Wednesday, December 4, 2024
HomeAmericaഫോമയുടെ സ്വപ്നങ്ങളെ യാഥാർഥ്യമാക്കുവാൻ... ശക്തനായ സ്ഥാനാർത്ഥിയായി ഷാലു പുന്നൂസ് .

ഫോമയുടെ സ്വപ്നങ്ങളെ യാഥാർഥ്യമാക്കുവാൻ… ശക്തനായ സ്ഥാനാർത്ഥിയായി ഷാലു പുന്നൂസ് .

രാജു ശങ്കരത്തിൽ.

ഫിലഡൽഫിയ: ടീം യുണൈറ്റഡിനൊപ്പം ഫോമയുടെ സ്വപ്നങ്ങളെ യാഥാർഥ്യമാക്കുവാൻ ശക്തനായ ഒരു സ്ഥാനാർത്ഥിയായി ഷാലു പുന്നൂസ് മത്സര രംഗത്തേക്ക് എന്ന ആദ്യ വാർത്ത വന്നത് മുതൽ ഞാൻ ആഗ്രഹിക്കുന്നു ഫോമയിലേക്കുള്ള അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വത്തിലെ നിലപാടുകളും കാഴ്ചപ്പാടുകളും എന്തെന്ന് അറിയുവാൻ. ഞാൻ മാത്രമല്ല, ഷാലു പുന്നൂസിനെ അടുത്തറിയാവുന്ന അമേരിക്കൻ മലായാളികൾ ഒന്നടങ്കം അത് ആഗ്രഹിക്കുന്നു. അവയെല്ലാം വിശദമായി ചോദിച്ചറിയുവാൻ മത്സര രംഗം ഒന്ന് കൊഴുക്കട്ടെ എന്ന ചിന്തയിൽ ഒരവസരത്തിനായി ഞാൻ കാത്തിരുന്നു, ആ അവസരമൊത്തുവന്നപ്പോൾ സൗഹൃദങ്ങളുടെ രാജകുമാരനായ ഷാലു പുന്നൂസിനൊപ്പം ഒരൽപ്പനേരം ചിലവഴിച്ചതിന്റെ വിശദാംശങ്ങളിലേക്ക് വരുംമുൻപ് സർവ്വജന സമ്മതനായ ഷാലുവിനെക്കുറിച്ച് ഒരൽപ്പം വിവരണം.

തൊട്ടതെല്ലാം പൊന്നാക്കി മാത്രം ചരിത്രമുള്ള ഷാലുവിന്റെ നേതൃത്വ പാടവത്തിന്റെ ശോഭനമായ വിവിധ ഘട്ടങ്ങൾ, വിവിധ കാലയളവിലായി നേരിട്ട് കണ്ട് മനസ്സിലാക്കിയിട്ടുള്ള ഞാൻ ഉൾപ്പെടയുള്ള ഫിലഡൽഫിയ മലയാളികൾക്കും, ഷാലുവിനെ അടുത്തറിയാവുന്ന നൂറുകണക്കിന് മലയാളികൾക്കും അറിയാം ഈ മനുഷ്യനിലുള്ളത് പൊള്ളയായ വാഗ്ദാനങ്ങൾ അല്ല, മറിച്ച്, യാഥാർഥ്യമാകുന്ന കാര്യങ്ങൾ മാത്രമാണെന്ന്. തനിക്ക് ചെയ്യാൻ പറ്റുന്ന നൂതന ആശയങ്ങളെക്കുറിച്ച് പറയുകയും, പറയുന്നവ ജനങ്ങളുടെ പ്രതീക്ഷകൾക്കുമപ്പുറം നടപ്പാക്കി കാണിക്കുകയും ചെയ്യുന്ന അത്ഭുത പ്രതിഭാസമാണ് ഷാലുവിനെ മറ്റുള്ളവരിൽനിന്നും വ്യത്യസ്തനാക്കുന്നത്. അതുകൊണ്ടുതന്നെയാണ് അദ്ദേഹം ചെന്നെത്തുന്ന വേദികളിലെല്ലാം ആവേശത്തിരയിളക്കുന്ന യുവജന ആരവം അദ്ദേഹത്തെ എതിരേൽക്കുന്നത്. ഷാലു എത്തുന്ന ഫോമയുടെ സ്ഥാനാർഥി പ്രചാരണ വേദികളിലെല്ലാം ഈ എഫക്റ്റുകളുടെ ത്രില്ല് അനുഭവിച്ചറിഞ്ഞ അദ്ദേഹത്തിനൊപ്പം യാത്രചെയ്ത സുഹൃത്തുക്കൾ ഇത് സാക്ഷീകരിക്കുന്നു. തന്റെ മുപ്പത്തിനാലാം വയസ്സിൽ മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലാഡൽഫിയായുടെ (മാപ്പ്) പ്രസിഡന്റായി സ്ഥാനം ഏറ്റ് പ്രവർത്തിച്ച 2020 – 2021 കാലയളവ് മാപ്പിന്റെ പ്രവർത്തന നേട്ടങ്ങളുടെ സുവർണ്ണ കാലയളവായിരുന്നു. കോവിഡിന്റെ കരാളഹസ്തത്തിൽ ലോകം വിറങ്ങലിച്ചു നിഛലമായി പകച്ചു നിന്നപ്പോഴും ഷാലുവിന്റെ നേതൃത്വത്തിൽ മാപ്പ് പ്രവർത്തകർ നിർഭയരായി അണിനിരന്ന് പൊതുജങ്ങളുടെ ആവശ്യങ്ങളറിഞ്ഞു ചെയ്ത സേവനങ്ങൾ മാപ്പിന്റെ ചരിത്ര ഏടുകളിൽ തങ്കലിപികളാൽ എഴുതിച്ചേർക്കപ്പെട്ട സുവർണ്ണ നേട്ടങ്ങൾ ആയിരുന്നു.

ഫോമാ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന വിവരം അറിയിച്ചുകൊണ്ടുള്ള ആദ്യ പോസ്റ്ററിലെ വാക്കുകളിൽക്കൂടി ഷാലു തന്റെ നയം വ്യക്തമാക്കുന്നു .. ” ഇലക്ഷനുകൾ വരും പോകും.. സ്ഥാനാർത്ഥികൾ വരും പോകും.. ഫോമയോടൊപ്പം എന്നും … ഷാലു പുന്നൂസ് ” – ഈ പോസ്റ്റർ ഇതിനോടകം ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു. ഇത് ഷാലുവിനെ സംബന്ധിച്ചിടത്തോളം വെറുമൊരു ഭംഗിവാക്കല്ല .. ആത്മാർത്ഥതയിൽ പൊതിഞ്ഞ യാഥാർഥ്യമാണ് എന്ന് ഷാലുവിനെ അടുത്തറിയാവുന്ന ഏവർക്കും ഉറപ്പുള്ള വസ്തുതയാണ്.

സ്ഥാനമാനങ്ങൾ മോഹിച്ച അല്ല മറിച്ച്, തന്റെ വളരെ കാലമായുള്ള സ്വപ്നം സാക്ഷാത്കരിക്കാൻ വേണ്ടിയാണ് ഫോമാ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി ആകുന്നതെന്ന് ഷാലു തന്റെ കൂടിക്കാഴ്ചയിൽ വ്യക്തമാക്കി. “എനിക്ക് ഒരു സ്വപ്നം ഉണ്ട്… ഈ ഇലക്ഷനിൽ വൈസ് പ്രസിഡന്റായി വിജയിച്ചു അധികാരത്തിലെത്തിയാൽ ആ സ്വപ്നങ്ങളെല്ലാം ഫോമയിൽ യാഥാർഥ്യമാക്കുവാൻ ഞാൻ അക്ഷീണം പ്രയത്നിക്കും. അമേരിക്കയിലും കാനഡയിലും ഉള്ള മുഴുവൻ മലയാളി യുവജനങ്ങളെയും ഫോമായിൽ പങ്കാളികളാക്കുകയും, ആയിരങ്ങളെ അണിനിരത്തി യുവജന കൺവെൻഷൻ നടത്തുകയും ചെയ്യുക എന്നതാണ് എന്റെ സ്വപ്നം “. യുവജനങ്ങളുടെ ഉരുക്കുകോട്ടയായ ഫിലഡൽഫിയായിലും സമീപപ്രദേശങ്ങളിലുമുള്ള നൂറുകണക്കിന് കരുത്തുറ്റ യുവാക്കളെ മാപ്പിലും, ബഡി ബോയ്സിലും പങ്കാളികൾ ആക്കാമെങ്കിൽ സംഘടനകളുടെ സംഘടനയായ ഫോമയിലും അത് തനിക്ക് സാധിക്കും എന്ന് ആത്മ വിശ്വാസത്തോട് ഷാലു ഉറപ്പിച്ചു പറയുന്നു. എല്ലാ റീജണുകളിലും ശക്തമായ യൂത്ത് കമ്മിറ്റികൾ രൂപീകരിക്കും, വോളിബോൾ, ക്രിക്കറ്റ്, ബാസ്ക്കറ്റ്ബോൾ തുടങ്ങിയ ഗെയിമുകളും, യുവജനങ്ങൾക്ക് മാത്രമായുള്ള കൺവെൻഷനും നടത്തും. ഇക്കാര്യത്തിൽ എല്ലാവരെയും ഉൾക്കൊള്ളിച്ചുകൊണ്ട്, എക്സിക്യൂട്ടീവുമായും നാഷണൽ കമ്മിറ്റിയുമായും ആലോചിച്ച് വേണ്ട തീരുമാനങ്ങൾ എടുക്കുമെന്നും ഷാലു വ്യക്തമാക്കി.

ഇത്രയും കഴിവുകളും, പ്രത്യേകതകളും ആത്മാർത്ഥതയും അർപ്പണബോധവുമുള്ള ഷാലു പുന്നൂസിനെ ഫോമാ വൈസ്പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുത്താൽ അത് ഫോമയ്‌ക്ക് എക്കാലത്തെയും മികച്ച മുതൽക്കൂട്ടായിരിക്കും എന്ന കാര്യത്തിൽ തർക്കമില്ല.

വാക്കുകള്‍ക്കതീതമായ കമ്മ്യൂണിറ്റി സര്‍വീസിനും, ഏവരെയും ഒരുപോലെ കരുതുവാനും കാണുവാനുള്ള മനോഭാവത്തിനും, കഠിനാധ്വാനത്തിനുമുള്ള അംഗീകാരമായി ഷാലുവിലെ പ്രവർത്തനമികവ് മനസ്സിലാക്കിയ പെൻസിൽവാനിയ പോലീസ് ഡിപ്പാർട്ടമെന്റ് അദ്ദേഹത്തെ പെൻസിൽവാനിയ പോലീസ് ഉപദേശക സമിതിയിലെ ഏഷ്യൻ കമ്മ്യൂണിറ്റി പ്രതിനിധിയായി നിയമിച്ചിരുന്നു.

US ൽ നിന്നുള്ള മിക്ക ചാനൽ ഡിബേറ്റുകളിലും ശക്തമായ സാന്നിദ്ധ്യമറിയിക്കുന്ന ഷാലു, 2022 ഫോമാ കൺവെൻഷൻ കോ ചെയർമാൻ എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മാപ്പ് ട്രസ്റ്റ്രീ ബോർഡ് അംഗം, എക്യൂമെനിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യൻ ചർച്ചസ് ഇൻ പെൻസിൽവാനിയായുടെ മുൻ ജെനറൽ സെക്രട്ടറി, ഫോമാ നാഷണൽ കമ്മിറ്റി മെമ്പർ, മോണ്ട്ഗോമറി കൗണ്ടി ഹെൽത്ത് അഡ്മിനിസ്ട്രേഷൻ കമ്മറ്റി അംഗം എന്നീ നിലകളിൽ മികവ് തെളിയിച്ച ഷാലു, ജീവകാരുണ്യ പ്രവര്‍ത്തനരംഗത്തു പ്രശസ്തിയാര്‍ജ്ജിച്ചതും, 250 -ൽ അധികം യുവജനങ്ങൾ അംഗങ്ങളുമായുള്ള ഫിലഡൽഫിയായിലെ ‘ബഡി ബോയ്‌സ് ‘ എന്ന ശക്തമായ ചാരിറ്റി സൗഹൃദ കൂട്ടായ്മയുടെ സ്ഥാപക നേതാക്കളില്‍ പ്രധാനിയാണ്. റിയൽ എസ്റ്റേറ്റ് ഏജന്റും, ഹോംകെയർ, അഡൽറ്റ് ഡേ കെയർ സെന്റർ, റിയൽ എസ്റ്റേറ്റ് തുടങ്ങിയ ബിസിനസുകളിലും ശോഭിച്ചുകൊണ്ടിരിക്കുന്ന ഇദ്ദേഹം ഫിലഡല്‍ഫിയാ പ്രിസണില്‍ രജിസ്‌റ്റേര്‍ഡ് നേഴ്സ് ആയി ജോലി ചെയ്യുന്നു.

അമേരിക്കയിലെ വലിയ അസോസിയേഷനുകളിൽ പ്രസിഡന്റുമാരായി പ്രവർത്തിച്ച് കഴിവുതെളിയിച്ച മികച്ച ടീം അംഗങ്ങൾ ഉൾക്കൊള്ളുന്ന, ബേബി മണക്കുന്നേൽ എന്ന ശക്തനായ സാരഥി നയിക്കുന്ന ടീം യുണൈറ്റഡിനൊപ്പമാണ് ഷാലു വൈസ് പ്രസിഡന്റായി മത്സരിക്കുന്നത്.

അടുത്ത രണ്ടുവര്‍ഷത്തേക്കുള്ള ഫോമയുടെ വൈസ് പ്രസിഡന്റ് പദവിയില്‍ വിജയിച്ച് എത്തിയാൽ ഏറ്റെടുക്കുന്ന എല്ലാ ഉത്തരവാദിത്വങ്ങളും പരിപൂര്‍ണ്ണ ആത്മാര്‍ത്ഥതയോടെ താന്‍ നിറവേറ്റുകയും, ജനങ്ങളുടെ വിധിയെഴുത്തിലൂടെ വിജയിച്ച് അധികാരത്തിലെത്തി ഫോമയെ നയിക്കുന്ന കരങ്ങൾക്ക് ശക്തിപകർന്നുകൊണ്ട് , ഫോമയുടെ ഉന്നമനത്തിനായി നവ ആശയങ്ങൾ ഉൾക്കൊണ്ടുകൊണ്ടുള്ള ഭാവി പ്രവർത്തനങ്ങളുടെ പൂർത്തീകരണത്തിനായി ഒരുമയോടും, ഒരുമനസ്സോടും കൂടി എന്നും ഒപ്പം ഉണ്ടാകുമെന്ന് ഉറപ്പു നല്‍കുന്നതായും ഷാലു വ്യക്തമാക്കുകയും, എല്ലാവരും വോട്ട് നൽകി അനുഗ്രഹിക്കണമെന്ന് അഭ്യർത്ഥിക്കുന്നതായും പറഞ്ഞുകൊണ്ട് ഷാലു ഈ കൂടിക്കാഴ്ച താൽക്കാലികമായി ഇവിടെ അവസാനിപ്പിക്കുമ്പോൾ എന്റെ മനസ്സിൽ വീണ്ടും ആ പ്രചാരണ പോസ്റ്ററിലെ വാക്കുകൾ അലയടിക്കുന്നു..

” ഇലക്ഷനുകൾ വരും പോകും.. സ്ഥാനാർത്ഥികൾ വരും പോകും.. ഫോമയോടൊപ്പം എന്നും … ഷാലു പുന്നൂസ് ”

അതെ… ഇത് ഷാലുവിന് മാത്രം നൽകുവാൻ കഴിയുന്ന ശക്തമായ ഉറപ്പ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments