ജോൺസൺ ചെറിയാൻ.
മൂന്ന് നദികളിൽ കേന്ദ്ര ജല കമ്മീഷന്റെ ഓറഞ്ച് അലർട്ട്. പമ്പ, അച്ചൻകോവിൽ, മണിമല എന്നീ നദികളിൽ ഗുരുതര പ്രളയ സാഹചര്യമാണുള്ളതെന്നാണ് കേന്ദ്ര ജലകമ്മീഷൻ അറിയിക്കുന്നത്. മൂന്ന് നദികളും അപകടനിലക്കു മുകളിൽ ഒഴുകുകയാണ്. സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം ഒഴികെയുള്ള 13 ജില്ലകളിൽ മഴമുന്നറിയിപ്പ് നൽകി.
വടക്കൻ കേരളത്തിൽ ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടും ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, കൊല്ലം ജില്ലകളിൽ യല്ലോ അലർട്ടുമാണ്. നാളെയും മറ്റന്നാളും വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്കാണ് സാധ്യതയുള്ളത്.