മാത്യു കുട്ടി.
നയാഗ്ര, ഒണ്ടാരിയോ: വിദ്യാഭ്യാസ സംബന്ധമായും തൊഴിൽ സംബന്ധമായും ധാരാളം മലയാളികൾ വർഷംതോറും വന്നുചേരുന്നതും കുടിയേറി പാർക്കുന്നതുമായ കനഡയിലെ ഒരു പ്രധാന പ്രൊവിൻസാണ് ഒണ്ടാരിയോ. ആ പ്രൊവിൻസിൽ അമേരിക്കൻ ഐക്യനാടുകളുടെ പ്രധാന സംസ്ഥാനമായ ന്യൂയോർക്കുമായി അതിർഥി പങ്കിടുന്ന മുനിസിപ്പാലിറ്റിയാണ് നയാഗ്ര. ലോകാത്ഭുതങ്ങളിൽ ഒന്നായ പ്രശസ്ത നയാഗ്ര വെള്ളച്ചാട്ടം നിലകൊള്ളുന്നത് നയാഗ്ര മുനിസിപ്പാലിറ്റിയിലാണ്. അതിനാൽ തന്നെ പതിറ്റാണ്ടുകളായി ധാരാളം വിദേശ സന്ദർശകരും പ്രത്യേകിച്ച് കാനഡായിലെത്തുന്ന മലയാളികളും വന്നുചേരുവാൻ ആഗ്രഹിക്കുന്ന ഒരു പ്രദേശം കൂടിയാണ് നയാഗ്ര. വർഷംതോറും നല്ലൊരു വിഭാഗം കാനേഡിയൻ മലയാളികൾ കുടിയേറിപാർക്കുവാൻ നയാഗ്രാ മുനിസിപ്പാലിറ്റി പ്രദേശങ്ങൾ തിരഞ്ഞെടുക്കുന്നു എന്നതിനാൽ മലയാളികളുടെ എണ്ണം ആ പ്രദേശത്ത് ദിനംപ്രതി വർധിച്ചു വരികയാണ്.
അമേരിക്കയിലും കാനഡയിലും മലയാളികളുടെ എണ്ണം വർദ്ധിക്കുംതോറും മലയാളീ അസ്സോസിയേഷനുകളുടെ എണ്ണവും വർദ്ധിക്കുക പതിവാണ്. എന്നാൽ നയാഗ്രയിലെ പ്രഥമ മലയാളീ സംഘടനയായ “നയാഗ്രാ മലയാളീ അസ്സോസിയേഷൻ” (NMA) എല്ലാ വർഷവും പുതുമ നിറഞ്ഞ പദ്ധതികളുമായി മുന്നോട്ടു വരികയാണ്. ഓരോ വർഷവും ഈ സംഘടനയിലെ പുതിയ ചുമതലക്കാർ സ്ഥാനം ഏൽക്കുമ്പോൾ മുൻ വർഷത്തെ ഭാരവാഹികളേക്കാൾ വ്യത്യസ്തവും പുതുമ നിറഞ്ഞതുമായ പ്രവർത്തനം കാഴ്ച വയ്ക്കുവാൻ താല്പര്യപ്പെടുന്നു എന്നത് കൂടുതൽ അംഗങ്ങളെ ഈ അസ്സോസിയേഷനിലേക്ക് ആകർഷിക്കുന്നു. 2023-ലെ ചുമതലക്കാരും അതിൽനിന്നും ഒട്ടും വ്യത്യസ്തരല്ല. ഈ വർഷത്തെ പ്രസിഡൻറ് മനോജ് ഇടമന, സെക്രട്ടറി ജിറ്റോ ടോം ഉതുപ്പ്, ട്രഷറർ പ്രശാന്ത് ജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മറ്റി അംഗങ്ങൾ മലയാളികളുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി പുതിയ ആശയങ്ങളുമായി മുന്നോട്ടു വന്നിരിക്കുന്നു.
കഴിഞ്ഞ ദിവസം പ്രസിഡൻറ് മനോജിന്റെ അധ്യക്ഷതയിൽ കൂടിയ എക്സിക്യൂട്ടീവ് കമ്മറ്റി യോഗത്തിൽ ഏതാനും പുതിയ ആശയങ്ങൾ ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനുള്ള തീരുമാനം കൈക്കൊണ്ടു.
- നിലവിൽ ആയിരക്കണക്കിന് മലയാളികൾ കാനഡയിലെ വിവിധ പ്രദേശങ്ങളിലായി കുടിയേറി പാർക്കുന്നുണ്ട്. അവരുടെ വിസാ സംബന്ധമായ ആവശ്യങ്ങൾക്ക് ബാംഗ്ലൂരിലുള്ള കനേഡിയൻ കോൺസുലേറ്റിനെയാണ് സമീപിക്കേണ്ടത്. ന്യൂഡൽഹിയിലെ കനേഡിയൻ ഹൈകമ്മീഷ്ണറുടെ ഓഫീസ് കൂടാതെ മുംബൈ, ചാണ്ഡിഗർ, ബാംഗ്ളൂർ എന്നിവിടങ്ങളിലെ കനേഡിയൻ കോൺസുലേറ്റു കളിലൂടെയാണ് ക്യാനഡയിലേക്കുള്ള വിസാ പ്രോസസ്സിംഗ് നടക്കുന്നത്. കാനഡയിലേക്ക് പഠനത്തിനും ജോലിസംബന്ധമായും ധാരാളം മലയാളികൾ കുടിയേറുന്നതിനാൽ കേരളത്തിൽ ഒരു കനേഡിയൻ കോൺസുലേറ്റ് ഉടൻ ആരംഭിക്കണമെന്ന് ആവശ്യപ്പെടുന്നതിന് കമ്മറ്റി തീരുമാനിച്ചു.
- അതോടൊപ്പം കാനഡയിലേക്ക് വരുന്നവരുടെ ആവശ്യത്തിനുള്ള കനേഡിയൻ ബയോമെട്രിക്ക് സെൻററും ഹെൽത്ത് ചെക്കപ്പ് സെൻററും ഉടൻ കേരളത്തിൽ ആരംഭിക്കണമെന്ന ആവശ്യം ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനും അതിനായി ശ്രമിക്കുന്നതിനും തീരുമാനിച്ചു.
- കേരളത്തിൽ നിന്നും കാനഡയിലേക്ക് നേരിട്ട് വിമാന സർവ്വീസ് ആരംഭിക്കുന്നതിനും അധികാരികളോട് ആവശ്യപ്പെടുന്നതിന് തീരുമാനിച്ചു.
നയാഗ്രാ മലയാളീ അസ്സോസിയേഷൻ മുന്നോട്ടു വച്ചിരിക്കുന്ന ഈ ആവശ്യങ്ങൾ നിലവിൽ വന്നാൽ കാനഡയിൽ വിവിധ പ്രോവിൻസുകളിലായി താമസിക്കുന്ന എല്ലാ മലയാളികൾക്കും പ്രയോജനകരമായിരിക്കും എന്ന് സെക്രട്ടറി ജിറ്റോ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി പ്രസിഡൻറ് മനോജ് ഇടമന, സെക്രട്ടറി ജിറ്റോ ടോം, ട്രഷറർ പ്രശാന്ത് ജോസഫ് എന്നിവരോടൊപ്പം കമ്മറ്റി അംഗങ്ങളായ അർച്ചന ധനേഷ്, ഷാനു തൊടുകയിൽ, സുജിത അനിൽകുമാർ, ദിലീപ് ദേവസ്യ, ജോസ് ജെയിംസ്, ഷൈനി സണ്ണി, സോണി പോൾ, അനിൽ ചന്ദ്രപ്പള്ളി എന്നിവരെ ഉൾപ്പെടുത്തി കമ്മറ്റി രൂപീകരിച്ചു.