ജോസഫ് മാർട്ടിൻ.
ഡാളസ്: ഏഴാമത് സീറോ മലബാർ ഇന്റർ പാരിഷ് ടാലന്റ് ഫെസ്റ്റ് (IPTF 2023) ജൂലൈ 14 മുതൽ 16 വരെ ഡാളസ് സെന്റ് തോമസ് സീറോ മലബാർ ഫൊറോനാ പള്ളിയിൽ അരങ്ങേറും. ഫെസ്റ്റിന്റെ ഉത്ഘാടനം ഷിക്കാഗോ സീറോ മലബാര്‍ രൂപതാ മെത്രാൻ മാർ ജോയ് ആലപ്പാട്ട് നിർവഹിക്കും.
ടെക്‌സാസ് , ഒക്ലഹോമ റീജിയണിലെ ഒൻപത് സീറോ മലബാർ ഇടവകകളിൽ നിന്നുള്ള കലാപ്രതിഭകൾ മാറ്റുരയ്ക്കുന്ന വേദിയാണ് ഇന്റർ പാരിഷ് ടാലന്റ് ഫെസ്റ്റ്.
2010ൽ ഡാളസിൽ തുടങ്ങിയ ഈ കലോത്സവത്തിനു ഇതു മൂന്നാം തവണയാണ് ഡാളസ് വേദിയാകുന്നത്. സംഗീതം, നൃത്തം, പ്രസംഗം, മോണോ ആക്ട്, ബൈബിൾ ക്വിസ്, സ്കിറ്റ് എന്നിങ്ങനെ ഇരുപത് മത്സര ഇനങ്ങളിലായി അറുനൂറോളം കലാപ്രതിഭകൾ ഇത്തവണ ടാലന്റ് ഫെസ്റ്റിൽ പങ്കെടുക്കുന്നുണ്ട്.
ഫൊറോനാ വികാരി ഫാ. ജെയിംസ് നിരപ്പേൽ, ഇവന്റ് കോർഡിനേറ്റർമാരായ ചാർളി അങ്ങാടിശ്ശേരിൽ, ജാനറ്റ് ജോസി , ജീവൻ ജെയിംസ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ ടാലന്റ് ഫെസ്റ്റിന്റെ വിജയത്തിനായി പ്രവർത്തിച്ചു വരുന്നു.
മത്സരാർത്ഥികളും കുടുംബാഗങ്ങളുമായി രണ്ടായിരത്തോളം പേർ പങ്കെടുക്കുന്ന ഈ മഹാമേളയ്ക്കായി ഡാളസ് സെന്റ് തോമസ് ഫൊറോനാ പള്ളി സുസജ്‌ജമായതായി കൈക്കാരന്മാരായ ചാർളി അങ്ങാടിശ്ശേരിൽ, ടോമി ജോസഫ് , ജിമ്മി മാത്യു, ജീവൻ ജെയിംസ് എന്നിവർ അറിയിച്ചു.