു.
“ഐ. ഐ. ടി. ബസ് കണ്ടാൽ കയറിക്കോ. മടിക്കണ്ട. അതിൽ കണ്ടക്ടർ നമ്മുടെ തിവാരിയാണ്.”
പുറത്തേക്കിറങ്ങുമ്പോൾ അണ്ണൻ അതും പുറകിൽ നിന്ന് വിളിച്ചുപറഞ്ഞു. എങ്കിലും എനിക്ക് മടിയായിരുന്നു. ഭാഷ അറിയില്ല. ആളുകളെ അറിയില്ല. സത്യം പറഞ്ഞാൽ ആളുകളെ നേരെചൊവ്വേ കൈകാര്യം ചെയ്യാനും അറിയില്ല.
“താൻ ഡീലിംഗ്സ് പഠിക്കണം. ഇത് നമ്മുടെ നാട് അല്ല.”
ഇടയ്ക്ക് അണ്ണൻ ഓർമിപ്പിക്കും. എല്ലാവരോടും ചിരിച്ചുകൊണ്ട് മാത്രമേ അണ്ണന്‍ സംസാരിക്കുകയുള്ളൂ. അത് കോളേജ് പ്രൊഫസറിനോട് ആയാലും അവിടുത്തെ ചപ്രാ സ്സിയോട് ആയാലും. അതൊരു കഴിവാണ്. അല്ല സിദ്ധിയാണ്. എനിക്ക് ഇല്ലാത്തതും അതുതന്നെ.
ബസ്റ്റാൻഡിൽ നിൽക്കുമ്പോൾ ഐ.ഐ.ടി. ബസ് കടന്നുപോയി. അതില്‍ തിവാരി ഉണ്ടായിരുന്നു. പക്ഷേ ഞാൻ കയറിയില്ല. കയറിയാൽ തിവാരിയോട് ലോഹ്യം പറയാനുള്ള ഹിന്ദി പോലും എൻറെ കൈവശം ഉണ്ടായിരുന്നില്ല.
ഇനിയും ഒരു ബസിന് കുറഞ്ഞത് അരമണിക്കൂറെങ്കിലും കാത്തുനിൽക്കണം. സർക്കാർബസ് ഉണ്ട്. പക്ഷേ അതിൽ നല്ല തിരക്കായിരിക്കും. അതും വല്ലപ്പോഴും മാത്രം. പിന്നെയുള്ളത് ജഡ്കാവണ്ടി എന്ന് ഞങ്ങൾ വിളിക്കുന്ന ഓട്ടോ പോലത്തെ വണ്ടിയാണ്. ഓട്ടോയുടെ വല്യേട്ടൻ. സുമാർ പത്തുപേർക്ക് ഇരിക്കാം. സഹകരിച്ചാൽ പന്ത്രണ്ടു അല്ലെങ്കിൽ പതിനഞ്ച്.
കാണ്‍പൂരില്‍ ഒരു വലിയ വിഭാഗം ജനം ജീവിക്കുന്നത് ഈ വണ്ടി കൊണ്ടാണ്. ബസ്സിനെ അപേക്ഷിച്ച് യാത്രക്കൂലി ഇതിൽ കൂടുതലാണ്. എങ്കിലും എപ്പോഴും ലഭ്യമാണ്. അതാണ് ഒരു സൗകര്യം.
ഇനിയും എനിക്ക് ആശ്രയം ജഡ്കയാണ്. പക്ഷെ ഒരു പ്രശ്നമുണ്ട്. വണ്ടി നിറഞ്ഞങ്കിൽ മാത്രമേ പുറപ്പെടു. അതിനു കുറഞ്ഞത് പത്ത് മിനിറ്റ് വേണം. രാവിലെയാണ്. അല്പം അകലെയുള്ള തെർമൽ പവർപ്ലാന്റിലേക്കുള്ള സ്ത്രീതൊഴിലാളി കള്‍ എത്തിത്തുടങ്ങി. ഭാഗ്യം പത്ത് മിനിറ്റ് കൊണ്ട് വണ്ടി പുറപ്പെട്ടു.
ഞാൻ തൊഴിലാളികളെ ശ്രദ്ധിക്കുകയായിരുന്നു. ഒരു കിളിക്കൂട്ടിൽ കയറിയ പ്രതീതി. മിക്കവരും മുപ്പതില്‍ താഴെയുള്ള സുന്ദരിമാർ. കഴുത്തിൽ ഒരു കറുത്ത ചരട് മാത്രം അണിഞ്ഞിരിക്കുന്നു. അവരുടെ ജീവിതസാഹചര്യം മനസ്സിലാക്കാൻ അത് മാത്രം മതി. ചിലരുടെ കയ്യിൽ കരിവളയുണ്ട്. ചിലർക്ക് അതുമില്ല. മിക്കവരും മുറുക്കിയിട്ടുണ്ട്.
ഇവിടെ അല്പം പണം ഉള്ള സ്ത്രീകൾ തൈക്കിളവിമാർവരെ ലിപ്സ്റ്റിക് ഉപയോഗിക്കും. കുളിച്ചില്ലെങ്കിലും ലിപ്സ്റ്റിക് നിർബന്ധം. ലിപ്സ്റ്റിക്കിന്റെ പ്രധാന ലക്ഷ്യം സൗന്ദര്യം ഉണ്ടാക്കുക എന്നുള്ളതല്ല. കാൺപൂരിൽ വിന്‍റെര്‍ സീസൺ കടുപ്പമാണ്. ശരീരത്തില്‍ തൊലി വലിഞ്ഞുമുറുകി വിണ്ടുകീറി രക്തം ഒലിക്കുന്ന തണുപ്പ്. വിന്ററിന്റെ പ്രാരംഭത്തിൽ തന്നെ ചുണ്ട് വെടിച്ചുകീറും. അത് ഒഴിവാക്കാനാണ് സ്ത്രീകൾ ലിപ്സ്റ്റിക് ഉപയോഗിക്കുന്നത്. പുരുഷന്മാർ ആ സമയത്ത് വാക്സ്പുരട്ടി പ്രശ്നം പരിഹരിക്കും. എന്നാൽ ലിപ്സ്റ്റിക് അതുമാത്രമല്ല, ഒരു സൗന്ദര്യവർദ്ധകവസ്തു കൂടിയാണല്ലോ. അതുകൊണ്ട് വേനൽ സമയത്തും സുന്ദരിമാർ ഇപ്പോൾ ലിപ്സ്റ്റിക് ഉപയോഗിച്ചുതുടങ്ങി. സാമ്പത്തികമുള്ളവർ ലിപ്സ്റ്റിക് ഉപയോഗിക്കുമ്പോൾ ദരിദ്രസുന്ദരിമാർ മുറുക്കിച്ചുവപ്പിച്ച് നടക്കുന്നു.
സുന്ദരിമാരുടെ കലപില ബഹളം സഹിക്കുകയല്ലാതെ മറ്റു മാർഗ്ഗമില്ല. പതിനഞ്ചു കിലോമീറ്റർ ദൂരം. മുക്കാൽ മണിക്കൂർ. അതിനിടെ മുന്നൂറ്റിപ്പതിനാറിടത്ത് ജഡ്കവണ്ടി നിർത്തി ആളെ കേറ്റിയിറക്കൽ. ഇതെല്ലാം കഴിഞ്ഞ് ജഡ്ക ബഡാചൗരയിൽ എത്തുമ്പോൾ സമയം ഒന്‍പത്. കോളേജില്‍ ക്ലാസ് തുടങ്ങുന്ന സമയം. ബഡാചൗരയിൽ നിന്ന് പിന്നെയും ഒരു മുക്കാൽ കിലോമീറ്റർ നടക്കണം. ദയാനന്ദ ആംഗ്ലോവേദിക് കോളേജിലേക്ക്.
ഡി.എ.വി. കോളേജ് അഥവാ ദയാനന്ദ ആംഗ്ലോവേദിക് കോളേജ്, പാരമ്പര്യം അവകാശപ്പെടാവുന്ന കോളേജ് ആണ്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിൽ അനിവാര്യമായ സ്ഥാനം വഹിച്ച കോളേജ്. അതിലൊക്കെ ഉപരി രാജ്യത്തെ ഏറ്റവുംവലിയ കോളേജ്. ആര്യസമാജത്തിന്റെ കീഴിലുള്ളതാണ് ദയാനന്ദ ആംഗ്ലോവേദിക് കോളേജ്.
ഓടിപ്പിടിച്ച് ക്ലാസ്സിലെത്തുമ്പോള്‍ ഡോക്ടർ മാത്തൂർ ക്ലാസ്സ്‌ തുടങ്ങിയിരുന്നു. ഞാൻ വാതിൽക്കൽ നിന്ന് ഒന്ന് പരുങ്ങി. മാത്തൂര്‍ ചുവരിലെ വലിയ വട്ടക്ലോക്കിലേക്കും പിന്നെ എന്നെയും നോക്കി. പിന്നെ ഈർഷ്യയോടെ കയറിയിരിക്കാൻ ആംഗ്യം കാണിച്ചു. ഞാൻ ഒച്ചിനെപ്പോലെ പമ്മി ഏറ്റവും അടുത്ത കസേരയിൽ ഇരുന്നു. മൂന്നു കസേരയ്ക്ക് അപ്പുറത്ത് അരുണവർണ്ണം കലർന്ന വെളുപ്പുള്ള ഒരു പെൺകുട്ടി എന്നെ നോക്കി സൗമ്യമായി ഒന്ന് പുഞ്ചിരിച്ചു. സൗഹൃദത്തിൻറെ പേരിലെങ്കിലും ഞാന്‍ തിരിച്ചു ചിരിക്കേണ്ടതാണ്. പക്ഷേ എന്തോ എനിക്ക് ചിരിക്കാൻ പറ്റിയില്ല.
“ഡീലിംഗ്സ് താന്‍ നന്നായി പഠിക്കണം.”ഉള്ളിൽ നിന്നും അണ്ണന്റെ ശബ്ദം. എന്ത് ചെയ്യാം എനിക്ക് പറ്റുന്നില്ല.
ക്ലാസ് വിരസമായിരുന്നു. സാധാരണപോലെതന്നെ ഞാൻ എന്നും ക്ലാസ്സിനെ വെറുത്തു. പക്ഷേ പോകാതെ തരമില്ല. ക്ലാസ് കഴിഞ്ഞപ്പോൾ വലിയ ആശ്വാസം തോന്നി. അടുത്ത ആൾ ക്ലാസ് എടുക്കാൻ വരുന്നതിനു മുമ്പ് ഞാൻ ക്ലാസ് വിട്ടു. രക്ഷപ്പെട്ടു എന്ന് പറയാം.
ഞങ്ങളുടെ കോളേജിന്റെ ഗ്രൗണ്ട് ആണ് ആ മഹാനഗരത്തിൽ സ്റ്റേഡിയം ആക്കിയത്. നഗരത്തിന്റെ ഒത്ത ഹൃദയഭാഗം. ഗ്രീൻപാർക്ക് സ്റ്റേഡിയം. അതുകൊണ്ട് ഒരു മികവുണ്ട്. സ്റ്റേഡിയത്തില്‍ വെച്ച് പലപ്പോഴും ഇന്ത്യ – ഇംഗ്ലണ്ട് ക്രിക്കറ്റ് കളി നടക്കും. അപ്പോള്‍ ഗ്യാലറിയിൽ പ്രവേശിക്കാൻ ഞങ്ങൾക്ക്, കോളേജ് വിദ്യാർഥികൾക്ക് ഐഡന്റിറ്റി കാർഡ് കാണിച്ചാൽ അഞ്ചു രൂപ മാത്രം മതി. പക്ഷെ ഒരിക്കലും ഞാൻ ആ സൗകര്യം പ്രയോജനപ്പെടുത്തിയിട്ടില്ല. ഞാൻ ഉള്ള രണ്ടുവർഷവും പലപ്പോഴും അവിടെ ക്രിക്കറ്റുകളി നടന്നിട്ടുണ്ട്. ഞാന്‍ കാണാന്‍ കയറിയിട്ടില്ല. എനിക്ക് ക്രിക്കറ്റുകളി കാണുന്നത് വലിയ താല്പര്യം ഉണ്ടായിരുന്നില്ല.
സ്റ്റേഡിയം മനോഹരമായിസൂക്ഷിച്ചിരിക്കുന്നു. നിറഞ്ഞ പച്ചപ്പ്. ഗ്യാലറി ഒഴിഞ്ഞു കിടക്കുന്നു. ഞാൻ പ്രത്യേകലക്ഷ്യം ഇല്ലാതെ ഗ്യാലറിയിലൂടെ നടന്നു. മനസ്സ് ആകെ ശോകമൂകമായിരുന്നു. ഒരുമാതിരി കരയ്ക്ക് പിടിച്ചിട്ട മത്സ്യത്തിന്റെഅവസ്ഥ. അപരിചിതമായ നാട്. അപരിചിതരായ ആളുകൾ. അപരിചിതമായ ഭാഷ. ഭക്ഷണം. എല്ലാം എന്നെ വീർപ്പുമുട്ടിച്ചു. മനസ്സാകെ ദുഃഖകലുഷിതമായിരുന്നു. സത്യം പറഞ്ഞാൽ നാട്ടിലേക്ക് ഓടിപ്പോകാൻ മനസ്സ് വെമ്പൽ കൊണ്ടു. രണ്ടായിരത്തിയഞ്ഞുറു കിലോമീറ്റർ അപ്പുറമുള്ള എൻറെ നാട്ടിലൂടെ എൻറെ മനസ്സ് ഓടിക്കളിച്ചു.

വ്യക്തമായ ആസൂത്രണം ഒന്നുമില്ലാത്ത ഒരു യാത്രയായിരുന്നു എന്റേത്. പി. ജി. ചെയ്യണം. നാട്ടിൽ ശ്രമിച്ചു പക്ഷെ കിട്ടിയില്ല. ഇനിയെന്ത് എന്ന ചോദ്യവുമായി ഏതാനും മാസങ്ങൾ. ആശ്വാസമായത് ചെറിയ തോതിലുള്ള സോഷ്യൽ വർക്കും കൂട്ടുകാരുമായിരുന്നു. മുന്നിൽ വ്യക്തമായ പദ്ധതികൾ ഒന്നുമില്ലായിരുന്നു. പി. ജി ചെയ്യണമെന്ന ആഗ്രഹം മാത്രം.
എന്നെപ്പറ്റി വലിയ സ്വപ്നങ്ങൾ വീട്ടുകാർക്ക് ഉണ്ടായിരുന്നില്ല. ഉള്ളത് ഡിഗ്രി കഴിഞ്ഞ സ്ഥിതിക്ക് വല്ല ട്യൂഷൻ സെന്ററിലും ക്ലാസ് എടുത്ത് അത്യാവശ്യത്തിനും ഇടയ്ക്ക് സിനിമ കാണുന്നതിനും ഉള്ള കാശ് സ്വയം ഉണ്ടാക്കും എന്നത് മാത്രമായിരുന്നു. പക്ഷേ ആ സങ്കല്പം എനിക്കില്ല എന്ന് വളരെ പെട്ടെന്ന് അവർക്കു മനസ്സിലായി. അധ്യാപക വേഷം എനിക്ക് ചിന്തിക്കാൻ പറ്റുമായിരുന്നില്ല. കാരണം ആ വേഷം എനിക്ക് ഒട്ടും ചേരുമായിരുന്നില്ല. എൻറെ കയ്യിലിരിപ്പ് അതായിരുന്നു.
അങ്ങനെയിരിക്കെ ഒരുനാൾ വൈകിട്ട് പ്രത്യേകലക്ഷ്യം ഒന്നുമില്ലാതെ ടൗണിൽ പോയി വീട്ടിലേക്ക് മടങ്ങിവരുകയായിരുന്ന ഞാന്‍ എതിരെ വരുന്ന ജോണിനെ കണ്ടത്. ജോൺ എൻറെ സീനിയർ ആയിരുന്നു. ജന്തുശാസ്ത്രത്തിൽ ഡിഗ്രി എടുത്തശേഷം ജോണ്‍ കാൺപൂരില്‍ നിയമം പഠിക്കുന്നു. സംസാരമധ്യേ ജോൺ ആണ് ഉത്തർപ്രദേശിൽ കൂടുതൽ സീറ്റുകൾ ഉണ്ടെന്നും അവിടെ പി. ജി. ക്ക് പ്രവേശനം കിട്ടാനുള്ള സാധ്യത ഉണ്ടെന്നും പറഞ്ഞത്. അവൻറെ ചേട്ടനും കാൺപൂരായിരുന്നു. അവിടെ ഗവേഷണം നടത്തുന്നു. അദ്ദേഹത്തിന് എന്നെ സഹായിക്കാന്‍ സാധിക്കും എന്ന് ജോണ്‍ പറഞ്ഞു.
കൂടുതല്‍ ആലോചിക്കാതെ ഞാന്‍ ജോണിന്‍റെ ഒപ്പം അവന്റെ വീട്ടിൽപ്പോയി ചേട്ടനെക്കണ്ട് സംസാരിച്ചു. അന്ന് പി. ജി. പ്രവേശനം ഏതാണ്ട് സംസാരിച്ചു റപ്പാക്കിയിട്ടാണ് ഞാൻ വീട്ടിലെത്തിയത്. അച്ഛനോട് വിവരം പറഞ്ഞു. ആദ്യം പുറത്തുപോയി പഠിക്കുക എന്ന എൻറെ താല്പര്യത്തോട് അച്ഛന്‍ വിമുഖത കാണിച്ചു. കാരണം സാമ്പത്തികമായിരുന്നു. എന്നാല്‍ പിന്നീട് അച്ഛൻ അയച്ചുതരുന്ന തുക എത്രയായാലും അതുകൊണ്ട് ജീവിച്ചുകൊള്ളാം എന്ന എൻറെ ഉറപ്പിൽ അച്ഛന്‍ സമ്മതം മൂളി.
അങ്ങനെ മൂന്ന് ദിവസം നീണ്ട ട്രെയിൻ യാത്രയ്ക്കൊടുവിൽ ഞാനീ നഗരത്തിലെ കൊടുംചൂടിൽ എത്തി. വന്നിറങ്ങിയപ്പാടെ ചൂടുകൊണ്ട് കണ്ണുകൾ വിങ്ങിവീർത്തു. കണ്ണുതുറക്കാൻ പറ്റാത്ത സാഹചര്യം. നിരന്തരമായി വെള്ളം ഒഴിച്ച് തണുപ്പിച്ച് കണ്ണുകളെ ഞാൻ സാഹചര്യത്തോട് അനുനയിപ്പിച്ചു.
അന്ന് എനിക്കൊപ്പം നിലമ്പൂരിൽ നിന്നും മാത്യുവും കണ്ണൂരിൽ നിന്നും ശ്രീജിത്തും ഉണ്ടായിരുന്നു. അവരെ ഞാൻ കാണുന്നത് കാൺപൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയതിനു ശേഷമാണ്. ഞങ്ങൾ മൂന്നുപേരും മൂന്ന് കമ്പാർട്ട്മെന്റുകളിലായിരുന്നു. ശ്രീജിത്ത് ഫിസിക്സും മാത്യു കെമിസ്ട്രിയും ആയിരുന്നു. ഞാൻ സുവോളജി.
കാണ്‍പൂരെത്തി ആദ്യദിനം തന്നെ ആഹാരം പ്രശ്നമായി. അവിടുത്തെ ചുക്കാ റൊട്ടിയും ഡാലും എനിക്ക് പറ്റിയില്ല. ആദ്യദിവസത്തെ ആദ്യ ഭക്ഷണത്തിനുശേഷം ഞാൻ ഒരു തീരുമാനത്തിലെത്തി. ഭക്ഷണം സ്വയം തയ്യാറാക്കുക. അത്യാവശ്യപാചകം എനിക്കറിയാം. പക്ഷേ അവിടെ പാചകവൈഭവത്തിന്റെ ആവശ്യമൊന്നും ഉണ്ടായില്ല. കാര്യം സിമ്പിൾ. സാമ്പത്തിക പരാധീനതകൊണ്ട് ഭക്ഷണം മിക്കവാറും ചോറും തൈരും മാത്രമാക്കി.
ശ്രീജിത്തും മാത്യുവും നല്ല സാമ്പത്തികനില ഉള്ളവരായിരുന്നു. എന്നിട്ടും അവർ എനിക്ക് വേണ്ടി ചോറും തൈരും മാത്രം കഴിച്ച് ജീവിച്ചു. ഒരു പരിഭവവും പരാതിയും ഇല്ലാതെ.
ഞങ്ങൾ സാമാന്യം ഭേദപ്പെട്ട ഒരു വീട്ടിൽ, നഗരത്തിൽ നിന്നും ഏകദേശം പതിനഞ്ചു കിലോമീറ്റർ മാറി താമസമാക്കി. ഞങ്ങളുടെ വാസസ്ഥലത്ത് ആയിരുന്നു ഉത്തർപ്രദേശിലെ പ്രശസ്തമായ ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് ടെക്നോളജി അഥവാ ഐ.ഐ.ടി. കാൺപൂർ ഐ.ഐ.ടി ഒരു പ്രത്യേക സാമ്രാജ്യമാണ്. സ്വദേശികളും വിദേശികളും അടങ്ങുന്ന വിശാലമായ ക്യാമ്പസ്. ഏറെക്കുറെ ഒരു വനത്തിന് തുല്യം. നിറയെ മയിലുകൾ. കിലോമീറ്ററുകള്‍ പരന്നുകിടക്കുന്ന ഒരു പ്രത്യേക ഭൂമിക.
ഞങ്ങൾ താമസിച്ചിരുന്ന വീട് ഐ.ഐ.ടി.യുടെ ചുറ്റുമതിലിനോട് ചേർന്നായിരുന്നു. വീടിന് പിന്നിൽ ഒരു മുറ്റവും മുറ്റത്ത് ഒരു മാവും മാതളവും പേരെയും ഉണ്ടായിരുന്നു. വീടിന്റെ പല മുറികളിൽ ഒന്നിൽ ഒരു നേപ്പാളികുടുംബം താമസിച്ചിരുന്നു. പിന്നെ ഒരു മുറി വീട്ടുടമയ്ക്ക്. വല്ലപ്പോഴും വരുമ്പോൾ താമസിക്കാൻ. ബാക്കിവരുന്ന ഒരു മുറി, ഹാൾ, കിച്ചണ്‍, വരാന്ത അതായിരുന്നു ഞങ്ങളുടെ സാമ്രാജ്യം. എനിക്കൊപ്പം മാത്യുവും ശ്രീജിത്തും കൂടാതെ ഗവേഷകരായ സാം എന്ന സാമുവലും ജഹാംഗീറും ഉണ്ടായിരുന്നു. സാം അണ്ണൻ ഗവേഷണം പൂർത്തീകരിച്ച് ഡോക്ടറേറ്റ് നേടി പിന്നീട്. എന്നാൽ ജഹാംഗീർ പകുതിയിൽ ഗവേഷണം ഉപേക്ഷിച്ച് നാട്ടിലെത്തി ഒരു എൻജിനീയറെ കെട്ടി സ്കൂൾ വാദ്ധ്യാരായി പിന്നീട്.
മാത്യു ഒരു സ്കൂൾ അധ്യാപകനായിരുന്നു നാഗാലാൻഡിൽ. കാൺപൂരിൽ പി.ജി.ക്ക് വരുന്നതിനു മുമ്പ്. നാഗാലാൻഡിലെ വാദ്ധ്യാരു പണി ഉപേക്ഷിച്ച് പി. ജി. ചെയ്യാൻ വന്നതാണ്. ശ്രീജിത്ത് എന്നെപ്പോലെ ഫ്രഷ് ഡിഗ്രിഹോൾഡർ. അധ്യാപക ദമ്പതിമാരുടെ ഒരേ ഒരു ആണ്‍ന്തരി. മൂത്തത് ഒരു പെങ്ങൾ. അവർ വിവാഹശേഷം സ്റ്റേറ്റ്സിലേക്ക് പോയി.
ശ്രീജിത്ത് ഒരു അജാനുബാഹു ആയിരുന്നു. ആറടിയും നൂറ്റിപ്പത്ത് കിലോയും. പക്ഷേ പാവത്താനായിരുന്നു. ഞങ്ങളുടെ ബാങ്കും. എപ്പോൾ പണം ചോദിച്ചാലും ശ്രീജിത്ത് ബാങ്കിൽ പോയി പണം എടുത്തുകൊണ്ടുത്തരും. അതുകൊണ്ട് ഏറെക്കുറെ ദാരിദ്ര്യത്തിലും അന്നംമുട്ടാതെ ജീവിച്ചുപോന്നു.
കോളേജിലെ വിരസമായ ക്ലാസുകളിൽ നിന്ന് രക്ഷപ്പെട്ട് പലപ്പോഴും ഞാൻ ഗ്രീൻ പാർക്ക് സ്റ്റേഡിയത്തിന്റെ വിശാലമായ ഗ്യാലറിയിൽ പോയിരിക്കും. മുന്നിൽ പുല്ലിന്റെ വിശാലമായ പച്ചപ്പ്‌. വെള്ളമൊഴിച്ച് അത് ശരിയായ രീതിയിൽ പരിപാലിക്കുന്നുണ്ട്. എനിക്ക് ക്രിക്കറ്റ് ഇഷ്ടമായിരുന്നില്ല. അതുകൊണ്ടുതന്നെ എൻറെ കലാലയ ജീവിതത്തിനിടയിൽ പലപ്പോഴും സ്റ്റേഡിയത്തിൽ കളി നടന്നിരുന്നിട്ടും ഞാനത് കേറി കാണാൻ കൂട്ടാക്കിയില്ല.
ആദ്യദിനത്തിലെ ആദ്യക്ലാസ്സിനൊടുവിൽ ഇങ്ങോട്ട് വന്നു പരിചയപ്പെട്ട കുറച്ചു പേരുണ്ടായി. ഞാൻ സഹജമായ അന്തർമുഖത്വം കൊണ്ട് ഇടിച്ചു കയറി ആരെയും അങ്ങോട്ട്‌ പരിചയപ്പെടാന്‍ പോയില്ല. കോളേജില്‍ ഒരു പ്രത്യേക അന്തരീക്ഷമായിരുന്നു. എപ്പോൾ വേണമെങ്കിലും കോളേജിൽ വരാം. പോകാം. ആരും ചോദിക്കില്ല. ക്ലാസ് നടക്കുമ്പോഴും ക്ലാസ്സിൽ നിന്നും ഇറങ്ങിപ്പോകാം. ക്ലാസ്സിലേക്ക് കയറിവരാം. ഹാജർ എടുക്കുന്ന പതിവില്ല. കാരണം അവിടെ പഠിക്കുന്ന ഒട്ടുമിക്കവരും നല്ല ഉദ്യോഗസ്ഥർ ആയിരുന്നു. പ്രായമുള്ളവരും. അവരിൽ ഭൂരിപക്ഷവും പി. ജി. ചെയ്യുന്നത് ഉദ്യോഗക്ക യറ്റത്തിനു വേണ്ടിയായിരുന്നു. ചിലർ നല്ല ബിസിനസുകാർ. പക്ഷേ സബ്ജക്റ്റിൽ താൽപര്യം ഉള്ളതുകൊണ്ട് പി. ജി. ചെയ്യുന്നു.
ക്ലാസിൽ ഞങ്ങളിൽ ഏറ്റവും പ്രായക്കുറവ് ആണുങ്ങളില്‍ എനിക്കായിരുന്നു. പിന്നെ ഉള്ളത് നാലു പെൺകുട്ടികൾ. അവരിൽ ഒരാൾ കാശ്മീരി, ഒരാൾ ബംഗാളി, രണ്ട് പ്രാദേശികവാസികൾ. യു.പി.ക്കാർ. ക്ലാസ്സില്‍ ഞാൻ ഒരാൾ മാത്രം മദ്രാസ്സി.
മിക്കവാറും കോളേജിലെ എൻറെ പകലുകൾ ഞാന്‍ സ്റ്റേഡിയത്തിൽ ചിലവഴിക്കും. സ്റ്റേഡിയത്തിലെ വിശാലമായ പുല്‍പ്പരവധാനിയിലേക്ക് നോക്കി അങ്ങനെയിരിക്കും. ഒരിക്കൽ അങ്ങനെയിരിക്കെ നനത്ത ഒരു സുഗന്ധം മൂക്കിലേക്ക് ഒഴുകിയെത്തി. പിന്നാലെ അവളും. റോഷിനി, റോഷിനി കൗർ. ആദ്യദിനം തന്നെ റോഷിനിയേ ഞാൻ കണ്ടതാണ്. പക്ഷെ സഹജമായ അന്തർമുഖത്വം കൊണ്ട് പരിചയപ്പെട്ടില്ല. എന്തിന്, ഇങ്ങോട്ട് ചിരിച്ചുകാട്ടിയിട്ട് മര്യാദയുടെ പേരിലെങ്കിലും തിരിച്ചങ്ങോട്ട് ചിരിക്കാൻ പോലും എനിക്ക് പറ്റിയില്ല. ആ റോഷിനെയാണ് ഇപ്പോൾ ഇവിടെ.
ഔപചാരികതകൾ ഒന്നുമില്ലാതെ അവൾ സമീപത്ത് ഇരുന്നു. എന്നിട്ട് അവൾ ചോദിച്ചു.
“ആർ യു എ മദ്രാസ്സി”
“നോ. കേരള”
“കേരള?”
“യാ. കേരള.”ഞാന്‍ പറഞ്ഞു.
പിന്നെ അല്പനേരത്തെ മൗനം. വീണ്ടും അവൾ തന്നെ തുടങ്ങി.
“വേർ ആർ യു……”
“കല്യാൺപൂര്‍” ഞാന്‍ പറഞ്ഞു.
“കല്യാൺപൂര്‍?”
“യാ. ഓള്‍മോസ്റ്റ് ഫിഫ്റ്റീൻ കിലോമീറ്റർസ് ഫ്രം ഹിയർ.”
“യൂ…… എലോൺ”
“നോ. വിത്ത്‌ ഫ്രെണ്ട്സ്”ഞാന്‍ പറഞ്ഞു.
പിന്നെ എന്ത് ചോദിക്കണം എന്ന് അവൾ സംശയിച്ചു. അവള്‍ ഇനി എന്തെങ്കിലും ഒക്കെക്കൂടി ചോദിക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചു. പക്ഷേ എനിക്ക് തെറ്റി. അല്പം കഴിഞ്ഞ് അവൾ ഒന്നും മിണ്ടാതെ എഴുന്നേറ്റ് പോയി.
കോളേജിൽ ക്ലാസ്സ് ഷിഫ്റ്റ് അടിസ്ഥാനത്തിൽ ആയിരുന്നു. അതുകൊണ്ട് ക്ലാസിൽ കയറിയാൽ ഒന്നരവരെ ഇരിക്കണം. ഉച്ചഭക്ഷണം നടക്കില്ല. കോളേജിന്റെ സമീപത്ത് എവിടെയും ഉച്ചയ്ക്ക് ചോറ് കിട്ടുന്ന കടകൾ ഇല്ല. എനിക്കാണെങ്കിൽ ചോറാണ് താത്പര്യം. കോളേജിന്റെ മുന്നിലുള്ള ചെറിയ തട്ടുകടയിൽ എണ്ണയിൽ വറുത്തെടുത്ത പക്കവട കിട്ടും. അത് കഴിച്ചാൽ വലിയ ദാഹവും പരവേശവും ആണ്. സാധാരണ ഉഷ്ണ സമയത്ത് അവിടെ കുടിക്കാൻ കരിമ്പിൻ ജ്യൂസ് കിട്ടും. പക്ഷേ ജ്യൂസ് നിർമ്മാണപ്രക്രിയ കാണുമ്പോൾ തന്നെ അത് വേണ്ടെന്ന് വയ്ക്കും. പിന്നെയുള്ളത് മാങ്ങാവെള്ളം എന്ന് ഞങ്ങൾ വിളിക്കുന്ന സാധനമാണ്. ഒരു വലിയ മൺകലത്തിൽ മസാലയിട്ട് വെള്ളമൊഴിച്ച് തിളപ്പിച്ചതിന് ശേഷം വെന്തുകഴിയുമ്പോൾ നന്നായി കുത്തിയുടച്ച് കലക്കി ക്കോരി മൺകപ്പിലാക്കി തരുന്ന സാധനം. ആദ്യം കുടിക്കാൻ ബുദ്ധിമുട്ടായിരുന്നു. പിന്നെ അതൊരു രസമായി. ഒരു വല്ലാത്ത രുചി. ഉപ്പും എരിവും ചവര്‍പ്പും അല്പം പുളിയും ഒക്കെയുള്ള ഒരു പാനീയം. ഒരു രൂപ മാത്രമാണ് അതിൻറെ വില.
കോളേജിന് മുന്നിൽ ധാരാളം മധുരപ്പലഹാരങ്ങൾ നിരത്തിവെച്ച് വിൽക്കുന്നുണ്ട്. ജിലേബി, ലഡു, ബര്‍ഫി, പേട അങ്ങനെ പലതും. പല വലിപ്പത്തിൽ. പല നിറത്തിൽ. കാഴ്ചയ്ക്ക് കൊതിതോന്നുമെങ്കിലും കഴിക്കാൻ തോന്നില്ല. കാരണം അത്രമാത്രം ഈച്ചകളാണ് അതിന്റെയൊക്കെ മുകളില്‍. ഞാൻ ആദ്യമായി സമൂസ കഴിക്കുന്നത് അവിടെ വച്ചാണ്. കേവലം അന്‍പത്പൈസയ്ക്ക്. ചായ അമ്പതു പൈസ. ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറ്റിമൂന്നുകളിലെ കണക്കാണിത്. അന്ന് അത് ന്യായമായ വിലയാണ്.
കാണ്‍പൂരിലെ ചായ ഒരു സംഭവം തന്നെയാണ്. ചായക്ക്‌ പൊതുവേ എരുമപ്പാൽ ആണ് ഇവിടെ ഉപയോഗിക്കുന്നത്. അതുകൊണ്ട് ചായക്ക് നല്ല കൊഴുപ്പാണ്. മധുരത്തിന് യാതൊരു ലോഭവുമില്ല. ചായ ഉണ്ടാക്കുന്നതുതന്നെ ഒരു പ്രത്യേക തരത്തിലാണ്. ചുവന്നുപഴുത്തു കിടക്കുന്ന കൽക്കരിക്കനലിൽ പാല് തേയില ഇഞ്ചി പഞ്ചസാര എന്നിവ ഒരു പാത്രത്തിലെടുത്തു നന്നായി തിളപ്പിച്ച് പതിപ്പിച്ചതിനുശേഷം ഗ്ലാസുകളിലേക്ക് പകരും. അതാണ്‌ ചായ.നല്ല രുചിയും കടുപ്പവും മധുരവും ഉള്ള ചായ. ഒരു കണക്കിൽ പറഞ്ഞാൽ സ്പൂൺ ഇട്ടു കോരി കുടിക്കന്‍ പറ്റിയത്ര കൊഴുപ്പുള്ള ചായ. ചായക്കച്ചവടം കാണ്‍പൂരില്‍ പൊടിപൊടിക്കുന്നത് മഞ്ഞുകാലത്താണ്. അവിടെ മഞ്ഞുകാലം കാര്യമായി കടക്കും. ഒരു സ്വെറ്റര്‍ ഒന്നുമല്ല എന്ന് തോന്നിപ്പിക്കുന്ന മഞ്ഞുകാലം. പക്ഷേ മഞ്ഞുകാലത്തിന്റെ കാഠിന്യം അനുഭവിക്കാൻ ഞാൻ ഒരിക്കലും അവിടെ ഉണ്ടായിട്ടില്ല.
dr.sreekumarbhaskaran@gmail.com
****************

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments